പൈന്‍മരങ്ങള്‍ അതിരിട്ട വഴി തീരുന്നിടത്ത് ആകാശത്തിന്റെ വെള്ളക്കീറ്. അതില്‍ മുഖം തൊട്ടുനില്‍ക്കുന്ന മലകള്‍. താഴെ, ഓളങ്ങളനങ്ങാതെ പ്രശാന്തമായി സീതാദേവി തടാകം. തെളിഞ്ഞ വെള്ളത്തില്‍ ആകാശം തൊട്ടു നില്‍ക്കുന്ന ഓരോ മലയുടെയും മുഖം കാണാം. നോക്കിനില്‍ക്കെ തടാകത്തില്‍ സന്ധ്യയുടെ നിറം വീണു കലങ്ങാന്‍ തുടങ്ങി. മലകള്‍ക്കപ്പുറത്ത് നിന്ന് വെള്ളക്കുതിരകളെ പൂട്ടിയ തങ്കരഥത്തില്‍ മൈഥിലി പറന്നുവരുന്നത് വെറുതെ സങ്കല്‍പ്പിച്ചു നോക്കി. അങ്ങനെയാവും ഒരു ത്രേതായുഗസന്ധ്യയില്‍ അവള്‍ വന്നിറങ്ങിയിട്ടുണ്ടാവുക.  

മഞ്ഞ നിറത്തില്‍ പൂക്കുന്ന മരച്ചില്ലകള്‍ക്കു താഴെ യൂറോപ്യന്‍ കെട്ടിടങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചെറിയ ഔട്ട് ഹൗസ്. സന്ധ്യവളരുന്നതിനൊപ്പം തണുപ്പ് വന്ന് പൊതിയാന്‍ തുടങ്ങി.  അവിടുത്തെ ചുമതലക്കാരനായ മോഹനന്‍ കുറച്ചപ്പുറത്തേക്ക് നടക്കാന്‍ വിളിച്ചു. മരങ്ങള്‍ തിങ്ങിയ തുരുത്തിനെ ഒരു ദ്വീപുപോലെ തന്റെ നെഞ്ചില്‍ കൂട്ടിപ്പിടിച്ച് വളഞ്ഞു പുളഞ്ഞ് കിടക്കുകയാണ്  തടാകം. മോഹനനു പിന്നാലെ  നടന്നു. വഴിയില്‍ നിന്ന് ചതുപ്പിലേക്കിറങ്ങി അയാള്‍ കൈ ചൂണ്ടി. തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു. ''അന്ത ഇടത്തിലാ സീതാദേവി കുളിച്ചത്.. ''  ചതുപ്പുനിലത്തില്‍ ഒറ്റയ്‌ക്കൊരു മരം. മുടിയഴിച്ചിട്ട് കൈകളില്‍ മുഖം പൂഴ്ത്തി ഒറ്റയ്ക്കിരിക്കുന്ന ഒരു പെണ്‍കുട്ടിയെപ്പോലെ. മരത്തിനു കീഴില്‍ നിറയെ വെള്ളമാണ്. മോഹനന്‍ പറഞ്ഞു. വേനലായതുകൊണ്ടാണ് വെള്ളം കുറഞ്ഞത്. അല്ലെങ്കില്‍ തടാകത്തിന്റെ മറ്റു ഭാഗങ്ങള്‍ പോലെ ഇവിടെയും നിറഞ്ഞു കിടക്കും. ആ മരത്തിന്റെ കീഴിലാണ്  ജാനകി തങ്കരഥത്തില്‍ പറന്നു വന്നിറങ്ങി നീരാടിയത്. 

ചിത്രകഥ പോലെ ദേവികുളം...

''ആ കാണുന്നതാണ് സീതാദേവി മല.'' അവിടെയാണ് സീത താമസിച്ചതെന്നാണ് കഥ. വളരെ മുമ്പ് ചിലരൊക്കെ അവിടെ പോയിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊടും കാടായതിനാല്‍ ഇപ്പോള്‍ മലകയറാനാവില്ല. മലമുകളില്‍ ഉരലും അമ്മിക്കല്ലുമെല്ലാം ഉണ്ടെന്നാണ് വിശ്വാസം. സീതയുടെ കാനനവാസവുമായി കോര്‍ത്തുകെട്ടിയ ഒരു നൂറു കഥകളുണ്ട് ഇപ്പോഴും താഴ്‌വരയിലെ ഗ്രാമങ്ങളില്‍. മലമുകളില്‍ താമസിക്കുമ്പോള്‍ ഒരു നാള്‍ സീതയ്ക്ക് കഴിക്കാന്‍ കൊടുത്ത കൊഴുക്കട്ടയില്‍ ഉപ്പു കുറഞ്ഞുപോയത് അതിലൊന്നാണ്. ദേഷ്യം തിളച്ച്, ഉപ്പില്ലാത്ത കൊഴുക്കട്ട  പാത്രത്തോടെ സീത വലിച്ചെറിഞ്ഞു.  അത് താഴ്‌വാരങ്ങളിലാകെ വീണു ചിതറി. യുഗങ്ങളേറെ കഴിഞ്ഞെങ്കിലും ഭാഗ്യമുള്ളവര്‍ക്ക് കാട്ടില്‍ നിന്ന് കൊഴക്കട്ടയുടെ കഷ്ണങ്ങള്‍ കിട്ടുമെന്ന് അവരിപ്പോഴും കരുതുന്നു. ചിലര്‍ക്കൊക്കെ അങ്ങനെ കിട്ടിയതായി പറയുമ്പോള്‍ മോഹനന്റെ കണ്ണുകള്‍ ഭയം കൊണ്ടോ ഭക്തി കൊണ്ടോ എന്നറിയില്ല, വിടര്‍ന്നു വലുതായി. 

''കറുത്ത നിറത്തിലാണ് കൊഴക്കട്ട കഷ്ണങ്ങള്‍ കിട്ടുക. പൊട്ടിച്ചാല്‍ ഉള്ളില്‍ അരിമണികള്‍ കാണാം. കിട്ടിയവരൊക്കെ അത് വീട്ടിലെ അരിപ്പെട്ടിയില്‍ സൂക്ഷിച്ചുവെക്കും.'' കഥ തീരുമ്പോഴേക്കും ചതുപ്പിനപ്പുറത്തെ ചൗക്ക് മരച്ചുവട്ടില്‍ എത്തി. മരത്തിനുകീഴെ വിളക്കെണ്ണയുടെയും മഞ്ഞളിന്റെയും മണം. വെറുതെ കുമ്പിട്ടു. മനസ്സില്‍ എന്തൊക്കെയോ മിന്നി മറഞ്ഞു. ശൈവചാപം രാമബാഹുക്കളില്‍ കിടന്ന് നുറുങ്ങിയപ്പോള്‍ മയില്‍പ്പേടയെപ്പോലെ ആനന്ദം പൂണ്ട മൈഥിലി, ഉരസിജവുമിരുതുടകളാല്‍ മറച്ചുത്തമാംഗം താഴ്ത്തി വേപഥു ഗാത്രിയായി അശോകവനിയിലിരുന്നവള്‍.. മരത്തിനുകീഴില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ മോഹനന്‍ പറഞ്ഞു. മരത്തിനു കീഴില്‍ നിന്ന്  ആഗ്രഹിക്കുന്നത്  കണ്ടിപ്പാ നടക്കും...

കുറച്ചപ്പുറത്താണ് സീതാ ദേവി ക്ഷേത്രം. അവിടുത്തെ ഉല്‍സവത്തിന്, നോമ്പെടുത്ത് തടാകത്തില്‍ നിന്ന് വെള്ളം കൊണ്ടു പോവും. മരത്തിന്റെ കമ്പുകളും പൊട്ടിച്ചെടുക്കും. തൊട്ടടുത്ത മറ്റു ചില ക്ഷേത്രങ്ങളിലും തടാകത്തിലെ വെള്ളമാണ് തീര്‍ഥം. സീതാദേവി കുളിക്കാനിറങ്ങിയ സ്ഥലത്തുള്ള മരത്തിനടിയില്‍ അവരുടെ സ്വര്‍ണ്ണരഥം മണ്ണില്‍ പൂണ്ട് കിടപ്പുണ്ടെന്നും ചിലര്‍ വിശ്വസിക്കുന്നു. തടാകത്തിലെ ചെറിയ മീനനക്കങ്ങളിലെല്ലാം കഥയുടെ ഓളങ്ങള്‍..

ചിത്രകഥ പോലെ ദേവികുളം...

തേയിലക്കുന്നുകളുടെ പച്ചക്കടല്‍ താണ്ടി ഈ തുരുത്തിലെത്തി മീന്‍ പിടിക്കുന്നത് ബ്രിട്ടീഷുകാരുടെ കാലം മുതലെ ദേവികുളത്തെ പ്രധാന വിനോദമാണ്. ദേവികുളം എസ്‌റ്റേറ്റിലെ ഈ തടാകത്തില്‍ മീന്‍ പിടിക്കുന്നതിന് കര്‍ശന നിബന്ധനകളും നിര്‍ദേശങ്ങളും അന്നേയുണ്ട്. ഫിഷിങ്ങിനെത്തുന്നവര്‍ക്കായി നിര്‍മ്മിച്ച ഔട്ട് ഹൗസില്‍ പഴയ പ്രൗഢിയോടെ കസേരകള്‍. ചുവരില്‍ നിബന്ധകള്‍ ഓര്‍മ്മിപ്പിച്ചുള്ള ഫ്രെയിം ചെയ്ത നോട്ടീസുകള്‍. പുറത്തെ മുറിയില്‍ പെഡല്‍ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും. ടാറ്റാ ടീ ലിമിറ്റഡിന്റെ ഗുണ്ടര്‍ലാ എസ്റ്റേറ്റില്‍ ഉള്‍പ്പെട്ട തടാകത്തിലേക്ക് കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ഇപ്പോഴും പ്രവേശനം അനുവദിക്കാറുള്ളൂ. സിനിമാ ചിത്രീകരണസംഘങ്ങളാണ് അനുമതി വാങ്ങി ഇവിടെ എത്തുന്നതില്‍ അധികവും. 

മൂന്നാറിനോടു ചേര്‍ന്നു കിടക്കുന്ന ദേവികുളം എന്ന കൊച്ചു ഹില്‍സ്‌റ്റേഷന്റെ ഹൃദയമാണ് ഈ തടാകം. സീതാദേവി കുളിക്കാനിറങ്ങിയതിനാലാണ് തടാകത്തിന് ദേവികുളമെന്നു പേരുവീണത്. ദേവി കുളിച്ച കുളം ദേവികുളമായി എന്നാണ് കരുതുന്നത്. ആ പേരുതന്നെ നാടിനും കിട്ടി. ഇപ്പോള്‍ ഈ സ്ഥലം ഇത്തിരി പഴയതായി. പേരിലും ചെറിയൊരു പഴമ - ഓള്‍ഡ് ദേവികുളം. കാഴ്ചകളുടെ  അക്ഷയഖനിയായ ഗ്രാമത്തില്‍ ട്രക്കിങ്ങിനെത്തുന്നവര്‍ക്കും, ഫാം ടൂറിസത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കുമെല്ലാം  വഴികളുണ്ട്. അവധിക്കാലത്ത് മനസ്സുകുളിര്‍പ്പിക്കാന്‍ പച്ചയുടെയും തണുപ്പിന്റെയും സ്പന്ദനങ്ങള്‍ക്കുളളിലേക്ക് ഒളിച്ചോടാന്‍ ഒരിടം കൊതിക്കുന്നവരാണെങ്കില്‍ അവര്‍ക്കുള്ള സ്വര്‍ഗ്ഗമാണ് ഈ മലമടക്കുകള്‍. ഇനിയും സഞ്ചാരികള്‍ അധികമെത്തിയിട്ടില്ലാത്ത വഴികള്‍. മൂന്നാറും ദേവികുളവും ചിന്നാറുമെല്ലാം ചേരുന്ന ടൂറിസം സര്‍ക്യൂട്ടിന് പകരം വെക്കാന്‍ കേരളത്തിന് വേറെ അധികം ഇടങ്ങളില്ല.

ചിത്രകഥ പോലെ ദേവികുളം...

മൂന്നാറിലെ ടാറ്റാ ടീ ഓഫീസില്‍ നിന്ന് അനുമതി വാങ്ങി ദേവികുളം എസ്റ്റേറ്റിലേക്കു തിരിക്കുമ്പോള്‍ മൂന്നാറിലെ പെറ്റല്‍സ് ഹോം സ്‌റ്റേ നടത്തിപ്പുകാരന്‍ കൂടിയായ സിബു ആയിരുന്നു വഴികാട്ടി. ദേവികുളത്തെ വഴികളെല്ലാം കുഞ്ഞുനാളുമുതലേ മന:പാഠമാണ് സിബുവിന്. ഓള്‍ഡ് ദേവികുളത്തുനിന്ന് പെരിയകനാല്‍ ചിന്നക്കനാല്‍ ട്രക്കിങ്ങ് റൂട്ടിലൂടെയാണ് അദ്ദേഹം ആദ്യം നയിച്ചത്. മലകളില്‍ വെയില്‍ മങ്ങിയ നേരത്തായിരുന്നു നടത്തം. പെരിയകനാല്‍ പവര്‍ഹൗസിന്റെ മുകള്‍പ്രദേശത്തെത്തിയപ്പോള്‍ മലമുകളില്‍ കാറ്റു പെരുത്തുകയറി. കണ്ണെത്താദൂരത്തോളം പച്ചയുടെ കടല്‍. ഒരു ഭാഗത്ത് ആനയിറങ്ങല്‍ ഡാം. റിസര്‍വോയറില്‍ ആനക്കൂട്ടങ്ങളെപ്പോലെ കൊച്ചു തുരുത്തുകള്‍. അണക്കെട്ട് ഇത്ര മനോഹരമായി മറ്റെവിടെ നിന്നും കാണാനാവില്ലെന്നായി സിബു. ആനയിറങ്ങി നീന്തുന്നതുകൊണ്ടാണത്രെ ആനയിറങ്ങല്‍ എന്ന പേരു വന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി ജില്ലകളാണ് റിസര്‍വോയര്‍ കഴിഞ്ഞുള്ള മലകള്‍ക്കപ്പുറം.  തേയിലപ്പച്ചകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കയറിയിറങ്ങിപ്പോവുന്നുണ്ട് കൊച്ചി- മധുര ദേശീയ പാത. വെളുത്തൊരു ട്രാന്‍സ്‌പോര്‍ട്ട് ബസ് ഞരങ്ങിമൂളി ഹെയര്‍പിന്‍ വളവുകള്‍ താണ്ടുന്നു. 20 കിലോമീറ്ററോളം ദൂരമുള്ള ചെറിയ ട്രക്കിങ്ങ് റൂട്ടില്‍ ഇടയ്ക്കിടെ ചില സംഘങ്ങള്‍ എത്താറുണ്ട്.  മലകള്‍ക്കപ്പുറത്ത് വെയില്‍ മാഞ്ഞതോടെ തിരിച്ചിറക്കം തുടങ്ങി. തേയിലത്തോപ്പുകള്‍ക്കിടയിലൂടെ മൂന്നാറിലേക്ക് 12 കിലോമീറ്റര്‍ ദൂരം ഓടിയതറിഞ്ഞില്ല. രാത്രിയുടെ പുതപ്പിനുള്ളില്‍ മൂന്നാര്‍ തണുത്തു കിടക്കുന്നു. തട്ടുകടകളിലെ തിളച്ച ദോശക്കല്ലില്‍ മാവൊഴിക്കുന്ന ശൂ.. ശബ്ദം. കുളിരും പേറി പോയിനിന്നാല്‍ ചൂടോടെ ഒരു ദോശയാവാം. 

ആകാശം തൊടുമെന്ന് തോന്നുന്ന പാറക്കെട്ടുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന പച്ചയാണ് ലോക് ഹാര്‍ട്ട്.  കൊച്ചി- മധുര ദേശീയ പാതയില്‍ മൂന്നാര്‍ മുതല്‍ തേക്കടിവരെയുള്ള ഡ്രൈവിനിടയിലെ മനോഹര താഴ്‌വര. ദേവികുളം പിന്നിട്ടാല്‍ പിന്നെ ലോക്ഹാര്‍ട്ട് എസ്‌റ്റേറ്റായി. തേയില ഫാക്ടറിയും ടീ എസ്റ്റേറ്റും കാണാനുള്ള അവസരമുണ്ട് ഇവിടെ. വളവുകളും തിരിവുകളും പിന്നിടുമ്പോള്‍ ഒരു പാട്ടുമൂളാതിരിക്കുന്നതെങ്ങനെ.. പാട്ടുകള്‍ കാറിനുള്ളില്‍ പലതാളത്തില്‍ വന്നു നിറഞ്ഞു. മൂളിപ്പാട്ടിന്റെ ചിറകില്‍ ഒരു ചുരം കയറിയിറങ്ങുന്നു. വഴിയോരങ്ങളില്‍ കാറു നിര്‍ത്തി കണ്ണെത്താദൂരം നോക്കിനില്‍ക്കുന്ന വിദേശ സഞ്ചാരികള്‍. ലോക് ഹാര്‍ട്ട് എസ്‌റ്റേറ്റ് കഴിഞ്ഞാല്‍ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെത്തി. പഞ്ചായത്തിലേക്ക് സ്വാഗതം ചെയ്യുന്ന ബോര്‍ഡ് കഴിഞ്ഞാല്‍  ഗ്യാപ്പ്  റോഡ്. കൂറ്റന്‍ പാറക്കെട്ടുകള്‍ വെട്ടിയെടുത്തുണ്ടാക്കിയ ചെറിയ റോഡാണിത്.   ഒരു വണ്ടിക്ക് മാത്രം കടന്നു പോവാന്‍ കഴിയുമായിരുന്ന റോഡ് അടുത്തിടെയാണ് കുറച്ചു  വീതി കൂട്ടിയത്. ബൈസണ്‍വാലി, മുട്ടുകാട് തുടങ്ങിയ താഴ് വാര ഗ്രാമങ്ങളാണ് ഗ്യാപ്പ് റോഡ് വ്യൂ പോയന്റില്‍ നിന്നുള്ള കാഴ്ച. 

മറു വശത്ത് വലിയ പാറക്കെട്ട് തുരന്നുണ്ടാക്കിയ റോക്ക് കേവ്.  അതിര്‍ത്തിഗ്രാമങ്ങളില്‍ വിഹരിച്ച ഒരു കള്ളന്റെ താവളമായിരുന്നുവത്രെ ഈ ഗുഹ. മലക്കള്ളന്‍ എന്നാണ് കഥകളില്‍  ഇയാള്‍ക്കിപ്പോള്‍ പേര്. ഗുഹയുടെ അറ്റം കണ്ടുപിടിക്കാന്‍ മുമ്പൊക്കെ  പലരും ശ്രമിച്ചിരുന്നു. ''ഏറെ ദൂരം ചെന്ന ശേഷം വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പല സംഘങ്ങളും തിരിച്ചു പോരുകയായിരുന്നുവെന്നാണ് കേട്ടത്'' സിബു  പഴമക്കാരുടെ കഥകള്‍ പങ്കുവെച്ചു. കള്ളന്റെ കൊള്ളമുതല്‍ കുറേ ഗുഹയ്ക്കുള്ളിലുണ്ടാവാമെന്നാണ് ഇപ്പോഴും പലരും കരുതുന്നത്. ഗ്യാപ്പ് റോഡ് കഴിഞ്ഞ് മുമ്പോട്ടു പോയാല്‍ പെരിയകനാല്‍ വെള്ളച്ചാട്ടമായി. 13 കിലോമീറ്റര്‍ പിന്നിട്ടാല്‍ ആനയിറങ്ങല്‍ ഡാം. ചിന്നക്കനാലും പെരിയകനാലും പിന്നിട്ടാല്‍ പിന്നെ ഓറഞ്ചും തേയിലയും ഇടകലര്‍ന്ന നിറമുള്ള പൂപ്പാറ. ഞങ്ങള്‍ക്കു പക്ഷേ ഈ മൂളിപ്പാട്ടിന്റെ ചിറകില്‍ തിരിച്ചിറങ്ങണം. സൈലന്റ് വാലി എന്ന താഴ് വരയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. 

ചിത്രകഥ പോലെ ദേവികുളം...

മലകള്‍ കോട്ടകെട്ടിയ ഗുണ്ടര്‍ലാ എസ്‌റ്റേറ്റിന്റെ താഴ്‌വാരമാണ് സൈലന്റ് വാലി. എസ്‌റ്റേറ്റ് അധികൃതരുടെ അനുമതിയോടെ തേയിലപ്പാടങ്ങളിലൂടെ ഇങ്ങോട്ട് പോവാം. തൊഴിലാളികുടുംബങ്ങളും മറ്റും താമസിക്കുന്ന കോളനികളും അമ്പലങ്ങളും പള്ളികളും സ്‌കൂളും ചെറിയ കവലയും കഴിഞ്ഞ് പോകവെ മലകളിലൊന്നിന് മുകളില്‍ വെളുത്ത നിറത്തില്‍ ഒരു കുരിശ് തെളിഞ്ഞു. വളവുകള്‍ തിരിഞ്ഞ് പോവുന്തോറും മലനിരകള്‍ക്കൊപ്പം കുരിശും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു തലയുയര്‍ത്തി. അമ്പതു വര്‍ഷം മുമ്പാണ് മലയുടെ മുകളില്‍ കുരിശു സ്ഥാപിച്ചത്. 18 അടി നീളവും 13 അടി വീതിയുമുള്ള കുരിശ് ഇരുമ്പ് റോപ്പില്‍ കെട്ടി ഇറക്കിയാണ് മലയുടെ മുഖം പോലെ താഴെ നിന്ന് തോന്നുന്ന ചരിവിലെ ഒരു കൊക്കയില്‍ ഉറപ്പിച്ചത്. ദു:ഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ യേശുദേവന്റെ പീഡാസ്മരണയില്‍ ഈ കുരിശുമല കയറും. വിശ്വാസത്തിന്റെ ദൃഢമാര്‍ന്ന കാല്‍വെപ്പുകള്‍ കൊണ്ട് കുരിശേന്തി, പ്രാര്‍ഥനാമന്ത്രങ്ങളുരുവിട്ട് സ്ത്രീകളുള്‍പ്പെടെ കുരിശിന്റെ വഴിയില്‍ ദുര്‍ഘടമായ പാറക്കെട്ടുകളെ കീഴടക്കും. 

കുരിശുമലകഴിഞ്ഞാല്‍ മീശപ്പുലി മല, ദേവി അമ്മ മൊട്ടൈ, പഞ്ചപാണ്ഡവര്‍ മല .. മലകളാണ് സൈലന്റ് വാലിക്കു ചുറ്റും.. ചിലത് പച്ചനിറത്തില്‍, ചിലത് പാറയുടെ കറുപ്പുമാത്രം. മീശപ്പുലിമലയില്‍ നിന്ന് നൂലൂപോലെ ഒഴുകിയിറങ്ങുന്നുണ്ട് ഒരു നീരരുവി. പാറക്കെട്ടുകളില്‍ വീണ് പൊട്ടിച്ചിതറി താഴെയെത്തുമ്പോഴേക്കും അതൊരു വെള്ളച്ചാട്ടമാവും.സീതാദേവി മലയാണ് ദേവി അമ്മെ മൊട്ട. കുരിശുമലയ്ക്ക് സില്‍വര്‍മൊട്ട എന്നുമുണ്ട് പേര്. പഞ്ചപാണ്ഡവര്‍ വനവാസ കാലത്ത് താമസിച്ച മലയാണ് പഞ്ചപാണ്ഡവര്‍ മലയായത്. 

കാറ്റാടി മരങ്ങള്‍ തണല്‍ വിരിച്ച റോഡിലൂടെ തേയിലക്കൊളുന്തും മരക്കഷ്ണങ്ങളുമായി ഇടയ്ക്കിടെ കടന്നു പോവുന്ന ട്രാക്ടറുകള്‍. ചെല്ലദുരൈയുടെ കടയാണ് ഭക്ഷണത്തിനുള്ള ഏകപ്രതീക്ഷ. ഭാഗ്യത്തിന് ചോറും ഉണക്കമീനിന്റെ കറിയും കിട്ടി. അതു കഴിച്ച് പുറത്തിറങ്ങുമ്പോഴേക്കും സമയം മൂന്നാവുന്നേയുള്ളൂ. പക്ഷേ സൈലന്റ് വാലിയില്‍ വെയില്‍ താഴ്ന്നു. മലമുകളില്‍ കോടയുടെ കുടം തുറന്നു. പഞ്ച പാണ്ഡവന്‍മാര്‍ താമസിച്ച ഗുഹ കാണിച്ചുതരാമെന്നേറ്റ് എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന ചുടല കൂടെ വന്നു. പണ്ട് ഉണ്ടായിരുന്ന കുതിരാലയവും ബംഗ്ലാവുമെല്ലാം അകലെ ചൂണ്ടിക്കാണിച്ച് മലകളില്‍ നിന്ന് ഒഴുകിയെത്തിയ അരുവി മുറിച്ചു കടന്ന് നടന്നപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി.

കാട്ടരിപ്പൂക്കളും കാട്ടു പേരക്കയും നിറഞ്ഞ വഴി. തണലായി  ആസ്‌ത്രേല്യന്‍ ഗ്രാന്റിസ് മരങ്ങള്‍. കാടാകെ ചുവപ്പ് വാരിയെറിഞ്ഞ് കാട്ടുമുരിക്കുകളുടെ പൂക്കാലം. ഇടയ്ക്ക് പുല്‍ മൈതാനങ്ങള്‍. സ്‌ട്രോബറിയുടെയും ഉരുളക്കിഴങ്ങിന്റെയും പാടങ്ങള്‍. തേയിലപ്പാടങ്ങള്‍ കടന്ന് പഞ്ചപാണ്ഡവര്‍മല വ്യക്തമായി കാണാവുന്ന ഇടത്തെത്തുമ്പോഴേക്കും മഴ പെരുത്തു. മനുഷ്യന് എത്തിപ്പെടാനാവാത്ത വിധം മലയുടെ ചെങ്കുത്തായ ചെരിവില്‍ മൂന്നു വലിയ ഗുഹകള്‍. രണ്ടെണ്ണം അപ്പുറത്തുണ്ടെന്ന് ചുടല പറഞ്ഞു. പണ്ടൊക്കെ ആരെക്കൊയോ അവിടെ കയറി നോക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണെന്നും അയാള്‍. അഞ്ചും വലിയ ഗുഹകളാണെന്ന് പൂര്‍വികരൊക്കെ പറഞ്ഞുകേട്ട അറിവും അയാള്‍ പങ്കുവെച്ചു. പാണ്ഡവര്‍ ഈ പ്രദേശങ്ങളിലൊക്കെ താമസിച്ചതായി പലയിടത്തും കഥകളുണ്ട്. മറയൂരിലെത്തി മറഞ്ഞതുകൊണ്ടാണ് തൊട്ടടുത്തുള്ള മറയൂരിന് ആ പേരുവന്നതെന്നും വിശ്വസിക്കപ്പെടുന്നു.

മഴയൊന്നടങ്ങിയപ്പോള്‍ തിരിച്ച് നടന്നു. സൈലന്റ് വാലിയിലെത്തി ഏഴു കിലോമീറ്റര്‍ പിന്നിട്ട് മാട്ടുപെട്ടിയിലേക്ക്. വഴിയില്‍ മലമുകളില്‍ മേഘങ്ങളെ തൊട്ട് സ്‌കൈ കോട്ടജ്. താഴ് വാരത്ത് ഗുണ്ടുമല ടീ ഫാക്ടറി. കോടമഞ്ഞിലൂടെ തേയിലപ്പാടങ്ങള്‍ വകഞ്ഞുമാറ്റി ദേവികുളം. മൂന്നാറിലേക്കുള്ള വഴിയോരങ്ങളില്‍ പച്ചക്കടലിനു നടുവില്‍ ഒറ്റയൊറ്റയായി നീലപ്പൂക്കളുടെ മരങ്ങള്‍. മലയിറങ്ങുന്ന മൂളിപ്പാട്ടിന്റെ ചിറകില്‍ തണുപ്പുള്ള ഒരനുപല്ലവി. മനസ്സില്‍ ഒരു ചിത്രപുസ്തകത്തിലെ പേജുകള്‍ പോലെ ദേവികുളം..  മാട്ടുപെട്ടി വഴി മൂന്നാറിലെത്തുമ്പോള്‍ ഒരു രാത്രി കൂടി നെരിപ്പോടിലെരിയാന്‍ തുടങ്ങുന്നു.

Where: 8 k.m. south west of munnar
Season : Throughout the Year , Altitude:  1,800 m. above sea level  Go there for: Village  walk, Farm tourism, Trekking   Usp: Virgin forests, savannah, rolling hills, scenic valleys,  streams, waterfalls and sprawling tea plantatiosn
Get There  : The ascent to Devikulam from Cochin takes 4 ½ hours (149 kms), while from Kottayam one can reach there in just under 4 hours (132 kms). Buses are frequent from Munnar to Devikulam  Aluva about 108 km.  Cochin International Airport, via Aluva - Munnar Rd, about 108 km.
Contact: DTPC information Centre &04865 231516. KFDC Ecotourism Floriculture Center &04865 230332 
Stay:  Munnar is the best option