അരനൂറ്റാണ്ടിന് മുമ്പാണത്. തിരുവനന്തപുരത്തെ തുമ്പ മേരി മഗ്ദലിന്‍ പള്ളിയിലെ പ്രാര്‍ഥനാമുറി ബഹിരാകാശ ലബോറട്ടറിയായി മാറിക്കഴിഞ്ഞിരുന്നു. അവിടെ ഒരാള്‍ കര്‍മനിരതനാണ്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം. സഹപ്രവര്‍ത്തകരും കൂടെയുണ്ട്.
ഇന്ത്യയുടെ ആദ്യ സൗണ്ടിങ് റോക്കറ്റിന്റെ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകളാണ് അവിടെ നടക്കുന്നത്. അതെല്ലാം നടക്കണമെങ്കില്‍ ഭൂമി ഏറ്റെടുക്കണം. റെയില്‍വേ ലൈനിനും കടല്‍ത്തീരത്തിനും മധ്യേ രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ 600 ഏക്കര്‍ ഏറ്റെടുക്കലിന് പൊതുവേ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ, അവിടെ മനോഹരമായ ഒരു വലിയ പള്ളിയുണ്ടായിരുന്നു. മേരി മഗ്ദലിന്‍ പള്ളി. അക്കാര്യത്തില്‍ എന്തുചെയ്യും? ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളുടെ കാവലാളായിരുന്ന വിക്രം സാരാഭായി അന്നത്തെ ബിഷപ്പ് പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയെ ചെന്നുകണ്ട് വിവരം അറിയിക്കുകയായിരുന്നു. ബിഷപ്പ് എതിര്‍ത്തൊന്നും പറഞ്ഞില്ല. ഒരു വ്യവസ്ഥമാത്രം. സാരാഭായിതന്നെ പള്ളിയിലെത്തി വിശ്വാസികളെ ഇത് ബോധ്യപ്പെടുത്തണം. അദ്ദേഹം അതുചെയ്തു. ഇടവകാംഗങ്ങള്‍ സന്തോഷത്തോടെ അവരുടെ പള്ളിയും അതുള്‍പ്പെട്ട സ്ഥലവും ഇന്ത്യന്‍ ശാസ്ത്രക്കുതിപ്പിന് കൈമാറി.
''പള്ളിയിലെ പ്രാര്‍ഥനാമുറിയിലായിരുന്നു എന്റെ ആദ്യ ലബോറട്ടറി. ഡിസൈന്‍ ആന്‍ഡ് ഡ്രോയിങ്‌റൂം ബിഷപ്പിന്റെ മുറിയായിരുന്നു'' 'വിങ്‌സ് ഓഫ് ഫയറി'ല്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എഴുതുന്നു. പിന്നീടങ്ങോട്ട് ഇന്ത്യ ബഹിരാകാശയുഗത്തിലേക്ക് കാലൂന്നുകയായിരുന്നു.