റിയോ ഡി ജനെയ്‌റൊ: കായികതാരങ്ങള്‍ക്കൊപ്പം ഒളിമ്പിക് സംഘത്തില്‍ നുഴഞ്ഞുകയറി ഒളിമ്പിക് വേദികളില്‍ കറങ്ങുന്ന രാഷ്ട്രീയക്കാര്‍ വെസ്ലി കൊരിര്‍ എന്ന കെനിയക്കാരനെ ഒന്ന് കാണണം. കെനിയന്‍ പാര്‍ലമെന്റില്‍ അംഗമായ കൊരിരും റിയോയില്‍ എത്തിയിട്ടുണ്ട്. വെറുതെ ഗെയിംസ് വില്ലേജില്‍ ബാഡ്ജും നെഞ്ചില്‍ തൂക്കി കറങ്ങിനടക്കാനല്ല, മാരത്തണില്‍ ഓടി രാജ്യത്തിനുവേണ്ടി മെഡല്‍ നേടാനാണ്.

രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവച്ച് ഓടിയ കൊരിര്‍ കൃത്യം പാതിദൂരത്ത് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പിന്നീട് പിന്നാക്കം പോയി. ഒടുവില്‍  രണ്ട് കിലോമീറ്റര്‍ ശേഷിക്കെ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഫിനിഷ് ചെയ്യാനായില്ലെങ്കിലും ഈ ഒളിമ്പിക് മാരത്തണ്‍ വെറുമൊരു മത്സരമായിരുന്നില്ല കൊരിര്‍ക്ക്. പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുകയാണ് കൊരിര്‍. അതിന്റെ പ്രചരണത്തിന്റെ തുടക്കമാണ് റിയോയില്‍ കുറിച്ചത്. രാജ്യം മുഴുവന്‍ ഈ മാരത്തണ്‍ കണ്ടുകൊണ്ടിരിക്കുകയല്ലെ-കൊരിര്‍ ചോദിക്കുന്നു.

വെറുതെ ഒരു ഷോയ്ക്കു വേണ്ടിയൊന്നുമല്ല കൊരിര്‍ റിയോയില്‍ ഓടാനിറങ്ങിയത്. 2012ലെ പൊതുതിരഞ്ഞെടുപ്പില്‍ ചേറംഗാനി മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കും മുന്‍പ് തന്നെ കെനിയയിലെ മുന്‍നിര ഓട്ടക്കാരില്‍ ഒരാളണ് കൊരിര്‍. 2008 മുതല്‍ തന്നെ മാരത്തണ്‍ രംഗത്ത് സജീവമായ കൊരിറിന്റെ പേരില്‍ വിജയങ്ങളും ഏറെയുണ്ട്. 2009ലും 2010ലും നടന്ന ഷിക്കാഗോ മാരത്തണിലെയും 2012ലെ ബോസ്റ്റണ്‍ മാരത്തണിലെയും ചാമ്പ്യനാണ് കൊരിര്‍. 2011ല്‍ ഷിക്കാഗോ മാരത്തണില്‍ വെള്ളിയും നേടിയിട്ടുണ്ട്.

marathon

മറ്റ് പല കെനിയക്കാരെയും പോലെ കുട്ടിക്കാലത്ത് കൊടിയ ദാരിദ്ര്യത്തെ ഓടിത്തോല്‍പിച്ചാണ് കൊരിരും വളര്‍ന്നത്. ഒരു ഫാമില്‍ ജോലി ചെയ്താണ് നിത്യവൃത്തിക്കും പരിശീലനത്തിനുമുള്ള വക കണ്ടെത്തിയിരുന്നത്. 2004ല്‍ അമേരിക്കയില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ചതാണ് ആശ്വാസമായത്. അക്കാലത്ത് അവിടെ മെയിന്റെനന്‍സ് മാനായി ജോലി ചെയ്തിട്ടുമുണ്ട് ഈ ഓട്ടക്കാരന്‍.

ഇന്ത്യയിലെ കായികതാരങ്ങളെപ്പോലെ വിരമിച്ചശേഷം റിട്ടയര്‍മെന്റ് ആനുകൂല്യം പോലെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നില്ല കൊരിര്‍. 2008ല്‍ രക്തപങ്കിലമായ പൊതുതിരഞ്ഞെടുപ്പാണ് കൊരിരിന്റെ മനസ്സിനെ രാഷ്ട്രീയത്തിലെത്തിച്ചത്. അന്ന് കലാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഉണ്ടാഗയിലേയ്ക്ക് ഒളിച്ചോടേണ്ടിവന്നു കൊരിര്‍ക്കും കുടുംബത്തിനും. പിറ്റേ വര്‍ഷം ലോസ് ആഞ്ജലീസ് മാരത്തണില്‍ നിന്ന് ലഭിച്ച സമ്മാനത്തുക തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടിയാണ് കൊരിര്‍ മാറ്റിവച്ചത്.

പാര്‍ലമെന്റംഗമായിരിക്കുമ്പോഴും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കൊരിര്‍ ഒരുക്കമായിരുന്നില്ല. ജനപ്രതിനിധിയുടെ തിരക്കുപിടിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ തന്നെയാണ് ഒളിമ്പിക്‌സിനുവേണ്ടി പരിശീലനം നടത്തിയതും. ഏഴായിരം അടി ഉയരത്തിലുള്ള എല്‍ഡോറെറ്റില്‍ റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവ് കിപ്‌ചോഗെയ്‌ക്കൊപ്പമായിരുന്നു പരിശീലനം. ഓട്ടക്കാരനായ പാര്‍ലമെന്റംഗത്തിന് പരിശീലനം നടത്താനായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഒരു റണ്ണിങ് മെഷിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

Korrir

ജനങ്ങളുടെ കാര്യങ്ങള്‍ നോക്കാതെ വെറുതെ കളിച്ചുനടക്കുന്ന ഒരു എം.പി.യല്ല കൊരിര്‍. നാട്ടിലെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനും ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുവേണ്ടിയും നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിന് പുറമെ സ്വന്തം കൈയില്‍ നിന്ന് കാശ് ചിലവാക്കി ഒരു ഫൗണ്ടേഷന്‍ രൂപവത്കരിക്കുകയും ഇതിലൂടെ മുന്നൂറ് കുട്ടികളുടെ പഠനച്ചിലവ് വഹിക്കുകയും രണ്ടായിരത്തോളം കര്‍ഷകരര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

'എന്റെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ ഓടിക്കൊണ്ടിരിക്കുക. അല്ലെങ്കില്‍ അഴിമതിക്കാരനാവുക. ഞാന്‍ ഓടാനാണ് തീരുമാനിച്ചത്. അമേരിക്കയിലെയും മറ്റും കായിതാരങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റ് നിരവധി ഉപാധികളുണ്ട്. ഇവിടെ അങ്ങിനെയല്ല. കെനിയക്കാര്‍ എങ്ങിനെയാണ് ഇത്ര വേഗം ഓടുന്നതെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അവര്‍ ദാരിദ്ര്യത്തില്‍ നിന്നാണ് ഓടുന്നത് എന്നതാണ് എന്റെ ഉത്തരം'-കൊരിര്‍ പറഞ്ഞു.