തിരുവനന്തപുരം: മംഗള്‍യാന്റെ വിജയം രാജ്യത്തിന്റെ മുഴുവന്‍ വിജയമാണെന്നും അത് വാക്കുകള്‍ക്ക് അതീതമാണെന്നും ഗവര്‍ണര്‍ പി.സദാശിവം അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. ആദ്യ ചൊവ്വാദൗത്യം തന്നെ വിജയിച്ചത് ചരിത്രനേട്ടമാണെന്നും എല്ലാ ശാസ്ത്രജ്ഞരെയും മറ്റ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മംഗള്‍യാന്റെ ചരിത്രവിജയത്തിനായി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് പ്രവര്‍ത്തകരെയും സ്പീക്കര്‍ ജി. കാര്‍ത്തികേന്‍ അഭിനന്ദിച്ചു.
മംഗള്‍യാന്‍ യാത്ര വിജയിപ്പിച്ച ഐ.എസ്.ആര്‍.ഒ.യിലെ ഉദ്യോഗസ്ഥരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുമോദിച്ചു. നേതൃത്വം നല്‍കിയ മലയാളി ശാസ്ത്രജ്ഞരെ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മംഗള്‍യാന്റെ ചരിത്രവിജയത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു.

മംഗള്‍യാന്‍ വിജയത്തിലെത്തിച്ച ശാസ്ത്രജ്ഞരെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിനന്ദിച്ചു.