ര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓക്‌ലന്‍ഡിലെ ഈര്‍ഡന്‍ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ രാഹുല്‍ ദ്രാവിഡും സച്ചിന്‍ തെണ്ടുല്‍ക്കറുമെല്ലാം നെറ്റില്‍ പരിശീലനം നടത്തുമ്പോള്‍ പുറത്ത് അസൂയയോടെ കണ്ണീരൊലിപ്പിച്ചു നിന്നൊരു കുട്ടിയുണ്ടായിരുന്നു. നെറ്റില്‍ സച്ചിനും ദ്രാവിഡിനുമെല്ലാം പന്തെറിഞ്ഞു കൊടുക്കാന്‍ കൂട്ടകാരെ വിളിച്ചപ്പോള്‍ തനിക്ക് അതിന് അവസരം കിട്ടാത്തതില്‍, എന്നെങ്കിലുമൊരിക്കല്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കണമെന്ന് മോഹം ഉള്ളില്‍ കൊണ്ടുനടന്ന ഇന്ദര്‍ബിര്‍ സിങ് സോധിയെന്ന ലെഗ്‌സ്പിന്നര്‍ക്ക്, കുറച്ചൊന്നുമായിരുന്നില്ല ഉള്ളില്‍ വേദന.

എട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇതാ ഇഷ് സോധിയെന്ന ആ പഴയ ബാലന്‍ സച്ചിനും ദ്രാവിഡുമൊക്കെ അരങ്ങൊഴിഞ്ഞ ഇന്ത്യന്‍ ടീമിനെ സ്വന്തം മണ്ണില്‍ മുട്ടുകുത്തിച്ച് നെഞ്ചുവിരിച്ചുനില്‍ക്കുന്നു. ടിട്വന്റി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നാലേ നാല് ഓവര്‍ കൊണ്ടാണ് സോധി ഇന്ത്യയുടെ കഥ കഴിച്ചത്. നാഗ്പുരില്‍ സ്പിന്‍വല വിരിച്ച് തിണ്ണമിടുക്ക് കാട്ടാനെത്തിയ ധോനിപ്പടയെ അതേ ആയുധം കൊണ്ടുതന്നെ കുത്തിമലര്‍ത്തിയിരിക്കുകയാണ് കിവീസിന്റെ ബ്ലാക്ക് ക്യാപ്പണിയുന്ന ആദ്യ ഇന്ത്യക്കാരന്‍. നേരത്തെ ബ്ലാക്ക് ക്യാപ്പണിഞ്ഞ ഇന്ത്യന്‍ വംശജനായ ദീപക് പട്ടേല്‍ പക്ഷേ, ജയിച്ചത് കെനിയയിലെ നെയ്‌റോബിയിലാണ്.

നാഗ്പുരില്‍ നാലോവറില്‍ വെറും പതിനെട്ട് റണ്ണിന് മൂന്ന് വിക്കറ്റ് പിഴുതാണ് സോധി, മാന്‍ ഓഫ് ദി മാച്ചായ സാന്റ്‌നര്‍ക്കൊപ്പം, ഇന്ത്യയുടെ നെഞ്ചൂക്കിന് മൂക്കുകയറിട്ടത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ കോലിയെ വീഴ്ത്തിയ സോധി പിന്നീട് വാലറ്റത്ത് ഇന്ത്യ വിശ്വാസമര്‍പ്പിച്ച ജഡേജയെയും അശ്വിനെയും കൂടെ മടക്കി കിവീസിന് വിലപ്പെട്ട വിജയം സമ്മാനിച്ചു.

Ish Sodhi

ട്രെന്റ് ബൗള്‍ട്ടിനെയും ടിം സൗത്തിയെയും മക്‌ക്ലെനാഗനെയുമെല്ലാം പുറത്തിരുത്തി സോധിയെയും സാന്റ്‌നറെയും ഇറക്കിയ ന്യൂസീലന്‍ഡിന്റെ ചൂതാട്ടത്തിലെ ചതി ധോനിയും കോലിയുമൊന്നും തിരിച്ചറിയാതിരുന്നത് അത്ഭുതമായി തുടരുന്നു. എട്ടാം ഓവര്‍ എറിയാനെത്തിയ സോധി ആദ്യ പന്തില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചു. കൃത്യമായ ലെങ്ത്തില്‍ കുത്തി ഓഫ് സ്റ്റമ്പിലേയ്ക്ക് തിരിഞ്ഞുപാഞ്ഞ പന്തില്‍ കോലി പുറത്ത്. ശരീരത്തില്‍ നിന്ന് മാറി ഒരു കവര്‍ ഡ്രൈവിന് ശ്രമിച്ച കോലി കീപ്പര്‍ റോഞ്ചിയുടെ ഗ്ലൗസില്‍ ഭദ്രം. ഇത് മുതലാണ് ഇന്ത്യയ്ക്ക് എല്ലാ അര്‍ഥത്തിലും കളിയിലെ നിയന്ത്രണം നഷ്ടമായത്.

ഒന്നാന്തരം ടേണ്‍ ലഭിച്ച സോധി തന്റെ ഫ്‌ളൈറ്റില്‍ പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ച് ഇന്ത്യയെ വട്ടംകറക്കുന്നതാണ് പിന്നീട് കണ്ടത്. ഹര്‍ദിക് പാണ്ഡ്യയ്ക്കും രവീന്ദ്ര ജഡേജയ്ക്കുമൊന്നും ഒരുത്തരവും ഉണ്ടായിരുന്നില്ല സോധിയുടെ ടേണിന് മുന്നില്‍. അടുത്ത വരവിലെ രണ്ടാമത്തെ പന്തില്‍ തന്നെ ജഡേജയെ മടക്കി സോധി തന്റെ പിടി ഒന്നുകൂടി മുറുക്കി. മുന്നോട്ടാഞ്ഞ് പന്ത് ലെഗ്‌സൈഡിലേയ്ക്ക് കളിക്കാന്‍ ശ്രമിച്ച ജഡേജയെ അതിമനോഹരമായൊരു ഫുള്‍ ലെംഗ്ത്ത് ഡൈവിലൂടെയാണ് സോധി തന്റെ കൈയിലൊതുക്കിയത്. സ്വന്തം തട്ടകത്തില്‍പ്പോലും നിലവാരമുള്ള സ്പിന്നിന് മുന്നില്‍ ഇന്ത്യയ്ക്ക് മുട്ടിടിക്കുമെന്ന സത്യം ഓരോ പന്തിലും സോധി എഴുതിവച്ചു. കോലിയും രോഹിതുമെല്ലാം വെടിക്കെട്ട് കൊണ്ട് മൂടി വച്ച ഈ സത്യം സോധി ഓരോ പന്തിലും വിളിച്ചുപറഞ്ഞു. അവസാന ഓവറുകളില്‍ ആഞ്ഞുവീശാന്‍ കരുതിയിരുന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് സോധിയുടെ കണിശതയാര്‍ന്ന ലെഗ്‌ബ്രേക്കുകള്‍ തന്നെയാണ്. ധോനിയും അശ്വിനുമെല്ലാം ക്രീസില്‍ നിന്നു പിഴയ്ക്കാന്‍ തന്നെ പാടുപെടുന്ന കാഴ്ച അതീ ദയനീയമായിരുന്നു.

പതിനാറാം ഓവറിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയാണ് ധോനി ഈ പിടിയില്‍ നിന്ന് മുക്തനായത്. എന്നാല്‍, മൂന്നാം പന്തില്‍ സ്വപ്‌നതുല്ല്യമായ ഒരു പന്തിലൂടെ അശ്വിനെ റോഞ്ചിയുടെ ഗ്ലൗസിലെത്തി ഇന്ത്യയുടെ സന്തോഷം കെടുത്തി. ക്രീസില്‍ നിന്ന് മുന്നോട്ടു കയറിയ അശ്വിനെ ഫ്‌ളൈറ്റ് കൊണ്ട് കബളിപ്പിച്ചാണ് സോധി പണി പറ്റിച്ചത്. ബീറ്റണായ അശ്വിനെ സ്റ്റമ്പ് ചെയ്യാന്‍ വലുതായി ആയാസ്സപ്പെടേണ്ടിവന്നില്ല കീപ്പര്‍ക്ക്.

കുട്ടിക്കാലത്തുതന്നെ പഞ്ചാബിലെ ലുധിയാ  നയില്‍ നിന്ന് ന്യൂസീലന്‍ഡിലെ ഓക്‌ലന്‍ഡിലേയ്ക്ക് അച്ഛനമ്മമാര്‍ക്കൊപ്പം കുടിയേറിയതാണ് സോധി. 1996ല്‍ വ്യവസായിയായ അച്ഛന്‍ രാജ്ബിര്‍ സിങ് സോധിക്കും അധ്യാപികയായ അമ്മ സിമ്രത് സോധിക്കുമൊപ്പം ന്യൂസീലന്‍ഡിലേയ്ക്ക് പോകുമ്പോള്‍ ഇഷ് സോധിയെന്ന ഇന്ദര്‍ബിര്‍ സിങ് സോധിക്ക് നാലു വയസ്സ് മാത്രമാണ് പ്രായം.

Ish Sodhi

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ ക്രിക്കറ്റിലും സജീവമായി. പക്ഷേ, സ്‌കൂളില്‍ ക്രിക്കറ്റിന് വലിയ പ്രോത്സാഹനം ലഭിച്ചില്ല. അതുകൊണ്ട് തന്നെ പുറത്തും കാര്യമായി കളിക്കാനുള്ള അവസരം തേടിയെത്തിയില്ല. സ്പിന്നിനോട് പണ്ടേ വിരക്തിയുള്ള ഓക്‌ലന്‍ഡിലെ പിച്ചുകളില്‍ തന്റെ സ്പിന്‍ കൊണ്ട് ഒന്ന് കളിച്ചു തെളിയാന്‍ ശരിക്കും പാടുപെട്ടു സോധി. പ്രാദേശികതലത്തില്‍ കളിച്ച ടീമുകളിലെ ക്യാപ്റ്റന്മാരാവട്ടെ സോധിയുടെ സ്പിന്നില്‍ വിശ്വാസമര്‍പ്പിക്കാന്‍ കൂട്ടാക്കിയതുമില്ല. ആരും ഈ സ്പിന്നിനെ ഉപയോഗിച്ചുമില്ല.

സ്‌കൂള്‍ വിട്ട് ഓക്‌ലന്‍ഡില്‍ നിന്ന് വടക്കന്‍ ജില്ലകളിലേയ്ക്ക് ചേക്കേറിയതോടെയാണ് സോധിയുടെ രാശി തെളിഞ്ഞത്. അവിടെ ദീപക് പട്ടേല്‍, മാറ്റ് ഹോണ്‍ എന്നിവര്‍ക്കൊപ്പം പരിശീലനം നടത്തിത്തുടങ്ങിയതോടെ സോധിയുടെ പ്രതിഭയെ നാലാള്‍ അറിഞ്ഞുതുടങ്ങി. ആദ്യം ന്യൂസീലന്‍ഡ് എ ടീമിനുവേണ്ടി കളിച്ചു. ക്രമേണ സീനിയര്‍ ടീമിലുമെത്തി. 2013ല്‍ ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 11 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റ് സ്വന്തമാണ് സോധിക്ക്. അതേ വര്‍ഷം തന്നെ ഇന്ത്യയ്‌ക്കെതിരെ ഓക്‌ലന്‍ഡ് ടെസ്റ്റില്‍ കളിച്ചെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 2014ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ടിട്വന്റിയില്‍ അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ മാസം ഹാമില്‍ട്ടണില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ അടുത്തടുത്ത പന്തുകളില്‍ സ്മിത്തിനെയും മാക്‌സ്‌വെല്ലിനെയും പുറത്താക്കി ടീമിന് ജയവും പരമ്പരയും നേടിക്കൊടുത്ത സോധി ആദ്യമായി മാന്‍ ഓഫ് ദി മാച്ചുമായി.

ഇന്ത്യയ്‌ക്കെതിരെ കളിക്കുക എന്നത് എന്റെയും വീട്ടുകാരുടെയും എക്കാലത്തെയും വലിയ മോഹമായിരുന്നുവെന്ന് പറയുന്നു സോധി. ഏഴാം വയസ്സിലാണ് ഒരു ക്രിക്കറ്റ് താരമാവാനുള്ള മോഹം സോധി അച്ഛനോട് പറയുന്നത്. അച്ഛന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പാപാടോയ്‌ടൊ ക്രിക്കറ്റ് ക്ലബില്‍ ചേര്‍ത്തു. ഇക്കാലത്താണ് 2009ല്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന് നെറ്റില്‍ ബൗള്‍ ചെയ്യാന്‍ ക്ലബിലെ അംഗങ്ങള്‍ക്ക് അവസരം ലഭിച്ചത്. ഇവരില്‍ ഒരാളാവാന്‍ സോധി കിണഞ്ഞു ശ്രമിച്ചെങ്കിലും അത് നടന്നില്ല. കൂട്ടുകാര്‍ പന്തെറിയുന്നത് അസൂയയോടെയാണ് അന്ന് നോക്കിനിന്നതെന്ന് പറയുന്നു സോധി. ഇന്ന് സോധിയുടെ ബൗളിങ്ങിനെ മുഴുവന്‍ ഇന്ത്യക്കാരും അസൂയയോടെയും സങ്കടത്തോടെയും നോക്കിനില്‍ക്കുന്നു.