ശംഖുമുഖം ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. വിമാനത്താവളത്തിന് ഉറക്കമില്ലല്ലോ. അവിടേക്ക് നെയ്യാറ്റിന്‍കരയില്‍ നിന്നു ബസില്‍ ആ സംഘം അതിരാവിലെ തന്നെയെത്തി. കന്നിയാത്രയുടെ ആവേശത്തില്‍ കുട്ടികളും മുതിര്‍ന്നവരും. ടൂര്‍ഫെഡിന്റെ ഗൈഡ് നന്ദകുമാര്‍ എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കി അകത്തേക്കു കടത്തിവിട്ടു. ആദ്യമായി വിമാനത്താവളം കാണുന്നവരും നേരത്തെ യാത്ര ചെയ്തവരുമെല്ലാം കൂട്ടത്തിലുണ്ട്. എയര്‍ ഇന്ത്യയിലെ ജീവനക്കാരന്‍ വന്ന് എല്ലാവരുടെയും ടിക്കറ്റ് വാങ്ങി ബോര്‍ഡിങ് പാസ് നല്‍കി.

സെക്യൂരിറ്റി ചെക്കിങ്, ബാഗ് സ്‌കാനിങ് അങ്ങനെ കടമ്പകള്‍ ഓരോന്നായി കടന്ന് എല്ലാവരും വിമാനത്തിലേക്ക്..അവര്‍ക്കൊപ്പം ആ വിമാനത്തില്‍ രണ്ട് വി.ഐ.പികളും ഉണ്ടായിരുന്നു. ഒന്ന് അവരുടെ പ്രിയതാരം ജയറാം. മറ്റൊരാള്‍ മന്ത്രി അനൂപ് ജേക്കബ്. കൃത്യം ആറുമണിക്കു തന്നെ വിമാനം പറന്നുയര്‍ന്നു. താഴെ തിരുവനന്തപുരം പ്രകാശപ്പൊട്ടുകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. കിഴക്ക് ചക്രവാള സീമയില്‍ ചുവപ്പുരാശി കൃത്യമായൊരു വരയിട്ടപോലെ. അതിനു മുകളിലൂടെ സഹ്യപര്‍വ്വതത്തിന്റ നിമ്‌നോന്നതങ്ങള്‍. മേഘമാലകളും താഴെ. ഒന്നു ചരിഞ്ഞു പറന്ന വിമാനം അല്‍പം കൂടി ഉയരം കൊണ്ടു. അതോടെ കാഴ്ചകള്‍ മറയാന്‍ തുടങ്ങി. ഒരു നീലാകാശ ശൂന്യത മാത്രം ചുറ്റും. ബെല്‍റ്റൂരാന്‍ സമയം കിട്ടുമ്പോഴേക്കും പൈലററിന്റെ അറിയിപ്പെത്തും. നമ്മള്‍ ലാന്‍ഡിങിന് തയ്യാറെടുക്കാന്‍ പോവുകയാണെന്ന്. അപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു. താഴെ വീണ്ടും പച്ചപ്പും റോഡുകളും തെളിയാന്‍ തുടങ്ങി. പിന്നെ റണ്‍വേയും. കിട്ടിയ അവസരം കൊണ്ട് മൊബൈലില്‍ തങ്ങളുടെ വിമാനനിമിഷങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു പലരും. പ്രത്യകിച്ചും കന്നിയാത്രികര്‍ അര മണിക്കൂറിനകം കൊച്ചിയില്‍ ലാന്‍ഡു ചെയ്യും.

ഒരു ദിനം, നാലുമാര്‍ഗം

വിമാനത്തില്‍ നിന്നും പുറത്തുകടക്കുമ്പോഴേക്കും അവിടെ ടൂര്‍ഫെഡിന്റെ ബോര്‍ഡും പിടിച്ചൊരാള്‍ കാത്തിരിപ്പുണ്ടായിരുന്നു. ഗൈഡ് സതീഷും. യാത്രികരെ കൂട്ടാനായി ബസും എത്തി. നേരെ എറണാകുളം ഹൈക്കോടതി കവലയിലുള്ള ഹോട്ടല്‍ ക്രിസ്റ്റല്‍ പ്ലാസയിലെ ഫാമിലി റെസ്റ്റോറന്റ് വെലോസിറ്റിയിലേക്ക്. വെള്ളപ്പവും കുറുമയും പ്രഭാതഭക്ഷണം. എല്ലാവരും ഭക്ഷണം കഴിച്ച് നേരെ ജെട്ടിയിലേക്ക് നടന്നു. അവിടെ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടില്‍ സാഗരറാണി സഞ്ചാരികളെ കാത്തിരിപ്പുണ്ടായിരുന്നു. കെ.എസ്.ഐ.എന്‍.സിയുടെ മിനിഷിപ്പാണ് സാഗരറാണി. 92 പേര്‍ക്കിരിക്കാം. താഴെ എ. സി റുമിലിരുന്നും, മുകളില്‍ അപ്പര്‍ഡെക്കില്‍ കടല്‍കാറ്റേറ്റും കൊച്ചിയുടെ കാഴ്ചകളും കണ്ടിരിക്കാം.

ഗൈഡായ സിദ്ധിക്ക് മൈക്ക് കയ്യിലെടുത്തു. കൊച്ചിയുടെ ചരിത്രത്തിലൂടെ കടന്നു പോകുകയാണയാള്‍. 14-ാം നൂറ്റാണ്ടില്‍ വലിയൊരു വെള്ളപ്പൊക്കമുണ്ടായി. ഇവിടെ ഒരു അഴി രൂപപ്പെട്ടു. ജനം അതിനെ കൊച്ചഴി എന്നു വിളിച്ചു കൊച്ചഴി എന്നത് പിന്നീട് കൊച്ചിയായി. കേരളത്തിന്റെ വാണിജ്യതലസ്ഥാനം. പെരിയാറും വേമ്പനാടും സംഗമിക്കുന്ന സ്ഥലം, 19 കൊച്ചുദ്വീപുകളുടെ സമൂഹം.

ഒരു ദിനം, നാലുമാര്‍ഗം

അവിടെയൊരു കൊട്ടാരമുണ്ട് കാണുന്നില്ലേ? ഡച്ചുകാര്‍ നിര്‍മ്മിച്ചു കൊച്ചിരാജാവിനു നല്‍കിയതാണത്. അവരുടെ വിന്റര്‍പാലസ് ആയിരുന്നു ഇത്. അവരുടെ കൊട്ടാരം തൃപ്പൂണിത്തുറയിലാണ് ഹില്‍പാലസ്. അതാരൊക്കെ കണ്ടിട്ടുണ്ട്? ചോദ്യോത്തരങ്ങളിലൂടെ അയാളുടെ ചരിത്രവിവരണം നീണ്ടു...

അതാ ആ കാണുന്നതാണ് ഗോശ്രീപാലം. വാര്‍ത്തകളില്‍ നിങ്ങള്‍ കണ്ടുകാണുമല്ലോ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍പാലം ഏതാണെന്നു അറിയുമോ? മൊത്തം എട്ടരകിലോമീറ്റര്‍ നീളമുണ്ട്. ഗുണ്ടു ഐലന്റ് എന്നു കേട്ടിട്ടില്ലേ? ആ കാണുന്നതാണത്. അവിടെയിപ്പോള്‍ നമുക്ക് പ്രവേശനമില്ല. താജ് മലബാറിന്റെ കയ്യിലാണത്.

ഈ കാണുന്നതാണ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍. ഇന്ത്യയിലെ ഏക കണ്ടെയ്‌നര്‍ ടെര്‍മിനല്‍. ദുബായിയുടെ കൈയിലാണിപ്പോള്‍. 7620 കോടി രൂപ മുടക്കി അവര്‍ നിര്‍മ്മിച്ച ടെര്‍മിനല്‍ നമ്മുടേതാവാന്‍ 28 കൊല്ലം കഴിയണം. ഇനി ഇപ്പുറത്തേക്കൊന്നു നോക്കാം. ആ കാണുന്നതാണ് വെല്ലിങ്ടണ്‍ ഐലന്റ്. മനുഷ്യ നിര്‍മ്മിതമായ ഐലന്റ്. അവിടെയാണ് കൊച്ചിയിലെ ആദ്യത്തെ കയര്‍ഫാക്ടറി-ആസ്പിന്‍വാള്‍. നാവല്‍ കമാന്‍ഡിന്റെ ആസ്ഥാനം. അപ്പുറം കാണുന്നതാണ് ഫോര്‍ട്ട്‌കൊച്ചി. കൊച്ചിയുടെ ചരിത്രവും വര്‍ത്തമാനവും സിദ്ധിഖിന്റെ മൊഴികളില്‍ അനാവൃതമാവുമ്പോഴേക്കും കപ്പല്‍ അഴിമുഖം കടന്നിരുന്നു.

കടലില്‍ കയറിയതും കപ്പലിന്റെ സ്വഭാവം മാറാന്‍ തുടങ്ങി. ചാഞ്ചാട്ടം.  മൈക്കില്‍ പാട്ടൊഴുകാന്‍ തുടങ്ങി. ഗായസംഘവും ഉണര്‍ന്നു. പാട്ടിനൊത്ത് അവര്‍ യാത്രികരെ ആടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എല്ലാവരും പ്രായം മറന്നാടാന്‍ വയ്യാത്തവര്‍. ഇതെന്താ എല്ലാവരും ഒരു അവാര്‍ഡ് പടത്തിലിരിക്കും പോലെ. നിങ്ങള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ ദേശീയഗാനം പാടി അവസാനിപ്പിക്കും. സിദ്ധിഖിന്റെ ഭീഷണി കേട്ടതോടെ കുറച്ചു ചെറുപ്പക്കാര്‍ മുന്നോട്ടു വന്നു. അവര്‍ താളം ചവിട്ടാന്‍ തുടങ്ങി. വെറുതെ നിന്നു കൊടുത്താലും താളം ചവിട്ടിപോകും. കടലലകളുടെ  താളം.

ഒരു ദിനം, നാലുമാര്‍ഗം

അപ്പോഴാണ് ആന്റണി ചേട്ടന്‍ രംഗത്തെത്തിയത്. ഷിപ്പിലെ ഡീസല്‍മെക്കാനിക്കാണ് ചേട്ടന്‍. 'മേരെ, സപ്‌നേം കി റാണി കബ് ആയേഗാ തൂ..' പാട്ടിനൊത്ത് അദ്ദേഹം ചുവടുവെച്ച് താളത്തില്‍ ആടിയതോടെ അതുവരെ മടിച്ചുനിന്ന മധ്യവയസ്‌കരും പാട്ടിന്റെ ഭാഗമായി. 'കസ്തൂരിമാന്‍ മിഴി മലര്‍ശരമെയ്തു.. കല്‍ഹാര പുഷ്പങ്ങള്‍...' ജയന്‍ സ്റ്റെലില്‍ പാട്ടുമായി മനുവും. അങ്ങിനെയൊഴുകിയൊഴുകി കപ്പല്‍ തിരിച്ചു. വീണ്ടും കടലില്‍ നിന്ന് കായലില്‍ കയറിയതോടെ പാട്ടുകൊഴുത്തു. 'വൈ ദിസ് കൊലവെറി'യടക്കം എല്ലാ ഭാഷയും മിക്‌സ് ചെയ്തുകൊണ്ടൊരു ചങ്ങലപാട്ട്. യാത്ര അവസാനിക്കാറായപ്പോഴാണ് ഇതവസാനിക്കാതിരുന്നെങ്കില്‍ എന്നു എല്ലാവര്‍ക്കും തോന്നിതുടങ്ങിയത്.

മഴവില്‍പാലത്തിലൂടെ കായലോരം കണ്ടൊരു യാത്രയാണ് അടുത്തപടി. പക്ഷെ യാത്രികരില്‍ ഭൂരിഭാഗവും വിശ്വാസികളായതിനാല്‍ അവര്‍ക്ക് വല്ലാര്‍പാടം പള്ളിയിലൊന്നു പോകണം. അങ്ങിനെ ഒരു കൂട്ടര്‍ അങ്ങോട്ടും ബാക്കിയുള്ളവര്‍ മഴവില്‍പാലത്തിലും. പന്ത്രണ്ട് മണിക്ക് എല്ലാവരും രാവിലെ ഭക്ഷണം കഴിച്ച വെലോസിറ്റിയില്‍ തന്നെ എത്തണമെന്നാണ് നിര്‍ദ്ദേശം. അവിടെ മീനും കൂട്ടി നല്ലൊരു ഊണ്. ഒരുമണിയോടെ ഫോര്‍ട്ടുകൊച്ചിയിലേക്ക് നീങ്ങി. വാസ്‌കോഡഗാമയെ അടക്കിയ പള്ളി കണ്ടു. ബിനാലേ തെരുവുകളിലൂടെ നടന്നു. മട്ടാഞ്ചേരിയില്‍ ജൂതത്തെരുവും സിനഗോഗും മട്ടാഞ്ചേരി പാലസ് മ്യൂസിയവും കാണുമ്പോഴേക്കും കൊച്ചിയുടെ ചരിത്രവും വര്‍ത്തമാനവും ഏതാണ്ട് യാത്രികര്‍ക്ക് പരിചയമാവുന്നു. അതുകൊണ്ടു തന്നെ വിമാനത്തില്‍ കയറുന്നതിന്റെ കേവലകൗതുകം മാത്രമല്ല ഈ യാത്ര.

തിരിച്ച് എല്ലാവരും റെയില്‍വേസ്റ്റേഷനിലേക്ക് 5.25ന്റെ ജനശതാബ്ദിയില്‍ തിരുവനന്തപുരത്തേക്ക്. ഒമ്പതുമണിയോടെ അവിടെയെത്തി. എങ്ങിനെയുണ്ടായിരുന്നു യാത്ര? സഹയാത്രികനായ ജെറാള്‍ഡിനോട് ചോദിച്ചു. ''കൊള്ളാം. പള്ളിയില്‍ പോയിവരുന്നതുപോലെ കൈയും വീശിപോകാം. മനസുനിറഞ്ഞ് വരാം.'' ജെറാള്‍ഡിന്റെ കമന്റ്. ഞങ്ങളിത് ഒരാഴ്ച മുമ്പ് പഌന്‍ ചെയ്തത്. ഒരാള്‍ അറിഞ്ഞ് മറ്റൊരാളോട് പറഞ്ഞ് അവര്‍ അടുത്തയാളോട് പറഞ്ഞങ്ങിനെ പെട്ടെന്ന് 52 പേരെ കിട്ടി. ഒരു ബസിനുള്ള ആളായതുകൊണ്ട് എല്ലാം സൗകര്യമായി. നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള ഇടവകാംഗങ്ങളാണ് യാത്രാസംഘത്തില്‍. അക്കൂട്ടത്തില്‍ പെടാത്ത നാലുപേര്‍ വേറെയും. ഞങ്ങളിങ്ങനെ ഇടയ്‌ക്കൊക്കെ യാത്ര പോകാറുണ്ട്. എന്നാല്‍ കൂടുതലും ആത്മീയയാത്രകളാണ്. ഇത്തരമൊരു യാത്ര ഇതാദ്യമാണ്. ആറയൂര്‍ സെന്റ് എലിസബത്ത് ചര്‍ച്ച് വികാരി ഫാദര്‍ റോബര്‍ട്ട് പറഞ്ഞു. അവിടുത്തെ നവജീവന്‍ സീനിയര്‍ സിറ്റിസണ്‍ സൊസൈറ്റിയാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. മൂന്നാം ക്ലാസുകാരനായ ഗ്രഹാമിനോടും ചോദിച്ചു. ഏത് യാത്രയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്? കടല്‍യാത്ര. അവന്റെ മറുപടി പെട്ടെന്നായിരുന്നു. വിമാനത്തിലും കപ്പലിലും ആദ്യമായാണവന്‍ കയറുന്നത്.

ഒരു ദിനം, നാലുമാര്‍ഗം

കേരളസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ടൂര്‍ഫെഡ്. അഡ്വ. പഴകുളം മധുവാണ് ചെയര്‍മാന്‍.''ഇതിപ്പോള്‍ ഞങ്ങളുടെ 67ാമത്തെ യാത്രയാണ്.'' ടൂര്‍ഫെഡ് എം.ഡി പി.എസ്. രാജീവ് പറഞ്ഞു. കോഴിക്കോടു നിന്നും തൃശൂരില്‍ നിന്നും ഇതുപോലെ വ്യത്യസ്തമായ പാക്കേജുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇതുവരെ കിട്ടിയ ഫീഡ്ബാക്കില്‍ സഞ്ചാരികളെല്ലാം സംതൃപ്തരാണ്. കുറഞ്ഞചെലവില്‍ എല്ലാതരം യാതയുടെ ഹരവും ഒപ്പം ഒരു സ്ഥലം പരിചയപ്പെടുന്നതിന്റെ മെച്ചവും. അതു തന്നെയാണ് ഇതിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വിമാനത്തില്‍ കയറിയിട്ടില്ലാത്തവര്‍ക്ക് അതും ഒരു അവസരമാവുന്നു. ഇതയും കുറഞ്ഞ സംഖ്യയ്ക്ക് ഇതെല്ലാം സാധിക്കുന്നു എന്നതാണ് മുഖ്യ ആകര്‍ഷണം. ഗ്രൂപ്പായി ഒരു പതിനഞ്ചോ ഇരുപതോ പേര്‍ വന്നാല്‍ ഈ ടൂര്‍ സംഘടിപ്പിക്കാം. നാട്ടിന്‍പുറത്തുള്ള കൂട്ടായ്മകളും ചെറിയ ഗ്രൂപ്പുകളുമെല്ലാം താത്പര്യപൂര്‍വ്വം മുന്നോട്ടു വരുന്നുണ്ട്. ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ധാരാളമായി വരുന്നു. ഇതിനി പുറമെ ഗവി, വാഗമണ്‍, തേക്കടി, കുട്ടനാട് തുടങ്ങി നിരവധി പാക്കേജുകള്‍ ടൂര്‍ഫെഡിനുണ്ട്. അദ്ദേഹം പറഞ്ഞു.

A oneday innovative travel programme by Tour Fed.

Itinerary /Schedule
Departure TVM Domestic Airport 6.00 am Reaches Nedumbassery at 6.30 am
Transfer to Hotel at Ernakulam for Breakfast Sea Cruise in Sagara Rani from 9 am to 11 am  (time may change)
Lunch at Hotel Proceed to Fort Kochi and Mattancherry visit by bus
reach Ernakulam South Railway Station by 5 pm Get into train (Jan Shatabdi) at 5.25 pm to reach Trivandrum at 9 pm.
For details and reservation contact: Kerala State Co-operative Tourism Federation Limited, KSRA 111/A, Kunnukuzhi,Thiruvananthapuram 94473 45433 /94466 22788   info@tourfed.com

Other programmes
1-All in one tour from Calicut to Kochi and back.
travel by Air, Sea, Road and Rail & Reach destination within 24 hrs 
2-All in one plus tour from Thrissur to Kochi, Kanyakumari and Thiruvananthapuram and back travel by Air, Sea, Road, and Rail & Reach Destination 
Contact:For more details and reservation contact: Thrissur District Tourism Development Cooperative Society Ltd. Rays Complex, SankarIyer Road, Thrissur &  0487- 2388340, 9446828782
3-All in one tour from Kottayam/Idukki to Kochi and back travel bt Air, Sea, Road, and Rail & reach destination within 24 hrs at 
For more details and reservation contact: Kottayam District Tourism Development Co-operative Society, Menon Building, Sacred Heart Mount P.O., Kottayam & 9447075007 kottayamtourism@gmail.com

'Sagara rani' 
'Sagara rani' is the prestegeous vessel of the KSINC offering a luxurious trips in the back waters of Kochi. A trip in 'Sagararani' is an immemorable experiance to the tourists. KSINC offers a variety of cruises on board this vessel. All trips are with onboard entertainment.
With an exquisite Air-conditioned conference hall, DJ Floor, Restaurant etc. it is certainly an ideal venue for conducting many an events like Conferences, Meetings, Product Launches, Board Meetings, Parties and a number of other business and social gatherings. Get away from the ever crazy madness of metros and relax in absolute tranquility of the spectacular backwater ways of Kerala, whether for a business or personal get-together.
For Business Enquiries and Bookings: The Marketing Manager, 0484-2203614,2206232, Fax: 2206848  Marketing Manager 9846223888 Cruise Manager 9846211143.