ചാലക്കുടി ബസ്‌സ്ന്റാന്റില്‍ അവനെ തിരഞ്ഞ് അധികം അലയേണ്ടി വന്നില്ല. നെറ്റിയില്‍ വടിവൊത്ത അക്ഷരത്തില്‍ ഏഞ്ചല്‍ ഡോണ്‍ എന്നെഴുതിയത് ഇരുട്ടത്തും തെളിഞ്ഞു കാണാമായിരുന്നു. മഞ്ഞച്ചായത്തില്‍ കുളിച്ചാണ് നില്‍പ്പ്. ആരോടോ വഴക്കിട്ടതാവണം മൂക്ക് അല്പം ചതഞ്ഞിട്ടുണ്ട്. അകത്തേയ്ക്കു കയറിയപ്പോള്‍  ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ എന്ന ഭാവത്തില്‍ പലരും ഞങ്ങളെ നോക്കി. അതൊന്നും കാര്യമാക്കാതെ ഒഴിഞ്ഞു കിടന്ന സീറ്റുകളിലൊന്നില്‍ ഞങ്ങള്‍ സ്ഥാനംപിടിച്ചു.

ആറരയായപ്പോഴേയ്ക്കും കാക്കിക്കുപ്പായമണിഞ്ഞ രണ്ടു പേര്‍ എത്തി. അവന് ജീവന്‍ വെച്ചു. വെളിച്ചത്തിലേയ്ക്ക് മിഴി തുറക്കുന്ന ചാലക്കുടി നഗരത്തിലൂടെ അവന്‍ പതിയെ നീങ്ങി. ബാഗ് തൂക്കിയ കാക്കിക്കുപ്പായക്കാരന്‍ ഓരോരുത്തരോടും കുശലം പറഞ്ഞ് ഓടിനടക്കുന്നു. ഇതിനിടെ പണം വാങ്ങി ടിക്കറ്റ് കീറി നല്‍കുന്നുമുണ്ട്. ഇതാണ് ജോസേട്ടന്‍. ഏഞ്ചല്‍ ഡോണിന്റെ മേല്‍നോട്ടക്കാരന്‍. ആറുവര്‍ഷമായി ഇവനൊപ്പം ചേര്‍ന്നിട്ട്. ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറ വരെയോടുന്നതിനിടെ ഏഞ്ചല്‍ ഡോണില്‍ ആരെല്ലാം കേറും അവര്‍ എവിടെ ഇറങ്ങും എന്നെല്ലാം ജോസേട്ടന് മനപാഠമാണ്. എങ്ങോട്ടാ എന്ന ചോദ്യം ചോദിക്കേണ്ടി വന്നത് ഞങ്ങളോടു മാത്രം. ടിക്കറ്റ് വില്‍പ്പനയെല്ലാം കഴിഞ്ഞപ്പോള്‍ ജോസേട്ടന്‍ ഏറ്റവും മുന്നിലെ നീളന്‍ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. ഞങ്ങളും ഒപ്പം കൂടി. അപ്പോഴാണ് എതിര്‍വശത്തിരിക്കുന്ന ഗൗരവക്കാരനെ കണ്ടത്. ഏഞ്ചല്‍ ഡോണിന്റെ സാരഥി ജിബിന്‍.

മലക്കപ്പാറയിലേക്ക് ഒരു 'ഓര്‍ഡിനറി' യാത്ര

നഗരക്കാഴ്ചകളില്‍ നിന്ന് ഏറെ ദൂരം ഓടിപ്പോന്നിരിക്കുന്നു. വഴിയില്‍ ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് കണ്ടു. ഈന്തപ്പനകള്‍ക്ക് നടുവിലൂടെയാണ് ഇപ്പോള്‍ യാത്ര. പ്ലാന്റേഷന്‍ വാലിയുടെ തോട്ടമാണിത്. അതിനപ്പുറം വിശാലമായൊഴുകുന്ന ചാലക്കുടിപ്പുഴ. പച്ചപ്പിനുള്ളിലേയ്ക്ക് ഇളവെയില്‍ പതിയെ ഇറങ്ങിവരുന്നു.

സീറ്റുകളെല്ലാം ഓരോരുത്തര്‍ സ്വന്തമാക്കി കഴിഞ്ഞു. മുന്നിലെ സീറ്റിലതാ പത്രക്കെട്ടുകളുമായി ഒരു ചേച്ചി. പേര് നെബീസ. മലക്കപ്പാറ വരെ പത്രമെത്തിക്കലാണ് ജോലി. ബസിനുള്ളില്‍ തന്നെ ചില്ലറവില്‍പ്പനയൊക്കെ നടത്തിക്കഴിഞ്ഞു. ബാക്കിയുള്ള പത്രങ്ങള്‍ ഓരോന്നും പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടുന്ന പണിയിലാണ് ചേച്ചി.

വഴിയില്‍ തുമ്പൂര്‍മുഴി ഡാമും സില്‍വര്‍ സ്റ്റോം തീം പാര്‍ക്കും കണ്ടു. മഴ കനത്ത സമയത്ത് തുമ്പൂര്‍മുഴിയുടെ ഇരുഭാഗത്തുമുള്ള കനാല്‍ ഭിത്തികളില്‍ കൂടി വെള്ളം നിറഞ്ഞൊഴുകിയിരുന്നു. ഇപ്പോള്‍ ആ കനാല്‍ ഭിത്തികള്‍ തെളിഞ്ഞു കാണാം. ഏഞ്ചല്‍ ഡോണിന്റെ സ്പീഡിനൊപ്പം ക്യാമറയ്ക്ക് ഓടിയെത്താന്‍ കഴിയുന്നില്ലെന്നു കണ്ടപ്പോള്‍ ജിബിന്‍ ചേട്ടന്‍ ഇടയ്ക്ക് സ്ലോ ചെയ്തു (ചിലപ്പോള്‍ നിര്‍ത്തിയിട്ടും) സഹായിച്ചു.  പുഴയ്ക്കു മീതെ കണ്ണങ്കുഴിപാലം. ഇപ്പോള്‍ റോഡിനിരുഭാഗത്തും കാടാണ്. ഒരു വളവു തിരിഞ്ഞു ചെന്നപ്പോള്‍ പച്ചസാരി ചുറ്റിയവരുടെ ഒരു സംഘം മുന്നില്‍. വനസംരക്ഷണസമിതിയിലെ പ്രവര്‍ത്തകരാണ്.  

അകലെ അതിരപ്പിള്ളി വെള്ളച്ചാട്ടം. കാടിനു നടുവില്‍, പാറക്കെട്ടുകള്‍ക്ക് മീതെ നിന്ന് കൂട്ടുചേരാതെ ഒഴുകിയെത്തുന്ന മൂന്നുപേര്‍. അധികനേരം ആ കാഴ്ച ആസ്വദിക്കാന്‍ ജിബിന്‍ അനുവദിച്ചില്ല. ഏഞ്ചല്‍ ഡോണിനെ കാത്ത് വഴിയില്‍ പലരുമുണ്ട്. അവരെ നിരാശരാക്കുന്നതെങ്ങനെ?
വനംവകുപ്പിന്റെ ചെക്‌പോസറ്റെത്തിയപ്പോള്‍ ജോസേട്ടന്‍ മുന്നിലിരുന്ന രണ്ടു പ്ലാസ്റ്റിക് കവറുകള്‍ കയ്യിലെടുത്തു. ഇറങ്ങിപ്പോയി ഓഫീസില്‍ അതുകൊടുത്ത് തിരികെ എത്തിയതും മുന്നിലെ വിലങ്ങുതടി ഉയര്‍ന്നു പൊങ്ങി. ഡോണ്‍ അതിനടിയിലൂടെ കുതിച്ചു. ചാലക്കുടിയിലെ കടയില്‍ നിന്ന് കേറിയ ഉഴുന്നുവട, പഴംപൊരി മുതലായവരാണ് ഇപ്പോള്‍ ഇറങ്ങിപ്പോയത്. ഉദ്യോഗസ്ഥര്‍ക്ക് രാവിലെ ചായയ്‌ക്കൊപ്പം കഴിക്കാനുള്ളവ.
വഴിയിലൊരു ചെറിയ വെള്ളച്ചാട്ടമുണ്ട് പാറയുടെ മുകളിലൂടെ പാട പോലൊഴുകിയെത്തുന്ന ചാര്‍പ്പ. മഴക്കാലത്താണ് ഇവള്‍ കൂടുതല്‍ സുന്ദരിയാകുന്നത്.

ഇനി വരാനുള്ളത് വാഴച്ചാല്‍ വെള്ളച്ചാട്ടമാണ്. അതിരപ്പള്ളിയില്‍ നിന്ന് ഏതാണ്ട് 5 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡരികില്‍ മുളകൊണ്ടുണ്ടാക്കിയ ഒരു കെട്ടിടം കണ്ടു. അതാണ് പ്രവേശനകവാടം. കാടിനു നടുവില്‍ പാറക്കെട്ടുകളിലൂടെ ആര്‍ത്തലച്ചൊഴുന്ന വെള്ളച്ചാട്ടത്തിന്റെ പൊട്ടും പൊടിയുമൊക്കെ കാണാന്‍ പറ്റി. വാഴച്ചാല്‍ സ്‌കൂളിന് മുന്നിലായിരുന്നു അടുത്ത സ്റ്റോപ്പ്. അവിടെത്തിയപ്പോള്‍ ജോസേട്ടന്‍ ഒരു കന്നാസാണ് പുറത്തെടുത്തത്. ഡോണിനെ കണ്ടപ്പോള്‍ സ്‌കൂളിന്റെ ഗേറ്റിന് പിന്നില്‍ ഒരു കുസൃതിക്കൂട്ടം. അതിലൊരുവന്‍ കന്നാസും കയ്യില്‍ വാങ്ങി അകത്തേയ്ക്ക്. വാഴച്ചാല്‍ സ്‌കൂളിലെ കുട്ടികള്‍ക്കുള്ള പാലാണ്. ഇതിന്റെ വിതരണാവകാശവും ഡോണിന് തന്നെ.
പുകലപ്പാറ പവര്‍ഹൗസും പിന്നിട്ടു. നെബീസ ചേച്ചിയുടെ ജോലി കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് വള്ളി കൊണ്ട് കെട്ടിയ പത്രങ്ങള്‍ക്ക് മേല്‍  അമ്പലപ്പാറ, കടമട്ടം, റോപ്പ്മട്ടം, അടിപ്പാലം ഇങ്ങനെ ഓരോ പേരുകളെഴുതി വയ്ക്കുകയാണ് അവര്‍.  ചേച്ചി അടുത്ത സ്റ്റോപ്പിലിറങ്ങും. പിന്നീട് പത്രം ഇടുന്നതെല്ലാം ഡോണ്‍ നേരിട്ടാണ്. പേരുകളെല്ലാം അവന് കാണാപാഠമായിട്ടുണ്ടാകുമെങ്കിലും നെബീസ ചേച്ചിയുടെ സമാധാനത്തിനാണ് ഈ അടയാളം പതിപ്പിക്കല്‍.

മലക്കപ്പാറയിലേക്ക് ഒരു 'ഓര്‍ഡിനറി' യാത്ര

വഴിയില്‍ ഒരു കവുങ്ങ് മറിഞ്ഞു കിടക്കുന്നു. അത് ആനകളുടെ പണിയണ.്  ഈ യാത്രയില്‍ ഏപ്പോള്‍ വേണമെങ്കിലും അതിലൊരുവന്‍ നമുക്ക് മുന്നിലേയ്ക്കിറങ്ങി വന്നേക്കാം. ചായ കുടിക്കാന്‍ ഒരു സ്റ്റോപ്പ് മാത്രമേ ഉള്ളൂ. അത് പുളിയിലപ്പാറയിലാണ്. അവിടെയെത്തിയപ്പോഴേയ്ക്കും നെബീസ ചേച്ചി പേരെഴുതി കെട്ടിയ പത്രങ്ങളെല്ലാം എഞ്ചിന്‍ ബോക്‌സിന് മുകളില്‍ അടുക്കടുക്കായി വച്ച് സൈക്കിള്‍ ട്യൂബ് കൊണ്ടു കെട്ടി. പത്തുമണിക്കാണ് കിട്ടുന്നതെങ്കിലും മലക്കപ്പാറയിലുള്ളവര്‍ക്കെല്ലാം 'ചൂട്' പത്രം തന്നെ വായിക്കാം. പുളിയിലപ്പാറയില്‍ ചേച്ചി ഇറങ്ങുകയായി.
ഈറ്റക്കാടുകള്‍ മാത്രം. അതിനു നടുവിലൂടെയുള്ള പാത ഡോണിന് സ്വന്തം.

എതിരെ ഒരു വണ്ടി പോലും വരുന്നില്ല. മുന്നിലോ പിന്നിലോ എതിരാളികളില്ല. രാജകീയമായി അങ്ങനെ യാത്ര ചെയ്യാം. പൊരിങ്ങല്‍കുത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചാരം. അവിടെ മലമുകളില്‍ ഒരു പള്ളി കണ്ടു. പൊരിങ്ങല്‍കുത്ത് ഡാമിന്റെ ക്യാച്‌മെന്റ് ഏരിയയും പിന്നിട്ടു. കാടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വാച്ചുമരമാണ് അടുത്ത സ്റ്റോപ്പ്. അവിടെ നിന്ന് കുറേ ആദിവാസി പണിക്കാര്‍ കേറും. അത് കണക്കാക്കിയാണ് ഡോണിന്റെ സഞ്ചാരം. പണിക്കാര്‍ കൃത്യമായി ഹാജരുണ്ടായിരുന്നു. എല്ലാവര്‍ക്കും സീറ്റുകള്‍ തികയാതെ വന്നു. അവര്‍ കലപിലാ സംസാരിക്കുകയാണ്.

വഴിനീളെ ആനപ്പിണ്ടങ്ങള്‍. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഇന്ന് ആനയെ കാണാമെന്ന് ജോസേട്ടന്‍ പറഞ്ഞു. തിങ്ങിനിറഞ്ഞ ഈറ്റക്കാടിനുള്ളില്‍ നിന്ന് ഒരുവന്‍ ഇറങ്ങിവരുന്നതും കാത്താണ് പിന്നീടുള്ള ഇരുപ്പ്. നിരാശയായിരുന്നു ഫലം. പക്ഷേ ഈറ്റക്കാടിന്റെ ഇരുട്ടിനുള്ളില്‍ ഒരുപാട് പേര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നുറപ്പായിരുന്നു. ആനക്കയം പാലം പിന്നിട്ടപ്പോള്‍ ചാലക്കുടിയ്ക്കു പോകുന്ന കെ.എസ് ആര്‍ ടി സി എതിരെ വന്നു. ഈ യാത്രയില്‍ ഞങ്ങള്‍ കണ്ട ആദ്യ എതിരാളി. അല്പം സാഹസപ്പെട്ടാണ് ഡോണ്‍ അവനെ കടത്തി വിട്ടത്. തീരെ ചെറിയ വഴി ആദ്യമൊന്നും രണ്ടുപേരേയും ഒരുമിച്ച് പോകാന്‍ അനുവദിച്ചില്ല.

ഇനി 25 കിലോമീറ്ററേയുള്ളൂ മലക്കപ്പാറയ്ക്ക്. യാത്ര വീണ്ടും ഈറ്റക്കാടുകള്‍ക്ക് നടുവിലൂടെയാണ്. ആദിവാസി പണിക്കാര്‍ ഇറങ്ങിക്കഴിഞ്ഞു.  സ്‌റ്റെപ്പുകള്‍ പോലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍. ഡോണ്‍ അതിലൂടെ നിസാരമായി ഓടിക്കേറി. വഴിയില്‍ മരത്തെചുറ്റിപ്പിണഞ്ഞ വള്ളികള്‍ക്കിടയില്‍ ഒരു കരിങ്കുരങ്ങിരിക്കുന്നു. അമ്പലപ്പാറ ഡാമിന്റെ ഭാഗത്തുകൂടിയാണിപ്പോള്‍ യാത്ര. മുന്നിലൊരാള്‍ സഞ്ചിയുമായി കൈ കാണിച്ചു. ഡാമില്‍ നിന്ന് പിടിച്ച മീനാണ് സഞ്ചിയില്‍. ഇവിടെ നിന്ന് 48 കിലോ തൂക്കം വരുന്ന മീനിനെ വരെ കിട്ടിയിട്ടുണ്ടത്രേ. ചിലരൊക്കെ സഞ്ചിച്ചേട്ടന് പിന്നാലെ കൂടി. മീനിന് വില പറഞ്ഞുകൊണ്ട്.

ഒരു വളവുതിരിഞ്ഞപ്പോഴാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ മുന്നിലെത്തിയത്. ഡോണിന്റെ അപരന്‍. ചാലക്കുടിയിലേക്കാണ് അവന്റെ സഞ്ചാരം. രണ്ടുപേരുടേയും ഉടമസ്ഥന്‍ ഒരാള്‍ തന്നെ. ആദ്യ കാഴ്ചയില്‍ ഒരുപോലെ തോന്നിയെങ്കിലും അപരന്‍ ഡോണിനേക്കാള്‍ സുന്ദരനായിരുന്നു. അവന്റെ ദേഹത്ത് ചതവുകളോ പാടുകളോ ഉണ്ടായിരുന്നില്ല. ഡോണ്‍ ചാലക്കുടിയില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ അപരന്‍ വാല്‍പ്പാറയിറങ്ങും. വഴിയില്‍ രണ്ടുപേരും കണ്ടുമുട്ടും.

ഇപ്പോള്‍ ചുറ്റും കാപ്പിത്തോട്ടങ്ങളാണ്. അകലെയുള്ള കുന്നുകളില്‍ തേയിലയും. മലക്കപ്പാറയിലേക്ക് ഇനി അധികദൂരമില്ല. ദൂരെ അപ്പര്‍ ഷോളയാര്‍ ഡാം കാണാം. തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ കാപ്പിപ്പൊടി നിറത്തിലൊരു കെട്ടിടം. തേയില ഫാക്ടറിയാണത്. ഒരു പള്ളിയും മുരുകന്‍ കോവിലും പിന്നിട്ടു. മലക്കപ്പാറയായി. ഡോണിന് ഇനി വാല്‍പ്പാറ വരെ ഓടണം. അവന്‍ തിരിച്ചുവരുമ്പോഴേയ്ക്കും മലക്കപ്പാറ ഒന്നു ചുറ്റിക്കാണണം. അതാണ് ഞങ്ങളുടെ പദ്ധതി.

അപ്പര്‍ ഷോളയാര്‍ ഡാമിലേയ്ക്കാണ് ആദ്യം പോയത്. ഇപ്പോഴത് പുറത്തു നിന്ന് കാണാനേ സാധിക്കൂ. അകത്തേയ്ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ഡാമിന്റെ ഉള്‍ഭാഗത്തേയ്ക്കിറങ്ങിപ്പോകാന്‍ കുറേ പടവുകളുണ്ടെന്ന് കേട്ടു. മുന്‍പ് സന്ദര്‍ശകരെ അതുവഴി കടത്തിവിട്ടിരുന്നു. അതിന് ബലക്ഷയം കണ്ടതിനെ തുടര്‍ന്ന് ആരേയും അവിടേയ്ക്ക് കടത്തിവിടുന്നില്ല. ഡാമിന് മുന്നില്‍ ചെറിയൊരു പാര്‍ക്കും പൂന്തോപ്പുമുണ്ട്. അകലെ വരിയായി തോട്ടംതൊഴിലാളികളുടെ വീടുകള്‍. മുകളില്‍ ഒരു കോട്ടേജും. അത് മാനേജറുടേതാണ്. മഞ്ഞപെയിന്റടിച്ച ഒരു കെട്ടിടം കാണുന്നുണ്ട്. അത് സ്‌കൂളാണ്.

തമിഴ്‌നാട് ചെക്ക്‌പോസ്റ്റും പിന്നിട്ട് വാല്‍പ്പാറയിലേക്കുള്ള വഴിയില്‍ അല്പ ദൂരം സഞ്ചരിച്ചു. യൂക്കാലിപ്റ്റസ് തോട്ടങ്ങളും തേയിലത്തോപ്പുകളും മാറിമാറി വന്നു. തേയിലത്തോട്ടത്തിന്റെ ഒരു ഭാഗം മണ്ണിന്റെ നിറത്തില്‍ വേരുകള്‍ പടര്‍ന്നു കിടക്കുന്നു. രാമച്ചമാണ് അവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇടയ്ക്ക് വളവു തിരിയുമ്പോള്‍ ഒരു ഗണപതി ക്ഷേത്രമുണ്ട്. പണ്ട് ഈ വളവില്‍ സ്ഥിരമായി അപകടങ്ങള്‍ നടന്നിരുന്നു. അതിനു ശേഷമാണ് ഈ ക്ഷേത്രം പണിതത്.

റോഡിന്റെ ഒരു ഭാഗം മുഴുവന്‍ ഷോളയാര്‍ ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയാണ്. ഇടയ്ക്ക് ചെറിയ തുരുത്തുകള്‍. യാത്ര അധികം നീട്ടിക്കൊണ്ടു പോകാനാകില്ല. ഉച്ചയ്ക്ക് 1.15ന് ഡോണ്‍ തിരിച്ചെത്തും. അവന്‍ കൂട്ടാതെ പോയാല്‍ കുടുങ്ങി. മലക്കപ്പാറയില്‍ നിന്ന് താഴേക്കെത്താന്‍ പിന്നെ യാതൊരു വഴിയുമില്ല. മലക്കപ്പാറയിലെ പ്രധാന ടൗണില്‍ നിന്ന് അല്പം അകലെയുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കേറിയപ്പോള്‍ സമയം 12.40. മേശപ്പുറത്ത് ഒരു പത്രം കിടക്കുന്നു. അതില്‍ റോപ്പമട്ടം എന്നെഴുതിയിട്ടുണ്ട്. അതെ നമ്മുടെ നെബീസചേച്ചി ഡോണിന്റെ കയ്യില്‍ കൊടുത്തു വിട്ട പത്രം തന്നെ.

തിരികെ മലക്കപ്പാറ ടൗണിലെത്തുമ്പോള്‍ ഡോണ്‍ അവിടെ കാത്തുകിടക്കുന്നു. അങ്ങോട്ടുപോയപ്പോള്‍ കണ്ട മുഖങ്ങള്‍ തന്നെയാണ് അധികവും. രണ്ടു സ്‌കൂള്‍ കുട്ടികള്‍ ഇടംപിടിച്ചിട്ടുണ്ട്.  മുന്നില്‍ സീറ്റിന്റെ പരിസരത്ത് മൂന്ന് ചാക്കുകള്‍ കണ്ടു. ഗോതമ്പും അരിയുമാണ്. വഴിയില്‍ വച്ച് മീനും കൂടി കേറ്റിയപ്പോള്‍ ജിബിന് ഇരിക്കാന്‍ സ്ഥലമില്ലെന്നായി.

കാട്ടിനുള്ളില്‍ രാവിലെ ഇറക്കിവിട്ടിടത്ത് പണിക്കാര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഡോണ്‍ കുറച്ചുദൂരം പോയപ്പോഴാണ് അവരിലൊരാള്‍ സഞ്ചി എടുക്കാന്‍ മറന്നകാര്യം അറിയുന്നത്. നിര്‍ത്തിയിടാന്‍ പറ്റില്ലെന്ന് ജിബിന്‍ കട്ടായം പറഞ്ഞതു കൊണ്ട് സഞ്ചിയ്ക്ക് അന്നവിടെ കിടക്കേണ്ടി വന്നു. ആനയെ കണ്ടോ എന്നവര്‍ ചോദിച്ചു. ഇല്ലെന്ന് ഞങ്ങള്‍ തലയാട്ടി. ആനക്കഥകളായി പിന്നീടുള്ള വിഷയം. കേട്ടിരിക്കവേ വെറുതേയോര്‍ത്തു-കൂറ്റന്‍ വളവു തിരിഞ്ഞു ചെല്ലുമ്പോള്‍ ഒരൊറ്റയാന്റെ മുന്നിലെങ്ങാന്‍ പെട്ടാല്‍? ''മ്മടെ ഡോണല്ലേ'' എന്നു പറഞ്ഞ് അവന്‍ തിരിഞ്ഞു നടക്കുമായിരിക്കും....

Malakkappara
Route : Chalakudy-Athirapally-Malakkappara-Valparai  One of the most beautiful routes in South India. Passing amidst thick evergreen forest offers a chance to see wild animals.

How to reach
By road : Chalakudy is well-connected to all other cities. Most of the buses plying between the Calicut-Trivandrum route will stop in Chalakudy.
By Rail : Chalakudy, Bus Timings 4.50 am, 6.30 am ( from Chalakkudy private stand) ( The last bus from Malakkapara departs at 1.15 pm)
Contact: Jose ( Bus conductor, Angel Don) 09495800775, Joy ( Bus Owner) 09645733395, Chalakkudy Dipot 0480 2701638
Sights: Dream World , Thumboormuzhy Dam, Butterfly Park, Silver Storm, Athirapily waterfalls, Charpa Waterfalls, Vazhachal Waterfalls, Poringalkuthu Dam, Solaiyar Dam, Malakkappara Tea Factory, Upper Sholayar Dam
Tips: This road is suitable for cars and bikes. If you are planning a ride start early in the moring. Be alert about wild animals. The road which is very narrow at some places demands careful driving. Never travel along in the night
Stay: STD code : 0480 Athirappilly Residency,  2747097 Meadows International  2710070 Kallelys Park Inn   2706777