ട്രാക്കിനെ ഓടിത്തോല്‍പ്പിച്ച വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട് പിറന്നിട്ട് ഇന്നേക്ക് മൂന്നു പതിറ്റാണ്ട് തികയുന്നു. ഒളിമ്പിക് ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടവുമായി റിയോ മണ്ണിലാണ്  ട്രാക്കിലെ പകരം വെയ്ക്കാനില്ലാത്ത  ഇതിഹാസത്തിന്റെ പിറന്നാള്‍ ആഘോഷവും. ഇനി എനിക്കൊന്നും തെളിയിക്കാനില്ല ലോകത്തെ മികച്ച താരം ഞാനാണെന്ന് തെളിയിച്ചു കഴിഞ്ഞു - ബോള്‍ട്ട് പറയുന്നു, അതെ ഇതിലേറെ ഇനി ബോള്‍ട്ട് എന്തു സ്വന്തമാക്കാനാണ് ?  ഒന്നുമില്ല...

ഇനിയൊരു ഒളിമ്പിക് അങ്കത്തിന് ബോള്‍ട്ടില്ല. ട്രാക്കില്‍ വിസ്മയം തീര്‍ത്ത് നേടിയ ഒമ്പതു സ്വര്‍ണവുമായി ബോള്‍ട്ട് റിയോ വേദിക്കൊപ്പം ഒളിമ്പിക്‌സിനോടും വിടപറയുകയാണ്.  100 മീറ്ററില്‍ വെങ്കലവും 200 മീറ്ററില്‍ വെള്ളിയും നേടിയ കാനഡയുടെ ഡി ഗ്രസേ ഒരു പക്ഷേ ബോള്‍ട്ടിന്റെ അഭാവത്തില്‍ അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയേക്കാം, പക്ഷേ ബോള്‍ട്ട് എന്ന കരുത്തുറ്റ മനുഷ്യന്‍ ട്രാക്കില്‍ തീര്‍ത്ത ആവേശവും വേഗതയും അടുത്തെങ്ങും എത്തിപ്പിക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ല. 

rio

സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍നിന്നുള്ള കുതിപ്പില്‍ പലപ്പോഴും പിന്നിലായിരുന്നിട്ടും ബോള്‍ട്ട് എപ്പോഴും മുന്നില്‍ത്തന്നെ ഫിനിഷ് ചെയ്തു. ബോള്‍ട്ട് വേഗമാര്‍ജിക്കുന്നതോടെ, മറ്റുള്ളവര്‍ രണ്ടാം സ്ഥാനത്തിനുവേണ്ടിയായി പോരാട്ടം. 2011-ല്‍ ദേഗുവില്‍ ഫാള്‍സ് സ്റ്റാര്‍ട്ടില്‍ അയോഗ്യനാക്കപ്പെട്ടതൊഴിച്ചാല്‍, ബോള്‍ട്ട് ഒരിക്കലും സ്വര്‍ണത്തില്‍നിന്ന് മാറിയില്ല.

2008-ല്‍ ബെയ്ജിങ്ങിലും 2012-ല്‍ ലണ്ടനിലും ഇപ്പോള്‍ റിയോയിലും മൂന്നു സ്വര്‍ണം നേടിയാണ് ബോള്‍ട്ട് മടങ്ങുന്നത്. 100 മീ., 200 മീ., 4x100 മീ. റിലേ എന്നീയിനങ്ങളില്‍ മൂന്നു ഒളിമ്പിക്‌സുകളിലും സ്വര്‍ണം നേടിയതോടെ, അത്റ്റിക്‌സില്‍ ഒമ്പത് സ്വര്‍ണം എന്ന പാവോ നൂര്‍മിയുടെയും കാള്‍ ലൂയിസിന്റെയും റെക്കോഡിനൊപ്പമെത്താനും ജമൈക്കന്‍ താരത്തിനായി. 

മുഹമ്മദ് അലിയെപ്പോലെ, പെലെയെപ്പോലെ, ആര്‍ക്കും സുപരിചിതമായ പേരുകളിലൊന്നായി ബോള്‍ട്ടും. ചിലര്‍ക്ക് ബോള്‍ട്ട് 'മിന്നല്‍ ബോള്‍ട്ടാ'ണ്. ചിലര്‍ക്ക് വേഗത്തിന്റെ പര്യായവും. എന്നാല്‍, ബോള്‍ട്ട് ഇല്ലാതാകുന്നതോടെ, ട്രാക്കിന് മിന്നല്‍ വേഗമാണ് നഷ്ടപ്പെടുക. അടുത്തവര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പോടെ ട്രാക്കിനോട് പൂര്‍ണമായും വിടപറയുമെന്നാണ് ബോള്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

Usasain Bolt

ഏറെ ഇഷ്ടപ്പെട്ടിരുന്ന ഫുട്‌ബോളും ക്രിക്കറ്റും വിട്ടാണ് ബോള്‍ട്ട് സ്പ്രിന്റിലേക്കെത്തിയത്. ക്രിക്കറ്റ് കോച്ച് വഴികാട്ടിയ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ലോകത്തെ വേഗമേറിയ താരമായും മാറി. 100 മീറ്ററിലും (9.58 സെക്കന്‍ഡ്) 200 മീറ്ററിലും (19.19 സെക്കന്‍ഡ്) 4X100 മീറ്റര്‍ റിലേയിലും നിലവിലുള്ള ലോകറെക്കോര്‍ഡും  കേവലം 12 വര്‍ഷങ്ങള്‍ക്കൊണ്ട് തന്റെ കൈകളില്‍ ഭദ്രമാക്കിയാണ് അതിശക്തനായ മുപ്പതുകാരന്‍ നടന്നുനീങ്ങുന്നത്. 

പ്രകടനങ്ങളില്‍മാത്രമാണ് ബോള്‍ട്ട് അമാനുഷികനായിരുന്നത്. അല്ലാത്തപ്പോഴൊക്കെ ആഹ്ലാദവാനായ മനുഷ്യന്‍. കാള്‍ ലൂയിസും മൈക്കല്‍ ജോണ്‍സണും പോലുള്ള സൂപ്പര്‍സ്റ്റാറുകളില്‍നിന്ന് ബോള്‍ട്ട് വ്യത്യസ്തനായി. ആരാധകരെ ആരെയും ബോള്‍ട്ട് നിരാശനാക്കിയില്ല. ചിത്രമെടുക്കാന്‍ തുനിഞ്ഞ ഒരു ഫോട്ടോഗ്രാഫര്‍ക്കും ബോള്‍ട്ട് അന്യനായില്ല.

Usain Bolt

ബോബ് മാര്‍ലിയെ കേട്ടും നൃത്തച്ചുവടുകള്‍വെച്ചും ആരാധകര്‍ക്കൊപ്പം അവരിലൊരാളായി ബോള്‍ട്ട് അലിഞ്ഞുചേര്‍ന്നു. ഒളിമ്പിക്‌സ് അരവങ്ങള്‍ക്കൊപ്പമുള്ള തന്റെ അവസാന പിറന്നാള്‍ ആഘോഷവും ഗംഭീരമാക്കുന്ന തിരക്കിലാണ് ബോള്‍ട്ട്. ജര്‍മനിക്കെതിരെ ഇന്ന് പുലര്‍ച്ചെ നടന്ന ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീല്‍ വിജയത്തിനായി ഗാലറിയില്‍ ആരവമുയര്‍ത്താനുണ്ടായിരുന്ന ബോള്‍ട്ട് അവിടെനിന്ന് നേരെ പിറന്നാള്‍ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്...