മൂന്ന് ഒളിമ്പിക്സുകളിലായി ഒമ്പത് സ്വര്‍ണമെഡലുകളാണ് ഉസൈന്‍ ബോള്‍ട്ട് കഴുത്തിലണിഞ്ഞത്. ഇതില്‍ രണ്ടെണ്ണത്തിന് ലോകറെക്കോഡിന്റെ തിളക്കവുമുണ്ട്. എന്നാല്‍, ബോള്‍ട്ട് എപ്പോഴും കഴുത്തിലണിയുന്ന ഒരു മെഡലുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ (മാതാവ് ) രൂപംകൊത്തിയ 'അത്ഭുതമെഡല്‍' (മിറാക്കുലസ് മെഡല്‍). മലയാളത്തില്‍ മൊഴിമാറ്റിയാല്‍ അത്ഭുത കാശുരൂപം.

മെഡലിന്റെ ഒരുവശത്ത് കന്യകാമറിയത്തിന്റെ രൂപത്തിനൊപ്പം ഫ്രഞ്ചില്‍ മാതാവിനോടുള്ള പ്രാര്‍ഥനയും കൊത്തിവെച്ചിട്ടുണ്ട്. 'ജന്മപാപമില്ലാതെ ജനിച്ച് പരിശുദ്ധ മറിയമേ, നിന്നില്‍ അഭയം തേടുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണമേ' എന്നതാണ് പ്രാര്‍ഥന.

മറുഭാഗത്ത് ഇംഗ്ലീഷ് അക്ഷരം എമ്മും അതില്‍നിന്ന് ഉയരുന്ന കുരിശുരൂപവുമുണ്ട്. ഇതിനുചുറ്റും പന്ത്രണ്ടു നക്ഷത്രങ്ങളും കൊത്തിയിട്ടുണ്ട്. എം. അക്ഷരത്തിന്റെ താഴെ രണ്ടു ജ്വലിക്കുന്ന ഹൃദയങ്ങളുമുണ്ട്. മുള്ളുകളാല്‍ ചുറ്റപ്പെട്ട ഇടതുവശത്തെ ഹൃദയം യേശുവിനെയാണ് സൂചിപ്പിക്കുന്നത്. വാളുകൊണ്ടു തകര്‍ക്കപ്പെട്ട വലതുവശത്തെ ഹൃദയം മാതാവിനെ സൂചിപ്പിക്കുന്നു.

ഫ്രഞ്ചുകാരിയായ വിശുദ്ധകാതറിന് 1830 ജൂലായ് 19-ന് മാതാവ് പ്രത്യക്ഷപ്പെട്ട് മെഡലിന്റെ രൂപത്തെക്കുറിച്ച് പറഞ്ഞുകൊടുത്തതെന്നാണ് വിശ്വാസം. ഇതനുസരിച്ച് അഡ്രിയന്‍ വാഷെ എന്ന സ്വര്‍ണപ്പണിക്കാരനാണ് മെഡല്‍ നിര്‍മിച്ചത്. ഇതു കഴുത്തിലണിയുന്നവര്‍ക്ക് മാതാവിന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. കത്തോലിക്കാ മതവിശ്വാസിയായ ബോള്‍ട്ട് മാതാവിന്റെ അനുഗ്രഹത്തിനായാണ് മെഡല്‍ കഴുത്തിലണിയുന്നത്.