ചരക്കുകള്‍ നിറച്ച കേവുവള്ളങ്ങള്‍ ഒഴുകി നടന്നിരുന്ന ഒരു ഭൂതകാലകഥയുണ്ടായിരുന്നു കായലുകള്‍ക്ക് പറയാന്‍. ദിവസങ്ങളോളം ഇത്തരം വള്ളങ്ങളില്‍ പണിയെടുത്തിരുന്നവര്‍ അതിനകത്തു തന്നെ പാചകം ചെയ്ത് ഭക്ഷിച്ചു പോന്നു. കായലില്‍ നിന്ന് പിടയ്ക്കുന്ന മീന്‍ പിടിച്ചു മുളകിട്ട് വെക്കുന്ന കറികളും പ്രശസ്തമായി. ഗതാഗതമാര്‍ഗങ്ങള്‍ വിപുലമായതോടെ ചരക്കുനീക്കം ലോറികള്‍ ഏറ്റെടുത്തു. പയ്യെ പയ്യെ കേവുവള്ളങ്ങള്‍ കരയ്ക്കു കയറി. ചിലരത് വിറകു വിലയ്ക്ക് വിറ്റു. എന്നാല്‍ ഹൗസ്‌ബോട്ടുകള്‍ എന്ന ആശയം വന്നതോടെ കേവുവള്ളങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും സജീവമായി. ഒരു ലക്ഷം രൂപയ്ക്ക് വിറ്റൊഴിച്ചിരുന്ന വള്ളങ്ങള്‍ക്ക് വില പത്തും പന്ത്രണ്ടും ലക്ഷമായി ഉയര്‍ന്നു. 

ഇന്ന് ഏറ്റവും കൂടുതല്‍ ഹൗസ്‌ബോട്ടുകള്‍ ഒഴുകി നടക്കുന്നത് വേമ്പനാട്ട് കായലിലാണ്. ഒരു റൂമിന്  ഒന്നേകാല്‍ ലക്ഷം ദിവസവാടക വരുന്ന ഒബ്‌റോയ് ഗ്രൂപ്പിന്റെ കപ്പല്‍ സമാനമായ ബോട്ടുകള്‍ മുതല്‍  ഏ.സി., മട്ടുപ്പാവ് തുടങ്ങി സ്വിമ്മിങ് പൂള്‍ സൗകര്യങ്ങളുള്ള വിവിധതരം ഹൗസ് ബോട്ടുകള്‍ വരെ കായലോളങ്ങളെ കീഴടക്കി. കേവുവള്ളങ്ങളിലെ പഴയ പാചകരീതിയെ ഓര്‍മ്മിപ്പിക്കുന്ന കുശിനികള്‍, എല്ലാചാനലുകളും ലഭ്യമാകുന്ന ടി.വി, ഓളങ്ങളുടെ താരാട്ടുകേട്ടുള്ള താമസം, കായല്‍ സ്പന്ദനങ്ങള്‍ നേരില്‍ കാണാനുള്ള സൗകര്യം, സ്വകാര്യത... സഞ്ചാരികളെ ഹൗസുബോട്ടുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകള്‍
 
ആലപ്പുഴ പുന്നമട ജെട്ടിയില്‍ നിന്നാണ് ഹൗസ്‌ബോട്ടുകള്‍ സഞ്ചാരം ആരംഭിക്കുന്നത്. പകല്‍ കായലില്‍ ചുറ്റി കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും കായലോരത്ത് കെട്ടിയിടുകയാണ് പതിവ്. ഹൗസ്‌ബോട്ടുകള്‍ നങ്കൂരമിടുന്നയിടങ്ങളില്‍ നാടന്‍ വള്ളങ്ങളുമായി വള്ളക്കാര്‍ കാത്തിരിക്കും. താത്പര്യമുള്ളവര്‍ക്ക് കൈത്തോടുകളിലൂടെ ഒരു യാത്രയാവാം. കുട്ടനാടന്‍ ജീവിത ദൃശ്യങ്ങള്‍ അടുത്തറിയാന്‍ ഈ യാത്രയാണ് നല്ലത്.
 
വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് യാത്രികരാണ് പുരത്തോണികളില്‍ അന്തിയുറങ്ങാന്‍ എത്തുന്നത്. സീസണനുസരിച്ച് ചാര്‍ജുകള്‍ വ്യത്യാസപ്പെടും. ക്യാന്‍വാസ് ചെയ്യുന്ന ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം. 

ഹൗസ്‌ബോട്ട്: അറിഞ്ഞിരിക്കേണ്ടത്

  • ലൈസന്‍സുള്ള മൂന്നു ജീവനക്കാര്‍ വേണം. സ്രാങ്ക്, ഡ്രൈവര്‍, ലാസ്‌കര്‍.

  • ഓരോ യാത്രികനും ലൈഫ്ജാക്കറ്റ്, രണ്ടു യാത്രികര്‍ക്ക് ഒരു ലൈഫ്‌ബോയ് എന്നിവ നിര്‍ബന്ധമായും ഉണ്ടാവണം.

  • കിലോ ഭാരം വരുന്ന രണ്ടു ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍, രണ്ടു ഫയര്‍ ബക്കറ്റ്, രണ്ട് ക്യൂബിക് ഫീറ്റ് സാന്‍ഡ്‌ബോക്‌സ്,ഒരു ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ വേണം.

  • മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, കനാല്‍ ലൈസന്‍സ്, ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടായിരിക്കണം. ഇതിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

  • പരീതുപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഈ വിവരങ്ങളെല്ലാമടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.