മേട്ടുപ്പാളയം: ഭവാനിപ്പുഴയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് നീലഗിരിയിലെ പൈതൃകതീവണ്ടിയുടെ സര്‍വ്വീസ് മുടങ്ങുവാന്‍ സാധ്യത.

തമിഴ്‌നാട് വൈദ്യുതി വകുപ്പായ ടാന്‍ജെഡ്‌കോ തങ്ങളുടെ ഉടമസ്ഥതയിലുള്ള വെല്‍സ്പുരം ജലവൈദ്യുതപദ്ധതിയിലേക്കായി വെള്ളം സംഭരിക്കുന്നതിനാല്‍  ഭവാനിപ്പുഴ ഇപ്പോള്‍ നീരൊഴുക് നിലച്ച അവസ്ഥയിലാണ്.  

bhvaniഒരാഴ്ച മുന്‍പും ടാന്‍ജെഡ്‌കോ സമാനമായ രീതിയില്‍ വെള്ളം തടയുകയും, ഇത് മേട്ടുപ്പാളയം, തിരുച്ചൂര്‍ മേഖലകളില്‍ കുടിവെള്ള വിതരണം മുടങ്ങാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. 

കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഇടപെട്ടാണ് പിന്നീട് അണക്കെട്ട് തുറന്ന് ഇവിടെ വെള്ളമെത്തിച്ചത്. ജനജീവിതത്തെ ബാധിക്കുന്ന രീതിയില്‍ പുഴയുടെ ഒഴുകിനെ തടയരുതെന്ന് കളക്ടര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ടാന്‍ജെഡ്‌കോ  വീണ്ടും ഭവാനിപ്പുഴയില്‍ ജലം തടഞ്ഞതാണ് നീലഗിരിയുടെ അഭിമാനമായ പൈതൃക തീവണ്ടിക്ക് ഭീഷണിയായിരിക്കുന്നത്.

ഊട്ടി - മേട്ടുപ്പാളയം പൈതൃക തീവണ്ടി ഒരു തവണ സര്‍വ്വീസ് നടത്തണമെങ്കില്‍ 8,000 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഭവാനിപ്പുഴയിലെ റെയില്‍വേ പൈതൃകപാലത്തിന് സമീപത്തെ പമ്പിംഗ് സ്റ്റേഷനില്‍ നിന്നുമാണ് നിലവില്‍ പൈതൃകതീവണ്ടിയിലേക്കും, സ്റ്റേഷനിലേക്കും റെയില്‍വേജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളിലേക്കുമുള്ള വെള്ളം  എടുക്കുന്നത്. 

ഒഴുക് നിലച്ച ഭവാനിപ്പുഴ വറ്റി വരണ്ടു തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പമ്പിംഗ് നടക്കുന്നില്ല, ഇതോടെ മണിക്കൂറുകള്‍ വൈകിയാണ് പൈതൃക തീവണ്ടികള്‍ ഓടുന്നത്. ഒരു ദിവസം 25,000 ലിറ്റര്‍ വെള്ളമാണ് ഒരു പൈതൃക തീവണ്ടിയുടെ സര്‍വ്വീസിന് ആവശ്യമായി വരുന്നത്. 

പൈതൃക തീവണ്ടി കൂടാതെ ചെന്നൈ-മേട്ടുപ്പാളയം ബ്ലൂമൗണ്ട് എക്‌സ്പ്രസ്സിനും, മേട്ടുപ്പാളയം-കോയമ്പത്തൂര്‍ പാസഞ്ചറിനും മേട്ടുപ്പാളയത്ത് നിന്നായിരുന്നു വെള്ളം നിറച്ചു കൊണ്ടിരുന്നത്. എന്നാല്‍ ജലക്ഷാമം കാരണം ഈ ട്രെയിനുകള്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ സ്റ്റേഷനില്‍ നിന്ന് ജലം ശേഖരിക്കുകയാണ്. 

ദിവസവും നാല് തവണയോളം സര്‍വ്വീസ് നടത്തുന്ന പൈതൃക തീവണ്ടി, ഓരോ സര്‍വ്വീസിന് ശേഷവും ശുചിയാക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ അതിനുള്ള വെള്ളവും ഇപ്പോള്‍ മേട്ടുപ്പാളയം സ്റ്റേഷന്‍ അധികൃതര്‍ക്ക് കണ്ടെത്തേണ്ടതുണ്ട്.  

വേനല്‍ക്കാലം തീരാന്‍ രണ്ട് മാസം കൂടി അവശേഷിക്കേ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പോ, റെയില്‍വേ അധികൃതരോ ഇതുവരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഭവാനിയിലെ അവശേഷിക്കുന്ന ജലം കൂടി വറ്റിവരണ്ടാല്‍ നൂറിലേറെ വര്‍ഷമായി തുടരുന്ന പൈതൃക തീവണ്ടിയുടെ ഓട്ടവും ഇനി അവസാനിപ്പിക്കേണ്ടി വരും.