പുസരല വെങ്കട സിന്ധു ഒരു വെറും പേരല്ല. 132 കോടി ജനങ്ങളുടെ അഭിമാനത്തിന്റെ ചിഹന്മാണിപ്പോള്‍. റിയോയില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ ഈ ഇരുപത്തിയൊന്നുകാരിക്ക് ഇന്ത്യന്‍ കായികരംഗത്ത് ഇപ്പോള്‍ തുല്ല്യരില്ലതന്നെ വേറെ. ഒളിമ്പിക് ബാഡ്മിന്റണിന്റെ ഫൈനല്‍ കണ്ട മറ്റൊരു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമില്ല ചരിത്രത്തില്‍ എന്നത് ഒരു നിസാര കാര്യമല്ല. പ്രകാശ് പദുക്കോണിനും ഗോപിന്ദിനും സൈന നേവാളിനുമൊന്നും കൈയെത്തിപ്പിടിക്കാാനാവാതെ പോയ സ്വപ്‌നതുല്ല്യമായ നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കല മെഡല്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ താരമായ സിന്ധു മറ്റൊരു ചരിത്രനേട്ടം കൂടി റിയോയില്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നു.

RIO
കുട്ടിക്കാലത്ത് സിന്ധു അമ്മയ്ക്കും
ഗോപിചന്ദിനുമൊപ്പം

വോളിബോളിന്റെ ഇടിമുഴക്കം നിറഞ്ഞുനിന്ന വീട്ടില്‍ ജനിച്ചിട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ചരിത്രമെഴുതാനായിരുന്നു സിന്ധുവിന്റെ നിയോഗം. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിയൊന്നുകാരി. വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോര്‍ട്ടില്‍ വെച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താന്‍ സ്‌പോര്‍ട്‌സില്‍ എത്തിയതെന്ന് സിന്ധു ആണയിടുന്നു. പക്ഷെ, സിന്ധുവില്‍ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു. 

രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചുതുടങ്ങിയത്. 'വൈകുന്നേരം വോളി കളിക്കാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ചെല്ലും. അതു കണ്ടിരിക്കുമ്പോള്‍ സിന്ധു തനിയെ തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവള്‍ സ്വയം തിരഞ്ഞെടുത്ത വഴി.' രമണ പറയുന്നു. പിന്നീട് ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. ടോമാണ് ഉറപ്പിച്ചുപറഞ്ഞത്, സിന്ധുവിന്റെ കരിയര്‍ ബാഡ്മിന്റനാണെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നും. ഗോപീചന്ദിനെ പോലുള്ള വലിയ കളിക്കാരുടെ പോലും പരിശീലകനായ ടോം പറഞ്ഞതോടെ രമണയ്ക്ക് മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു.

sindhu
സിന്ധു കുട്ടിക്കാലത്ത്‌

സിന്ധുവിനെ പൂര്‍ണമായും ബാഡ്മിന്റണിനായി വിട്ടുകൊടുത്തു. രമണയുടെ സുഹൃത്തു കൂടിയായ ഗോപീചന്ദ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തിട്ട് എട്ട് വര്‍ഷമായി. ഗോപിയുടെ കീഴില്‍ എത്തിയതിനുശേഷം സിന്ധുവിനുണ്ടായ പുരോഗതി അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. 'ഗോപിസാര്‍ പെട്ടെന്ന് നമ്മുടെ പിഴവുകള്‍ മനസ്സിലാക്കും. അതിലേറെ വേഗം അതു തിരുത്തിയും തരും. അദ്ദേഹത്തിന്റെ ടിപ്‌സുകള്‍ വിലമതിക്കാനാവാത്തതാണ്. ദിവസം മുഴുവന്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്ന രീതി അദ്ദേഹത്തിനൊപ്പമെത്തിയപ്പോഴാണ് ഞാന്‍ പഠിച്ചത്.-സിന്ധു ഒരിക്കല്‍ പറഞ്ഞു.

തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ നേടിയ ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കലമായിരുന്നു ഇതുവരെ സിന്ധുവിന്റെ ഏറ്റവും വലിയ നേട്ടം. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യന്‍ താരവും സിന്ധു തന്നെ. 2013ല്‍ ഗ്വാങ്ഷുവിലും 2014ല്‍ കോപ്പന്‍ഹേഗനില്‍ വച്ചുമാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്. ഇതിന് പുറമെ 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും രണ്ടു തവണ യൂബര്‍ കപ്പിലും 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2014 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലവും നേടിയിട്ടുണ്ട് സിന്ധു. ഈ വര്‍ഷം ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ളിയും ടീമിനത്തില്‍ സ്വര്‍ണവും നേടി.