എന്തു കാര്യത്തിലും പെണ്ണുങ്ങളേക്കാള്‍ ഒരുപടി മുന്നിലാണെന്നൊരു അഹങ്കാരമുണ്ട് ആണുങ്ങള്‍ക്ക്. ക്രിക്കറ്റിലാണെങ്കില്‍ പെണ്ണെന്നൊരു വര്ഗമുണ്ടെന്നു തന്നെയില്ല പലര്‍ക്കും ചിന്ത. ഇക്കഥയൊന്നും പക്ഷേ, അനിസ്സ മുഹമ്മദിനോട് പറയേണ്ട. ഗെയിലും അഫ്രീദിയും കോലിയുമെല്ലാം അരങ്ങു തകര്‍ക്കുന്ന കുട്ടിക്രിക്കറ്റില്‍ പുരുഷ കേസരികളേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് ഈ വെസ്റ്റിന്ഡീസുകാരി. ടി ട്വന്റിയില്‍ പുരുഷ കേസരികള്‍ക്ക് കൈവരിക്കാനാവാത്ത ചില നേട്ടങ്ങള്ക്കെങ്കിലും ഉടമയാണ് ഇൗ ഓഫ് സ്പിന്നര്‍.
ടി ട്വന്റിയില്‍ നൂറ് അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമാക്കിയ ഒരൊറ്റ ബൗളറേയുള്ളൂ, ആണും പെണ്ണുമായി. അത് അനിസ്സയാണ്. ടിട്വന്റി ലോകകപ്പില്‍ പാകിസ്താനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് അനിസ്സ ഈ നേട്ടം കൈവരിച്ചത്. അനിസ്സയുടെ ബൗളിങ് പ്രകടനത്തിലാണ് വിന്‍ഡീസ് പാകിസ്താനെ മറികടന്നത്.
82 മത്സരങ്ങളില്‍ നിന്നാണ് അനിസ്സ നൂറ് വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താന്റെ ഷാഹിദ് അഫ്രീദിയുടെ സമ്പാദ്യം 95 വിക്കറ്റ് മാത്രമാണ്. ഇതുതന്നെ നേടിയത് 95 മത്സരങ്ങളില്‍ നിന്ന്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താന്റെ ഉമര്‍ ഗുല്‍ ആവട്ടെ 85 വിക്കറ്റുകള്‍ മാത്രമാണ് ഇതുവരെയായി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത്.
ഓഫ് സ്പിന്‍ കൊണ്ട് ലോകത്തെ ഒരുവിധപ്പെട്ട ബാറ്റ്സ്മാന്മാരെയെല്ലാം വിറപ്പിച്ച അശ്വിന്റെ സമ്പാദ്യം 39 മത്സരങ്ങളില്‍ നിന്ന് 47 വിക്കറ്റ് മാത്രമാണ്. തീര്‍ന്നില്ല അനിസ്സയുടെ നേട്ടങ്ങള്‍. ടി ട്വന്റിയില്‍ ഒന്നില്‍ കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മൂന്ന് ബൗളര്മാരെയുള്ളൂ. അതിലൊരാളാണ് ഈ വിന്ഡീസുകാരി. മറ്റ് രണ്ടുപേരാവട്ടെ ആണുങ്ങളും. ഒന്ന് പാകിസ്താന്റെ ഉമര്‍ ഗുല്ലും രണ്ടാമത്തേത് ശ്രീലങ്കയുടെ അജന്ത മെന്‍ഡിസും. ആണ്ണുങ്ങളുടെയും പെണ്ണുങ്ങളുടെയും വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ടിട്വന്റി വിക്കറ്റ് നേടിയ വിന്‍ഡീസ് ബൗളറാണ് അനിസ്സ. ഏകദിനത്തില്‍ പത്തോവറിന്റെ ക്വാട്ട മുഴുവന്‍ എറിഞ്ഞിട്ടും ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍ എന്ന ഖ്യാതിയും അനിസ്സയ്ക്ക് സ്വന്തമാണ്. 2011ല്‍ പാകിസ്താനെതിരെ കിങ്സ്ടൗണില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ അഞ്ചും രണ്ടാം ഏകദിനത്തില്‍ ഏഴും റണ്‍സ് മാത്രമാണ് അനിസ്സ വിട്ടുകൊടുത്തത്. ഈ രണ്ട് മത്സരങ്ങളിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തുകയും ചെയ്തു. പത്തോവറില്‍ ഇത്രയും കുറവ് റണ്‍സ് വിട്ടുകൊടുത്ത ഒരൊറ്റ ബൗളറേയുള്ളൂ ആണ്ണുങ്ങളുടെ ഇടയില്‍പ്പോലും. സ്വന്തം നാട്ടുകാരനായ ഫില്‍ സിമ്മണ്‍സ്. 1992ല്‍ സിഡ്നിയില്‍ പാകിസ്താനെതിരെ പത്തോവര്‍ എറിഞ്ഞ സിമ്മണ്‍സ് മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 1999ല്‍ ശ്രീലങ്കയ്ക്കെതിരെ പത്തോവര്‍ എറിഞ്ഞ വിന്ഡീസുകാരന് തന്നെയായ കേട്ലി ആംബ്രോസിനും അഞ്ച് റണ്‍ മാത്രം വിട്ടുകൊടുത്ത ചരിത്രമുണ്ട്. ആറ് വിട്ടുകൊടുത്ത ഇന്ത്യയുടെ സുനില്‍ ജോഷിയുമൊക്കെ അടങ്ങുന്ന ശ്രേണിയിലാണ് ഈ വിന്ഡീസുകാരിക്കും ഇപ്പോള്‍ സ്ഥാനം.
പിന്നെയുമുണ്ട് അനിസ്സയ്ക്ക് റെക്കോഡുകള്‍. ഏറ്റവും ആദ്യം 50 ടിട്വന്റി വിക്കറ്റുകള്‍ തികച്ച ബൗളര്‍, ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ സ്വന്തമാക്കിയ വിന്‍ഡീസ് വനിത, ഏറ്റവും ആദ്യം 50 ഏകദിന വിക്കറ്റുകള്‍ സ്വന്തമാക്കി വിന്‍ഡീസ് വനിത... അനിസ്സയുടെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്.
ഇരുപത്തിയേഴു വയസ്സായി ഈ ട്രിനിഡാഡുകാരിക്ക്. പതിനാലാം വയസ്സ് മുതലാണ് അനിസ്സ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. പതിനഞ്ചാം വയസ്സില്‍ തന്നെ വിന്‍ഡീസ് ടീമില്‍ മുഖം കാണിച്ചു. 2003ല്‍ ഹോളണ്ടില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു അരങ്ങേറ്റം. 2005, 2009 വര്‍ഷങ്ങളിലെ ഏകദി ലോകകപ്പുകളിലും 2009, 2010 ടി ട്വന്റി ലോകകപ്പുകളിലും ഇന്ത്യ, പാകിസ്താന്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഹോളണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നടന്ന ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലും അനിസ്സ അംഗമായിരുന്നു.
2003 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ട്രിനിഡാഡിലെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം അനിസ്സയ്ക്കായിരുന്നു. രാജ്യത്തെ പരമോന്ന കായിക പുരസ്കാരത്തിന് പലവട്ടം നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു ഇക്കാലത്ത്. ചുരുക്കിപ്പറഞ്ഞാല്‍ വിന്‍ഡീസ് വനിതാ ക്രിക്കറ്റില്‍ ഇതിഹാസ സമാനമായ സ്ഥാനം തന്നെയാണ് അനിസ്സയ്ക്ക് ഇപ്പോള്‍. നാളെ ഒരുപക്ഷേ, വിന്‍ഡീസ് ക്രിക്കറ്റെന്നാല്‍ റിച്ചാര്‍ഡ്സും മാല്‍ക്കം മാര്‍ഷലും ബ്രയാന്‍ ലാറയും മാത്രമായിരിക്കില്ല ഇനി. റെക്കോഡ് പുസ്തകത്തില്‍ തലയെടുപ്പോടെ തന്നെ ഈ പെണ്പുലിക്കുമുണ്ടാകും ഇടം.