കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ തെന്‍മലയും പതിമൂന്നുകണ്ണറപ്പാലവും കഴിഞ്ഞ് കഴുതുരുട്ടിയില്‍ നിന്നും ഇടത്തോട്ടാണ് തിരിഞ്ഞത്. പഴയ കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് റെയില്‍പാതയിലെ ഗേറ്റ് കടന്ന് മുന്നോട്ട് പോയി. ഹാരിസണ്‍ ഗ്രൂപ്പിന്റെ റബ്ബര്‍ ഫാക്ടറിക്കു സമീപം വലത്തോട്ട് തിരിയുമ്പോള്‍ ഉയരപ്പാത തുടങ്ങുന്നു. ഉരുളന്‍കല്ലുകളില്‍ തെളിനീരായി കഴുതുരുട്ടിയാറ് താഴേക്കൊഴുകുന്നുണ്ടായിരുന്നു. അല്‍പദൂരം പിന്നിടുമ്പോഴേക്കും കാലാവസ്ഥ മാറി തുടങ്ങി. തണുത്തകാറ്റ്, വഴിയോരത്ത് ചെറിയ വെള്ളച്ചാട്ടങ്ങള്‍. തേയിലത്തോട്ടങ്ങളുടെ പച്ചപ്പും. കൊല്ലം ജില്ലയിലെ ഏക തേയിലമേഖലയാണിത്. 

അമ്പനാടന്‍ മലമേലേ...

അമ്പനാട് എസ്റ്റേറ്റില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുവാദം ആവശ്യമാണ്. എസ്‌റ്റേറ്റ് കവാടം കടക്കുന്നിടത്തു തന്നെ തമിഴ്‌നാടന്‍ ശൈലിയുള്ള ക്ഷേത്രം കാണാം. ക്രിസ്ത്യന്‍പള്ളിയും മുസ്‌ലീംപള്ളിയും ആ കോംപൗണ്ടിലുണ്ട്. വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് പോയാല്‍ എസ്‌റ്റേറ്റ് ഓഫീസും ഫാക്ടറിയും. കാറ്റിനിപ്പോള്‍ ഗ്രാമ്പുവിന്റെ ഗന്ധം. 'ഇത് പൂക്കുമ്പോള്‍ വരണം.' സഹയാത്രികനായ നവാസ് പറഞ്ഞു. ജാതിക്ക, ഓറഞ്ച്, പേര, സപ്പോട്ട, മാവ്, റമ്പൂട്ടാന്‍ തുടങ്ങി എല്ലാവിധ ചെടികളും നിറഞ്ഞ സസ്യശ്യാമള ലോകം കണ്‍മുന്നില്‍. ദൂരെ നോക്കെത്താ ദൂരത്തോളം മലമടക്കുകള്‍ നിറഞ്ഞ താഴ്‌വര, കിഴക്ക് കോട്ടകെട്ടിയ പോലെ സഹ്യപര്‍വ്വതം, ഒരു വശത്ത് അച്ചന്‍കോവില്‍കാട്, മൂന്നു കുളങ്ങള്‍, പ്രകൃതിയിലേക്ക് തുറന്നുകിടക്കുന്ന വ്യൂപോയിന്റുകള്‍, കുടമുട്ടി വെള്ളച്ചാട്ടം, പെഡല്‍ബോട്ടിങ്, ബ്രിട്ടീഷ് ബംഗഌവുകള്‍, രാത്രി താമസത്തിന് എസ്‌റ്റേറ്റ് ബംഗഌവില്‍ രണ്ട് മുറികളുണ്ട്. ഇവിടെ ഉദയവും അസ്തമയവും കണ്ട് ഒരു ദിനം ചെലവഴിക്കുന്നത് മറക്കാനാവാത്ത അനുഭവമാകും. മധുവിധു കൊണ്ടാടാനും നല്ലൊരിടം. പാലരുവി, തെന്‍മല ഇക്കോടൂറിസം, കുറ്റാലം എന്നിവ കൂടി ഉള്‍പ്പെടുത്തി യാത്ര പഌന്‍ ചെയ്യാവുന്നതാണ്. 

അമ്പനാടന്‍ മലമേലേ...

ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച അമ്പനാട് എസ്റ്റേറ്റില്‍ അന്നത്തെ തേയില ഫാക്ടറി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ബ്രിട്ടീഷ് മെഷിനറികള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മാനേജര്‍മാരുടെയും തൊഴിലാളികളുടെ വേഷഭൂഷാദികളും പഴയ കാലത്തെ സ്മരണ നിലനിര്‍ത്തുന്നു. ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനിയുടെതാണ് ഫാക്്ടറിയും എസ്റ്റേറ്റും. തേയില പൊടിയാവുന്നതു വരെയുള്ള ഘട്ടങ്ങളും കാണാം. ഇറങ്ങുമ്പോള്‍ മൊത്തത്തില്‍ ഒരു നല്ല ചായകുടിച്ചതിന്റെ നവോന്‍മേഷം. 

അമ്പനാടന്‍ മലമേലേ...

A centuruy old plantation cum spice garden.Here, nature welcomes you with its myriad color and serene and vast expanse of cool lush green hills and valleys.

How to reach: By Road: Take deviation from Kaithurutti (14 km). Buses are available from Aryankavu. Timings: 6.45am,2pm. Return 8am, 5.15pm
By Rail: Nearest Railway station: Kollam-89 km/ Thenmala-19km
By Air: Nearest Airport-Trivandrum-92km 
Stay: Stay at Ambanad Estate.
Contact: The Travancore Rubber n Tea Co Ltd, 0471-2306032,2259813, 9447388395, 9947422420.  The Manager Ambanad Estate, 0475-2344536, 2344597. 8590612251. Nearest Attractitons: Palaruvi-21 km, Thenmala Eco Tourism-19 km, Kuttalam Waterfalls-47km