ഒരു ശരീരത്തിനുള്ളില്‍, എത്രയും കരുതലോടെ, വര്‍ഷം തോറും അതീവ ശ്രദ്ധയോടെ നിറച്ചുവെച്ച ഊര്‍ജ്ജത്തിന്റെ വിസ്‌ഫോടനമായിരുന്നു സച്ചിന്റെ കളി. അതിന്റെ വിനിയോഗം അനേകം ഷോട്ടുകളായും ഗൗണ്ടിലെ ഇടപെടലുകളായും നമ്മള്‍ ഇത്രയും കാലം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇനിയത് അതേപടി കാണാന്‍ സാധിക്കില്ല. ഇന്ത്യന്‍ ടീമിന്റെ ഹൃദയം അഴിച്ചുമാറ്റപ്പെടുന്നു. വിളക്കുകള്‍ മങ്ങുന്നു. കാണികള്‍ പിരിയുകയായി. എന്നാലും ഒരാശ്വാസമുണ്ട്. ക്രീസില്‍ നിന്ന് മറഞ്ഞാലും ഇന്ത്യക്കാര്‍ക്ക് ആ കളി മനസ്സില്‍ കാണാം.
ഈ നിറച്ചുവെക്കലില്‍, ഊര്‍ജ്ജസംഭരണത്തില്‍, ഒരുക്കങ്ങളില്‍, മറ്റുള്ളവര്‍ കാണാത്ത പ്രയത്‌നവും വിയര്‍പ്പും ആകാംക്ഷകളും ആശങ്കകളുമുണ്ട്. ഒപ്പം ഒരായിരം കാണികളുടെ പ്രാര്‍ഥനകളും. എല്ലാ വലിയ കളിക്കാരെയും പോലെ, സ്വയം സൃഷ്ടിച്ച കളിക്കാരനായിരിക്കെതന്നെ കാലത്തിന്റെ സൃഷ്ടി കൂടിയായി സച്ചിന്‍.

കയ്യില്‍ ബാറ്റില്ലാത്തപ്പോഴും സച്ചിന്‍ എത്രയോ തവണ പരിശീലിച്ചിരിക്കണം. രാത്രി, മുറിയില്‍ ഉറങ്ങിക്കിടക്കുന്ന കൂട്ടുകളിക്കാരനെ അമ്പരപ്പിച്ചുകൊണ്ട് നോണ്‍ സ്‌ട്രൈക്കര്‍ക്ക് നിര്‍ദ്ദേശം കൊടുത്തുകൊണ്ടിരിക്കുന്ന തുടക്കക്കാരനായ സച്ചിനെക്കുറിച്ച് പത്രലേഖകര്‍ എഴുതിയിട്ടുണ്ട്. പാകിസ്താനെതിരെ ബാറ്റുചെയ്യാനിറങ്ങവെ സെവാഗ് 'എന്താണ് ചെയ്യക'? എന്ന് ചോദിച്ചതായും, 'എന്തു ചെയ്യാന്‍, അടിച്ചുപൊളിക്കുക തന്നെ' എന്ന് സച്ചിന്‍ പറഞ്ഞതായും കഥയുണ്ട്. ചിട്ടകളനുസരിച്ച് മാത്രം ഒരു കളിയും കളിക്കാന്‍ കഴിയില്ലല്ലോ. ചിട്ടകള്‍ സ്വീകരിച്ചുകൊണ്ടുതന്നെ അതില്‍നിന്നുള്ള മുക്തിനേടലാണ് കളി. അതിന്റെ ഉയര്‍ന്ന രൂപമാണ് സച്ചിന്‍ ഇത്രയും കാലം അവതരിപ്പിച്ചിരുന്നത്.

ഏറ്റവും ഒടുവിലായി വിസ്ഡന്‍ തിരഞ്ഞെടുത്ത ക്രിക്കറ്റ് കളിക്കാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാനം പിടിച്ച ഒരേയൊരു കളിക്കാരന്‍ തെണ്ടുല്‍ക്കറാണ്. ഡോണ്‍, ജാക്ക് ഹോബ്‌സ്, ഡബ്ല്യു.ജി.ഗ്രേസ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ് തുടങ്ങിയ കളിക്കാര്‍ക്ക് ഒപ്പമാണ് തെണ്ടുല്‍ക്കറുടെ സ്ഥാനം. ബ്രാഡ്മാന് ശേഷമുണ്ടായ, ഏതാണ്ട് അതുപോലുള്ള ഒരു കളിക്കാരനാണ് തെണ്ടുല്‍ക്കര്‍ എന്ന് ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സമഗ്രസംഭാവന മാത്രമല്ല ഇതിന് നിദാനം. ഒറ്റയൊറ്റ ഇന്നിങ്‌സുകളിലെ ചേരുവകള്‍, പശ്ചാത്തലങ്ങള്‍, എതിരാളികള്‍, പിച്ചുകള്‍ ഇവയൊക്കെ പരിഗണിച്ചുകൊണ്ടുതന്നെയുള്ള വിലയിരുത്തലാകും അത്.

ഒരു കാലത്തെ കളിക്കാരനുമായി വേറൊരു കാലത്തുനിന്നുളള കളിക്കാരനെ പരിപൂര്‍ണമായി താരതമ്യം ചെയ്യുക അസാദ്ധ്യമാണ്. തെണ്ടുല്‍ക്കര്‍ എല്ലാംകൊണ്ടും ആധുനികകാലത്തെ കളിക്കാരനാണ്. പഴയ കളികളുടെ ദൃശ്യങ്ങളില്‍നിന്നുതന്നെ കാലങ്ങളുടെ ഈ വ്യത്യാ സം മനസ്സിലാവും. ആഹ്ലാദപ്രകടനങ്ങളുടെ രീതിയില്‍പ്പോലും ഇതുണ്ട്. ഭക്ഷ്യക്ഷാമംമൂലം പൊറുതിമുട്ടിയിരുന്ന ഇന്ത്യയിലാണ് താന്‍ കളിതുടങ്ങിയതെന്ന് ഗാവസ്‌കര്‍ പറഞ്ഞിട്ടുണ്ട്. തന്റെ പ്രതിരോധഭാവത്തിന് ഇതായിരിക്കാം കാരണമെന്ന് അദ്ദേഹം സൂചിപ്പിക്കുകയായിരിക്കണം. അതേസമയം സംരക്ഷണകവചങ്ങളില്ലാതെ പന്ത് ശരീരംകൊണ്ട് തടുക്കുന്ന പഴയ കളിക്കാരുടെ ദൃശ്യങ്ങള്‍ നമ്മളെ ഇന്ന് അത്ഭുതപ്പെടുത്തുന്നതിലുപരി വേദനിപ്പിക്കും. ഹെല്‍മറ്റ് പോലുള്ള സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം വെച്ച് വ്യത്യസ്ത തലമുറകളിലെ കളിക്കാരുടെ കഴിവിനെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ക്രിക്കറ്റ് തുടക്കത്തില്‍ പാഡുകളും കയ്യുറകളും ഉപയോഗിച്ചുകൊണ്ടല്ലല്ലോ കളിച്ചിരിക്കുക. മറ്റു കാലത്തുള്ള ബൗളര്‍മാര്‍ക്കെതിരെയും തെണ്ടുല്‍ക്കര്‍ ഇതേപോലെതന്നെയായിരിക്കും കളിക്കുക എന്നു കരുതാനാണ് ന്യായം. തെണ്ടുല്‍ക്കറോടൊപ്പം വിസ്ഡന്‍ തിരഞ്ഞെടുത്ത ടീമിലെ രണ്ട് ബൗളര്‍മാര്‍ ഷെയ്ന്‍ വോണും വസീം അക്രമും അദ്ദേഹത്തിന്റെ പ്രശസ്തരായ എതിരാളികളായിരുന്നു.

തന്നെപ്പോലെയാണ് തെണ്ടുല്‍ക്കര്‍ കളിക്കുന്നതെന്ന്, ഡോണ്‍ ബ്രാഡ്മാന്‍ തന്നെ പറയുകയുണ്ടായി. ഡോണിന്റെ എതിരാളിയായിരുന്ന ഹാരോള്‍ഡ് ലാര്‍വുഡുമായി അദ്ദേഹത്തിന്റെ വയസ്സുകാലത്ത് നടത്തിയ ഒര ുഅഭിമുഖത്തെക്കുറിച്ച് പത്രപ്രവര്‍ത്തകനായ ഗൗതം ഭട്ടാചാര്യ എഴുതിയിട്ടുണ്ട്. 84 -ാം വയസ്സില്‍ ഓര്‍മ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ലാര്‍വൂഡ്, അദ്ദേഹത്തിന്റെ ഭാര്യ അഭിമുഖത്തെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ ആദ്യം അന്വേഷിച്ചത് തെണ്ടുല്‍ക്കറെക്കുറിച്ചായിരുന്നു. 'ഹാരോള്‍ഡ് ഈ കുട്ടിയെ നോക്കുക, അവന്‍ ഡോണിനോളം പോന്നവനാണ് ' എന്ന് ഒരു മുന്‍ കളിക്കാര്‍ പറഞ്ഞവിവരം മാത്രം വെച്ചായിരുന്നു ലാര്‍വൂഡിന്റെ ഈ അന്വേഷണം. തെണ്ടുല്‍ക്കറെക്കുറിച്ച് പറയാന്‍ ലാര്‍വൂഡ് ഗൗതമിനോട് ആവശ്യപ്പെടുന്നു. ഇയാന്‍ ബോതമിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ആളാണ് ഈ ലാര്‍വുഡ്.

കളിയില്‍ ജീവിതത്തിന്റെ ഊര്‍ജം മുഴുവന്‍ ലയിപ്പിച്ച് സച്ചിന്‍ വിളമ്പിയ മധുരപാനീയത്തിന്റെ ലഹരിയിലായിരുന്നു നാം. ഇനി അതിന്റെ ഓര്‍മകളില്‍ മുഴുകാം.