നാഗ്പൂര്‍: ലോക ട്വന്റി-20യിലെ ഏറ്റവും വലിയ അട്ടിമറിയാണ് അഫ്ഗാന്‍-വിന്‍ഡീസ് മത്സരത്തില്‍ നടന്നത്. വമ്പന്‍ ടീമുകള്‍ക്കെതിരെ മൂന്ന് തുടര്‍ജയങ്ങളുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ വിന്‍ഡീസിനെ അഫ്ഗാനിസ്ഥാന്‍ ആറ് റണ്‍സിന് തോല്‍പിച്ചു. എന്നാല്‍ അഫ്ഗാന്റെ വിജയത്തേക്കാള്‍ ശ്രദ്ധ നേടിയത് അവരുടെ വിജയാഘോഷമാണ്. കാരണം വിജയാഘോഷത്തില്‍ അവര്‍ക്കൊപ്പം പങ്കുചേര്‍ന്നത് സാക്ഷാല്‍ ക്രിസ് ഗെയ്‌ലാണ്.

തോറ്റ ടീമിലെ താരം ജയിച്ച ടീമിന്റെ വിജയാഘോഷത്തില്‍ പങ്കുചേരുക, കായിക ചരിത്രത്തിലെ തന്നെ അപൂര്‍വതയാകും ഇത്. ടീം സെമിയിലെത്തിയതിനാല്‍ അപ്രസക്തമായ കളിയില്‍ ഗെയ്ല്‍ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നില്ല. 

മത്സര ശേഷം ഗ്രൗണ്ടിലെത്തിയ ഗെയ്ല്‍ അഫ്ഗാന്‍ താരങ്ങളെ അഭിനന്ദിച്ചു. അവര്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വച്ചു. ഇതോടെ അഫ്ഗാന്‍ താരങ്ങളും ആവേശത്തിലായി. ട്വന്റി-20യിലെ ഏറ്റവും അപകടകാരിയായ താരത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ അഫ്ഗാന്‍ താരങ്ങളും മത്സരിച്ചു. അഫ്ഗാന്‍ ടീമിനൊപ്പം സെല്‍ഫി കൂടിയെടുത്താണ് ഗെയ്ല്‍ മടങ്ങിയത്.

ഗ്രൂപ്പ് ചാമ്പ്യന്‍മാരായ വിന്‍ഡീസിനെ തോല്‍വി കാര്യമായി ബാധിച്ചേക്കില്ലെങ്കിലും അഫ്ഗാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലാകും ഈ വിജയം. അവരുടെ വിജയത്തില്‍ പങ്കാളിയാകാന്‍ ഗെയ്ല്‍ കാണിച്ച നല്ല മനസ്സിനെ വാഴ്ത്തിപ്പാടുകയാണ് കായികലോകമിപ്പോള്‍.