മുംബൈ: വെടിക്കെട്ടുകള്‍ വിന്ഡീസുകാരന് ക്രിസ് ഗെയ്ലിനു മാത്രം അവകാശപ്പെട്ടതാണെന്ന് ആരു പറഞ്ഞു. ഗെയ്ലിനെപ്പോലും ഞെട്ടിക്കുന്ന വെടിമരുന്ന് കൈയിലുണ്ട് വെറും അസോസിയേറ്റുകാരനായ മുഹമ്മദ് ഷെഹ്സാദിന്. സംശയമുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കെയ്ല്‍ അബോട്ടിനോടോ റബാഡയോടോ ചോദിക്കാം. ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഷഹസാദിന്റെ കൈക്കരുത്തിന്റെ ചൂട് ശരിക്കും അറിഞ്ഞവരാണ് ഇരുവരും. 19 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ കശാപ്പു ചെയ്തുകഴിഞ്ഞിരുന്നു ഷഹ്സാദ്. അഞ്ച് സിക്സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഷഹ്സാദിന്റെ ഞെട്ടിക്കുന്ന ഇന്നിങ്സ്.
റബാഡ എറിഞ്ഞ ഇന്നിങ്സിലെ രണ്ടാം ഓവറില്‍ തുടങ്ങിയതാണ് ഷഹ്സാദിന്റെ താണ്ഡവം. ഓഫ് സ്റ്റമ്പിന് പുറത്തുകൂടി പറന്ന പന്ത് കവറിലൂടെ സിക്സ്. അടുത്ത പന്ത് ബൗണ്ടറി. അടുത്ത ഓവര്‍ എറിയാനെത്തിയ അബ്ബോട്ടാണ് ശരിക്കും പ്രഹരമേറ്റത്. ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും പന്ത് നിലം തൊടാതെ ഗ്യാലറിയില്‍. ആറാമത്തെ പന്തില്‍ ബൗണ്ടറി. ഈയൊരൊറ്റ ഓവറില്‍ നിന്ന് ഇരുപത് റണ്‍സ്. റബാഡ എറിഞ്ഞ മൂന്നാമത്തെ ഓവറിന്റെ നാലാമെ പന്തില്‍ ബൗണ്ടറി നേടിയ ഷഹ്സാദ് അഞ്ചാമത്തെ പന്ത് ഫൈന്‍ ലെഗ്ഗിലൂടെ വീണ്ടും സിക്സ് പറത്തി. ഒരൊറ്റ ട്വന്റി 20 ലോകകപ്പില്‍ ആദ്യമായി രണ്ട് രണ്ടു തവണ ടോട്ടല്‍ 200 റണ്‍ കടത്തിയ ദക്ഷിണാഫ്രിക്ക ശരിക്കും ആടിയുലഞ്ഞ നിമിഷം. നാലാം ഓവറിന്റെ അവസാന പന്തില്‍ മോറിസ് ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും ഒരു അപൂര്‍വ റെക്കോഡ് കൂടി സ്വന്തമാക്കിയാണ് ഷെഹ്സാദ് മടങ്ങിയത്. ട്വന്റി 20യില്‍ 50 സിക്സര്‍ നേടുന്ന അസോസിയേറ്റ് രാജ്യത്തില്‍ നിന്നുള്ള താരമായിരിക്കുകയാണ് ഷഹ്സാദ്. 46 ട്വന്റി 20 കളിച്ച ഷെഹ്സാദിന്റെ സിക്സര്‍ സമ്പാദ്യം ഇപ്പോടെ 54 ആയിരിക്കുകയാണ്. ബൗണ്ടറികളുടെ സമ്പാദ്യം 140 ഉം. 98 സിക്സറുമായി സാക്ഷാല്‍ ഗെയ്ല് അരങ്ങുവാഴുന്ന റെക്കോഡ് പട്ടികയില്‍ പത്താമനാണ് ഷഹ്സാദ്. മക്കല്ലം (91), ഷെയ്ന് വാട്സണ് (79) ഗുപ്ടില്‍ (73), ഡേവിഡ് വാര്‍ണര്‍ (73), യുവരാജ് സിങ് (70), ഷാഹിദ് അഫ്രീദി (70), മോര്ഗന് (59), ജെ പി. മോര്ഗന് (56) എന്നിവരാണ് ഷഹ്സാദിന് മുന്നില്‍.
ക്രിക്കറ്റിലെ എല്ലാ കോപ്പിബുക്ക് ശൈലികളും നാണിച്ച് തല താഴ്ത്തും ധോനിയുടെ കടുത്ത ആരാധകനായ ഷഹ്സാദിന്റെ ബാറ്റിങ്ശൈലിക്ക് മുന്നില്‍. ഒട്ടും ചാരുതയില്ലെങ്കിലും കണിശമാണ് ആ ഷോട്ടുകള്‍. അത്ര തന്നെ ശക്തവും. ഷോട്ടിന് ഭംഗി ഉണ്ടായാലും ഇല്ലെങ്കിലും അതില്‍ നിന്ന് റണ്‍സ് തടസ്സമില്ലാതെ ഒഴുകും. ഷഹ്സാദിനെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമെന്ന് വിശേഷിപ്പിച്ചവരുണ്ട്. വിശേഷണം എന്തു തന്നെ വേണമെങ്കിലും ആയിക്കോട്ടെ. ഷഹ്സാദ് ക്രീസിലുണ്ടെങ്കില്‍ റണ്‍സിന് മാത്രം പഞ്ഞമുണ്ടാവില്ല.