നെല്ലിയാംപതിയില്‍ പണ്ടൊന്നു പോയതാണ്. പുലയന്‍പാറ, മിന്നാംപാറ വഴി കാട്ടിലൂടെ കാരിസൂരി അമ്മനേയും കണ്ട് മഞ്ഞിന്റെ താഴ്‌വരയില്‍ അന്തിയുറങ്ങിയത് മനസിലിപ്പോഴും മായാതെയുണ്ട്. ഇതും നെല്ലിയാംപതി തന്നെയാണ്. പക്ഷെ പുതിയൊരിടം. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് കുടുംബസമേതം അന്തിയുറങ്ങാന്‍, കാടിന്റ മനസറിയാന്‍, ഇതുപോലൊരിടം അപൂര്‍വ്വമാണ്. സ്ഥലം പകുതിപ്പാലം. സൗകര്യമൊരുക്കുന്നത് കേരളാ ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും.

തികച്ചും യാദൃശ്ചികമായിരുന്നു ഈ യാത്ര. ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന 'ലാസ്റ്റ് സപ്പറി'ന്റെ ഷൂട്ടിങ് നെല്ലിയാംപതിയിലുണ്ട്. അവിടെ കലാസംവിധായകന്‍ ഗംഗന്‍ തലവില്‍ കാടിനു നടുവില്‍ ഒരു ഇടിഞ്ഞുപൊളിഞ്ഞ കോട്ടയുടെ സെറ്റൊരുക്കിയിട്ടുണ്ട്. ഗംഗന്‍ അത് കാണാന്‍ ക്ഷണിച്ചപ്പോള്‍ കൂട്ടത്തിലൊരു യാത്ര കൂടിയാവട്ടെ എന്നു കരുതി.

പാലക്കാട്ട് വണ്ടിയിറങ്ങി. ഇനി ബസിനു പോകണോ, വണ്ടി പിടിക്കണോ? ബൈക്കായിരുന്നെങ്കില്‍ വഴിക്ക് ഫോട്ടോയെടുത്ത് പോകാന്‍ സൗകര്യമായിരിക്കുമല്ലോ. പാലക്കാടു നിന്ന് ചിന്നാര്‍, മറയൂര്‍ വഴി പ്രിന്‍സ് മോട്ടോഴ്‌സിനൊപ്പം നടത്തിയ യാത്ര ഓര്‍മ്മയിലെത്തി. പ്രിന്‍സ് ഉടമ അനൂപിനെ വിളിച്ചു. ഒരു ബുള്ളറ്റ് കിട്ടിയിരുന്നെങ്കില്‍... ആവശ്യം പറഞ്ഞതും അനൂപ് ഒരു മേഘനാദപക്ഷിയെ(തണ്ടര്‍ബേഡ്) തന്നെ വിട്ടു തന്നു. പാലക്കാട് നിന്ന് നെല്ലിയാംപതിക്ക് 50 കിലോമീറ്ററേയുള്ളൂ.

മുടിപ്പിന്‍ വളവുകള്‍ക്കപ്പുറം, പകുതിപ്പാലത്ത്


കേരളത്തിന്റെ നെല്ലറയായ പാലക്കാട് കൃഷിപണിയുടെ തിരക്കിലാണ്. ചെമ്മണ്‍ വയലില്‍ കെട്ടിയിട്ട പച്ച ഞാറുകള്‍. വരമ്പത്ത് കാപ്പികുടി കഴിഞ്ഞ് വിശ്രമിക്കുന്ന തൊഴിലാളികളും. കാഴ്ചകളിലൂടെ ബൈക്കോടിച്ച് കൊടുവായൂര്‍, നെന്‍മാറ വഴി പോത്തുണ്ടിയെത്തി. ചുരം തുടങ്ങുന്നിടത്ത് അല്‍പം വിശ്രമം. പോത്തുണ്ടിയിലെ മണ്ണണയില്‍, നിറഞ്ഞ നീലജലാശയത്തില്‍ കാറ്റ് അര്‍മാദിക്കുകയാണ്. കടലിലെന്ന പോലെ ഓളങ്ങള്‍ തിരകളാവുന്നു. കരയിലെ പച്ചപ്പിലേക്കവ അലിഞ്ഞൊടുങ്ങുന്നു. കാഴ്ചകള്‍ ക്യാമറയിലാക്കി ഞങ്ങളുടെ പക്ഷി ചുരത്തിലേക്കുയര്‍ന്നു. മുകളിലോട്ട് ചെല്ലും തോറും പോത്തുണ്ടി ഡാമിന്റെ ആകാശ കാഴ്ച.

രണ്ടാമത്തെ വ്യൂ പോയിന്റ് ടവറില്‍ ഗുരുവിന്റെ ചെറിയ കടയുണ്ട്. കാപ്പിയും ബ്രഡ് ഓംലറ്റുമെല്ലാം കിട്ടും. തൊട്ടു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തമ്പുരാന്‍ കുന്ന്. അതിന്റെ മുകളില്‍ കയറാന്‍ പറ്റുമോ? മുരളീകൃഷ്ണന് സംശയം. പിന്നെന്താ, ഞങ്ങള്‍ പോയിട്ടുണ്ട്. രാത്രി തങ്ങിയിട്ടുമുണ്ട്. ഗുരു തമ്പുരാന്‍ കുന്നിനെ കുറിച്ച് വാചാലനായി. ഈ കുന്നിറക്കത്തിലെ കൊടുംകാട്ടില്‍ നല്ലൊരരുവിയാണ്. ക്രിസ്റ്റല്‍ കഌയര്‍ വെള്ളം. അത് കടന്ന് അള്ളിപ്പിടിച്ച് കയറി വേണം കുന്നിന്‍ നെറുകിലെത്താന്‍. ഒരു പാറക്കല്ലിനെ വേരു കൊണ്ട് പൊതിഞ്ഞ് നില്‍ക്കുന്ന ഒരു മരമുണ്ട് അവിടെ. പോയിവരാന്‍ ഒരു 40 മണിക്കൂറെങ്കിലും വേണ്ടിവരും.

''അങ്ങിനെയൊരു യാത്ര പ്ലാന്‍ ചെയ്താലോ.''
''പിന്നെന്താ, വനം വകുപ്പില്‍ നിന്ന് അനുമതി വാങ്ങി വന്നാല്‍ മതി. ഞാനും കൂടെ പോരാം.'' ഗുരു പറഞ്ഞു.
ഞങ്ങള്‍ മുന്നോട്ട്. വലതുവശത്ത് ഒരു വ്യൂ പോയിന്റ് കൂടെയുണ്ട്. അതും കഴിഞ്ഞാല്‍ കൈകാട്ടിയായി. നേരെ പോയാല്‍ പുലയന്‍പാറ, സര്‍ക്കാര്‍ വക ഓറഞ്ച് ഫാം, സീതാര്‍കുണ്ട് എന്നിങ്ങനെ നെല്ലിയാംപതിയിലെ പതിവു കാഴ്ചകള്‍. ഞങ്ങള്‍ പക്ഷെ, വലത്തോട്ട് തിരിഞ്ഞു. നൂറടിയാണ് ലക്ഷ്യം. അതൊരു ചെറിയ ടൗണാണ്. ഒരു ലോഡ്ജുണ്ട്. കടകളുണ്ട്, ഒട്ടോയും ജീപ്പും കിട്ടും.

മുടിപ്പിന്‍ വളവുകള്‍ക്കപ്പുറം, പകുതിപ്പാലത്ത്
കേരളാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഓഫീസിന്റെ ക്യാമ്പ് ഓഫീസ് അപ്പോഴാണ് കണ്ടത്. അവിടെ കെ.എഫ്.ഡി.സി മാനേജര്‍ രാധാകൃഷ്ണനും അസി. മാനേജര്‍ സുനീറും ഉണ്ട്. പരിചയപ്പെട്ടപ്പോള്‍ പകുതിപ്പാലത്ത് അവരുടെ ചെറിയൊരു റിസോര്‍ട്ടുള്ള കാര്യം പറഞ്ഞു. അവരുടെ പ്ലാന്റേഷന്‍ കാണാന്‍ ക്ഷണിച്ചു. സിംഹവാലനേയും വേഴാമ്പലിനേയും കിളികളേയും കാണാമെന്നൂ പറഞ്ഞപ്പോള്‍ ഞങ്ങളൊട്ടും മടിച്ചില്ല. യാത്ര പകുതിപ്പാലത്തേക്ക്. പോകുന്ന വഴിയ്ക്കാണ് 'ലാസ്റ്റ് സപ്പറി'ലെ കോട്ടയുടെ സെറ്റ്.

രാധാകൃഷ്ണനും സുനീറും അവരുടെ ബൈക്കില്‍. പിന്നാലെ ഞങ്ങളും. ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടവും ക്ഷേത്രവും ബസ്റ്റോപ്പും കടന്ന്  പ്രതാപം മങ്ങിയ ഒരു ലൈന്‍മുറി കെട്ടിടത്തിനടുത്ത് ബൈക്ക് നിന്നു. ഇതാണ് വിക്ടോറിയ. ഇവിടെ പ്ലാന്റേഷന്‍ ഉഷാറായ കാലത്ത് വലിയ തിരക്കായിരുന്നു. എന്നും ആളും ബഹളവും അടിയും പിടിയുമായി ഒരു ഭൂതകാലം. ഇന്ന് എല്ലാം ശാന്തമാണ്. ഒരു വീടും റേഷന്‍ കടയും മാത്രമുണ്ട്. സുഗീറിന്റെ വീടാണത്. ഇവിടുത്തെ ജീപ്പ് സര്‍വ്വീസും സുഗീറിന്റേതാണ്. സഫാരിക്ക് പോകാനൊക്കെ അവനെ വിളിച്ചാല്‍ മതി.

വീണ്ടും വണ്ടി മുന്നോട്ട്. അല്‍പം പോകുമ്പോള്‍ റോഡ് ഇടത്തോട്ട് തിരിയുന്നു. ചങ്ങലയിട്ട് പൂട്ടിയിട്ടുണ്ട്. ഗംഗന്റെ സഹായികള്‍ വന്ന് പൂട്ട് തുറന്നു തന്നു. അകത്ത് ഒരു കിലോമീറ്റര്‍ പോവുമ്പോള്‍ തുറന്ന പ്രദേശത്ത് കൂറ്റന്‍ പാറ. അവിടെ ഇടിഞ്ഞു പൊളിഞ്ഞൊരു പള്ളി. മൂന്നു കുരിശു ഗോപുരങ്ങളില്‍ ഒരെണ്ണം തകര്‍ന്നു കിടക്കുകയാണ്. തൊട്ടടുത്ത് തകര്‍ന്ന കോട്ടയുടെ പണി നടക്കുന്നു. പ്രകൃതി ഒരുക്കിയ വിശാലമായ കോട്ടയാണ് ചുറ്റും. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ അതി വിശാലമായ കാഴ്ച.

ആ പാറയില്‍ തകര്‍ന്നടിഞ്ഞ പള്ളിക്കും ഒരു പാടു പ്രതാപ കഥകള്‍ അയവിറക്കാനുണ്ട്. ബ്രിട്ടീഷ് കാലത്ത്, 1800 കളില്‍, തീര്‍ത്ത പള്ളിയാണ്.  ആരാധനയും പെരുന്നാളുമെല്ലാം സജീവമായിരുന്നു. പ്ലാന്റേഷന്‍ തകര്‍ന്നതോടെ ക്ഷയിച്ചു. ഏലം പ്ലാന്റേഷനും നിന്നതോടെ അടിക്കാടുകള്‍ വളരാന്‍ തുടങ്ങി പള്ളിയില്‍ ഇപ്പോഴും എല്ലാ പുതുവര്‍ഷത്തിനും വിശ്വാസികള്‍ ഒത്തുകൂടാറുണ്ട്.

മുടിപ്പിന്‍ വളവുകള്‍ക്കപ്പുറം, പകുതിപ്പാലത്ത്
തിരിച്ചു വന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ പകുതിപ്പാലത്തേക്ക്. വീണ്ടും ബൈക്ക് നിന്നു. കാട്ടുപോത്തുകള്‍ വെള്ളം കുടിക്കാനെത്തുന്ന സ്ഥലം. ഇവിടെ ഒരു ഡോര്‍മിറ്ററി പണിയാനുള്ള പ്രപ്പോസലും ഉണ്ട്. കാട്ടുപോത്തുകളുടെ കൂട്ടത്തിലെ 'ഒരൊറ്റയാനെ'യും ഇവിടെ മിക്കപ്പോഴും കാണാറുണ്ട്. ഈ പാലമെന്താ ഇങ്ങിനെ പൂര്‍ത്തിയാകാത്തതുപോലെ? അതേ, അതുകൊണ്ട് തന്നെയാണ് ഇവിടം 'പകുതിപ്പാല'മായത്. സ്ഥലപുരാണം കടന്നപ്പോള്‍ പകുതിപ്പാലമായി. രണ്ടു മുറികളുള്ള ഒരു കുഞ്ഞു റിസോര്‍ട്ട്. മാനേജരുടെ ഓഫീസ്, ഒരു ജലസംഭരണി, അത്രയുമാണ് പകുതിപ്പാലത്തിന്റെ അടിസ്ഥാന സൗകര്യം.

വിശാലമായ കാടാണ് ചുറ്റും. മാനം മുട്ടെ നില്‍ക്കുന്ന മരങ്ങള്‍. കാടിനുള്ളില്‍ കാപ്പിയും ഏലവും കൃഷി ചെയ്തിരിക്കുന്നു. കൂറ്റന്‍ മരങ്ങളില്‍ രാവിലെ കിളികളുടെ മേളമായിരിക്കും. രാത്രി പഌന്റേഷന്‍ പരിസരത്തു കൂടെ ഒരു ജീപ്പ ്‌സഫാരി. ചിവീടുകളുടെ പശ്ചാത്തലസംഗീതത്തില്‍ ജീപ്പ് ശബ്ദമുണ്ടാക്കാതെ മെല്ലെ മെല്ലെ ഓടിച്ചു. എല്ലാ കണ്ണുകളും പരിസരം സസൂക്ഷ്മം നോക്കികൊണ്ടിരുന്നു. പെട്ടെന്നൊരു മ്ലാവ്. ജീപ്പ് ലൈറ്റില്‍ അവന്‍ ക്യാമറയിലായി.

തിരിച്ച് റിസോര്‍ട്ടിലേക്ക്. കമ്പിളിക്കുള്ളില്‍ സുഖനിദ്ര. അതിരാവിലെ എഴുന്നേല്‍ക്കുന്ന കിളികള്‍ക്കേ പുഴുക്കളും ശലഭങ്ങളും കിട്ടൂ എന്നാണല്ലോ. ആ കിളികളെ കാണാന്‍ ഞങ്ങളും അതിരാവിലെ എഴുന്നേറ്റു. എഴുത്തുകാരന്‍ കൂടിയായ രാധാകൃഷ്ണനും കൂടെ വന്നു. അവിടെ മനോഹരമായ സൂര്യോദയകാഴ്ചയുണ്ട്. നടന്നു കൊണ്ടിരുന്ന രാധാകൃഷ്ണന്‍ ഒന്നു നിന്നു. ചെവിയോര്‍ത്തു. ഇതാ ഇപ്പോ കച്ചേരി തുടങ്ങും. ചൂളകാക്കയുടെ സംഗീതകച്ചേരി. ഞങ്ങള്‍ ചെവിയോര്‍ത്തു. പല ഈണവും രാഗവും മാറിമാറി പരീക്ഷിക്കുന്ന ചൂളവിദ്വാന്‍.

പെട്ടെന്നാണൊരു 'പക് പക്' ശബ്ദം. അതൊരു മുഴക്കമായി. മരംകൊത്തിയുടെ 'ടപ് ടപ്' താളം അകമ്പടിയായെത്തി. ഞങ്ങളെ കണ്ടതുകൊണ്ടാവാം കരിങ്കുരങ്ങിന്റെ മുന്നറിയിപ്പ് ശബ്ദവും കാട്ടില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങി. വേഴാമ്പലാണ്. ആകാശ നിലീമയില്‍ ചിറകു വിരിച്ച് താളം പിടിച്ച് പറക്കുകയാണവന്‍. തൊട്ടു പിന്നാലെ പെണ്‍പക്ഷിയും. ഒരു പ്രത്യേക മുഴക്കം താഴേക്കെത്തുന്നു.  മലമുഴക്കി എന്ന വിളിപ്പേര് എന്തുകൊണ്ടാണെന്നു മനസിലായി.

നേരെ കിഴക്കോട്ട്. നല്ല സൂര്യോദയം. ''ചുവപ്പുരാശികളുടെ വൈവിധ്യം ഇത്രയധികം മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല. നല്ല കാലാവസ്ഥയില്‍, പ്രത്യേകിച്ചും ജനവരി ഫിബ്രവരി മാസങ്ങളില്‍, അതൊരു ഒന്നൊന്നൊര കാഴ്ച തന്നെയാണ്്. തോട്ടത്തിലൂടെയുള്ള പ്രഭാത സവാരിയും മികച്ചൊരു അനുഭവമാണ്. വെടിപഌവിന്റെ അടുത്ത് നിശബ്ദരായിരുന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സിംഹവാലനെ കാണാം. നാല്‍പതെണ്ണമടങ്ങുന്ന ഒരു കൂട്ടം അവിടെയുണ്ട്.''

പ്രഭാത സവാരി കഴിഞ്ഞെത്തിയതും, രാധാകൃഷ്ണന്‍ ദേവേന്ദ്രനെ വിളിപ്പിച്ചു. ''ഇവര്‍ക്ക് നമ്മുടെ മുനീശ്വരന്‍ കോവില്‍പ്പാറയൊന്നുൂ കാണിച്ചു കൊടുക്കണം. സിംഹവാലനുണ്ടെങ്കില്‍ അതും''-ഞങ്ങള്‍ ദേവനോടൊപ്പം വീണ്ടും നടത്തം തുടങ്ങി. മുകളിലോട്ട് മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍. അവിടെ വിദേശ നാണ്യം നേടി തരുന്ന ഏലക്കായകള്‍ വിളഞ്ഞു നില്‍ക്കുന്നു.

പഴയൊരു ജീപ്പ് റോഡിലൂടെയാണിപ്പോള്‍ നടക്കുന്നത്. ആളും വണ്ടിയുമെല്ലാം പോയിട്ട് എത്രോ കാലമായെന്നു തോന്നുന്നു. കരിയിലകള്‍ മണ്ണില്‍ ലയിച്ച് നല്ല കറുപ്പ് നിറമായിട്ടുണ്ട്. അട്ടകള്‍ തലപൊക്കാന്‍ തുടങ്ങി. ചോരകുടിക്കാനും. ഇതാ പാറയായി. അതിനു മുകളില്‍ എസ്റ്റേറ്റിനു ചേര്‍ന്നാണ് കോവില്‍. ഒരു കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്ന മൂന്നു മണികള്‍. ഒരു ശൂലവും വേലും വിളക്കും നാലു കല്ലും. കാട്ടിലെ കോവിലിന് അതുമതി. അല്ലെങ്കിലും കാടു തന്നെ ഒരു കോവിലാണല്ലോ!

മലയണ്ണാന്റെ കൂടും പേരറിയാക്കിളികളുടെ വ്യോമാഭ്യാസവും കണ്ട് തിരിച്ചു നടന്നു. ഈ കാട്ടില്‍ പുലിയേയും കരടിയേയുമൊക്കെ കണ്ടിട്ടുണ്ടോ? ''പിന്നെ! വീട്ടില്‍ കെട്ടിയിട്ടിരുന്ന പട്ടിയെ പുലി പിടിച്ചുകൊണ്ടുപോയത് നേരില്‍ കണ്ടിട്ടുണ്ട്. പുലിയെ കണ്ടാല്‍ പട്ടി അനങ്ങാതെ വാലും ചുരുട്ടി മൂത്രമൊഴിച്ച് കിടന്നു പോകും. ഒരിക്കല്‍ ഞങ്ങള്‍ നാലു പേര്‍ നടന്നു വരുമ്പോള്‍ രണ്ട് കരടികള്‍ ഒരു മരത്തിന്റെ അടിയില്‍ മാന്തുന്നു. തേനിന്റെ മണം തേടി അവ ദൂരെ നിന്നു വരും. മരത്തിനടിയിലെ പൊത്തില്‍ തേനുണ്ട്. പക്ഷെ അവയ്ക്കത് എടുക്കാന്‍ പറ്റുന്നില്ല. കരടികള്‍ പോയപ്പോ ഞങ്ങളത് എടുത്തു. പന്ത്രണ്ട് കുപ്പി നിറയെ തേന്‍ കിട്ടി''- ദേവന്‍ പറഞ്ഞു..

ദേവന്‍ ശ്രീലങ്കയില്‍ നിന്നും വന്നതാണ്. ''എനിക്കാറു വയസുള്ളപ്പോള്‍ അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചെത്തിയതാണ് ഈ മണ്ണില്‍. രാമേശ്വരത്തെ മണ്ഡപം ക്യാമ്പിലും ട്രിച്ചിയിലും പിന്നെ നെല്ലിയാംപതിയിലെ ഈ മണ്ണിലും കഷ്ടപ്പെട്ടാണ് കഴിഞ്ഞത്. അച്ഛനമ്മമാര്‍ പറഞ്ഞറിവിലെല്ലാം അതിന്റെ നീറുന്ന ഓര്‍മ്മകളുണ്ട്. അന്ന് ഞങ്ങളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി തുടങ്ങിയതാണീ പ്ലാന്റേഷന്‍. ഞങ്ങളുടെ ചോറും ജീവിതവുമെല്ലാം ഇതായിരുന്നു. ഇപ്പോഴും ഞാനും ഭാര്യയും ഇവിടെ ജോലി ചെയ്യുന്നു. അച്ഛനും അമ്മയും ട്രിച്ചിയിലാണ് മക്കളേയും അവിടെയാക്കി''.

ലങ്കയിലെ 25 വയസുവരെയുള്ള ഓര്‍മ്മകള്‍ മനോഹരനുമുണ്ട്. മനോഹരനാണ് ഇവിടുത്തെ പാചകക്കാരന്‍. കൊളംബോയിലായിരുന്നു അയാള്‍. വംശീയകലാപങ്ങളില്‍ നിന്ന് അഭയം തേടി ഇന്ത്യയിലെത്തി. ഇപ്പോള്‍ തമിഴും മലയാളവും സിംഹളവും എല്ലാം കലര്‍ന്നൊരു ഭാഷയാണ് മനോഹരന്റേത്. വേരുകള്‍ നഷ്ടപ്പെട്ടവന്റെ ഭാഷ. അതില്‍ ജീവിതയാഥാര്‍ഥ്യങ്ങളുടെ കയ്പ്പും മധുരവും നിറഞ്ഞിരിക്കുന്നു.
രാവിലെ പുട്ടും കടലയും ഉച്ചയ്ക്ക് ചോറും സാമ്പാറും. അങ്ങിനെ ലളിതമായ ഭക്ഷണമാണ് മെനുവില്‍. 1500 രൂപയാണ് ഒരാള്‍ക്ക്. താമസം, ഭക്ഷണം, ക്യാമ്പ് ഫയര്‍, ചെറിയ ട്രെക്കിങ്. അതാണ് പാക്കേജ്. കൂടുതെന്തെങ്കിലും വേണ്ടവര്‍ വരുമ്പോള്‍ ആവശ്യമുള്ള ചേരുവകള്‍ കൊണ്ടുവന്നാല്‍ മനോഹരന്‍ പാചകം ചെയ്തു കൊടുക്കും.

മനോഹരന്റെ സാമ്പാര്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. വരുന്നവരില്‍ പലരും അതിന്റെ ചേരുവ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ''ശ്രീലങ്കയില്‍ നിന്നേ പഠിച്ചതാണോ ഇത്.'' അയാളോട് ചോദിച്ചു. ''അല്ല സാറേ, ഞാനിബിടുന്നത് പഠിച്ചതാ.. വെച്ച് വെച്ച് രുസിയായതാക്കും..''
സായന്തനവെയിലിന് പ്രത്യേക ചന്തം. അതിങ്ങനെ ദുരെ മലമുകളിലെ കാടുകളില്‍ നിറചാര്‍ത്തേകുന്നു. ആ വെയില്‍നാളങ്ങള്‍ക്കിടയിലൂടെ ഞങ്ങളുടെ മോട്ടോര്‍ പക്ഷി താഴ്‌വരയിലേക്ക്. വഴിക്ക് ടീ എസ്‌റ്റേറ്റ്. എസ്റ്റേറ്റിനു നടുവിലൂടെ മനോഹരമായൊരു നീരൊഴുക്കും. തോട്ടത്തിനു സമീപം മുന്നറിയിപ്പു ബോര്‍ഡ്. വിഷം അടിച്ചു വീശിയിട്ടുണ്ട്, തോട്ടത്തിലേക്കിറങ്ങരുതെന്ന്. ഈ വിഷമാണ് നമ്മള്‍ പ്രഭാതത്തിന് ഉണര്‍വ്വേകാനുള്ള ചായയായി കുടിക്കുന്നത്! തേയില പച്ചപ്പുകളെ ചുറ്റി പോകുന്ന റോഡിലൂടെ ഒരു കെ.എസ്.ആര്‍.ടി.സി. ബസിനു പിന്‍പററി ഞങ്ങളും. മറികടക്കാന്‍ പഴുതില്ലാതെ... വിജനമായ റോഡ്. വലതുവശത്ത് പച്ചപ്പിന്റെ കുഞ്ഞുമലകള്‍ ഇടതുവശം ദൂരെ കൂറ്റന്‍ കരിമ്പാറ.

കൈകാട്ടിയായി. ഇടത്തോട്ട് തിരിഞ്ഞ് താഴ്‌വരയിലേക്ക്. താഴോട്ടിറങ്ങുമ്പോഴുള്ള കാഴചയും സുന്ദരം. ആദ്യ വ്യൂപോയിന്റില്‍ തന്നെ ഗ്യാലറിയിലെന്ന പോലെ ജനം കാഴ്ചക്കാരായുണ്ട്. കൂറ്റന്‍ മലനിരകള്‍. ചിലത് കൂര്‍മ്പന്‍ മുടി. രണ്ടാത്തെ വ്യൂ പോയിന്റാണ് നമ്മുടെ ഗുരുവിന്റെ കട. അയാള്‍ കടപൂട്ടി സ്ഥലം വിട്ടിരിക്കുന്നു. അവിടെ രണ്ടു മൂന്നു ബൈക്കുകള്‍ നിര്‍ത്തിയിട്ടുണ്ട്. യാത്രികര്‍ മൊബൈലില്‍ എന്തോ പകര്‍ത്താന്‍ ശ്രമിക്കുന്നത് ദൂരെ നിന്നേ കാണാം.

ആന! ട്രെക്കിങ് നടത്തി കാട്ടിനുള്ളില്‍ പോയിട്ടും ആനയെ കാണാന്‍ പറ്റാത്തതിന്റെ നിരാശയിലായിരുന്ന ഞങ്ങള്‍. വണ്ടി ഒതുക്കി. ഈറ്റകൊമ്പുകള്‍ ഒടിയുന്നതിന്റെ ശബ്ദം, അത് മലമുകളില്‍ തട്ടി മുഴങ്ങുന്നു.ഈറ്റക്കാട്ടില്‍ അവന്റെ ചെവിയും തലയും മാത്രം കാണാം. നാലെണ്ണമുണ്ട്. മൂന്നെണ്ണം ഈറ്റയ്ക്കുളളിലാണ്. ഒരെണ്ണം താഴോട്ടുമിറങ്ങിയിട്ടുണ്ട്. അവിടെ നിന്നിരുന്നവര്‍ പറഞ്ഞു. ചെമ്മണ്ണില്‍ കുളിച്ച് ഒടിച്ചെടുത്ത ഈറ്റകള്‍ വായിലാക്കി ക്യാമറകണ്ണുകള്‍ മൈന്‍ഡ് ചെയ്യാതെ നിന്ന ആന മെല്ലെ തിരിഞ്ഞു. ഇപ്പോള്‍ ചരിഞ്ഞ പോസ്. ഒരു വട്ടം കൂടെ തിരിഞ്ഞ് അവനും കാടിനുള്ളിലേക്ക്.. ഈറ്റകള്‍ ഒടിയുന്നതിന്റെ ശബ്ദം പിന്നെയും കേട്ടുകൊണ്ടിരുന്നു.

മുടിപ്പിന്‍ വളവുകള്‍ കഴിഞ്ഞു.  രാത്രിയായതുകൊണ്ടും കാറ്റടങ്ങിയതുകൊണ്ടും പോത്തുണ്ടി ഡാം ശാന്തമായിരുന്നു.  അവിടെ അല്‍പം നിന്നു.  മുകളില്‍  തലപൊക്കത്തോടെ, നില്‍ക്കുന്ന  കേരളത്തിന്റെ ഓറഞ്ച് നാടിനെ ഒന്നു കൂടി സല്യൂട്ട് ചെയ്ത് ഞങ്ങളുടെ മേഘനാദ പക്ഷി പാലക്കാട്ടേക്ക്  പറന്നു. മെല്ലെ ചിറകൊതുക്കി....

Pakuthipalam

Located at a distance of 12 kms from Nelliyampathi, nestling atop the Western Ghats, Pakuthipalam is one of the best hill resorts in kerala.It is just 65 km from Palakkad and 80km from Thrissur. The location offer a breathtaking view of the misty mountains and enchanting valleys interspersed with sprawling tea, coffee, cardamom and orange plantations.
Location: Nelliyampathi, Palakkad Dt.

How to reach
By Road: Buses are available from Palakkad to Nelliyampathy(53Km). Take deviation from Kaikatty to Nooradi. From there, better hire a jeep. Scorpio- Balero type vechicles are ideal. By Train: Nearest Railhead Palakkad(53 km)
By Air: Nedumbassery(116 km)

Contact
Manager: T K Radhakrishnan - 08281208517
Asst Manager: Suneer - 9745357076
KFDC Thrissur - 04872 252561
KFDC Kottayam - 0481 2582640, 2581204, 2581205
For Jeep: Sukesh - 9495134920