മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കഴിഞ്ഞപ്പോള്‍ പൂര്‍ത്തിയാകുന്നത് ലോകത്തിലെ 51ാമത്തെ ചൊവ്വാദൗത്യമാണ്. മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷമുള്ള അമേരിക്കയുടെ ചൊവ്വാദൗത്യമായ മാവെന്‍ (മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വൊളറ്റൈല്‍ ഇവല്യൂഷന്‍) തിങ്കളാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കഴിഞ്ഞു. നാസയുടെ 21ാമത്തെ ചൊവ്വാദൗത്യമായ മാവെന്‍ ഇന്ത്യയുടെ മംഗള്‍യാന്‍ പദ്ധതിയെ അപേക്ഷിച്ച് ബൃഹത്തായ പദ്ധതിയാണ്.

1960ല്‍ അന്നത്തെ യു.എസ്.എസ്.ആര്‍. ആണ് ആദ്യമായി ചൊവ്വാദൗത്യത്തിനിറങ്ങിയത്. അത് പരാജയമായിരുന്നു. അക്കൊല്ലംതന്നെ അവര്‍ രണ്ട് ദൗത്യങ്ങള്‍ നടത്തുകയും ചെയ്തു. 1964ലാണ് അമേരിക്ക ഈ ദൗത്യവുമായി രംഗത്തെത്തിയത്. അതും പരാജയമായിരുന്നു. ആദ്യം സോവിയറ്റ് യൂണിയനില്‍നിന്നാണ് ചുവന്നഗ്രഹത്തെ ലക്ഷ്യംെവച്ച് പേടകമുയര്‍ന്നതെങ്കിലും ഏറ്റവും കൂടുതല്‍തവണ ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടത് അമേരിക്കയാണ്. 1971ലാണ് സോവിയറ്റ് യൂണിയന്റെ മാര്‍സ്3 ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമായത്. 1997 വരെ ഈ രണ്ടുരാജ്യംമാത്രമേ ചൊവ്വാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നുള്ളൂ. 1998ലാണ് ജപ്പാന്‍ ചൊവ്വാപഠനവുമായി രംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും 2011ല്‍ റഷ്യയുടെ ദൗത്യവുമുണ്ടായി. ഇതില്‍ ചൈനയുടെ ഒരു പരീക്ഷണ ഉപകരണവും ഉള്‍പ്പെടുത്തിയിരുന്നു. 2013ലാണ് ഇന്ത്യയുടെ ചൊവ്വാദൗത്യമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ അഥവാ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തെ ലക്ഷ്യംവെച്ച് ഉയര്‍ന്നത്. അമേരിക്ക ഇതുവരെ നടത്തിയ ചൊവ്വാദൗത്യങ്ങള്‍ 21 ആണെങ്കിലും വിജയം കണ്ടത് 15 എണ്ണമാണ്. റഷ്യയാകട്ടെ ഇതുവരെ നടത്തിയ 17 ദൗത്യങ്ങളില്‍ ഒന്നില്‍ മാത്രമേ സമ്പൂര്‍ണ വിജയം കൈവരിച്ചുള്ളൂ. 15 എണ്ണത്തിലും പരാജയം നേരിട്ട അവര്‍ക്ക് ഒരു ദൗത്യത്തില്‍ ഭാഗികമായി വിജയിക്കാനായി. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഒരു ചൊവ്വാദൗത്യം നടത്തിയെങ്കിലും അതില്‍ സമ്പൂര്‍ണവിജയം കൈവരിക്കാനായില്ല. ജപ്പാന്‍ 2008ല്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തു. റഷ്യചൈന സംയുക്ത ദൗത്യമാകട്ടെ വിജയംകണ്ടതുമില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ പദ്ധതി ആദ്യശ്രമത്തില്‍ത്തന്നെ വിജയംകണ്ടതിന്റെ പ്രാധാന്യം. ആദ്യശ്രമത്തില്‍ത്തന്നെ വിജയംകണ്ട മംഗള്‍യാന്‍ ബഹിരാകാശ ഗവേഷണരംഗത്തെ നാളെയുടെ ചവിട്ടുപടിയാണെന്ന് ചൂണ്ടിക്കാട്ടുന്നതും അതുകൊണ്ടാണ്.

ഇതുകൂടാതെ വരുംവര്‍ഷങ്ങളിലും വിവിധ ചൊവ്വാദൗത്യങ്ങള്‍ രാജ്യങ്ങള്‍ നടത്തുന്നുണ്ട്. 2016 മാര്‍ച്ചില്‍ ലോഞ്ചുചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നാസയുടെ ഇന്‍സൈറ്റ് അതില്‍ പ്രധാനപ്പെട്ടതാണ്.

പ്രധാനമായും ചൊവ്വയുടെ ആന്തരിക ഘടനയെക്കുറിച്ച് പഠിക്കാനുദ്ദേശിച്ചുള്ള പദ്ധതിയാണ് ഇന്‍സൈറ്റ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയുടെയും സംരംഭമാണിത്. 2016, 2018 വര്‍ഷങ്ങളിലായിരിക്കും ലോഞ്ച് നടക്കുക. 2020ലേക്കായി മാര്‍സ് 2020 എന്ന പദ്ധതിക്കും നാസ തുടക്കമിട്ടുകഴിഞ്ഞു. ചൈനയും അതേവര്‍ഷംതന്നെ ചൊവ്വയിലേക്ക് ഒരു റോവര്‍ അയയ്ക്കാനും 10 കൊല്ലത്തിനുശേഷം ചൊവ്വയില്‍നിന്നുള്ള സാമ്പിളുകള്‍ ഭൂമിയില്‍ എത്തിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.