ഇരിങ്ങാലക്കുട:
ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യം വിജയമായതോടെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലും ജന്മഗൃഹമായ കോപ്പുള്ളി തറവാട്ടിലും ആഹ്ലൂദം അലതല്ലി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തറവാട്ടില്‍ നേരിട്ടെത്തി അഭിനന്ദിച്ചും മധുരം വിതരണം ചെയ്തും ആഹ്ലൂദത്തില്‍ പങ്കുചേര്‍ന്നു. ഏറെ ആകാംക്ഷയോടെയാണ് ബുധനാഴ്ച രാവിലെ കോപ്പുള്ളി തറവാട്ടില്‍ രാധാകൃഷ്ണന്റെ അമ്മായി കല്ല്യാണിക്കുട്ടിയമ്മയും അവരുടെ മകള്‍ ശാന്തയും കുടുംബവും ടി.വി.ക്ക് മുന്നില്‍ കാത്തിരുന്നത്.

ഒമ്പതരയോടെ വീട്ടിലേയ്ക്ക് വിളിച്ച് അമ്മായിയോട് ഡോ. രാധാകൃഷ്ണന്‍ ആഹ്ലൂദം പങ്കുവെച്ചു. ടി.വിയില്‍ കണ്ടിരുന്നോയെന്നായിരുന്നു അമ്മായിയോടുള്ള ചോദ്യം. ഏറെ വയസ്സായെങ്കിലും രാധാകൃഷ്ണനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ ഉത്സാഹം കാണിച്ചു. ചെറുപ്പം മുതല്‍ രാധാകൃഷ്ണനെ നോക്കിവളര്‍ത്തിയത് താനാണെന്ന് അഭിമാനത്തോടെ പറഞ്ഞ കല്ല്യാണിക്കുട്ടി ടീച്ചര്‍ നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടല്‍മാണിക്യസ്വാമിയുടെ അനുഗ്രഹവും കൊണ്ടാണ് ദൗത്യം വിജയത്തിലെത്തിയതെന്ന് പറഞ്ഞു. ഓരോ പ്രോജക്ടിനൊരുങ്ങുമ്പോഴും കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തി തൊഴുന്നത് പതിവാണെന്നും അമ്മായി ഓര്‍മ്മിച്ചു. ദൗത്യം വിജയമായതോടെ സ്‌കൂളുകളില്‍ നിന്ന് പൂക്കളും മധുരങ്ങളുമായി സ്‌കൂള്‍ കുട്ടികളടക്കമുള്ളവരും കോപ്പുള്ളി തറവാട്ടിലെത്തി.