Darren Sammy

ലോക ട്വന്റി-20യിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ്. എണ്ണം പറഞ്ഞ ഓള്‍റൗണ്ടറും. എന്നാല്‍ കുഞ്ഞന്‍ ക്രിക്കറ്റിലെ ചാമ്പ്യന്‍മാരെ നിര്‍ണയിക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആകെ നേടാനായത് ഒരു ഗോള്‍ഡന്‍ ഡക്ക് മാത്രം. ബൗളിങ് ഓള്‍റൗണ്ടറാണെങ്കിലും ഇതുവരെ ഒരു പന്തുപോലും എറിഞ്ഞിട്ടുമില്ല. ആകെയുള്ളത് ഫീല്‍ഡറെന്ന നിലയില്‍ ഒരു ക്യാച്ചാണ്...

പറഞ്ഞുവരുന്നത് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുടെ കാര്യമാണ്. ട്വന്റി-20 ലോകകപ്പില്‍ ടീം മൂന്ന് കളികള്‍ പിന്നിട്ടിട്ടും സമ്മി ബാറ്റിങ്ങിന് ഇറങ്ങിയത് ദക്ഷിണാഫ്രിക്കക്ക് എതിരെ മാത്രമാണ്. എന്നാല്‍ ബോള്‍ തൊടാന്‍ പോലും പറ്റിയില്ല. ഇമ്രാന്‍ താഹിര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സമ്മി ബൗള്‍ഡായി. ട്വന്റി-20യില്‍ 150നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 526 റണ്‍സും അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 55 വിക്കറ്റും സ്വന്തമായുള്ള താരമാണ് സമ്മി.

Darren Sammy

കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും ലോക ട്വന്റി-20യില്‍ ഇപ്പോള്‍ ഏറ്റവും സന്തുഷ്ടനായ താരവും ഡാരന്‍ സമ്മി തന്നെയാകും. കാരണം ക്യാപ്റ്റനെന്ന നിലയില്‍ അത്ര മികച്ച പ്രകടനമാണ് സമ്മി പുറത്തെടുക്കുന്നത്. ട്വന്റി-20 സ്‌പെഷ്യലിസ്റ്റുകളുടെ ടീമായിരുന്നിട്ടും ടൂര്‍ണമെന്റില്‍ ഏറെയൊന്നും സാധ്യത കല്‍പിച്ചിരുന്ന ടീമായിരുന്നില്ല വിന്‍ഡീസ്. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് ജയത്തോടെ താരമായിരിക്കുകയാണ് സമ്മി. 

ടീമിനെ അത്രമാത്രം ഒത്തിണക്കത്തോടെയാണ് സമ്മി മുന്നോട്ടുകൊണ്ടുപോകുന്നത്. മികച്ച താരങ്ങള്‍ ഉണ്ടായിട്ടും വെസ്റ്റിന്‍ഡീസ് പലപ്പോഴും പിന്നോട്ടുപോയിരുന്നത് ടീമെന്ന നിലയില്‍ ഒരുമയില്ലാതിരുന്നതാണ്. തനിക്ക് ലഭ്യമായ താരങ്ങളെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഫലപ്രദമായി ഉപയോഗിക്കുന്നതിലും സമ്മി വിജയം കണ്ടു.

Darren Sammy

ലോക ക്രിക്കറ്റിലെ ശക്തരായ ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളെയാണ് സമ്മിയുടെ ടീം തുടര്‍ച്ചയായ മത്സരങ്ങളില്‍ തറപറ്റിച്ചത്. മൂന്ന് കളികളിലും ടോസിന്റെ ഭാഗ്യം തുണച്ചത് സമ്മിയെയായിരുന്നു. മൂന്ന് തവണയും ആദ്യം ബൗള്‍ ചെയ്യാനുള്ള സമ്മിയുടെ തീരുമാനത്തെ ജയം കൊണ്ട് ടീം പിന്തുണയ്ക്കുകയും ചെയ്തു.

ഓരോ മത്സരത്തില്‍ ജയിക്കുമ്പോഴും ക്യാപ്റ്റനെന്ന നിലയില്‍ സമ്മി കൂടുതല്‍ മെച്ചപ്പെടുകയായിരുന്നു. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വന്‍ സ്‌കോര്‍ വഴങ്ങിയെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളിലും എതിരാളികളെ കുറഞ്ഞ സ്‌കോറിലൊതുക്കാന്‍ വിന്‍ഡീസിനായി. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ തന്റെ താരങ്ങളെ സമ്മി നന്നായി ഉപയോഗിച്ചു.

Darren Sammy

മൂന്ന് കളികളിലും സ്പിന്നര്‍ സാമുവല്‍ ബദ്രിയെ കൊണ്ടാണ് സമ്മി ബൗളിങ് ഓപ്പണ്‍ ചെയ്യിച്ചത്. ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തില്‍ ആദ്യ ബൗളിങ് ചെയ്ഞ്ചിനെത്തിയത് മറ്റൊരു സ്പിന്നറായ സുലൈമാന്‍ ബെന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ചെയ്ഞ്ചില്‍ ഗെയ്‌ലിനെ പരീക്ഷിച്ച സമ്മി പകുതി ഓവറുകളും നല്‍കിയത് സ്പിന്നര്‍മാര്‍ക്കാണ്. എതിരാളികളുടെ ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് ബൗളിങ്ങിന് അനുസരിച്ച് ഫീല്‍ഡൊരുക്കുന്നതിലും സമ്മി മിടുക്ക് കാണിച്ചു.

ഓരോ കളികളിലും ഒരു മുന്‍നിര ബാറ്റ്‌സ്മാനെങ്കിലും മുന്നില്‍ നിന്നു നയിക്കുന്നു എന്നതും സമ്മിക്ക് അനുകൂല ഘടകമായി. ആദ്യ കളിയില്‍ സെഞ്ച്വറിയിലൂടെ ഗെയ്ല്‍ തകര്‍ത്തടിച്ചപ്പോള്‍ ഗെയ്ല്‍ ബാറ്റിങ്ങിന് ഇറങ്ങാതിരുന്ന ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തില്‍ പകരക്കാരന്‍ ഓപ്പണറായെത്തിയ ആന്ദ്രെ ഫ്‌ളച്ചറാണ് (64 പന്തില്‍ 84*) വിന്‍ഡീസിന്റെ വിജയശില്‍പിയായത്. വെസ്റ്റിന്ത്യന്‍ ബാറ്റിങ് നിര പരീക്ഷണം നേരിട്ട ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തില്‍ 44 പന്തില്‍ 43 റണ്‍സെടുത്ത് മര്‍ലോണ്‍ സാമുവല്‍സ് ടീമിന്റെ രക്ഷകനായി.

Darren Sammy

ഗ്രൂപ്പ് ഘട്ടത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരായ ഒരു മത്സരമേ സമ്മിയുടെ ടീമിന് ഇനി ബാക്കിയുള്ളൂ. ബി ഗ്രൂപ്പില്‍ ന്യൂസിലന്‍ഡിനെ പോലെ നാലില്‍ നാലു കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ പ്രവേശിക്കാന്‍ എല്ലാ സാധ്യതകളും വിന്‍ഡീസിനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എപ്രില്‍ മൂന്നിന് കുഞ്ഞന്‍ ക്രിക്കറ്റിലെ ജേതാക്കള്‍ക്കുള്ള കപ്പുയര്‍ത്തുന്ന കരങ്ങള്‍ സമ്മിയുടേതായാല്‍ അതില്‍ അദ്ഭുതത്തിന് വകയൊന്നുമില്ല.