ബാംഗ്ലൂര്‍: മംഗള്‍യാന് കരുത്തുകൊടുത്ത തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും വിജയാഹ്ലാദത്തിലും മുന്നില്‍. വലിയ മലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍(എല്‍.പി.എസ്.സി.)നിന്നും വട്ടിയൂര്‍ക്കാവിലെ ഐ. എസ്.ആര്‍.ഒ. ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റില്‍ (ഐ.ഐ. എസ്.യു.)നിന്നും വന്നവരാണിവര്‍.

എല്‍.പി.എസ്.സി. ഡയറക്ടര്‍ തമിഴ്‌നാട് സ്വദേശി കെ. ശിവന്റെ നേതൃത്വത്തിലാണ് അവിടെനിന്നുള്ളവര്‍ എത്തിയത്. ലാം എന്‍ജിന്റെ ചുമതലക്കാരന്‍ പി. അരുണ്‍കുമാര്‍, കണ്‍ട്രോള്‍ സിസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ഇന്ധന വാല്‍വ് വിഭാഗത്തിന്റെ ഗ്രൂപ്പ് മേധാവി വെങ്കിട്ടരാമന്‍, എന്‍ജിന്‍ വിഭാഗം ഉപമേധാവി രാജീവ് സേനന്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

വട്ടിയൂര്‍ക്കാവ് കേന്ദ്രമാണ് മംഗള്‍യാന് സ്വയം പുറം തിരിയാനുള്ള യൂണിറ്റുകളും സെന്‍സറുകളും അനുബന്ധ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തത്. ഗ്രൂപ്പ് മേധാവി വി. ടി. സദാശിവനാചാരി, മംഗള്‍യാനിലെ മെന്‍കാ പഠന ഉപകരണത്തിന്റെ പ്രോജക്ട് മാനേജര്‍ പി. പ്രദീപ്കുമാര്‍, ഗൈറോസ്‌കോപ്പ് വിഭാഗം മേധാവി ജി. ഗോപാലകൃഷ്ണന്‍ നായര്‍, ലൂബ്രിക്കേഷന്‍ സിസ്റ്റംസ് മേധാവി ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവരും എത്തിയിരുന്നു.