പുറപ്പെടുമ്പോള്‍ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്. നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളു. ടപ്..ടപ..് ടപ്..യെസ്ഡിയുടെ ശബ്ദം നഗരവീഥിയിലെ പ്രഭാത നിശബ്ദതയിലേക്ക് വീഴുമ്പോള്‍ നടക്കാനിറങ്ങിയവര്‍ക്ക് കൗതുകം. അവരുടെ ഓര്‍മകളിലും ഈ വണ്ടികള്‍ റോഡിലെ രാജകുമാരന്‍മാരായി ഓടിയ ഒരു കാലം ഉണ്ടായിരിക്കണം. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, ആ കിക്കറു തന്നെ മുന്നോട്ടിട്ട് ഗിയറാക്കി ഉപ്പൂറ്റികൊണ്ട് ഫസ്റ്റ് ഗിയറിലേക്കിട്ട് പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന യെസ്ഡി ഒരു കാഴ്ചയായിരുന്നു. ആ പെട്രോള്‍ ടാങ്കിനുമുണ്ടായിരുന്നു  ചന്തം. 100 സിസിയും തകര്‍പ്പന്‍ മൈലേജുമായി പുതുതലമുറ ബൈക്കുകള്‍ റോഡ് കീഴടക്കിയതോടെ ഈ രാജകുമാരന്‍മാരെ ജനം 'പെട്രോള്‍ കുടിയനായി' പുറന്തള്ളിയതാണ് ചരിത്രം. എന്നാല്‍ ഇന്നും രാജാക്കന്‍മാരെ ആദരപൂര്‍വ്വം ഓര്‍ക്കുന്നവരില്ലേ. തകരാത്ത പാലത്തിന്റെയും പൊട്ടിപൊളിയാത്ത റോഡിന്റെയും പേരില്‍ ബ്രിട്ടീഷുകാരെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നവരില്ലേ. അതുപോലെ ചെക്ക് സ്വദേശിയായ 'ജാവ-യെസ്ഡി' ബൈക്കുകളെ  പണ്ടത്തേതിനേക്കാള്‍ സ്‌നേഹിക്കുന്നവരുമുണ്ടിവിടെ. ഒരിക്കല്‍ അന്തസിന്റെ പ്രതീകമായിരുന്ന ഇവനെ എങ്ങിനെ കൈയൊഴിയും?. സവാരിസുഖവും പുള്ളിങ്ങുമാണവര്‍ ചൂണ്ടികാട്ടുന്നത്. കിട്ടാത്ത പാര്‍ട്‌സുകള്‍ തേടിപിടിച്ചും പ്രത്യേകമായുണ്ടാക്കിയുംപരിചരിക്കുകയാണവര്‍. മിക്ക നഗരങ്ങളിലും ഇത്തരം വണ്ടികള്‍ സൂക്ഷിക്കുന്നവരുടെ കൂട്ടായ്മയുണ്ട്. കോഴിക്കോടുമുണ്ടൊരു 'യെസ്ഡി കഌബ്ബ്.' മാതൃഭൂമി യാത്രയ്ക്കു വേണ്ടി അവരൊരു യാത്ര പോവുകയാണിവിടെ. കക്കയത്തേക്ക്...

യെസ്ഡി വന്നു, കക്കയം കാതോര്‍ത്തു...
 
മെഡിക്കല്‍കോളേജ്, കാരന്തൂര്‍ വഴി കുന്നമംഗലത്തെത്തിയപ്പോഴാണ് കോറം തികഞ്ഞത്. 13 ബൈക്കുകള്‍. സ്റ്റാന്‍ഡില്‍ ബസുകള്‍ വന്നു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തത്കാലം ഞങ്ങളത് കൈയടക്കി. ഒരു ഫോട്ടോസെഷനു വേണ്ടി. ടീമംഗങ്ങളേയും അവരുടെ യെസ്ഡിപ്രണയത്തെയും പരിചയപ്പെട്ടിട്ടാവാം തുടര്‍യാത്ര.  

കൂട്ടത്തിലെ 'മുത്തച്ഛന്‍ ബൈക്ക്' ധനമഹേഷിന്റെ കൈയിലെ ജാവയാണ്. ചെക്കോസ്‌ളോവാക്യയില്‍ നിന്ന ഇറക്കുമതി ചെയ്തതാണ്. അന്ന് 2000 രൂപയായി. 1963 മോഡല്‍. ''അച്ഛാച്ഛന്റെ വണ്ടിയാണിത്. അദ്ദേഹം ഫിഷറീസ് ഓഫീസര്‍ ആയിരുന്നു. പെറ്റി ഓഫീസര്‍ കുമാരന്‍ എന്നാണറിയപ്പെട്ടിരുന്നത്. അച്ഛാച്ഛന്റെ കാലശേഷം ഞാന്‍ ഇവനെ സ്വന്തമാക്കി.  ഏത് പണി വന്നാലും സ്വന്തമായി തന്നെ ചെയ്യും. വേറെയും മൂന്നു വണ്ടികളുണ്ട്. 73 മോഡലും 94 മോഡലും, 79 മോഡലും. രണ്ടെണ്ണം വര്‍ക്കിങ് കണ്ടീഷനിലല്ല. അതിനുള്ള പാര്‍ട്‌സുകള്‍ തേടികൊണ്ടിരിക്കുകയാണ്.'' മഹേഷ് തന്റെ വാഹനലോകം അനാവരണം ചെയ്തു.

ഷമീര്‍ യെസ്ഡിപ്രേമി മാത്രമല്ല.  കോഴിക്കോട്ടെ നാലാംഗേറ്റിനടുത്തുള്ള ഭാരത് മോട്ടോഴ്‌സ് ഉടമ. യെസ്ഡിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കാണത്. ഷമീറിന്റെ വണ്ടി ഇന്നലെ ഷോറൂമില്‍ നിന്ന് പുറത്തിറക്കിയതു പോലുണ്ട്. വെള്ളിനിറത്തില്‍ വെട്ടിതിളങ്ങുന്ന 79 മോഡല്‍ റോഡ്കിങ്. ഷമീറിന്റെ കൂടെ ദേവേട്ടേനുണ്ട്. വര്‍ക്ക് ഷോപ്പില്‍ സഹായിക്കുന്നതിനൊപ്പം ഏതു യാത്രയ്ക്കും കൂടെയുള്ളയാളാണ്. അത്യാവശ്യം മിമിക്രിയും കൈയിലുണ്ട്. വിരലുപയോഗിച്ച് വിസിലടി, യെസ്ഡിയുടെ ശബ്ദം അനുകരിക്കുക അങ്ങിനെ ചില പരിപാടികള്‍ ദേവേട്ടന്റെ വക അരങ്ങേറുന്നുണ്ടായിരുന്നു.

യെസ്ഡി ഇറക്കിയ അവസാന ബാച്ച് വണ്ടികളിലൊരെണ്ണമാണ് റിങ്കുവിന്റെ കൈയിലുള്ളത്. കെ.എല്‍.11-7778. ഫാന്‍സി നമ്പറാണ്. സെക്കന്റ് ഹാന്റ് വണ്ടിയെടുത്ത് നന്നാക്കിയെടുക്കാന്‍ ഒന്നര വര്‍ഷമാണ് ചെലവാക്കിയത്. പാര്‍ട്‌സുകള്‍ തേടിനടന്ന് സംഘടിപ്പിക്കുകയായിരുന്നു.
ഈ മഞ്ഞ സുന്ദരന്‍ ബിസിനസുകാരനായ തന്‍വീറിന്റേതാണ്. 95 മോഡല്‍ റോഡ്കിങ്. മൈസൂരില്‍ പോയി പാര്‍ട്‌സുകള്‍ കളക്ട് ചെയ്താണ് ഇവനെ കുട്ടപ്പനാക്കിയത്.

യെസ്ഡി വന്നു, കക്കയം കാതോര്‍ത്തു...

അച്ഛന്റെ വണ്ടിയുമായാണ് ജയശങ്കര്‍ എത്തിയത്. ജയശങ്കറിന് മൂന്നു വയസുള്ളപ്പോള്‍ അച്ഛന്‍ വാങ്ങിച്ചവണ്ടി. അച്ഛനോടൊപ്പം മുന്നിലിരുന്ന് ഹാന്റില്‍ പിടിച്ച കുട്ടിക്കാലം മുതലേ യെസ്ഡി ജീവിതത്തിന്റെ ഭാഗമാണ്. കൂട്ടുകാരെല്ലാം പള്‍സറും യമഹയും തേടിപോയെങ്കിലും ജയശങ്കറിന് ഇഷ്ടം ഇവനെ.  ഈ യാത്രയുണ്ടെന്നറിഞ്ഞ് മംഗലാപുരത്തു നിന്ന് വണ്ടിയും ഓടിച്ചു വന്നതാണ്. അവിടെ എഞ്ചിനിയറിങ് കോളേജില്‍ പഠിക്കുന്നിടത്ത് ഈ യെസ്ഡി ഏകനാണ്. എന്നാല്‍ കോളേജിന് പുറത്ത് 45 വണ്ടികളുണ്ട്. അവിടുത്തെ യെസ്ഡി കഌബ്ബിലും ജയശങ്കര്‍ അംഗമാണ്.
ഹരികൃഷ്ണന്‍ കോഴിക്കോട് ബാറിലെ അഭിഭാഷകനാണ്. 16 ഓളം അപൂര്‍വ്വ വാഹനങ്ങള്‍ സ്വന്തമായുള്ള ഹരിക്ക് യെസ്ഡി നാലെണ്ണമുണ്ട്. യെസ്ഡിയുടെ 50 സിസ മോപ്പഡും ഉണ്ട്. കോഴിക്കോട്ടെ യെസ്ഡി ക്ലബ്ബിന്റെ സ്ഥാപകന്‍മാരിലൊരാളാണ്. ഹരികൃഷ്ണനൊപ്പം അഭിഭാഷകനായ ജയപ്രശാന്ത്ബാബുവും ഉണ്ടായിരുന്നു. യെസ്ഡി ഓടിക്കാറില്ലെങ്കിലും യാത്രയോടുള്ള ഇഷ്ടം കൊണ്ടു വന്നതാണ്.

കോഴിക്കോട് ഈ കഌബ്ബ് രൂപവത്കരിക്കുന്നതില്‍ മുന്‍കൈ എടുത്ത കൂട്ടത്തില്‍ ഫഹദ് ഉണ്ടായിരുന്നു. ഫഹദിന്റെ വണ്ടി 95 മോഡലാണ്.
ഷജില്‍ വന്നത് തനിച്ചല്ല. അനിയന്‍ സംപ്രിന്‍ ഫഹദിനേയും കൊണ്ടാണ്. ഏഴാം കഌസുകാരനാണെങ്കിലും അവനും ബൈക്കോടിക്കും. ഷജില്‍ ബാംഗഌരില്‍ ബി.ബി.എ വിദ്യാര്‍ഥിയാണ്്. യെസ്ഡി ബാംഗഌരിലാണുള്ളത്. ഹരികൃഷ്ണന്റെ ബൈക്കെടുത്താണ് ഈ യാത്രയ്‌ക്കെത്തിയത്.
സുധീപും ഹരികൃഷ്ണന്റെ വണ്ടിയുമായാണ് വന്നത്. സ്വന്തമായൊരു റോഡ് കിങ്ങ് തേടികൊണ്ടിരിക്കുകയാണ് ഈ ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റ്. എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ അഖിലും ഹരിയുടെ വണ്ടിയുമെടുത്താണ് യാത്രയ്‌ക്കെത്തിയത്. ഹരിയും സുധീപും അഖിലും എന്നുമിങ്ങനെ യെസ്ഡിയുമെടുത്ത് ഒന്നിച്ച് യാത്രകള്‍ പോകാറുണ്ട്.

മെഡിക്കല്‍ റെപ്പായ ഷമില്‍ ആറുമാസമായിട്ടേയുള്ളു ഈ യെസ്ഡി എടുത്തിട്ട്. 12000 കൊടുത്തു. 18000 കൂടി ചെലവാക്കി കണ്ടീഷനാക്കി. ആദ്യത്തെ യാത്ര യാത്രയ്ക്കുവേണ്ടിയായി. ദീപു വണ്ടിയുടെ മര്‍മമറിയുന്ന മെക്കാനിക്കു കൂടിയാണ്. സ്വന്തമായി ഒരു ബൈക്കുവാങ്ങി യാത്രയില്‍ പങ്കാളിയായിരിക്കുകയാണ്. ഡോണ്‍ എഡ്വിന്റെ വണ്ടിയുടെ നമ്പര്‍ നോക്കിയാല്‍ മതി. അതിന്റെ മോഡലും മനസിലാവും1996. 20000 രൂപ കൊടുത്ത് വാങ്ങിയതാണ്. വിറ്റയാള്‍ വീണ്ടും വന്ന് വണ്ടി ചോദിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം! കസിന്‍ ബ്രദറിന്റെ ജാവയില്‍ ഡ്രൈവിങ് പഠിച്ചതിന്റെ ഗൃഹാതുരസ്മൃതികളുമായാണ് എഡ്വിന്‍ ഈ വണ്ടി സ്വന്തമാക്കിയത്. ടീമംഗങ്ങളെ പരിചയപ്പെട്ട സ്ഥിതിക്ക് യാത്ര തുടരാം.

യെസ്ഡി വന്നു, കക്കയം കാതോര്‍ത്തു...

കുന്നമംഗലത്തു നിന്ന് തിരിക്കുമ്പോള്‍ ഏഴുമണി. നേരെ താമരശ്ശേരിക്ക്. ചുങ്കത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കൊയിലാണ്ടി റോഡിലൂടെ എസ്‌റ്റേറ്റ് മുക്കില്‍ പിന്നെ തലയാട് വഴി കരിയാത്തന്‍പാറയിലെത്തി. ഇടത്തോട്ട് തിരിഞ്ഞ് ജലാശയത്തിന്റെ ഓരത്തെ പച്ചപുല്‍ത്തകിടിയിലേക്ക്. അവിടെ ബൈക്കുകളുടെ വട്ടംചുറ്റല്‍. പടപട ശബ്ദം കേട്ടപ്പോള്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി.  ദേശാടനക്കിളികള്‍ പറന്നുയര്‍ന്നു.  
ധനമഹേഷ് അല്‍പം സാഹസികനാണ്. ആള് കളരിഗുരിക്കളുമാണ്. ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി വെള്ളം ചീറ്റിക്കാന്‍ ബൈക്ക് വെള്ളത്തിലേക്കിറക്കി. ഓരത്തെ ഇത്തിരി വെള്ളത്തിലൂടെ കറങ്ങിതിരിഞ്ഞ് വരാമെന്നാണ് കരുതിയതെങ്കിലും കണക്കു കൂട്ടലുകള്‍ തെറ്റിപോയി. വെള്ളത്തിനുള്ളില്‍ ഒരു ചതിക്കുഴി. കുഴിയില്‍ വീണ ബൈക്ക് ആഴത്തിലേക്ക് കൂപ്പുകുത്തി. ബൈക്കിന് കളരിയഭ്യാസം അറിയില്ലല്ലോ! വെള്ളം കുടിച്ച് ബൈക്കിന് തുമ്മലും ചീറ്റലും എല്ലാവരും ചേര്‍ന്ന് ബൈക്ക് കരയ്‌ക്കെത്തിച്ചെങ്കിലും കാര്‍ബുറേറ്ററും പഌഗും നനഞ്ഞതോടെ ബൈക്കിന് മിണ്ടാട്ടമില്ല. ഓരോന്നായി ഊരി വെയിലില്‍ വെച്ചുണക്കി. ''ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഒരു മൊബൈല്‍ ഇവിടെ ഊരി ഉണക്കാനിട്ടിട്ടുണ്ട് ദയവു ചെയ്ത് ആരും അതിലെ ബൈക്കോടിക്കരുത്'' മഹേഷിന്റെ അഭ്യര്‍ഥന കേട്ടപ്പോഴാണ് മൊബൈലും വെള്ളത്തിലായ കാര്യം എല്ലാവരും അറിഞ്ഞത്. നനഞ്ഞ് പഌഗ്  തുടച്ച് വൃത്തിയാക്കി അല്‍പം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. കിക്ക് ചെയ്ത് വെള്ളം കളഞ്ഞ് സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. ഇടയ്‌ക്കൊരു പ്രതീക്ഷ നല്‍കിയെങ്കിലും കിക്കര്‍ ചവിട്ടി നെഞ്ചു കലങ്ങുമെന്നായപ്പോള്‍ തത്കാലം ശ്രമം ഉപേക്ഷിച്ചു. അടുത്ത വീട്ടുകാരോട് അനുവാദം ചോദിച്ച് തള്ളി വീട്ടുമുറ്റത്തുകൊണ്ട് വച്ചു.

വിഷമത്തോടെയാണെങ്കിലും 'അച്ഛാച്ഛനെ' അവിടെ സുരക്ഷിതമായി നോക്കാനേല്‍പിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. 'വരുമ്പോ മിസിങ് കാണിച്ച് സൈഡാവാന്‍ തുടങ്ങിയ വണ്ടികള്‍ ശരിയാക്കി കൊടുത്തത് ഞാന്‍ ഒടുക്കം സൈഡായി.'അഖിലിന്റെ വണ്ടിയുടെ നിയന്ത്രണമേറ്റെടുത്ത്  കൊണ്ട് മഹേഷിന്റെ ആത്മഗതം. പാപ്പന്‍ചാടിക്കുഴിയിലേക്കായിരുന്നു അടുത്തയാത്ര. കരിയാത്തന്‍പാറയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകത്തേക്ക് ഒരു കിലോമീറ്റര്‍ ടാര്‍ റോഡും പിന്നെ കല്ലുകളിളകി ബൈക്കുകള്‍ നൃത്തം ചെയ്ത് പോകേണ്ട റോഡും. എല്ലാ പടക്കുതിരകളും പക്ഷെ അനായാസമായി ലക്ഷ്യത്തിലെത്തി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയുടെ ഉത്ഭവ കേന്ദ്രത്തിനോടടുത്തുള്ള നീരൊഴുക്കാണ് റോഡിനു വലതുവശം. ഇപ്പോള്‍ വെള്ളം കുറവാണ്. മണ്‍സൂണ്‍ കാലം പാറക്കൂട്ടങ്ങളില്‍ തലതല്ലി ചിതറി ഒഴുകുന്ന പുഴയുടെ സൗന്ദര്യം ഒന്നു കാണേണ്ടതു തന്നെ. മണ്‍സൂണ്‍ ടൂറിസത്തിനാണ് ഇവിടെ കൂടുതല്‍ സാധ്യത. വഴി കാട്ടാനായി ഒപ്പം വന്ന ബിനോയ് പറഞ്ഞു.

റോഡ് അവസാനിക്കുന്നിടത്ത് ബൈക്ക് നിറുത്തി. ട്രെക്കിങ് തുടങ്ങി. കാട്ടിനുള്ളിലെ സ്വകാര്യ ഭൂമിയിലൂടെ പാറക്കൂട്ടങ്ങളും ആഴത്തുംപനകളും സൗന്ദര്യം ചാര്‍ത്തുന്ന പുഴയോരത്തു കൂടെ പാപ്പന്‍ചാടിക്കുഴിയിലേക്ക്. അവിടെ റിസോര്‍ട്ട് പണിയാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മേല്‍നോട്ടം വഹിക്കുന്ന തോമസ് ചേട്ടന്‍ കൂടെ വന്നു. ''ഞങ്ങള്‍ പണ്ട് ഇതു വഴി ഉരക്കുഴി വരെയും വയനാട്ടിലേക്കുമെല്ലാം ട്രെക്കിങ് നടത്താറുണ്ടായിരുന്നു. എന്നാല്‍ വനം വകുപ്പ് സജീവമായതോടെ അതെല്ലാം നിന്നു. ഇവിടെ അപൂര്‍വ്വയിനം ഓര്‍ക്കിഡുകളെയെല്ലാം കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സിങ് ഗേള്‍ അക്കൂട്ടത്തില്‍ പെട്ടതാണ്.'' അദ്ദേഹം പറഞ്ഞു.

യെസ്ഡി വന്നു, കക്കയം കാതോര്‍ത്തു...

ആരോ ബലം പിടിച്ച് അകത്തിമാറ്റിയ പോലെ കിടക്കുന്ന പാറകള്‍ക്കിടയിലൂടെ പതിക്കുന്ന വെള്ളം ഒരു വന്‍ കുഴിയിലേക്ക് പതിക്കുന്നു. അവിടെ നിന്ന് വീണ്ടും ഒഴുകി യാത തുടരുന്നു. പാറക്കൂട്ടങ്ങള്‍ തന്നെ തീര്‍ത്ത സ്വിമ്മിങ് പൂള്‍. വെള്ളത്തിന് കുളിരോട് കുളിര്, മുങ്ങി നിവരുമ്പോള്‍ നിറയുന്നത് ഉന്‍മേഷം. വെള്ളച്ചാട്ടത്തിനു കീഴില്‍ പോയിരുന്നാല്‍ തിരിച്ചുപോരാന്‍ തോന്നില്ല. പാപ്പന്‍ചാടിക്കുഴി എല്ലാവര്‍ക്കും ഹരമായി. ഈ പേരിനു പിന്നിലൊരു കഥയുണ്ട്.  പണ്ട് ശിക്കാരിനു പോയവരുടെ കൂട്ടത്തിലുണ്ടായിരുന്ന പാപ്പന്‍ ഇവിടെ വീണാണ് മരിച്ചത്. ഈ കിണറിനുള്ളിലെ മടയിലെവിടെയോ മൃതദേഹം കുടുങ്ങിപോയതാണത്രെ. ഏതായാലും പാപ്പന്റെ മൃതദേഹംപോലും കണ്ടു കിട്ടിയിട്ടില്ല. അന്നിവിടെ മൂന്നു പുഴയില്‍ നിന്നുള്ള വെള്ളം ഒന്നിച്ചെത്തുമായിരുന്നു. അണകെട്ടിയതില്‍ പിന്നെയാണ് നീരൊഴുക്ക് കുറഞ്ഞത്.

എങ്കില്‍ എന്റെ ബൈക്ക് വീണ കുഴിക്ക് ജാവചാടിക്കുഴി എന്നു പേരിടാമെന്നായി ധനമഹേഷ്. മഹേഷ്ചാടിക്കുഴി എന്നാണ് അതിനേക്കാള്‍ നല്ലതെന്ന് മറ്റൊരു കമന്റ്. ബൈക്ക് വെള്ളത്തിലായെങ്കിലും യാത്രയില്‍ എന്നും ഓര്‍ക്കാന്‍ അച്ഛാച്ഛന്‍ബൈക്കാണ് വക തന്നത്. എല്ലാവരും കുളിച്ചുഷാറായി നേരെ കക്കയം ഡാമിലേക്ക്. കക്കയം അങ്ങാടിയില്‍ നിന്ന് 14 കിലോമീറ്റര്‍ ചുരം റോഡാണ്. ചെറിയ റോഡ് പൊട്ടിപൊളിഞ്ഞും ഇടിഞ്ഞും ശോചനീയമാണ് പലയിടത്തും. യെസ്ഡിയുടെ ശബ്ദം പഴയ തലമുറയില്‍ പെട്ടവര്‍ക്ക് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. ഡാമിന്റെ പണി നടക്കുന്ന കാലത്ത് എഞ്ചിനിയര്‍മാരും മറ്റും ഉപയോഗിച്ചിരുന്നത് ബുള്ളറ്റും യെസ്ഡിയുമൊക്കെയായിരുന്നു. വഴിക്ക് ചെറിയൊരു വെളളച്ചാട്ടത്തിനടുത്ത് ഊണുമായി ആന്‍ഡ്രൂസ് കാത്തിരിപ്പുണ്ടായിരുന്നു. നാടന്‍ചോറും ചിക്കന്‍കറിയും. നേരത്തെ വിളിച്ചുപറഞ്ഞതുകൊണ്ട ശരിയാക്കി വെച്ചതാണ്. ഡാം സൈറ്റില്‍ ഫോട്ടോഗ്രാഫി നിരോധനമാണ്. ഗൂഗിള്‍ എര്‍ത്തിലൂടെ ഏതുഡാമും എവിടെ നിന്നും കാണാമെങ്കിലും ഇപ്പോഴും ഇതുപോലുള്ള സുരക്ഷാനിയമങ്ങളൊക്കെ കര്‍ക്കശമാണ്.

അവിടെ ഉരക്കുഴി വെള്ളച്ചാട്ടമാണ് കാണാനുള്ളത്. അടിയന്തരാവസ്ഥയുടെ കറുത്ത ഓര്‍മ്മകള്‍ കൂടി ഈ വെള്ളച്ചാട്ടത്തിന് പങ്കുവെക്കാനുണ്ട്. ഈച്ചരവാര്യരുടെ മകന്‍ കോഴിക്കോട് ആര്‍.ഇ.സി വിദ്യാര്‍ഥിയായിരുന്ന രാജനെ പോലീസ് ഉരുട്ടികൊലപ്പെടുത്തിയത് കക്കയം ക്യാമ്പില്‍ വെച്ചായിരുന്നു. രാജന്റെ മൃതദേഹം ഉരക്കുഴിയിലാണ് പോലീസ് തളളിയതെന്ന് നാട്ടുവര്‍ത്തമാനം. പഞ്ചസാരയിട്ട് കത്തിച്ചതാണെന്നാണ് മറ്റൊരു സംസാരം. ഏതായാലും രാജന്റെ ആത്മാവ് ഈ പ്രകൃതിയിലെവിടെയോ ഉണ്ട്. ഭൗതികാവശിഷ്ടങ്ങള്‍ക്കായി നേവിയുടെ നേതൃത്വത്തില്‍ ഒരിക്കല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടുകിട്ടിയിട്ടില്ല. ഇപ്പോള്‍ കക്കയം അങ്ങാടിയില്‍ രാജന്റെ പ്രതിമയുണ്ട്. ഓര്‍മദിനം കൊണ്ടാടാറുണ്ട്. അതിനേക്കാളേറെ ഓര്‍മകള്‍ ഇവിടുത്തെ കാറ്റിനും പങ്കുവെക്കാനുമുണ്ട്. കാറ്റിന്റെ കൈകളിലേറിയായിരുന്നു മടക്കയാത്ര. ചുരമിറങ്ങുമ്പോള്‍ വെറുതെ ഹാന്‍ഡില്‍ പിടിച്ചുകൊടുത്താല്‍ മതി. യെസ്ഡി നമ്മളെ താഴെയെത്തിക്കും.

കക്കയം അങ്ങാടിയിലെ നാലുംകൂടിയ മുക്കില്‍ വൈകുന്നേരത്തെ ചായകുടി. എല്ലാവരും ബൈ പറഞ്ഞ് നാലുവഴികളിലായി നീങ്ങി. കൂടുതല്‍ പേരും കോഴിക്കോട്ടേക്കായിരുന്നു. എല്ലാവര്‍ക്കും തൃപ്തി. രണ്ട് കൊല്ലമായി റോഡിലിറക്കാതെ വീട്ടിനകത്ത് ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്തു മാത്രം വെക്കുന്ന വണ്ടികള്‍ക്ക് വരെ നല്ല പെര്‍ഫോര്‍മന്‍സ്. അതേ യെസ്ഡിയുടെ കാലം കഴിഞ്ഞിട്ടില്ല. അവന്‍ വീണ്ടും വരും...ടപ് ടപ് ശബ്ദവുമായി...

Kakkayam & Peruvannamoozhi, tourist locales in Kozhikode ditsrict, also fall under Malabar Wildlife Sanctuary.
Location: Malabar Wildlife Sanctuary (Kakkayam) is located in Chakkittappara and Koorachundu villages of Koyilandy Taluk in Kozhikode Dt. Sanctuary is spread across 74.22 sq. kms in three villages, including Kakkayam, Pannikottur reserve Forest Area of the Peruvannamoozhi range and Karapara.
How to Reach 
By Air: Kozhikode87km, By Rail: Kozhikode 67 Km, By Road:65Km from Kozhikode Bus stand.
Best season: November to April, Monsoon june to july. 
Sights Around: Kariyathanparaa Pappanchadiya kuzhi WaterfallsaUrakkuzhi Waterfalls aKakkayam dama Power Housea Kakkayam valleya Ambalappara,
Distance Chart : Powerhouse  .5kmaKakkayam Valley – 11kmaKakkayam Panorama – 13km aKakkayam Dam – 14kmaUrakkuzhi Waterfalls – 14km Green valley – 15km aNeerattukazham – 15kmaAmbalappara – 18km aPerambra – 26kmaThamarassery – 26km aKozhikode – 67km
Contact: Vana samrakshna Samithi04962698147, 2698119,9447384351,9495176161 Koorachundu Police Station:  0496266022aForest Range Office: 2619014. Ticket Charge `10.