റിയോ ഡി ജനെയ്‌റൊ: ഒളിമ്പിക് സ്‌റ്റേഡിയത്തിലെ ഫിനിഷിങ് ലൈനിലൂടെ ഉസൈന്‍ ബോള്‍ട്ട് എന്ന മിന്നല്‍പ്പിണര്‍ പാഞ്ഞുപോകുന്നത് കണ്ട മുഖങ്ങളില്‍ ആഹ്ലാദത്തിന്റെ കടുംനിറങ്ങള്‍ മാത്രമല്ല, ആശങ്കയും നിഴലിട്ടു. വേഗപ്പോരില്‍ ഇത് ജമൈക്കന്‍ ഇതിഹാസത്തിന്റെ അവസാന ഊഴമാണെന്ന് ഏതാണ്ട് ഉറപ്പാണ്. ടോക്യോയില്‍ അത്ഭുതങ്ങള്‍ ആവര്‍ത്തിക്കാന്‍ ബോള്‍ട്ട് ഉണ്ടാകുമോ എന്നുറപ്പില്ല. അഥവാ ട്രാക്കിലിറങ്ങിയാല്‍ തന്നെ ബെയ്ജിങ്ങിലും ലണ്ടനിലും റിയോയിലും കണ്ട അത്ഭുതങ്ങള്‍ ആര്‍ത്തിക്കപ്പെടുമോ എന്നും ഉറപ്പില്ല. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. ബോള്‍ട്ട് തീ പടര്‍ത്തി കടന്നു പോയ ട്രാക്കില്‍ അതിവേഗത്തിന്റെ തമ്പുരാന്റെ പിന്‍ഗാമിയായി വാഴാന്‍ ആരുണ്ടാകും.

2004 ഏതന്‍സില്‍ സ്വര്‍ണമണിഞ്ഞശേഷം ഒരു പതിറ്റാണ്ടിലേറെക്കാലമായി ബോള്‍ട്ടിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ ജസ്റ്റിന്‍ ഗാറ്റലിനും ബോള്‍ട്ടിനൊപ്പം തന്നെ അരങ്ങൊഴിയുകയായി. കാള്‍ ലൂയിസിന് ശേഷം അമേരിക്കയുടെ സ്പ്രിന്റ് നായകനായ ഗാറ്റലിന് മുപ്പത്തിനാല് വയസ്സായി. മുപ്പത്തിനാലാം വയസ്സില്‍ സ്പ്രിന്റില്‍ വെള്ളി നേടിയതു തന്നെ അത്ഭുതം. ടോക്യോയില്‍ അടുത്ത ഒളിമ്പിക്‌സിന് ട്രാക്കുണരുമ്പോള്‍ ബോള്‍ട്ടിനും മുപ്പത്തിനാല് വയസ്സാവും. പക്ഷേ, ഗാറ്റലിനെപ്പോലെ ഒരു വെള്ളി കൊണ്ട് തൃപ്തിപ്പെടാന്‍ ബോള്‍ട്ടിനാവില്ല. ഗാറ്റലിനും ബോള്‍ട്ടുമില്ലാത്ത ഒഴിഞ്ഞ ട്രാക്കാവും ടോക്കിയോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ടോക്യോയിലേയ്ക്കായി റിയോ കാത്തുവയ്ക്കുന്ന ചില പ്രതിഭകളുണ്ട്. ബോള്‍ട്ടിന്റെ പിന്‍ഗാമികളാവുമെന്ന് ട്രാക്കും ലോകവും പ്രതീക്ഷിക്കുന്നവര്‍. പിമ്പേ കുതിച്ചുവരുന്നവരില്‍ മുമ്പനാണ് കാനഡക്കാരന്‍ ആന്ദ്രെ ഡി ഗ്രാസ്. ബോള്‍ട്ടിനും ഗാറ്റലിനും പിറകില്‍ ഓടി വെങ്കലം നേടിയവന്‍. മത്സരശേഷം ബോള്‍ട്ട് അന്ന് ആശ്ലേഷിച്ചപ്പോള്‍ ഡി ഗ്രാസ് പങ്കുവച്ചത് ഇനിയും ഒരുപാട് കാലം ബോള്‍ട്ടിനൊപ്പം മത്സരിക്കണമെന്ന മോഹമാണ്. ഇരുപത്തിയൊന്നാം വയസ്സില്‍ ഡി ഗ്രാസ് ഒളിമ്പിക്‌സില്‍ ഓടിത്തുടങ്ങിയപ്പോഴേക്കും ഓട്ടം നിര്‍ത്താന്‍ ഒരുങ്ങുകയാണ് ബോള്‍ട്ട്. ഹൈസ്‌കൂള്‍ വരെ ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചിരുന്ന ഡി ഗ്രാസ് അതുകഴിഞ്ഞാണ് അത്‌ലറ്റിക് ട്രാക്കിലേയ്ക്ക് മാറിയത്. പാനാം ഗെയിംസില്‍ 100, 200 എന്നിവയിലെ ഇരട്ടസ്വര്‍ണനേട്ടത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഇപ്പോഴിതാ 1996ല്‍ ഡൊണാവാന്‍ ബെയ്‌ലിക്കുശേഷം ആദ്യമായി കാനഡയ്‌ക്കൊരു ഒളിമ്പിക് മെഡല്‍.

ബോള്‍ട്ടും ഗാറ്റലിനും കളമൊഴിഞ്ഞാല്‍ ഡി ഗ്രാസ് ട്രാക്ക് വാഴുമെന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാണ്. റിയോയില്‍ വലിയ അത്ഭുതങ്ങളൊന്നും പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡി ഗ്രാസിന് ഭാവിയില്‍ വലിയ ഭീഷണി സൃഷ്ടിക്കാന്‍ പോന്നവന്‍ തന്നെയാണ് അമേരിക്കന്‍ സ്പ്രിന്റര്‍ ട്രേയ്‌വന്‍ ബ്രൊമല്‍. നൂറ് മീറ്റര്‍ ഫൈനലില്‍ പരിക്കുമായി ഓടി 10.06 സെക്കന്‍ഡില്‍ ഏറ്റവും ഒടുവില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും ശോഭനമായ ഭാവിതന്നെയാണ് ജീവിതത്തില്‍ കഠിനവഴികള്‍ താണ്ടിയെത്തിയ ബൊമലിനുള്ളത്. ഈ വര്‍ഷം നൂറ് മീറ്ററിലെ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്ന് ഈ ഇരുപത്തിയൊന്നുകാരന്റെ പേരിലാണുള്ളത്. ചേരിയില്‍ പട്ടിണിയില്‍ പിറന്ന്, കള്ളന്മാര്‍ക്കും മയക്കുമരുന്നുകാര്‍ക്കുമൊപ്പം വളര്‍ന്നാണ് ഇച്ഛാശക്തി ഒന്ന് കൊണ്ടു മാത്രം ബൊമല്‍ ഒളിമ്പിക് ട്രാക്കിലെത്തിയത്.

നാളത്തെ ബോള്‍ട്ടാകാന്‍ ലോകം ചെറിയൊരു പ്രതീക്ഷവയ്ക്കുന്ന മറ്റൊരാള്‍ ബോള്‍ട്ടിന്റെ നിഴലിലായിപ്പോയ വേറൊരു ജമൈക്കക്കാരനാണ്. യൊഹാന്‍ ബ്ലെയ്ക്ക്. നാല് വര്‍ഷം മുന്‍പ് ലണ്ടനില്‍ 100 മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ടിന് പിറകില്‍ വെള്ളി നേടിയ താരമാണ് ഇരുപത്തിയാറുകാരനായ ബ്ലെയ്ക്ക്. ഒരു കാലത്ത് ബോള്‍ട്ടിന്റെ പകരക്കാരനായി വാഴ്ത്തപ്പെട്ടിരുന്ന ബ്ലെയ്ക്കിന്റെ പേരിലാണ് ഇപ്പോഴും 100 മീറ്ററിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം. ഡി ഗ്രാസ്സെന്ന പുതിയ അവതാരത്തിന് വഴിമാറി കൊടുക്കേണ്ടിവന്നെങ്കിലും 9.93 സെക്കന്‍ഡ് എന്ന സീസണിലെ ഏറ്റവും മികച്ച സമയം കുറിക്കാന്‍ ഈ ഇരുപത്തിയാറാം വയസ്സിലും ബ്ലെയ്ക്കിനായി.

റിയോയിലെ ഫൈനലില്‍ ഓടിയ ദക്ഷിണാഫിക്കയുടെ അകാനി സിബിനെയും ഐവറി കോസ്റ്റിന്റെ യൂസീഫ് ബെന്‍ മെയ്‌തെയും ഫ്രാന്‍സിന്റെ ജിമ്മി വികൗറ്റുമെല്ലാം നാളേയ്ക്ക് നല്ല പ്രതീക്ഷയാണ് അവശേഷിപ്പിച്ചത്. ഇതില്‍ ആരൊക്കെ ബോള്‍ട്ടിന്റെ പാതയില്‍ ടോക്യോയിലും ജ്വലിച്ചുനില്‍ക്കുമെന്ന് കണ്ടറിയാം.