വളവും തിരിവുമുണ്ടെങ്കിലും വീതിപൂണ്ട് കുഴികളില്ലാതെ കോഴിക്കോട് വയനാടന്‍ പാത. തിരകള്‍ പുല്‍കുന്ന തീരസൗന്ദര്യത്തില്‍ നിന്നും സഹ്യസാനുവിന്റെ ഹരിത സൗന്ദര്യത്തിലേക്കു നീളുന്ന പാത. വെള്ളി അരഞ്ഞാണം ധരിച്ച് അംഗലാവണ്യമാര്‍ന്നൊരു സുന്ദരിയെ പോലെ. ആ പാതയിലൂടെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഒരു കറുത്ത ബൈക്കില്‍ ഞങ്ങള്‍ പുറപ്പെട്ടു. വയനാടന്‍ മലനിരകളുടെ ഇങ്ങേയറ്റത്ത് തുഷാരമുതിരുന്ന വനജലപാതങ്ങളിലേക്ക് ബൈക്കിങ്ങും അതു കഴിഞ്ഞൊരു ട്രെക്കിങ്ങും അവധി ആഘോഷിക്കാന്‍ നല്ലൊരു മാര്‍ഗം എന്താണെന്നാലോചിച്ചപ്പോള്‍ തോന്നിയ യാത്രാ ആശയം.

 അവധി ദിവസമായതുകൊണ്ടും അതിരാവിലെയായതുകൊണ്ടും റോഡില്‍ വലിയ തിരക്കില്ല. ഇതാന്ന് പറയുമ്പോഴേക്കും താമരശ്ശേരിയെത്തി. ബാലുശ്ശേരി റോഡ് വയനാട് റോഡില്‍ ചേരുന്ന ചുങ്കം ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു. ഒരു ഓട്ടോറിക്ഷക്കാരനോട് വഴി ചോദിച്ചു. നേരെ കൂടത്തായ് അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കോടഞ്ചേരി പിന്നെ വലത്തോട്ട് വെച്ചുപിടിച്ചാല്‍ മതി. വഴി ചോദിക്കാന്‍ ഏറ്റവും നല്ലത് അതാതിടത്തെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ തന്നെ. കിലോമീറ്റര്‍ സഹിതം പറഞ്ഞുതരും.

തുഷാരം പെയ്യുമ്പോള്‍

 കൂടത്തായില്‍ നിന്ന് പ്രഭാതഭക്ഷണം. വീണ്ടും ബൈക്ക് ഉഷാറായി ഓടിക്കൊണ്ടിരുന്നു. മൈക്കാവ് പുലിക്കയം കോടഞ്ചേരി. അല്‍പം മുന്നോട്ട് പോയപ്പോള്‍ റോഡ് അടച്ചിരിക്കുന്നു എന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍. നിര്‍ദ്ദിഷ്ട കാപ്പാട് തുഷാരഗിരി വിനോദസഞ്ചാരപാതയുടെ ജോലികള്‍ നടക്കുകയാണ്. വെണ്ടക്കാവലിപ്പത്തില്‍ ബോര്‍ഡ് വെച്ചിട്ടുണ്ടങ്കിലും വിനോദസഞ്ചാരികളെ നിരാശരാക്കേണ്ടെന്നു കരുതി യാത്ര അനുവദിക്കുന്നുണ്ട്. പൊടിശല്യം, അവിടവിടെയായി റോഡ് നിര്‍മ്മാണത്തിനിറക്കിയിട്ടിരിക്കുന്ന നിര്‍മ്മാണസാമഗ്രികള്‍.. വേഗം കുറച്ച് യാത്ര തുടര്‍ന്നു.
 അന്നേ ദിവസത്തെ ആദ്യത്തെ സന്ദര്‍ശകര്‍, അത് ഞങ്ങളായിരുന്നു. വഴികാട്ടിയായ സണ്ണി കാത്തിരിപ്പുണ്ടായിരുന്നു. ഉച്ചഭക്ഷണം കയ്യില്‍ കരുതുന്നത് നല്ലതാണ് സണ്ണി പറഞ്ഞു. തിരിച്ച് ജോണിന്റെ കടയിലേക്ക് പോയി. കപ്പയും കുടംപുളിയിട്ട മീന്‍കറിയും പാര്‍സലാക്കി. ബാഗിന് കനംവെച്ചു. 'കാട്ടിലേക്ക് ട്രെക്കിങ്ങിനാണോ', 'അതേ'. 'എന്നാ ഇതുകൂടെ വെച്ചോ മഴയില്ലാത്തതുകൊണ്ട് അട്ടയിണ്ടാവില്ല. എന്നാലും ഒരു കരുതല്‍ നല്ലതാ', ജോണിച്ചായന്‍ സ്‌നേഹത്തോടെ തന്ന ഉപ്പും കിഴിയിലാക്കി നടത്തം തുടങ്ങി.

ആദ്യത്തെ വെള്ളച്ചാട്ടം ഈരാറ്റുമുക്കാണ്, അതിനു മുന്നിലാണ് തൂക്കുപാലമുള്ളത്. പാലത്തില്‍ നിന്നു തന്നെ വെള്ളച്ചാട്ടം കാണാം. 'അടുത്ത് പോകുന്നത് തിരിച്ചുവരുമ്പോഴാവാം, അപ്പോഴേക്കും സഞ്ചാരികള്‍ ധാരാളം എത്തും.' സണ്ണി പറയുന്നു. എന്നാല്‍ പിന്നെ അങ്ങിനെ തന്നെയാവട്ടെ.

തുഷാരം പെയ്യുമ്പോള്‍

രണ്ടാം വെളളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്. കുത്തനെ കയറണം. നടന്നുതേഞ്ഞ വഴികളുള്ളതുകൊണ്ട് വഴികാട്ടികളില്ലെങ്കിലും നടക്കാം. വേരുകള്‍ പിണഞ്ഞുകിടക്കുന്ന വഴികള്‍ ചവിട്ടികയറാം. സഹായത്തിന് പിടിക്കാം. ഇതാണ് രണ്ടാംവെള്ളച്ചാട്ടം അഥവാ മഴവില്‍ച്ചാട്ടം. ഇവിടെ ശക്തമായ വെള്ളച്ചാട്ടമുള്ളപ്പോള്‍ നല്ല വെയിലില്‍ മഴവില്ലു തെളിയും പേരിനു പിന്നിലെ രഹസ്യം. ഇവിടെ കുളിക്കാന്‍ അത്ര സുരക്ഷിതമല്ല.
വീണ്ടും മുകളിലേക്ക്. മൂന്നാമത്തെ വെള്ളച്ചാട്ടത്തിലേക്ക്. അതിനു മുമ്പ് രണ്ടാംചാട്ടത്തിന്റെ മുകളിലൊന്ന് കാണാം. അവിടെ പാറപുറത്ത് സുരക്ഷിതവേലി കെട്ടിയിട്ടുണ്ട്. വേലിയുടെ ചങ്ങലകൊളുത്തെല്ലാം ആരോ കൊണ്ടുപോയി. ടൈറ്റാനിക്കിന്റെ ഡക്കിലെന്ന പോലെ അവശേഷിക്കുന്ന വേലിയില്‍ പോസു ചെയ്യുന്ന കമിതാക്കള്‍, റോസിനോടും ജാക്കിനോടും സ്വന്തം പ്രണയത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ക്യാമറയും ഫോട്ടോഗ്രാഫറേയും കണ്ടപ്പോള്‍ 'അയ്യോ ചേട്ടാ ചതിക്കല്ലേ ലൈസന്‍സ് കിട്ടിയിട്ടില്ല. ലേണിങ് ലൈസന്‍സ് പോലും ആയിട്ടില്ല. പത്രത്തിലൊന്നും കൊടുത്തേക്കല്ലേ,' എന്ന അപേക്ഷ. 'ഇവിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നു ചെറുപ്പക്കാര്‍ മരിച്ചത്. വെള്ളം ഒഴുകി പാറയില്‍ രൂപപ്പെടുന്ന ചതിക്കുഴികള്‍ ധാരാളം ഉണ്ട്. മനസിലാവില്ല. കാല് കുടുങ്ങിപ്പോവും കയറാന്‍ പറ്റില്ല. അങ്ങിനെ ഒരാള്‍ വീണപ്പോള്‍ തോര്‍ത്തിട്ടുകൊടുത്തതാണ് മറ്റുള്ളവര്‍. മൂന്നുപേരും കുടുങ്ങിപോയി. വെള്ളച്ചാട്ടത്തെ അല്‍പനേരം ഗതി തിരിച്ചുവിട്ടാണ്  നാട്ടുകാര്‍ മൃതദേഹം പുറത്തെടുത്തത്.' സണ്ണി പഴംകഥ പറഞ്ഞു. ഇതിവിടെ പറഞ്ഞത് വെറുതെയല്ല വെള്ളത്തിലേക്ക് എടുത്ത് ചാടരുത് സുരക്ഷിതത്വം ഉറപ്പുവരുത്തിയാകട്ടെ ഓരോ കുളിയും എന്നോര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്.

മൂന്നാം വെള്ളച്ചാട്ടത്തിലേക്കുള്ള ഞങ്ങളുടെ നടത്തം പുഴയ്‌ക്കൊപ്പം ഒഴുക്കിനെതിരെയായിരുന്നു. ചെത്തിക്കോരിയെടുത്തപോലെ പാറവിടവുകള്‍ അതിലൂടെ കുതിച്ചൊഴുകുന്ന പുഴ താഴോട്ട് കയറ്റത്തിന്റെ ആയാസത്തില്‍ കിതച്ച് വലഞ്ഞു, ഞങ്ങളും. പാറകളില്‍ ചാടികടന്നും മുള്‍ക്കാടുകള്‍ വകഞ്ഞുമാറ്റിയും മൂന്നാം ചാട്ടത്തിന് തൊട്ടടുത്തെത്തി. തൊട്ടുതാഴെ സാമാന്യം തരക്കേടില്ലാത്തൊരു ചാട്ടവും ഉണ്ട്. അതിനു മുകളിലാണ് തുമ്പിതുള്ളും പാറ. അവിടെ കാടിനു നടുവില്‍ തുറന്നൊരിടം. കരിംപാറ രണ്ട് തട്ടായിവെച്ചപോലെ മുകളില്‍ നിന്നുള്ള വെള്ളച്ചാട്ടം തൊട്ടുതാഴെ തട്ടില്‍ പതിക്കുന്നു അല്‍പം കൂടി ശക്തിപ്രാപിച്ച് താഴോട്ടൊഴുകുന്നു. തുമ്പികളും ശലഭങ്ങളും ധാരാളമുള്ളതുകൊണ്ടാവാം ഇത് തുമ്പിതുള്ളും പാറയായത്. വെള്ളത്തുള്ളികളെ തുമ്പികളായി സങ്കല്‍പ്പിച്ച കാവ്യഭാവനയാവാം. തുമ്പിതുള്ളുംപോലൊരു വെള്ളച്ചാട്ടമാണിത്. താഴെ പാറയില്‍ വെള്ളച്ചാട്ടം തന്നെ ഒരുക്കിയ നീന്തല്‍ക്കുളം. എന്നോ വീണ ഒരു മരം ജീര്‍ണിച്ച് തുടങ്ങിയിട്ടുണ്ടതില്‍. ഇവിടെ ആഴം കുറവാണ്. നീന്തലറിയാത്തവര്‍ക്കും ഒന്നു കുളിക്കാം.

തുഷാരം പെയ്യുമ്പോള്‍

ആരുമില്ല, പണ്ടാരോ കുളിക്കാന്‍ വന്നപ്പോള്‍ അഴിച്ചുവെച്ച വാച്ച് അവിടെ കിടപ്പുണ്ടായിരുന്നു. മഴയും വെയിലുമേറ്റ് ആ ഘടികാരം നിലച്ചുപോയിരിക്കുന്നു. ആവോളം മുങ്ങി, മുങ്ങാംകുഴിയിട്ടു നീന്തിതുടിച്ചു. തുഷാരഗിരി എന്ന പേരിന്റെ പൊരുള്‍ അപ്പോഴാണ് പിടികിട്ടിയത്. മഞ്ഞിന്റെ കുളിരായിരുന്നു വെള്ളത്തിന്. മനസും ശരീരവും തണുക്കുന്നു. മുകളില്‍ നിന്നുതിരുന്നത് തുഷാരം തന്നെ..
 തിരിച്ചു നടന്നു. അത് പുഴയ്‌ക്കൊപ്പമായിരുന്നില്ല, 'തിരിച്ചുപോകാന്‍ ഈ വഴിയാണ് നല്ലത്. പുഴയിലൂടെ ഇറങ്ങുമ്പോള്‍ വീഴാന്‍ സാധ്യതയേറെയാണ്'. വഴികാട്ടിയുടെ നിര്‍ദ്ദേശം സ്വീകരിക്കുകയായിരുന്നു. മുകളിലൂടെ നടക്കുമ്പോള്‍ കാഴ്ചയുടെ മറ്റൊരു സൗന്ദര്യം. താഴ്‌വാരത്തുടെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ധവളിമ ഇടയ്ക്കിടെ മിന്നായം പോലെ മറയുന്നത് കാണാം. സണ്ണി പെട്ടെന്നൊന്നു നിന്നു. മുമ്പിലൊരു പാമ്പ്. ഓ, അതൊരു ചേരയായിരുന്നു. രാജവെമ്പാല മുട്ടയിടാന്‍ കൂടൊരുക്കുന്ന കാട്ടില്‍ ചേരയെ ആര്‍ക്കുകാണണം? പക്ഷെ നനഞ്ഞുകിടക്കുന്ന കരിയിലകളില്‍ വെച്ച് കൂടെ കൂടിയ അട്ടക്കുട്ടനെ കണ്ടില്ലെന്നു നടിക്കാനാവില്ല. ജോണിച്ചായന് മനസുകൊണ്ട് നന്ദി പറഞ്ഞത് അപ്പോഴാണ് ഉപ്പ് പ്രയോഗം നടത്തി അട്ടയെ അകറ്റിയെങ്കിലും അതിന്റെ ചൊറിച്ചില്‍ കൂടെ പോന്നു.

സണ്ണി കുറുക്കുവഴിയേ ഞങ്ങളെ നയിച്ചു. തോണിക്കയത്തേക്കാണ് നമ്മള്‍ പോകുന്നത്. സാധാരണ സഞ്ചാരികളെ കൊണ്ടുപോകുന്ന സ്ഥലമല്ലിത്. ട്രെക്കിങ് പാക്കേജില്‍ ബുക്കുചെയ്യുന്നവരെ മാത്രമേ തോണിക്കയത്തേക്ക് കൊണ്ടുപോകാറുള്ളു. അതുകൊണ്ട് കൂടിയാവാം വഴിയടഞ്ഞു തുടങ്ങിയിട്ടുണ്ട്. കരിങ്കുറിഞ്ഞിചെടികള്‍ കുടചൂടി നില്‍ക്കുന്ന ആ കാട്ടുവഴികള്‍ നയിക്കുന്നത് തുറസായൊരു പാറക്കെട്ടിലേക്കാണ്. അവിടെ തോണിക്കയം വെള്ളച്ചാട്ടത്തില്‍ നിന്നുള്ള പുഴ ഒഴുകുന്നു. പാറക്കെട്ടില്‍ തലതല്ലി നുരച്ചൊഴുകുന്നു. ചിലയിടത്ത് ചിപ്‌സുണ്ടാക്കാന്‍ കായയിടുമ്പോള്‍ വെളിച്ചെണ്ണ തിളച്ചുമറിയുന്നപോലെ രൗദ്രത, മറ്റ് ചിലയിടത്ത് പാല്‍പുഞ്ചിരിയുടെ സൗമ്യത. ഇവിടെ തോണിയുടെ ആകൃതിയില്‍ വെള്ളം കെട്ടികിടക്കുന്നതുകൊണ്ടാണ് തോണിക്കയം എന്നു പേരുവന്നത്. പക്ഷെ അങ്ങിനെയൊരു തോണി ഇവിടെ കാണുന്നില്ലല്ലോ. 'പോയ് നോക്കു' സണ്ണി ഭക്ഷണം കഴിക്കാനായി പാറപ്പുറത്തിരുന്നു. ഞങ്ങള്‍ തോണിക്കയം കാണാന്‍ അതിനരികിലേക്കും. ശരിയാണ് ആ വെള്ളത്തിനകത്ത് ഒരു തോണി മുങ്ങികിടപ്പുള്ള പോലെ പാറവിടവ്. നല്ല ആഴവുമുണ്ട്. ഒഴുക്കിനിടയിലെ വെള്ളക്കെട്ടുകളില്‍ പരല്‍മീനുണ്ട്. കല്ലേപ്പറ്റി. ആദിവാസികള്‍ പാത്രത്തിനു മുകളില്‍ തുണികെട്ടി തുളയുണ്ടാക്കി പിടിക്കും. അവരുടെ ഇഷ്ടമീനാണത്. കാലങ്ങളായി ഒഴുകുന്ന പുഴ പാറക്കെട്ടില്‍ തീര്‍ത്ത ജലരേഖകള്‍ അത്ഭുതമുണര്‍ത്തും. താളത്തിലൊഴുകുന്ന പുഴ, പാറപ്പള്ളകളിലെ പുല്‍നാമ്പുകള്‍ തലയാട്ടി താളം പിടിക്കുന്നു.
 തിരിച്ചുവരുമ്പോള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന ഇലിപ്പമരത്തിന് ചുവട്ടിലെ പാറക്കൂട്ടം ഇരിപ്പിടമാക്കി. കപ്പയും മീന്‍കറിയും അകത്താക്കി. നല്ല രുചി. കഴിക്കാന്‍ ഇഷ്ടം പോലെയുണ്ട് താനും.  'ഇവിടെ അങ്ങിനെയാണ് ആവശ്യത്തിന് കഴിക്കാന്‍ തന്നിട്ടേ കാശ് മേടിക്കൂ.' തുഷാരഗിരിയുടെ ആതിഥ്യരഹസ്യം.

ഇനി താന്നി മുത്തശ്ശിയെ കൂടി കാണണം. വഴിക്ക് കുട്ടികളുടെ ആര്‍പ്പുവിളിയും കുളിയും കേട്ടപ്പോള്‍ അങ്ങോട്ടൊന്നു പോകാതിരിക്കാന്‍ പറ്റിയില്ല. നൂറാംതോട്ടിലെ കുട്ടികളാണ്. പ്രദേശവാസികളായതുകൊണ്ട് തന്നെ അവര്‍ക്ക് പുഴയെ ഒട്ടും പേടിയില്ല. നൗഷാദും അനസും ഉനൈസും സംഘവും. കൂറ്റന്‍ പാറക്കെട്ടില്‍ നിന്നും ഡൈവ് ചെയ്തും ചാടിയും കുളിച്ചുതിമര്‍ക്കുകയാണവര്‍.

എന്നെ കൂടികണ്ടിട്ടു പോ എന്ന മട്ടില്‍ താന്നിമുത്തശ്ശി കാത്തിരിപ്പുണ്ടായിരുന്നു. വര്‍ഷങ്ങള്‍ പ്രായമുള്ള താന്നിമരത്തിന്റെ ഉള്ളു പൊള്ളയാണ്. നമുക്കകത്തേക്ക് കയറാം. നേരെ മുകളിലേക്ക് നോക്കിയാല്‍ മുകളിലെ പൊത്തിലൂടെ ആകാശക്കീറ് കാണാം. 'പണ്ട് മുകളില്‍ നിന്നൊരു വള്ളി തൂങ്ങി കിടപ്പുണ്ടായിരുന്നു. അതില്‍ പിടിച്ചുകയറി സാഹസികരായവര്‍ മുകളിലെ പൊത്തില്‍ നിന്നും താഴോട്ട് നോക്കുമായിരുന്നു,' സണ്ണി പറഞ്ഞു
വീണ്ടും ഈരാറ്റുമുക്കിലെത്തി. രണ്ടാറുകള്‍ സംഗമിക്കുന്ന സ്ഥലമായതുകൊണ്ടാണ് ഇവിടെ ഈരാറ്റുമുക്കായത്. കുന്നു കയറി കാടുതാണ്ടി വന്നതിന്റെ ക്ഷീണം തോന്നിതുടങ്ങിയിരുന്നു. ഉച്ചയ്ക്കു കഴിച്ച കപ്പയും ദഹിച്ചുകഴിഞ്ഞിരിക്കുന്നു. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനടിയില്‍ ധാരാളം സഞ്ചാരികള്‍ കുളിക്കാനെത്തിയിരുന്നു. തുഷാരഗിരിയില്‍ ഏറ്റവും സുരക്ഷിതമായി കുളിക്കാവുന്നയിടമാണത്. നടത്തത്തിന്റെ മുഷിച്ചില്‍ മാറ്റാന്‍ ഒരു കുളി കൂടിയാവാം എന്നു തോന്നി. അപരിചിതരായ സഞ്ചാരികള്‍ക്കൊപ്പം ഒരു തുടിച്ചുകുളി. ക്ഷീണം ചാലിയാര്‍ കടന്നു. വീണ്ടും ബൈക്കോടിക്കാനുള്ള ആവേശം..ചെമ്പുകടവ് വന്ന് പള്ളിജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് അടിവാരത്തേക്ക് ഒമ്പതര കിലോമീറ്റര്‍. അടിവാരത്തില്‍ എത്തിയതും വയനാടന്‍ റോഡിന്റെ സൗന്ദര്യത്തിലൂടെ. പക്ഷെ അപ്പോഴേക്കും റോഡ് നിറയെ വാഹനങ്ങളായി കഴിഞ്ഞിരുന്നു. വാഹനങ്ങള്‍ക്കിടയിലൂടെ വഴിയുണ്ടാക്കിയുള്ള ബൈക്കിങ്. കോഴിക്കോടെത്തി കടല്‍തീരത്തേക്ക് വിട്ടു. അസ്തമയ സൂര്യന്‍ മറയാനാവുന്നതേയുള്ളു. തീരം ജനജാഗരമായി കഴിഞ്ഞിരിക്കുന്നു.

Thusharagiri
Water fall in the midst of rubber, arecanut, pepper, ginger and spices plantations, is also a trekkers delight.
Location:Near Kodenchery,Kozhikode Dt.

How to reach 
By Air: Kozhikode International Airport Karippur (75 km) By Rail: Kozhikode (52km).
By Road: Buses are available from Calicut to Thusharagiri. Lot of buses ply to Thusharagiri from Thamarassery (situated on Calicut-Wayanad road) which can be easily approached from Calicut.
Bus Timings: KSRTC-From Thamarasseri-8.55 am reach at Thusharagiri-10 am. 1 pm-reach at Thushragiri-2.10(Return Trip-2.25)
6.15 pm reach at Thushragiri-7.20 pm. (Return Trip-7.15am) Pvt Bus From Kozhikode-1 pm Reach at Thusharagiri-3 pm Return Trip-4.05 pm.
Timings: 8.30am-5pm

Contatct: DTPC Kozhikode & 0495-2720012, DTPC Manager Mathew 8086442570, VSS Guide Sunny &9747248037p Kodenchery Police Station 2236236 Kozhikode Medical College 2355535 For food: John 9747365225.
Stay: Hotel Thushara Kodenchery  0495-2236909  Honey Rock Resort-Tree House