ഭൂമിയില്‌നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ തകര്ച്ചയുടെ കഥ പറയുന്ന 2013ലെ ഹോളിവുഡ്ചിത്രം ഗ്രാവിറ്റിയുടെ നിര്മാണച്ചെലവ് പത്തുകോടി ഡോളറിലേറെ (610 കോടി രൂപ)യായിരുന്നു. എന്നാല്, ചന്ദ്രനും കടന്ന് ചുവന്നഗ്രഹത്തിലേക്ക് ഇന്ത്യ അയച്ച യഥാര്ഥ ബഹിരാകാശപേടകത്തിന്റെ നിര്മാണത്തിനും പദ്ധതിക്കും ആകെ ചെലവായത് 450 കോടി രൂപയോളമാണ് (അതായത് 7.4 കോടി ഡോളര്).
അമേരിക്കന് ബഹിരാകാശ ഏജന്‌സിയായ നാസ ചൊവ്വയിലേക്കയച്ച ക്യൂരിയോസിറ്റിക്ക് 200 കോടി ഡോളറിലേറെ ചെലവിട്ടു (ഏതാണ്ട് 12,000 കോടി രൂപ). മംഗള്യാന് ദിവസങ്ങള്മുമ്പ് ചൊവ്വയിലെത്തിയ നാസയുടെ മാവെന് പേടകത്തിന് ചെലവുവന്നത് 67.9 കോടി ഡോളറും (4139 കോടി രൂപ). അത് വികസിപ്പിക്കാന് അഞ്ചുവര്ഷമെടുത്തെന്നുകൂടി ഓര്ക്കണം. മംഗള്യാനാകട്ടെ ഒന്നരക്കൊല്ലംകൊണ്ടാണ് പൂര്ത്തിയാക്കിയത്.
സരസമായ സോഷ്യല് മീഡിയ കമന്റുകള് കടമെടുത്താല് വെറും ഓട്ടോക്കാശിനാണ് നമ്മള് ചൊവ്വയിലെത്തിയത്, കിലോമീറ്ററിന് വെറും 11 രൂപയ്ക്ക്. 610 കോടി രൂപ മുടക്കി നിര്മിച്ച സിനിമയിലെ ബഹിരാകാശപേടകം ചന്ദ്രനില്‌പോലുമെത്താതെ തകര്ന്നു പോയപ്പോള് (ബോക്‌സ് ഓഫീസ് വിജയം മറക്കുന്നില്ല) 450 കോടി രൂപ മുടക്കിയ നമ്മുടെ ചൊവ്വാദൗത്യം വന് വിജയമായി.
അങ്ങനെയാണ് ലോകം കണ്ടിട്ടില്ലാത്ത മഹാത്ഭുതങ്ങളിലൊന്നായി മംഗള്യാന് മാറിയത്. ജനങ്ങളെ മുഴുവനായും മൂന്നുനേരം ഊട്ടാന് കഴിയാതിരുന്നിട്ടും ലക്ഷ്യംകണ്ട ഇന്ത്യയുടെ ഇച്ഛാശക്തിയെയാണ് ലോകം പുകഴ്ത്തുന്നത്. ഇവിടെയാണ് 1960ല് ആരംഭിച്ച ഐ.എസ്.ആര്.ഒ.യെന്ന ഇന്ത്യന് ബഹിരാകാശ ഗവേഷണകേന്ദ്രത്തെ നമ്മള് നമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ നാസയ്ക്ക് ലഭിച്ച സൗഭാഗ്യമൊന്നും ഐ.എസ്.ആര്.ഒ.യ്ക്ക് ലഭിച്ചിട്ടില്ലെന്നുകൂടി ഓര്ക്കണം.
നാസയും യൂറോപ്യന് യൂണിയനും റഷ്യയും ചേര്ന്ന് നാല്പതിലേറെ ചൊവ്വാദൗത്യങ്ങള് നടത്തിയെങ്കിലും വിജയിച്ചത് വെറും 18 എണ്ണം മാത്രം. ചൈന 2011ല് വിക്ഷേപിച്ച ആദ്യ ചൊവ്വാദൗത്യം ഭൂമിയുടെ പ്രദക്ഷിണ വലയം കടക്കാനാകാതെ തളര്ന്നുവീണു. 1999ലെ ജപ്പാന്റെ ദൗത്യവും പരാജയപ്പെട്ടു. എന്നാല്, ഇന്ത്യ അതിന്റെ ആദ്യദൗത്യത്തില്തന്നെ വിജയം കണ്ടു.
നാസ ബഹിരാകാശ ഗവേഷണങ്ങള്ക്കായി പ്രതിവര്ഷം 1750 കോടി ഡോളര് ചെലവിടുമ്പോള് ഇന്ത്യ പ്രതിവര്ഷം ചെലവിടുന്നത് 120 കോടി ഡോളര്മാത്രം. നാസയുടെ മാവെന് ദിവസങ്ങള്മുമ്പേ ചൊവ്വയിലെത്തിയിട്ടും മംഗള്യാന് എന്തേ വൈകിപ്പോയോ എന്ന വിമര്ശനങ്ങള് നിലംതൊടാതെ പോയതും അതുകൊണ്ടാണ്.