രസമുകുളങ്ങളിലൂടെയാണ് ഒരു നാടിന്റെ ഹൃദയത്തിലേക്ക് കടക്കാന്‍ ഏറ്റവും എളുപ്പം. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ ഉച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഉച്ചയൂണായിരുന്നു ആദ്യലക്ഷ്യം. ഞങ്ങളെ കൂട്ടാന്‍ വന്ന ബിജു അവിടെനിന്നും നേരെ കൊണ്ടുവന്നത് മയ്യിച്ചയിലേക്കാണ്. ഒരു പത്തുകിലോമീറ്റര്‍ ഡ്രൈവ്. വഴിയില്‍ പടന്നക്കാട് റെയില്‍വേ ഗേറ്റില്‍ കുടുങ്ങി. കേരളത്തില്‍ ദേശീയപാതയില്‍ അവശേഷിക്കുന്ന ഏക റെയില്‍വേഗേറ്റാണിത്. തൊട്ടടുത്താണ് സ്ഥലം എം.പി. കരുണാകരന്‍ താമസിക്കുന്നത്. മേല്‍പ്പാലം വരാത്തതിന്റെ പ്രതിഷേധം കൊണ്ടാവാം സ്ഥലവാസികള്‍ ഇപ്പോള്‍ ഈ ഗേറ്റിനെ 'കരുണാകരന്‍ ഗേറ്റ്' എന്നു വിളിക്കുന്നു. വണ്ടി പോയി ഗേറ്റ് തുറന്ന് അല്‍പ്പം കഴിഞ്ഞപ്പോള്‍ മയ്യിച്ചയിലെത്തി. അവിടെ പാലം കഴിഞ്ഞ് ഇടത്തോട്ടൊരു വഴി. അവിടെയാണ് രവിയേട്ടന്റെ കട. നല്ല നാടന്‍ പുഴമീനും കൂട്ടിയൊരു ഗംഭീര ഊണ്. രവിയേട്ടനും കുടുംബവും തന്നെയാണ് പാചകം. ഇനി എപ്പോഴെങ്കിലും ഈ വഴി കടന്നുപോവുമ്പോള്‍ ഈ രൂചിയൊന്നറിയുന്നത് നല്ലതാണ്. പ്രത്യേകിച്ചും പുഴമീന്‍ പ്രേമികള്‍.

ഊണും കഴിഞ്ഞ് നേരം കോട്ടപ്പുറത്തേക്ക് വിട്ടു. പഴയ വീടുകളുടെ നിര പിന്നിട്ട് കാറ് വലത്തോട്ട് തിരിഞ്ഞു. അവിടെ ഹൗസ്‌ബോട്ടുകളുടെ പാര്‍ക്കിങ് ഏരിയയാണ്. 1981-ല്‍ രണ്ട് ഹൗസ്‌ബോട്ടുകളുമായി തുടങ്ങിയ ടൂറിസം സംരംഭം. ഇപ്പോള്‍ പന്ത്രണ്ട് എണ്ണം ആയി. ജലവിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സംവിധാനവും ഇവിടെയാണ് ഒരുങ്ങുന്നത്. ''നിങ്ങള്‍ക്കുള്ള ഹൗസ്‌ബോട്ട് അപ്പുറം കൊടിഞ്ഞിമൂലയിലാണ്. നമുക്കങ്ങോട്ട് പോവാം'', ബിജു പറഞ്ഞു.

പുരത്തോണിയില്‍ നിലാവുള്ളരാത്രിയില്‍
 
പോവുന്ന വഴിയൊക്കെ സുന്ദരമാക്കിയിട്ടുണ്ട് പുഴയോടൊപ്പം സമാന്തരമായ പാത. ഇരുവശവും മരങ്ങള്‍, എല്ലാം ടൂറിസത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികളാണ്. ബേക്കല്‍ കോട്ടയിലെത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം, ആഞഉഇയുടെ നേതൃത്വത്തിലാണ് ഈ പദ്ധതികളൊക്കെ, പാലത്തിനു മുകളിലെത്തുമ്പോള്‍ ഒരു മിനി കുട്ടനാട് കാണാം. കൊട്ടവഞ്ചിയില്‍ മീന്‍ പിടിക്കുന്ന കര്‍ണാടകക്കാര്‍, തെങ്ങെല്ലാം നിറഞ്ഞ് കായ്ചു നില്‍ക്കുകയാണ്. നല്ല വിളവാണല്ലോ എന്നു പറഞ്ഞപ്പോഴാണ് ഒരാഗോള പ്രശ്‌നം പൊങ്ങിവന്നത്. നല്ല വിളവാ പക്ഷേ, പറിക്കാന്‍ ആളെ കിട്ടാനില്ല.

ഇടയിലെക്കാട് ദ്വീപാണ് മറ്റൊരു കാഴ്ച. അവിടെ നാഗാലയത്തിലെ കുരങ്ങന്‍മാരെ കാണാം. ഗ്രാമജീവിതങ്ങള്‍ അടുത്തറിയാം. കായലിനു കുറുകെയുള്ള നടപ്പാതകളിലൂടെ വെറുതെ നടക്കാം. കൊടിഞ്ഞിമൂലയില്‍ ബേക്കല്‍ റിപ്പിള്‍സിന്റെ ഹൗസ്‌ബോട്ടും അതിന്റെ പാര്‍ട്ണര്‍മാരിലൊരാളായ മനോജും കാത്തിരിപ്പുണ്ടായിരുന്നു. ക്യാപ്റ്റന്‍ കൃഷ്‌ണേട്ടന്‍, കുക്ക് ലണ്ടന്‍ റിട്ടേണ്‍ഡ് ശ്രീധരന്‍, വെയിറ്റര്‍ കനീഷ്. വഴികാട്ടിയായി സത്യന്‍-ക്രൂമെമ്പേര്‍സും റെഡിയായി. ലണ്ടനിലെ രസ ഹോട്ടലിലെ ചെന്നൈദോശ (ആറടി ദോശ) സ്‌പെഷലിസ്റ്റായിരുന്നു ശ്രീധരന്‍. ഇപ്പോള്‍ ബേക്കല്‍ റിപ്പിള്‍സില്‍ പ്രധാന കുക്കാണ്.

പുരത്തോണിയില്‍ നിലാവുള്ളരാത്രിയില്‍

കയറഴിഞ്ഞു. ഹൗസ്‌ബോട്ട് മെല്ലെ മെല്ലെ ഓളപ്പരപ്പിലേക്ക് കടലും കായലും തഴുകിയെത്തുന്ന പടിഞ്ഞാറന്‍ കാറ്റ്. മുങ്ങിയും നിവര്‍ന്നും മീന്‍ പിടിക്കുന്ന എരണ്ടകള്‍, കായലിലേക്ക് കൈ നീട്ടി നില്‍ക്കുന്ന തെങ്ങുകള്‍, ഇടയ്ക്ക് യാത്രക്കാരേയും കൊണ്ടു വരുന്ന സര്‍ക്കാര്‍ ബോട്ട്, കാഴ്ചകള്‍ പിന്നിലേക്ക്, ഓളങ്ങള്‍ കഥ പറയാനെത്തുന്നു.

 ആറു നദികളുടെ സംഗമ ഭൂമിയാണിത്. പ്രധാനമായും തേജസ്വിനി നദി കടലില്‍ ചേരുന്ന സ്ഥലം. കാര്യങ്കോട് പുഴ, നീലേശ്വരം ഏര്‍പ്പുപുഴ, കവ്വായിപുഴ, പെരുമ്പപുഴ, രാമപുരംപുഴ, അനേകം തുരുത്തുകളും കണ്ടല്‍കാടുകളും. ഇടയ്ക്ക് നദികള്‍ കൊണ്ടുതള്ളുന്ന മണ്ണടിഞ്ഞ് വേലിയിറക്കത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ചെറിയ തുരുത്തുകള്‍ ഉണ്ടായിരുന്നു. മാടുകള്‍ എന്നാണിവയെ വിളിച്ചിരുന്നത്. ഇപ്പോള്‍ മണ്ണുമാന്തിക്കപ്പല്‍ ആഴംകൂട്ടാന്‍ മണ്ണെടുത്തിട്ട മാടുകളും കാണാം. ഇവിടെ കക്കപെറുക്കാനും മണലെടുക്കാനും വരുന്നവരും. ഇരുവശവും തെങ്ങിന്‍തോപ്പുകള്‍കൊണ്ട് സമൃദ്ധമാണ് ഈ ഹരിതഭൂമി. കടലും തൊട്ടടുത്താണ്.

തൈ കടപ്പുറത്തേക്കായിരുന്നു ആദ്യയാത്ര. കടലിനടുത്തുള്ള കുന്നുപുറം ജെട്ടിയില്‍ നിര്‍ത്തി തീരത്തേക്ക് നടന്നു. നല്ലൊരസ്തമയ ചാരുത നുകരാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, നരച്ച ആകാശവും മാഞ്ഞുപോയ സൂര്യനും അന്ന് മടിപിടിച്ച ചിത്രകാരനെപ്പോലെ പെരുമാറി. തീരത്ത് അന്നന്നത്തെ മീനിനു മാത്രം വലവീശുന്ന അബ്ദുറഹിമാനെ കണ്ടു. സൗദിയിലും ദുബായിലും വര്‍ഷങ്ങളോളം ജോലി ചെയ്ത് വിശ്രമജീവിതം നയിക്കുന്ന റഹ്മാന്‍ എന്നും വൈകുന്നേരം വലയിടാന്‍ വരും. അന്നും കിട്ടി നാലു മാലാന്‍. അതുംകൊണ്ട് അയാള്‍ പോയി. ചില ദിവസങ്ങളില്‍ അടിപൊളി അസ്തമയം കാണാം. ഇന്ന് പോരാ. അബ്ദുറഹ്മാനും പറഞ്ഞു. ഇരുണ്ട് തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ ഹൗസ്‌ബോട്ടിലെത്തി. അരമണിക്കൂര്‍കൂടി സഞ്ചരിച്ചപ്പോള്‍ ഏഴിമല അടുത്തെത്തി. മൂഷികരാജവംശത്തിന്റെ കയ്യിലായിരുന്ന ഏഴിമല ഇപ്പോള്‍ ഇന്ത്യന്‍നേവിയുടെതാണ്.

പുരത്തോണിയില്‍ നിലാവുള്ളരാത്രിയില്‍

ഇന്നിവിടെ നങ്കൂരമിടാം. രാത്രി ഏഴിമലയില്‍ വിളക്കുകള്‍ തെളിയുമ്പോള്‍ നല്ല കാഴ്ചയായിരിക്കും. നിലാവും കൂടിയാവുമ്പോള്‍ കായല്‍ കൂടുതല്‍ മനോഹരിയാവും. ഞങ്ങള്‍ കാത്തിരുന്നു. വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ നിലാവും. ഓളങ്ങള്‍ സ്വര്‍ണപ്രഭയാര്‍ന്നു. ചക്രവാളത്തിലെ നക്ഷത്രപ്പൊട്ടുകള്‍ പോലെ ഏഴിമല ആലക്തിക പ്രഭയില്‍ തിളങ്ങാന്‍ തുടങ്ങി.

ഭക്ഷണവുമായി ശ്രീധരേട്ടന്‍ എത്തി, ചപ്പാത്തിയും കൊഞ്ച് വരട്ടിയതും. ശ്രീധരേട്ടന്റെ കൈപുണ്യം രസമുകുളങ്ങള്‍ക്ക് ആവേശമേകി. ഭക്ഷണവും കഴിഞ്ഞ് അന്തിയുറക്കം. താരാട്ടാന്‍ ഓളങ്ങള്‍. മന്ദസ്ഥായിയിലുള്ള ഓടക്കുഴല്‍ നാദവും. രാത്രി ഉറങ്ങണോ, ഉണര്‍ന്നിരുന്ന് കായല്‍ സൗന്ദര്യം നുകരണോ എന്നൊരാശയക്കുഴപ്പം മാത്രമേയുള്ളൂ. കാരണം ഇതുപോലൊരു രാത്രി എന്നും കിട്ടുന്നതല്ലല്ലോ?

അതിരാവിലെ എഴുന്നേറ്റു. ആദ്യബോട്ട് പോകാന്‍ കാത്തിരിക്കുകയാണ് കൃഷ്‌ണേട്ടന്‍. ആദ്യബോട്ടു പോയിക്കഴിഞ്ഞാല്‍ ധൈര്യമായി ബോട്ടിറക്കാം, കാരണം അല്ലെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ വല നശിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. പണ്ട് ബോട്ടുമായി കടലില്‍ പോയിരുന്ന കൃഷ്‌ണേട്ടന് മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാവും. ഒരിക്കല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്ന തിക്താനുഭവും ഉണ്ട്. രാവിലെ നല്ല പുട്ടും കറിയും റെഡിയായിരുന്നു. അതും തട്ടി യാത്ര തുടര്‍ന്നു. മറ്റൊരു വഴി്ക്ക്. വഴിയില്‍ തകര്‍ന്നു കിടക്കുന്ന തൂക്കുപാലം കണ്ടു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു മുമ്പേ തകര്‍ന്ന പഞ്ചവടിപ്പാലം. അഴിമതിയുടെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

പുഴയോരത്ത് കല്ലുമ്മക്കായ വളര്‍ത്തല്‍ തകൃതിയാണിപ്പോള്‍. കുടുംബശ്രീക്കാരാണ് പ്രധാനമായും ഈ രംഗത്തുള്ളത്. മീന്‍പിടിത്തവും തെങ്ങുകൃഷിയും അതിലേറെ ഗള്‍ഫ് വരുമാനവുമാണ് ഇവിടത്തുകാരുടെ സമ്പദ് വ്യവസ്ഥ. അതുകൊണ്ട് തന്നെയാവാം, ഹൗസ്‌ബോട്ടുകളിലേക്ക് കരയില്‍ നിന്നുള്ള എത്തിനോട്ടങ്ങള്‍ കുറവാണ്. അതുകൊണ്ടു തന്നെ സഞ്ചാരികളുടെ സ്വകാര്യത ഭദ്രം. കൊടിഞ്ഞിമൂലയില്‍ ബോട്ട് അടുക്കുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു. വീണ്ടും കാഞ്ഞങ്ങാട്ടേക്കുള്ള റോഡ് യാത്ര. അപ്പോഴാണ് പുരത്തോണിയിലെ ശാന്തസുന്ദരമായ ഓര്‍മകള്‍ പുനര്‍ജനിക്കുന്നത്. തിരക്കേറിയ റോഡും തിരക്കില്ലാത്ത ഓളങ്ങളും...

പുരത്തോണിയില്‍ നിലാവുള്ളരാത്രിയില്‍

Where: Near Neeleswaram 60 km from Kasargod
Season : Throughout the year. Experience the Monsoon During June to July  Go there for : Housing boat Ride,
Fishing Sightseeing
Package: `12000-15000  Booking : www.bekalripples.com 
Valiyaparamba, about 30 km from Bekal, Kasaragod, North Kerala. Valiyaparamba is fast turning into a much favoured backwater resort that offers enchanting boat cruises. Valiyaparamba, a hinterland separated from the mainland, is a noted fishing centre in the district and is just an hour's drive from Bekal - one of the most enchanting beaches of Kerala. The Bekal fort which stands on a headland that runs into the sea offers a spectacular view of the surroundings.

Get There:  By Road  :National Highway  is passing through Cheruvthur.  By Train  :   Nearest railway station: Cheruvathur,
on the Kozhikode-Mangalore route, about 5 km from Valiyaparamba.Nearest Railway Station :Trikaripur / Cheruvathur / Payyannur  By Air : Nearest airports: Mangalore in Karnataka State, about 100 KM; Karipur international airport Kozhikode, about 150 KM from Valiyaparamba
Contact: 9449663870. Sights Around : Neeleswaram Fort, Bekal Fort Stay:  Neeleswaram Kanjangad Best Season :  Through out the year