ബാംഗ്ലൂര്‍: ആദ്യ ശ്രമത്തില്‍ ചൊവ്വയിലെത്തിയ ഇന്ത്യയുടെ നേട്ടം ഗംഭീരവും ചരിത്രപരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മംഗള്‍യാന്റെ വിജയം ബാംഗ്ലൂരിലുള്ള ഐ.എസ്.ആര്‍.ഒ.യുടെ 'ഇസ്ട്രാക'് നിലയത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു പ്രധാനമന്ത്രി. 'മോം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) മംഗളിനെ കണ്ടു. മംഗളിന് മോമിനെ കിട്ടി. മോം നമ്മെ നിരാശപ്പെടുത്തില്ലെന്ന് താന്‍ ഉറച്ചുവിശ്വസിച്ചിരുന്നു'-അദ്ദേഹം പറഞ്ഞു.

നമ്മുടെ ശാസ്ത്രജ്ഞര്‍ ആദ്യശ്രമത്തില്‍ത്തന്നെ നേടിയിരിക്കുന്നു. ഇതു ലോകത്ത് ആദ്യം. അങ്ങനെ ചരിത്രം കുറിച്ചിരിക്കുന്നു. അറിഞ്ഞുകൂടാതിരുന്നതിനെ എത്തിപ്പിടിക്കാന്‍ നമ്മള്‍ ധൈര്യപ്പെട്ടു. അസാധ്യതയുടെ വക്കിലിരുന്നതിനെ നേടുകയും ചെയ്തു. ഐ.എസ്.ആര്‍.ഒ. ബുദ്ധിയും കഠിനാധ്വാനവും ശീലമാക്കിയതുകൊണ്ടാണ് ഇതിനു കഴിയുന്നത്. അറിയാത്തതിനെ തിരിച്ചറിയാനുള്ള ഉത്സാഹം ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ക്കുള്ളതുപോലെ മറ്റാര്‍ക്കുമില്ല.

ഈ ചരിത്രമുഹൂര്‍ത്തത്തില്‍ ഐ.എസ്.ആര്‍.ഒ.യിലെ എല്ലാവരെയും രാജ്യത്തെ ജനങ്ങളെയും അഭിനന്ദിക്കുന്നു. അറുപത്തഞ്ചുകോടി കിലോമീറ്റര്‍ സഞ്ചാരം മനുഷ്യര്‍ക്ക് ഭാവനചെയ്യാന്‍പോലും പറ്റില്ല. അവിടെയാണ് നമ്മുടെ ദൗത്യമെത്തിയത്. നേട്ടങ്ങളിലൂടെ മുന്‍ഗാമികളെ നമ്മുടെ ശാസ്ത്രജ്ഞര്‍ ആദരിച്ചിരിക്കുകയാണ്. രാജ്യമെന്ന നിലയില്‍ നമുക്ക് എന്തുചെയ്യാനാകുമെന്നതിന്റെ തിളങ്ങുന്ന അടയാളമാണ് ഈ ജയം. കരുത്തോടെയും പ്രതിബദ്ധതയോടെയും മുന്നോട്ടുപോകാന്‍, കൂടുതല്‍ വെല്ലുവിളികളുള്ള ദൗത്യങ്ങളും വിജയിക്കാനുള്ള അവസരമാണിനി.

ഈ നേട്ടം വരുംതലമുറകളെ പ്രചോദിപ്പിക്കും. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കാഴ്ചപ്പാട് നമ്മുടെ ദൗത്യം ചന്ദ്രനിലെത്താന്‍ പ്രചോദനമായി. ചന്ദ്രയാന്റെ വിജയമാണ് മംഗള്‍യാനിലേക്ക് നയിച്ചത്. 'ജഗദ്ഗുരു ഭാരത്' എന്ന ധര്‍മം ആധുനിക ഇന്ത്യ തുടരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.