വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന പുഴ. ഓരത്ത് ഒട്ടും ചോര്‍ന്നു പോകാത്ത പച്ചപ്പ്. എല്ലാക്കാലത്തും കുളിര്‍മ്മ പകരുന്ന പ്രകൃതിയുടെ അത്ഭുതലോകമാണ് ജാനകിക്കാട്.

പാലേരിയില്‍ നിന്ന് (സംശയിക്കേണ്ട, മാണിക്യത്തിന്റെ പാലേരി തന്നെ) അഞ്ചു കിലോമീറ്റര്‍ അകലെ കുറ്റ്യാടി പുഴ. പുഴയ്ക്ക് കുറുകെ നൂറ് മീറ്ററോളം നീണ്ടു കിടക്കുന്ന ചവറമ്മുഴി പാലം അവസാനിക്കുന്നിടത്ത് ജാനകിക്കാട് തുടങ്ങുകയായി. കൂറ്റനൊരു ചിതല്‍പ്പുറ്റ് കാണാം ഇവിടെ. അവനെ മൈന്‍ഡ് ചെയ്യാത്തവര്‍ക്കൊന്നും ജാനകികാട്ടിലേയ്ക്ക് കേറാനാവില്ല. മടിച്ചു നില്‍ക്കാതെ അതിനുള്ളിലെ ചെറിയ ദ്വാരത്തില്‍ തലയിട്ട് ടിക്കറ്റ് കൈപ്പറ്റാം.

ഇനി 131 ഹെക്ടര്‍ വരുന്ന വനത്തിനുള്ളിലേയ്ക്ക് കടക്കാം.

കാനനയാത്രയ്ക്ക് ജാനകിക്കാട്

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകിയമ്മയുടെ എസ്‌റ്റേറ്റായിരുന്നു ഒരു കാലത്ത് ഇത്. അങ്ങനെയാണ് ജാനകിക്കാട് എന്ന പേരു വീണത്. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഭൂമി സര്‍ക്കാരിന്റെ കൈവശമായി. വലതുഭാഗത്തുള്ള ടാര്‍ റോഡിലൂടെ നടക്കുമ്പോള്‍ ഇടയ്ക്കിടെ വാഹനങ്ങള്‍ കടന്നുപോയി. ജാനകി കാടിനപ്പുറമുള്ള മുള്ളന്‍കുന്ന് നിവാസികള്‍ക്ക് സഞ്ചരിക്കാന്‍ ഈ വഴി തന്നെ ശരണം. റോഡിനിരുഭാഗത്തും പലയിനം മരങ്ങളും വള്ളികളും. അല്പം നടന്നപ്പോള്‍ വനംവകുപ്പിന്റെ ഓഫീസ് കണ്ടു. അതിനരികെ തന്നെ ഇന്റര്‍പ്രട്ടേഷന്‍ സെന്ററുണ്ട്. ക്യാമ്പിനായി എത്തുന്നവര്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് ഇതിനുള്ളില്‍ വച്ചാണ്. ഇന്റര്‍പ്രട്ടേഷന്‍ സെന്ററിനുള്ളില്‍ ഒരു അക്വേറിയമുണ്ട്. കൂടാതെ കമഴ്ത്തിയിട്ടിരിക്കുന്ന റിവര്‍ റാഫ്റ്റും കണ്ടു. മുമ്പ് ഇവിടെ മുളംചങ്ങാടത്തില്‍ നദിയിലൂടെ യാത്ര ഏര്‍പ്പെടുത്തിയിരുന്നു. ചങ്ങാടത്തിന് പകരം ഇപ്പോള്‍ ഈ റാഫ്റ്റാണ് ഉപയോഗിക്കുന്നത്.

അല്പം കൂടി നടന്നാല്‍ ജാനകികാട്ടിലേയ്ക്ക് പ്രവേശിക്കാനുള്ള ഗേറ്റ് കാണാം. മുമ്പ് മുള്ളന്‍കുന്ന് ഭാഗത്തു കൂടി മാത്രമേ ജാനകികാട്ടിലേയ്ക്ക് വഴിയുണ്ടായിരുന്നുള്ളൂ. അതിനാലാണ് ഗേറ്റ് ഇവിടെ സ്ഥാപിച്ചത്. പലതരം മൃഗങ്ങളുടെ രൂപങ്ങള്‍ കൊത്തി വച്ച ഗേറ്റിന്റെ ശില്‍പ്പി ഇവിടുത്തുകാരന്‍ തന്നെയായ രാജന്‍ മാസ്റ്ററാണ്. ചിതല്‍പ്പുറ്റിന്റെ രൂപത്തിലുള്ള ടിക്കറ്റ് കൗണ്ടര്‍ പണിതതും ഇദ്ദേഹം തന്നെ. വളരെ പഴക്കം ചെന്ന ഒരമ്പലമുണ്ട് ഇവിടെ എന്ന് കേട്ടിരുന്നു. അവിടേയ്ക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ഗൈഡ് സമ്മതം മൂളി. യാത്ര തുടങ്ങിയിടം വരെ തിരിച്ചു നടക്കണം. അവിടുന്ന് ഇടത്തോട്ടുള്ള വഴിയിലൂടെ കുറച്ചധികം നടന്നാല്‍ അമ്പലമായി. ജാനകികാട്ടിനുള്ളില്‍ നിന്ന് നോക്കുമ്പോള്‍ മുന്നില്‍ നീണ്ടു കിടക്കുന്ന ചവറമ്മുഴി പാലത്തിന് ഒരു പ്രത്യേക ഭംഗി.

കാനനയാത്രയ്ക്ക് ജാനകിക്കാട്

മരച്ചില്ലകള്‍ക്കിടയില്‍ നിന്ന് ആരോ പറന്നകന്നു. ചാര നിറവും തടിച്ച കൊക്കും ഒരു മിന്നായം പോലെ കണ്ടപ്പോള്‍ ഗൈഡ് വിളിച്ചു കൂവി-വേഴാമ്പല്‍. രണ്ടെണ്ണമുണ്ട്. ക്യാമറയ്ക്ക് പിടിതരാതെ പറന്നു കളിക്കുകയാണ്. കോഴിവേഴാമ്പല്‍ എന്നറിയപ്പെടുന്ന ഇവ ജാനകികാട്ടില്‍ ധാരാളമുണ്ട്. മരത്തിന്റെ പൊത്തുകളില്‍ മുട്ടയിട്ട് അടയിരിക്കുന്ന വേഴാമ്പലുകളുടെ ശത്രു പാമ്പാണ്. അടുത്തു തന്നെയുള്ള ഒരു മരപ്പൊത്തില്‍ പാമ്പിന്റെ കൊത്തേറ്റ് മരിച്ച വേഴാമ്പലിനെ കണ്ടു. അതിന്റെ കുഞ്ഞുങ്ങളേയും പാമ്പ് കൊന്നത്രേ.

അമ്പലത്തിലേയ്ക്കുള്ള നടത്തത്തിനിടയില്‍ പലതവണ പ്ലാസ്റ്റിക് കവറുകള്‍ കാലിലുടക്കി. കാട്ടിനുള്ളിലേയ്ക്ക് പ്ലാസ്റ്റിക്കിന് പ്രവേശനമില്ലെങ്കിലും അത് കണക്കിലെടുക്കുന്നവര്‍ ചുരുക്കം. വഴിയിലൊരു മരത്തിന് മുകളില്‍ കുറേ കോലുകളും കമ്പുകളും കണ്ടു. മുന്‍പ് ഇവിടെയൊരു ഏറുമാടമുണ്ടായിരുന്നു. അതിന് മുകളിലിരുന്ന് പക്ഷികളെ നിരീക്ഷിക്കാനുള്ള സൗകര്യവും.

കാനനയാത്രയ്ക്ക് ജാനകിക്കാട്

കാട് അവസാനിക്കുന്നിടത്തുള്ള അമ്പലം കണ്ടപ്പോള്‍ ഇത്ര ദൂരം നടന്നതെല്ലാം വെറുതെയായല്ലോ എന്ന് തോന്നിപ്പോയി. ഏറെ പഴക്കമുള്ള വിഗ്രഹവും അതിന് മീതെ തണല്‍വിരിച്ചു നിന്നിരുന്ന ഒറ്റമരവും ഇനി ചിത്രങ്ങളില്‍ മാത്രം. മരത്തിനെ ചുറ്റിയുണ്ടായിരുന്ന തറയും ഏതാണ്ട് ഇല്ലാതായിരിക്കുന്നു. പകരം പരിസരത്ത് കുറച്ചധികം കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മരത്തിന് ചോട്ടിലെ വിഗ്രഹം അതിലൊന്നിനുള്ളില്‍ ഉണ്ട്. പുതിയ അമ്പലവും പുനപ്രതിഷ്ഠയും.

ജാനകിക്കാടിനുള്ളില്‍ നിന്ന് പുറത്തു കടന്നപ്പോഴാണ് തലയ്ക്കു മുകളില്‍ കത്തിനില്‍ക്കുന്ന സൂര്യനെ കുറിച്ച് അറിഞ്ഞത്. നട്ടുച്ചയ്ക്ക് പോലും സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍ മടിയ്ക്കുന്ന ഈ പച്ചപ്പിന് നടുവിലൂടെയുള്ള യാത്ര മാത്രം മതി സഞ്ചാരികള്‍ക്ക് ജാനകികാടിനെ ഇഷ്ടമാവാന്‍.

കാനനയാത്രയ്ക്ക് ജാനകിക്കാട്

Janakikad Eco tourism

Location: Kozhikode dt.
Janakikad  ecotourism project is situated in the Marothongara panchayat, 7 km from Kuttiyadi. It comes under the Kuttiyady range of Kozhikode forest division. Janakikad  get its name from renowned statesman V. K. Krishna Menon's sister Janaki.
How to reach
By Road: Calicut is well-connected to all other major cities.  From Calicut get into Kuttiyadi bus via Perambra-Kadiyangad-Paleri route. From Paleri hire and auto. Janakikad is just 5kms away from Paleri.
By Rail: Nearest Railway station – Kozhikode (60 km)
By Air: Karipur International Airport (85 km) Entry Timing: 10am to 5 pm

Main Attractions: Trekking, Bird Watching, Rafting
Contact: Secretary, Janakikkad Eco Tourism Project Tel – 9495645865, Sights Around Peruvannamuzhi Dam

കാനനയാത്രയ്ക്ക് ജാനകിക്കാട്