റിയോ ഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സില്‍ അമേരിക്ക ചാമ്പ്യന്‍മാര്‍. 46 സ്വര്‍ണമടക്കം 121 മെഡലുകള്‍ നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്ക ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. റിയോ ഒളിമ്പിക്സില്‍ ഷൂട്ടര്‍ വെര്‍ജീനിയ ത്രാഷറുടെ സ്വര്‍ണമെഡലിലൂടെ അക്കൗണ്ടു തുറന്ന അമേരിക്ക ലണ്ടനിലെ അതേ സ്വര്‍ണ നേട്ടം റിയോയിലും ആവര്‍ത്തിച്ചു. 37 വെള്ളിയും 38 വെങ്കലവും അമേരിക്ക നേടി.

ബാഡ്മിന്റണില്‍ പി.വി സിന്ധു നേടിയ വെള്ളിയും ഗുസ്തിയില്‍ സാക്ഷി മാലിക്ക് നേടിയ വെങ്കലത്തിലും ഒതുങ്ങിയ ഇന്ത്യക്ക് 67ാം സ്ഥാനം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയിരുന്ന ഇന്ത്യ 56ാം സ്ഥാനത്തായിരുന്നു.

അതേ സമയം ചൈനയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രിട്ടന്‍ രണ്ടാമതെത്തി. 27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവും നേടിയാണ് ബ്രിട്ടന്‍ രണ്ടാമതെത്തിയത്. ബെയ്ജിങ് ഒളിമ്പിക്‌സിലെ ചാമ്പ്യന്‍മാരായ ചൈനയ്ക്ക് 26 സ്വര്‍ണം മാത്രമാണ് അക്കൗണ്ടിലെത്തിക്കാനായത്. 

rio 2016
കാത്തി ലഡേക്കിയും സിമോണ ബെയ്ല്‍സും മൈക്കല്‍ ഫൈല്‍പ്‌സും മെഡലുകളുമായി

18 വെള്ളിയും 26 വെങ്കലും നേടിയ ചൈന ആകെ 70 മെഡലുകളാണ് നേടിയത്. ലണ്ടനില്‍ ചൈന 38 സ്വര്‍ണം നേടിയിരുന്നു. ആതന്‍സ് (2004) ഒളിമ്പിക്സിനുശേഷം ആദ്യമായി ചൈന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന പ്രത്യേകതയും റിയോ ഗെയിംസിനുണ്ട്. 

സോവിയറ്റ് ചേരി ബഹിഷ്‌കരിച്ച 1984 ലോസ് ആഞ്ജലിസില്‍ 83 സ്വര്‍ണമുള്‍പ്പെടെ 174 മെഡലുകള്‍ നേടിയതാണ് അമേരിക്കയുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്ത്. പിന്നീട് രണ്ടുതവണ മാത്രമേ നൂറിനു താഴെ പോയിട്ടുള്ളൂ, 1988-ല്‍ സോളിലും (94 മെഡല്‍, മൂന്നാം സ്ഥാനം) രണ്ടായിരത്തില്‍ സിഡ്നിയിലും (93 മെഡല്‍, ഒന്നാം സ്ഥാനം).

ബാഴ്സലോണ(1992)യില്‍ സംയുക്ത റഷ്യന്‍ ടീമിനു പിന്നിലായ ശേഷം ഒരിക്കല്‍ മാത്രമേ ഒളിമ്പിക്സില്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്ക് കൈവിട്ടുപോയിട്ടുള്ളൂ. ബെയ്ജിങ്ങില്‍ ചൈനയോടായിരുന്നു അത്. അന്ന് ചൈനയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു അവര്‍.