
തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തര ദൗത്യമായ മാഴ്സ് ഓര്‍ബിറ്റര്‍ മിഷന് വിജയത്തിലേക്കെത്തിയപ്പോള്‍ പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ച ലാം എന്ജിന് രൂപകല്‍പ്പന ചെയ്ത കെ. ശിവരാമകൃഷ്ണന് നായര്‍ക്കും അത് അഭിമാനനിമിഷം.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലിക്വിഡ് അപോജി മോട്ടോര്‍ (ലാം) രൂപ കല്‍പ്പന ചെയ്തത് വിക്രം സാരാഭായ് സ്പേസ് സെന്ററിലെ അന്നത്തെ രൂപകല്‍പ്പനാ വിഭാഗത്തിന്റെ തലവന്‍ ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. 1984ല്‍ രൂപകല്‍പ്പന ആരംഭിച്ച ലാം 1989 അവസാനത്തോടെയാണ് സിമുലേഷന്‍ പരീക്ഷണം തുടങ്ങിയത്. സൈക്കിളില്‍ വച്ചുകെട്ടി പരീക്ഷണസ്ഥലത്തേക്ക് എന്ജിന് എത്തിച്ചതില്‍ നിന്ന് ഇന്ന് അത്യാധുനിക സംവിധാനങ്ങളിലേക്ക് നമ്മുടെ സൗകര്യങ്ങള്‍ മാറിയതിലും രാമകൃഷ്ണന് നായര്‍ക്ക് സന്തോഷം.
ഇന്സാറ്റിന് വേണ്ടി എന്ജിന് തയ്യാറാക്കാനായിരുന്നു പദ്ധതി സമര്‍പ്പിച്ചത്. എന്നാല്‍ പീന്നീട് അമേരിക്കയില്‍ നിന്ന് മക്വാര്ട്ട് എന്ജിന് ഇറക്കുമതി ചെയ്തു. ആദ്യത്തെ രണ്ട് ദൗത്യങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ സ്വന്തമായി എന്ജിന് വികസിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ശിവരാമകൃഷ്ണന് പറയുന്നു.
1984-ല്‍ എന്‍ജിന്റെ രൂപകല്‍പ്പന ആരംഭിച്ചു. ഉറക്കമില്ലാത്ത ദിവസങ്ങള്‍ക്കൊടുവില്‍ 1992-ല്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ ഉപയോഗിക്കാന്‍ പാകമായ തരത്തില്‍ എല്ലാ പരീക്ഷണങ്ങളും വിജയിച്ചു. ഇന്നത്തെ എല്‍.പി.എസ്.സി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലായിരുന്നതിനാല് തുമ്പയില്‍ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ തന്നെയായിരുന്നു എന്ജിന് രൂപകല്‍പ്പന ചെയ്തതും ഹൈ ആള്‍ട്ടിറ്റിയൂഡ് പരീക്ഷണങ്ങള്‍ നടത്തിയതും.
അന്ന് പരീക്ഷണത്തിനായി എന്ജിന് സൈക്കിളില്‍ വെച്ച് കൊണ്ടുപോയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിമാനത്തോടെയാണ് ശിവരാമകൃഷ്ണന് നായര്‍ ഓര്‍മ്മിക്കുന്നത്. ഇന്‍സാറ്റ് രണ്ട് ശ്രേണിയിലും ചന്ദ്രയാന്‍ ദൗത്യത്തിലുമൊക്കെ ഈ എന്ജിന് തന്നെയാണ് ഉപയോഗിച്ചത്. 100 ശതമാനവും വിശ്വസിക്കാന്‍ പറ്റുന്നതാണ് എന്ജിനെന്നതിനാല് 300 ദിവസത്തോളം 'ഉറക്ക'ത്തിലായിരുന്ന ലാം ഇക്കഴിഞ്ഞ തിങ്കളാഴ്ച മടിയൊന്നുമില്ലാതെ ജ്വലിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും ശിവരാമകൃഷ്ണന് നായര്‍ പറഞ്ഞു.
ലാമിന്റെ ആശയം മറ്റിടങ്ങളില്‍ നിന്ന് കൈക്കൊണ്ടതാണെങ്കിലും എന്ജിന് പൂര്‍ണമായും തദ്ദേശീയ സാങ്കേതികതയില്‍ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിനപ്പുറത്തേക്ക് മംഗള്യാന് പേടകത്തെ കടത്തുന്നതിന് ഏഴു പ്രാവശ്യമാണ് ലാം എന്ജിന് ജ്വലിപ്പിച്ചത്. അവസാനമായി ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് പ്രവര്‍ത്തിപ്പിച്ചത്. മംഗള്യാന് ദൗത്യം വിജയിച്ചത് ഈ രംഗത്തെ വലിയൊരു കാല്‍വെയ്പാണെന്നും അദ്ദേഹം പറഞ്ഞു. 1992-ല്‍ ശിവരാമകൃഷ്ണന് നായര്‍ വി.എസ്.എസ്.സിയില്‍ നിന്ന് സ്വയം വിരമിക്കല്‍ വാങ്ങി കെല്‍ടെക്കില്‍ ചേരുകയായിരുന്നു.