അനന്തപുരിയുടെ അനന്തമായ ദൃശ്യ ഭംഗി ആസ്വദിക്കാമെന്ന് മാത്രമല്ല, ഏകാഗ്രത ആഗ്രഹിക്കുന്നവര്‍ക്കുള്ള വിശ്രമ സങ്കേതങ്ങള്‍കൂടി നല്‍കുകയാണ് ശാസ്താംപാറ. നഗരാതിര്‍ത്തിയില്‍നിന്നും ഏകദേശം ഏഴ് കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഉയരം കൂടിയ പാറകളും മലനിരകളും സ്ഥിതിചെയ്യുന്ന വിളപ്പില്‍ പഞ്ചായത്തിലെ കുരുവിലാഞ്ചി ശാസ്താംപാറയാണ് ടൂറിസം ഭൂപടത്തില്‍ പുതുതായി തെളിയുന്നത്.

വിളപ്പില്‍ശാലയിലെ ഇ.എം.എസ്. അക്കാദമിക്ക് സമീപത്തുള്ള ഈ പാറയില്‍നിന്നും നോക്കിയാല്‍ വിഴിഞ്ഞം തുറമുഖം, കോവളം കടല്‍ത്തീരം, ശഖുമുഖം, അഗസ്ത്യാര്‍കൂടം, പൊന്മുടി, നെയ്യാര്‍ ഡാം എന്നീ പ്രദേശങ്ങള്‍ കാണാന്‍ കഴിയും.

മൂക്കുന്നിമലയ്ക്ക് സമാനമായ ഉയരമുള്ള ശാസ്താംപാറ 14 ഏക്കറിലായി വ്യാപിച്ചിരിക്കുന്നു. ഇവിടത്തെ സൂര്യോദയവും അസ്തമനവും കന്യാകുമാരിയിലെ കാഴ്ചയ്ക്ക് തുല്യമാണെന്ന് അനുഭവസ്ഥരുടെ വിലയിരുത്തല്‍.

നിരവധി സഞ്ചാരികളെത്തുന്ന നെയ്യാര്‍ ഡാമിനും കോവളത്തിനുമിടയില്‍ ഒരിടത്താവളമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്.

ഇതിനായി 50 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. ലഘുഭക്ഷണശാല, മണ്ഡപങ്ങള്‍, വിശ്രമസങ്കേതങ്ങള്‍, പ്രവേശനകവാടം, ഭക്ഷണശാല, ഇരിപ്പിടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, വൈദ്യുതി-വെള്ളം എന്നിവയ്ക്കുവേണ്ടിയാണ് പ്രാരംഭഘട്ടം തുക അനുവദിക്കുന്നത്.

വിസ്തൃമായ പാറപ്പരപ്പിന് മുകളില്‍ വേനലിലും വറ്റാത്ത നീരുറവകളുണ്ട്. പാറമുകളിലെ പ്രാചീനമായ ശാസ്താക്ഷേത്രം ഇപ്പോള്‍ നാട്ടുകാര്‍ പുതുക്കി പണിയുകയാണ്.

ഇ.എം.എസ്. അക്കാദമിക്ക് സമീപത്തെ കടുമ്പുപാറയുമായി മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ ശാസ്താംപാറയിലേയ്ക്ക് റോപ്പ്‌വേ നര്‍മിച്ചാല്‍ വന്‍നേട്ടമാകും.