ഇതൊരു മടക്കയാത്രയാണ്. പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക്. കാട്ടുവള്ളികളില്‍ ഊഞ്ഞാലാടി, പാറക്കെട്ടിനിടയിലെ വെളളത്തില്‍ നീരാടി, കരിങ്കല്‍ വഴിയിലൂടെ ചെറു കുന്നുകള്‍ താണ്ടി അവധിദിനം ആഘോഷമാക്കാനുള്ള ഒരിടം. അതാണ് കാട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വനപര്‍വ്വമെന്ന ജൈവവൈവിധ്യ ഉദ്യാനം.

കോഴിക്കോട് താമരശ്ശേരിക്കടുത്തുള്ള ഈങ്ങാപ്പുഴയില്‍ നിന്ന് ഓട്ടോയിലുള്ള സവാരി അവസാനിച്ചത് ഒരു ചെറു പാലത്തിന് മുന്നിലാണ്. സഞ്ചാരികള്‍ക്ക് സ്വാഗതമോതി പാറകള്‍ക്ക് മീതെ തലയെടുപ്പോടെ വനപര്‍വ്വം എന്ന ബോര്‍ഡ്. കല്ലുപാകിയ വഴിയിലൂടെ അല്പം നടന്നാല്‍ ഒരു മുളംകുടില്‍ കാണാം. ഇതാണ് ടിക്കറ്റ് കൗണ്ടര്‍. പത്തുരൂപയാണ് ടിക്കറ്റ്. വിദ്യാര്‍ഥികള്‍ക്ക് അഞ്ചു രൂപ. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കാശുമുടക്കാതെ പാര്‍ക്ക് മുഴുവന്‍ ചുറ്റിയടിക്കാം.

പ്രകൃതിയെ തൊട്ടറിയാം

നടക്കുമ്പോള്‍ ഇടയ്ക്കിടെ ഉപദേശവുമായി വനംവന്യജീവി വകുപ്പെത്തും. ബോര്‍ഡിന്റെ രൂപത്തില്‍. വലിപ്പച്ചെറുപ്പമില്ലാതെ ഇവിടെല്ലാവര്‍ക്കും പേരും ശാസ്ത്രനാമവുമടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡുണ്ട്. വന്‍മരങ്ങള്‍ കാര്‍ഡ് കഴുത്തിലണിഞ്ഞ് നില്‍ക്കുമ്പോള്‍ ചെറുചെടികളുടെ പിന്നിലാണ് ഇതിന്റെ സ്ഥാനം.

നടന്നു ക്ഷീണിക്കുന്നവരെ കാത്ത് മുള ഇരിപ്പിടങ്ങളുണ്ട്. മുളങ്കൂട്ടത്തിന്റെ, പുല്ലാനി വള്ളി പടര്‍ന്നു കയറിയ നരിനാരകത്തിന്റെ തണല്‍ വിരിച്ചു നില്‍ക്കുന്ന ചോടുകളിലാണ് ഇരിക്കാനുള്ള ക്ഷണവുമായി ഇവരുള്ളത്. പാര്‍ക്കിനുള്ളിലെ ഓര്‍ക്കിഡ് ഹൗസില്‍ ഒരു ഇരപിടിയനുണ്ട്. മൂളിപ്പാട്ടുമായെത്തുന്ന ചെറുപ്രാണികളെ മയക്കി ഭക്ഷിക്കുന്ന ഭീകരന്‍. കണ്ടാല്‍ പാവത്താനാണെങ്കിലും പിക്ചര്‍ പ്ലാന്റിന്റെ 'കയ്യിലിരുപ്പ്' അത്ര ശരിയല്ല. തുറന്ന കൈക്കുള്ളില്‍ സുഗന്ധം പരത്തുന്ന ദ്രാവകവുമായാണ് നില്‍പ്പ്. മണം പിടിച്ച് പാവം ഉറുമ്പോ പ്രാണിയോ ഇതിനകത്ത് കേറിയാല്‍ തീര്‍ന്നു കഥ. പശപോലുള്ള ദ്രാവകത്തിനകത്ത് ഒട്ടിപ്പിടിച്ചു പോകും. പിന്നീടിവരെ ഈ ഇരപിടിയന്‍ ചെടി ശാപ്പിടും. മുപ്പതോളം തരം ഓര്‍ക്കിഡുകള്‍ക്കൊപ്പമാണ് ഇവന്റെ വാസം.

പ്രകൃതിയെ തൊട്ടറിയാം

ഓര്‍ക്കിഡ് ഹൗസില്‍ നിന്ന് അധികം അകലെയല്ലാതെ ഒരു ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ ഉണ്ട്. പഠന ക്യാമ്പിന്റെ ഭാഗമായെത്തുന്ന കുട്ടികള്‍ ഇവിടെയാണ് ഒത്തുകൂടുക. പാത്തിപ്പാറനദിക്ക് കുറുകെയുള്ള തടിപ്പാലത്തില്‍ നില്‍ക്കുമ്പോള്‍ താഴെ വെള്ളത്തില്‍ കറുപ്പ് വരകളുടെ മിന്നലാട്ടം. നീന്തിത്തുടിക്കുകയാണ് ഒരു കൂട്ടം ചെറുമീനുകള്‍. ദേഹത്ത് തടിച്ച കറുപ്പു വരകളുള്ള ഇവ വാഴയ്ക്കാവരയന്‍ എന്നാണത്രേ അറിയപ്പെടുന്നത്. പാമ്പിന്റെ പോലുള്ള തലയും മീനിന്റെ വാലുമുള്ള മലഞ്ഞില്‍ എന്നയിനം മീനും ഇവിടുണ്ട്. പകല്‍ ആര്‍ക്കും ദര്‍ശനം കൊടുക്കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍  പാറകള്‍ക്കടിയില്‍ ഒളിച്ചിരിക്കും. രാത്രി ഒളിസങ്കേതം വിട്ടിറങ്ങുന്ന ഇവരെ കാണമെങ്കില്‍ ടോര്‍ച്ചടിച്ചു നോക്കണമെന്ന് വാച്ചര്‍ വര്‍ഗ്ഗീസേട്ടന്‍ പറഞ്ഞു.

വെരുക്, മരപ്പട്ടി, പന്നി, മുള്ളന്‍പന്നി, മുയലിനോളം ചെറിയ കൂരമാന്‍ എന്നിവരും വനപര്‍വ്വത്തില്‍ പിടികൊടുക്കാതെ കഴിയുന്നുï്. കൂട്ടമായി ബഹളം വച്ചെത്തുന്ന സഞ്ചാരികളില്‍ നിന്ന് ഇവര്‍ അകന്നു നില്‍ക്കും. പാര്‍ക്കിനുള്ളിലെ ചെറിയ ഊടുവഴികളിലൂടെ ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോയ പലര്‍ക്കും ഇവയെ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

പ്രകൃതിയെ തൊട്ടറിയാം

തടിപ്പാലം പിന്നിട്ടാല്‍ ശലഭപാര്‍ക്കായി. വാലില്‍ മഞ്ഞചായം തേച്ച ഗരുഡശലഭമാണ് എതിരേറ്റത്. ചെത്തി, ജമന്തി, കൊങ്ങിണി, നന്ത്യാര്‍വട്ടം പൂച്ചെടികളുടെ നിര ഇങ്ങനെ പോകുന്നു. ഓരോ ഇനം പൂമ്പാറ്റയ്ക്കും ഒരു പ്രത്യേക ചെടിയോടാണ് ഇഷ്ടം. ആരെയും പിണക്കാന്‍ വയ്യാത്തതിനാല്‍ ഓരോരുത്തരുടേയും ഇഷ്ടചെടികള്‍ ഇവിടെ നട്ടുവളര്‍ത്തിയിരിക്കുന്നു. അവയ്ക്കിടയിലൂടെ മഞ്ഞപാപ്പാത്തിയും വനദേവതയും പിന്നെ പേരറിയാത്ത ഒരുപാട് സുന്ദരിമാരും പാറിപ്പറക്കുന്നു.

കരിങ്കല്‍ വഴിയങ്ങനെ നീണ്ടു പോകുന്നു. ഇലപൊഴിയും മരങ്ങളില്‍ നിന്ന് അടര്‍ന്ന് വീണവര്‍ വഴിക്ക് അഴകു കൂട്ടുന്നു. ഏതാണ്ട് മുന്നൂറോളം ഇനം വൃക്ഷങ്ങളാണ് ഇവിടുള്ളത്. ഓരോ ജന്‍മനക്ഷത്രത്തിനും കല്‍പ്പിച്ചു നല്‍കിയ വൃക്ഷങ്ങളെല്ലാം ഒരുമിച്ചു കാണാന്‍ വനപര്‍വ്വത്തിലെ നക്ഷത്രവനത്തില്‍ വന്നാല്‍ മതി. ഇവിടുത്തെ ജൈവവൈവിധ്യത്തെ പറ്റി പഠിക്കാന്‍ പലരും എത്താറുണ്ട്.
 
ചരിഞ്ഞ പാറയിലൂടെ നിരങ്ങി വെള്ളത്തിലിറങ്ങി നീന്തിത്തുടിക്കുകയാണ് ആദര്‍ശ്. കാഴ്ചക്കാര്‍ ചുറ്റും കൂടിയപ്പോള്‍ വെള്ളമൊഴുകി വരുന്ന കുഴിയ്ക്കുള്ളില്‍ മുങ്ങുക, വെള്ളത്തില്‍ മലര്‍ന്ന് കിടന്ന് നീന്തുക തുടങ്ങിയ കലാപരിപാടികളുമായി അവന്‍ രംഗം കൊഴുപ്പിച്ചു. വേനല്‍ക്കാലമായതിനാല്‍ വെള്ളം കുറവാണ്. മഴ തുടങ്ങിയാല്‍ പിന്നെ ആദര്‍ശിനെ പോലുള്ള അഭ്യാസികള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. പാറകള്‍ക്കിടയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുമ്പോള്‍ അല്പം കരുതല്‍ വേണം. പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു ഗുഹയും ഒളിഞ്ഞിരിക്കുന്നുണ്ട്. വേനല്‍ക്കാലത്തു മാത്രമേ ഇവനെ കാണാനാകൂ. മഴവന്നാല്‍ വെള്ളത്തിനടിയിലാവും. മുകളിലെ വ്യൂപോയിന്റില്‍ നിന്നാല്‍ താഴെ പാത്തിപ്പാറ കാണാം. ഇരുവശവും ആരോ ചെത്തിക്കൊടുത്ത പോലെയാണ് പാറ. നടുവിലെ ചെറിയ ചാലിലൂടെ പതിയെ വെള്ളമൊഴുകുന്നു.

പ്രകൃതിയെ തൊട്ടറിയാം

തിരികെയിറങ്ങുമ്പോള്‍ നീരാടല്‍ കഴിഞ്ഞ് ആദര്‍ശ് മടങ്ങിയിരുന്നു. ട്രക്കിങ് കഴിഞ്ഞു മടങ്ങുന്ന ഒരു പറ്റം കോളേജ് വിദ്യാര്‍ഥികള്‍ കൂട്ടിനെത്തി. വനപര്‍വ്വത്തെ പറ്റി കേട്ടറിഞ്ഞ് വന്നവരാണ്. ഒരു ദിനത്തിന്റെ പകുതി ചെലവിട്ടെങ്കിലും വനപര്‍വ്വം കണ്ട് മതിയായില്ലെന്ന് അവര്‍. മഴയെത്തുമ്പോള്‍ കൂടുതല്‍ സുന്ദരിയാവുന്ന വനപര്‍വ്വത്തെ കാണാന്‍ എത്തുമെന്ന്  ഉറപ്പിച്ചു കൊണ്ട് നടക്കുന്ന അവര്‍ക്ക് പിന്നില്‍ അവരിലൊളായി ഞങ്ങളും.

പ്രകൃതിയെ തൊട്ടറിയാം

Location: Calicut Dt, Vanaparvam is a bio-diversity park located in Kakkavayal near Eangapuzha.

How to Reach
By Road: State owned as well as private buses run from Calicut city bus stand to Engapuzhaon Wayanad road (40 km). It will take a 15mts travel to Vanaparvam which is located at a distance of  3.7 km from Engapuzha.You can hire an auto from Engapuzha to Vanaparvam.
By Rail: Kozhikode (41 km) By Air: Karipur Airport (54 km) Entry Timing: 9 am to 5 pm
Attractions: Trekking, Butterflypark, Orchid house, Pathipara View Point
Contact: Prajish, Section Forest Officer 08547602792 Range Officer 08547602791 Best Season: June-January 
Stay  Al Mount Relax Inn, Adivaram 0495 2232113.

 

അപൂര്‍വവൃക്ഷങ്ങളെ കാണാന്‍ വി.എം.കെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
ശിപാവൃക്ഷമാണ് ഇവിടെയെത്തിച്ചത്. മുള ബഞ്ചും കവാടവും ഉള്ളിലേയ്ക്ക് നീണ്ടു പോകുന്ന മണ്‍വഴിയും അതിന് പിന്നില്‍ പച്ചവിരിച്ചു നില്‍ക്കുന്ന പല വലിപ്പത്തിലുള്ള മരങ്ങളും യാത്ര വെറുതെയായില്ലെന്നതിന്റെ ആദ്യ സൂചനയായിരുന്നു. കൊടുവള്ളി കഴിഞ്ഞ് പടനിലത്ത് ബസിറങ്ങുമ്പോള്‍ കാറുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു മുഹമ്മദ് കോയ. പോകും വഴി സംസാരിച്ചത് മുഴുവന്‍ മരങ്ങളെ പറ്റി. തനിക്ക് വീതം കിട്ടിയ രണ്ടരയേക്കര്‍ മുഴുവന്‍ മരങ്ങള്‍ക്ക് പാര്‍ക്കാന്‍ വിട്ടുനല്‍കിയ കഥ പറഞ്ഞപ്പോള്‍ വലിയൊരു കാര്യം ചെയ്തു എന്ന ഭാവമൊന്നും ആ മുഖത്ത് കണ്ടില്ല. വി.എം.കെ അഥവാ വി. മുഹമ്മദ് കോയ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേയ്ക്ക് കടക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. പ്ലാസ്റ്റിക് വസ്തുക്കള്‍ അകത്ത് ഉപേക്ഷിക്കരുത്. മരങ്ങളുടെ പൂക്കള്‍ പറിയ്ക്കുകയോ ഇലകള്‍ കേടു വരുത്തുകയോ ചെയ്യരുത്. ഈ നിബന്ധനകള്‍ അനുസരിക്കാമെന്നുണ്ടെങ്കില്‍  ഉദ്യാനം നിങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെടും. തികച്ചും സൗജന്യമായി നിങ്ങള്‍ക്കതിനകം നടന്നു കാണാം.

പ്രകൃതിയെ തൊട്ടറിയാം

കയറിച്ചെല്ലുന്നവര്‍ക്ക് സ്വാഗതമോതി നില്‍ക്കുകയാണ് ആനമുള. 21 ഇനം മുളകളുണ്ട് ഇവിടെ. റംഗൂണ്‍ മുള, ആസാം മുള, ബിലാത്തി മുള തുടങ്ങി ബുദ്ധമുള വരെ ഇവിടെ പാര്‍ക്കുന്നു. ശ്രീ ബുദ്ധന്റെ വയറിനോട് സാമ്യമുള്ളതിനാലാണത്രേ ഇതിന് ബുദ്ധമുള എന്ന പേരു വീണത്. ഒരു മരത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുമ്പോള്‍ അതിനെ ആശ്രയിക്കുന്ന ഒരുപാട് ജീവികളും മണ്‍മറയുന്നുവെന്നോര്‍മ്മപ്പെടുത്തുന്ന ഒരു ബോര്‍ഡും ആനമുളയ്ക്കരികിലുണ്ട്.

ചൂരല്‍, മണിമരുത്, തമ്പകം, രക്തചന്ദനം, കുമിഴ്, രുദ്രാക്ഷം, പാച്ചോലം വഴി പിന്നിടുമ്പോള്‍ ഇവരെയെല്ലാം ഇരുവശത്തുമായി കാണാം. പേരും ശാസ്ത്രനാമവും പ്രത്യേകതയുമടങ്ങിയ ബോര്‍ഡ് ഓരോ വൃക്ഷത്തിനുമുണ്ട്. ഓരോരുത്തരേയും പരിചയപ്പെടുത്തുമ്പോള്‍ പുതുതായി എന്തെങ്കിലും പറയാനുണ്ടാകും മുഹമ്മദ് കോയയ്ക്ക്. ചമത മുറിയ്ക്കും കൈകളാല്‍ എന്ന് മൂളിക്കൊണ്ടാണ് ചമതയെ കുറിച്ച് വിവരിച്ചതെങ്കില്‍ മന്ദാരത്തിലെത്തിയപ്പോള്‍ ഖസാക്കിന്റെ ഇതിഹാസത്തിലെ വരികളായിരുന്നു കൂട്ട്. ക്ഷേത്രാങ്കണങ്ങളില്‍ കണ്ടുവരുന്ന നാഗപൂമരവും ദ്രൗപതിയ്ക്ക് വേണ്ടി ഭീമന്‍ തേടിപ്പോയ കല്യാണസൗഗന്ധികവും സത്യഭാമയ്ക്കായി ശ്രീകൃഷ്ണന്‍ ദേവലോകത്തു നിന്ന് കൊണ്ടു വന്ന പാരിജാതവുമെല്ലാം ഇവിടുണ്ട്.

സീത തടവില്‍ കഴിഞ്ഞ അശോക മരവും അതിന്റെ കൂട്ടുകുടുംബക്കാരായ വെള്ളയശോകവും മലയശോകവും ശിംശിപ വൃക്ഷവും ഈ ഉദ്യാനത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഗബ്രിയേല്‍ മാര്‍ക്വീസിന്റെ രചനകളിലെ ചെസ്റ്റ് നട്ടും ഹെന്‍ട്രിഷാരിയറുടെ പാപ്പിയോണിലെ കോര്‍ക്ക് മരവും ഇവിടത്തെ അന്തേവാസികളാണ്. ഇവര്‍ക്കിടയില്‍ ഒരു വെളുമ്പന്‍ തൊലിക്കാരനെ കണ്ടു. 'പാല'യുടെ ബന്ധുവായ ഇവന്റെ പേര് യക്ഷിമരമെന്നാണ്. ജോലി പ്രേതങ്ങളെ ചുമക്കലും. ഈ ഉദ്യാനത്തില്‍ തനിയെ മുളച്ചു പൊങ്ങിയതാണെങ്കിലും പലയിടങ്ങളിലും ആളുകള്‍ യക്ഷിമരത്തെ നട്ടുവളര്‍ത്താറുണ്ട്. പ്രേതങ്ങളെ ആവാഹിച്ച് തളച്ചിടാനായി. മലയാറ്റൂരിന്റെ 'യക്ഷി' എന്ന ചിത്രത്തില്‍ ഇവനും മുഖം കാണിച്ചിട്ടുണ്ടെന്ന് മുഹമ്മദ് കോയ പറഞ്ഞു.

ഓരോന്നും കണ്ടും കേട്ടും ചെന്നു നിന്നത് ഏറുമാടത്തിന് മുന്നിലാണ്. അതിന് മുകളില്‍ നില്‍ക്കുമ്പോള്‍ പേരറിയാത്ത ഏതൊക്കെയോ പൂക്കളുടെ സുഗന്ധവുമായി ഇളം കാറ്റെത്തി. ഒരാമ്പല്‍ കുളവും ചെറിയൊരു തടിപ്പാലവും അതിനോടു ചേര്‍ന്നൊരു കുടിലും ഉണ്ടിവിടെ. ഈ ഉദ്യാനത്തിനുള്ളില്‍ രാപാര്‍ക്കാനുള്ള മോഹമറിയിച്ച് പലരുമെത്തിയപ്പോള്‍ മുഹമ്മദ് കോയ പണിതതാണിത്. ഗവേഷണ വിദ്യാര്‍ഥികളും വൃക്ഷപ്രേമികളുമാണ് ഇവിടെയെത്തുന്നവരില്‍ ഏറെയും.

തിരികെയിറങ്ങുമ്പോള്‍ ഇതുവരെ കേള്‍ക്കാത്ത മരങ്ങളുടെ പേരുകള്‍ മനസ്സിലൂടെ ഓടിക്കളിച്ചു. കഥകളില്‍ മാത്രം കേട്ടിരുന്നവയുടെ ഗന്ധം അനുഭവിച്ചറിഞ്ഞു. ശിംശിപാവൃക്ഷത്തെ ചൊല്ലി വന്ന കത്തിന് നന്ദി. അതു കണ്ണില്‍പ്പെട്ടില്ലായിരുന്നെങ്കില്‍ മരങ്ങളെ മക്കളെ പോലെ പരിപാലിക്കുന്ന ഒരു മനുഷ്യനെ പരിചയപ്പെടാന്‍ കഴിയില്ലായിരുന്നു. ഭൂമിയിലെ അവശേഷിക്കുന്ന പച്ചപ്പും വെട്ടിമാറ്റാന്‍ വെമ്പുന്നവരോട് ആരാമ്പ്രത്തിലെ വി.എം.കെ ഗാര്‍ഡനിലേയ്ക്ക് വരൂഎന്ന് വിളിച്ചു പറയാന്‍ കഴിയില്ലായിരുന്നു.

VMK Botanical Garden
Location: Arambram, Kozhikode Dt., VMK Botanical Garden is a private botanical garden owned by V Mohammed Koya. Spread over two acres of wooded land, the garden contains 250 varieties of plants.

How to Reach 
By Road: The garden is situated in Madavoor Panchayat in Kozhikode District just 20 Kms away from Calicut city. You can travel to Koduvally by bus. VMK Botanical Garden is located at a distance of  3 kms from  Koduvally bus stand junction. Hire an auto/taxi from the junction as there is no bus service in this route.
By Rail: Calicut Railway Station (41 km) By Air: Karipur Airport (54 km).
Contact: V Mohammed Koya 0495 2800553, 2210355, 2213389, 9847910355 info@vmkbotanicalgaredn.com www.vmkbotanicalgarden.com
Stay Al Mount Relax Inn, Adivaram 0495 2232113.