ചൊവ്വയില്‍ എന്തുണ്ടെന്ന് അറിഞ്ഞിട്ട് സാധാരണക്കാരന് എന്തുനേട്ടം എന്ന് ചോദിച്ചാല്‍ അതിന് പെട്ടെന്നൊരു മറുപടി പറയാനാകില്ല. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഓര്‍ബിറ്ററിനെ എത്തിക്കുന്നത് ഇപ്പോഴെങ്കിലും നാം ചെയ്തില്ലെങ്കില്‍ ബഹിരാകാശ ഗവേഷണ രംഗത്ത് നാം ഒന്നുമല്ലാതായിപ്പോകുംഭാരതത്തിന്റെ ആദ്യ ഗ്രഹാന്തര യാത്രാദൗത്യമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ മുന്നൂറിലധികം ദിവസത്തെ കാത്തിരിപ്പിനുശേഷം വിജയകരമാകുമ്പോള്‍ ഈ രംഗത്തെ ആത്മവിശ്വാസത്തിന്റെ വിജയംകൂടിയാകുന്നു അത്. അമേരിക്കയും റഷ്യയുമൊക്ക നിരവധിതവണ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ദൗത്യം വിജയകരമായതെങ്കില്‍ ആദ്യശ്രമത്തില്‍ത്തന്നെ വിജയിച്ചാണ് ഗ്രഹാന്തരയാത്രയില്‍ നമ്മളും അനിഷേധ്യ ശക്തിയാണെന്ന് തെളിയിച്ചിരിക്കുന്നത്.

പൂര്‍ണമായും തദ്ദേശീയമായി ഉണ്ടാക്കിയെടുത്ത സാങ്കേതികവളര്‍ച്ചയാണ് മംഗള്‍യാന്‍ പദ്ധതിയുടെ വിജയത്തിനുപിന്നില്‍ എന്നതും ശ്രദ്ധേയമാണ്. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ചതുപോലെത്തന്നെ പ്രവേശിച്ചപ്പോള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നമ്മളുമായി കൂടുതല്‍ സഹകരണത്തിന് ഒരുങ്ങുകയാണ്. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് നാസയുടെ 'മാവെന്‍' എന്ന പേടകവും അവിടെ എത്തിക്കഴിഞ്ഞു. മാവെനില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളും മംഗള്‍യാനില്‍നിന്നുള്ള വിവരങ്ങളും ഇരുരാജ്യങ്ങളും സംയുക്തമായി വിശകലനം ചെയ്യാമെന്ന് കരാറുണ്ടാക്കുന്നതിന് നടക്കുന്ന ശ്രമങ്ങള്‍ നമ്മുടെ വലിയ നേട്ടമാണ്.

വന്‍വിജയമായിരുന്ന ചന്ദ്രയാന്‍ ഒന്നുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ തികച്ചും സങ്കീര്‍ണമായ സാങ്കേതികതയായിരുന്നു മാര്‍സ് ഓര്‍ബിറ്റര്‍ മിഷനുണ്ടായിരുന്നത്. ചന്ദ്രയാന്‍ പദ്ധതിയെ അപേക്ഷിച്ച് ദൂരക്കൂടുതലുള്ള ദൗത്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ 323 ദിവസം യാത്രചെയ്ത് പേടകത്തെ കൃത്യമായ വേഗത്തില്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നത് തികഞ്ഞ വെല്ലുവിളിതന്നെയായിരുന്നു. ഇതിനുപിന്നിലുള്ള സാങ്കേതിക ചേരുവകളും വെല്ലുവിളി നിറഞ്ഞതായിരുന്നു. വിജയകരമായി പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതീയ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കിയത്. അതുകൊണ്ടാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ വിജയം ആത്മവിശ്വാസത്തിന്റെ വിജയംകൂടിയാകുന്നത്.

എല്‍.പി.എസ്.സി.യില്‍ വികസിപ്പിച്ച് തയ്യാറാക്കിയ ലിക്വിഡ് അപോജി മോട്ടോര്‍ (ലാം) ആദ്യമായി മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലാണ് പ്രവര്‍ത്തനം നിര്‍ത്തിെവപ്പിക്കുകയും വീണ്ടും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തത്. തിരുവനന്തപുരം എല്‍.പി.എസ്.സി.യില്‍ നിര്‍മിച്ച ലാം മഹേന്ദ്രഗിരിയിലെ സിമുലേറ്ററില്‍ കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തിപ്പിച്ചും നിര്‍ത്തിെവച്ചും ദിവസങ്ങള്‍ക്കുശേഷം വീണ്ടും പ്രവര്‍ത്തിപ്പിച്ചുമൊക്കെ നിരവധി തവണയാണ് പരീക്ഷിച്ചത്. പരാജയപ്പെടില്ലെന്ന് പൂര്‍ണമായി ഉറപ്പുവരുത്തിയ ശേഷമായിരുന്നു അന്തിമമായി ഇത് പേടകത്തിന്റെ ഭാഗമായത്. ബുധനാഴ്ച പുലര്‍ച്ചയോടെ ലാം 'ഉറക്കത്തില്‍'നിന്ന് ഉണര്‍ന്ന് മുന്‍ നിശ്ചയപ്രകാരം പ്രവര്‍ത്തിച്ചതോടെ ചുവന്നഗ്രഹത്തിന്റെ പരിക്രമണപഥത്തിലേക്കുള്ള പേടകയാത്ര അന്തിമമായി വിജയത്തിലെത്തുകയും ചെയ്തു.

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വിജയമാകുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. സാധാരണക്കാരന് എന്ത് നേട്ടം എന്ന പതിവുചോദ്യം ഒന്ന്. മറ്റൊന്ന് ചന്ദ്രയാന്‍ രണ്ടിനുമുമ്പ് എന്തുകൊണ്ട് ഈ പദ്ധതിയിലേക്ക് പോയി. രാജ്യത്തെ ബഹിരാകാശ ഗവേഷണത്തിന് വലിയ ഗുണമാണെന്നതും ഉപയോഗിക്കുന്ന സാങ്കേതികതയിലെ വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമായെന്നതും പ്രധാനകാര്യം. മംഗള്‍യാനില്‍ ഉപയോഗിച്ച ഓട്ടോ മോഡ് സിസ്റ്റം ഇതിനൊരു ഉദാഹരണമാണ്. ചൊവ്വാദൗത്യം സംബന്ധിച്ച് നാസയുടെയും മറ്റ് രാജ്യങ്ങളുടെയുമൊക്കെ ലക്ഷ്യം ഒന്നാെണങ്കിലും പേടകങ്ങളില്‍ ഉപയോഗിക്കുന്ന പരീക്ഷണ ഉപകരണങ്ങളും പ്രവര്‍ത്തനങ്ങളും വ്യത്യസ്തമാണ്.

ഇനിയുള്ള പദ്ധതികള്‍ക്ക് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ വിജയം വലിയ ചവിട്ടുപടിയാണ്. അതേസമയം, ചൊവ്വയില്‍ എന്തുണ്ടെന്ന് അറിഞ്ഞിട്ട് സാധാരണക്കാരന് എന്തുനേട്ടം എന്ന് ചോദിച്ചാല്‍ അതിന് പെട്ടെന്നൊരു മറുപടി പറയാനാകില്ല. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഓര്‍ബിറ്ററിനെ എത്തിക്കുന്നത് ഇപ്പോഴെങ്കിലും നാം ചെയ്തില്ലെങ്കില്‍ ബഹിരാകാശ ഗവേഷണരംഗത്ത് നാം ഒന്നുമല്ലാതായിപ്പോകും. ഇപ്പോഴത്തെ നമ്മുടെ നേട്ടം നാസ ഉള്‍െപ്പടെയുള്ള സ്ഥാപനങ്ങള്‍ കൃത്യമായിത്തന്നെ വീക്ഷിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ നാസയുടെ ചൊവ്വാദൗത്യത്തിനപ്പുറത്ത് നമുക്ക് എന്ത് കണ്ടെത്താനാകുമെന്ന ചോദ്യത്തിന് പ്രസക്തിയൊന്നുമില്ല. എന്തുവിവരങ്ങള്‍ നമുക്ക് ലഭിക്കുമെന്നത് മുന്‍കൂട്ടി പറയാനുമാകില്ല. എന്നാല്‍, ചന്ദ്രയാന്‍വഴി നമുക്ക് ലഭിച്ചപോലെ വിലയേറിയ വിവരങ്ങള്‍ കിട്ടിക്കൂടെന്നുമില്ല. ചന്ദ്രനിലെ ജലസാന്നിധ്യം തിരിച്ചറിഞ്ഞത് ഭാരതമാണ്. നിരവധി വിശകലനങ്ങള്‍ക്കുശേഷം നാസ ഉള്‍പ്പെടെയുള്ളവ അത് ശരിെവക്കുകയായിരുന്നു.

ചന്ദ്രയാന്‍ രണ്ടിനെയും ചൊവ്വാദൗത്യത്തെയും കൂട്ടിയോജിപ്പിക്കേണ്ടതില്ല. ജി.എസ്.എല്‍.വി. രണ്ട് വിജയകരമായാലേ നമുക്ക് ചന്ദ്രയാന്‍ രണ്ട് സാധ്യമാകൂ. 2013 നവംബര്‍ അഞ്ച് കഴിഞ്ഞാല്‍ ചൊവ്വാദൗത്യത്തിന് അനുയോജ്യമായ സമയം പൈട്ടന്ന് കിട്ടുമായിരുന്നില്ല. ഭൂമിക്ക് ഇത്രയധികം അടുത്തായി ചൊവ്വ എത്തുന്നതിന് വീണ്ടും കാത്തിരിക്കേണ്ടിവരുമായിരുന്നു. അനുയോജ്യ സമയത്തിനായി കാത്തിരിക്കുക, അല്ലെങ്കില്‍ ജി.എസ്.എല്‍.വി. രണ്ട് വരുന്നതുവരെ കാത്തിരുന്ന് കൂടുതല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ദൗത്യം പൂര്‍ത്തിയാക്കുക. എന്നാല്‍, കിട്ടിയ അവസരം നാം പാഴാക്കാതെ പദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു. അതിനാല്‍ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ തിടുക്കത്തിലായി എന്ന് കരുതേണ്ടതുമില്ല. റോക്കറ്റ് സയന്‍സ് എന്നത് ആത്മവിശ്വാസം ഉണ്ടെങ്കില്‍മാത്രം ചെയ്യാന്‍പറ്റുന്ന കാര്യമാണ്. ഓരോ വിക്ഷേപണവും ആ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുകയാണ്. ആ ആത്മവിശ്വാസമാണ് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തെ മുന്നോട്ടുനയിക്കുന്നതും.

നാസ, മാവെനുവേണ്ടി വളരെ ദൂരംകുറഞ്ഞ റൂട്ടാണ് തിരഞ്ഞെടുത്തത്. നമുക്ക് കൈവരിക്കാനാകുന്ന വേഗത്തിന്റെയും കൊണ്ടുപോകാനാകുന്ന ഉപകരണങ്ങളുടെ എണ്ണത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ദൈര്‍ഘ്യമേറിയ റൂട്ട് തിരഞ്ഞെടുത്തെങ്കിലും മംഗള്‍യാന്‍ ദൗത്യത്തില്‍ വിജയിക്കുകയായിരുന്നു നമ്മള്‍.


(തിരുവനന്തപുരത്തെ വി.എസ്.എസ്.സി. ഡയറക്ടറാണ് ലേഖകന്‍)