pv sindhuറിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുടെ മെഡല്‍പ്പട്ടികയ്ക്ക് പൊന്‍തിളക്കമേകാന്‍ പുസാരല വെങ്കട്ട സിന്ധു പൊരുതുമ്പോള്‍ ഇവിടെ ഹൈദരാബാദ് ഗച്ചിബൗളിയിലെ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ ആവേശം അരങ്ങുതകര്‍ക്കുകയായിരുന്നു.

ഇവിടത്തെ കോര്‍ട്ടിലാണ് പി.വി. സിന്ധു കളിച്ചുവളര്‍ന്നത്. സെമിയില്‍ ജപ്പാന്റെ ഒക്കുഹാരയ്ക്കെതിരെ സിന്ധുപായിച്ച ഓരോ സ്മാഷുകള്‍ക്കും വിദഗ്ധമായ ഡ്രോപ്പുകള്‍ക്കും റിട്ടേണുകള്‍ക്കും റിയോയിലെ ഗ്യാലറിയേക്കാള്‍ ആരവമായിരുന്നു ഇവിടെ. 

പ്രത്യേകം സജ്ജമാക്കിയ വലിയ സ്‌ക്രീനിലാണ് അക്കാദമിയിലെ താരങ്ങള്‍ കളികണ്ടത്. തൊട്ടടുത്ത് കൊക്കപേട്ടിലെ വീട്ടില്‍നിന്ന് സിന്ധുവിന്റെ അച്ഛന്‍ പി.വി. രമണയും അമ്മ പി. വിജയയും സഹോദരിയും കളികാണാന്‍ അക്കാദമിയിലെത്തി.

രാവിലെ മുതല്‍ വൈകിട്ടുവരെ ആ വോളി താരദമ്പതിമാര്‍ പ്രാര്‍ഥനയിലായിരുന്നു. ക്വാര്‍ട്ടറില്‍ രണ്ടാം നമ്പര്‍ തരമായ വാങ് യിഹാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച മകള്‍ മെഡല്‍ സ്വന്തമാക്കുമെന്ന ഉറച്ചവിശ്വാസത്തിലാണവര്‍ മത്സരം കാണാനെത്തിയത്.

7.30-ന് തുടങ്ങുമെന്ന് പറഞ്ഞിരുന്ന മത്സരം തുടങ്ങാന്‍ വൈകിയപ്പോള്‍ ഒളിമ്പ്യന്റെ മാതാപിതാക്കളെ മാധ്യമക്കാര്‍ വളഞ്ഞു. പിന്നീട് പ്രാര്‍ഥനയുടെ നിമിഷങ്ങള്‍. എട്ടരയോടെ നെഞ്ചില്‍ ത്രിവര്‍ണപതാക പതിച്ച് മഞ്ഞ ജേഴ്സിയണിഞ്ഞെത്തിയ സിന്ധുവിനെ വലിയ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ആവേശം അലതല്ലി. 

റിയോ ഗ്യാലറിയിലെ ഇന്ത്യാ ഇന്ത്യാ... എന്ന ആര്‍പ്പുവിളികള്‍ക്കൊപ്പം ഗ്യാലറിയും ചേര്‍ന്നു. സ്‌ക്രീനില്‍ പ്രിയ കോച്ച് പി. ഗോപീചന്ദിന്റെ രൂപം തെളിഞ്ഞപ്പോള്‍ ആര്‍പ്പുവിളിയായി. സിന്ധുനേടിയ ഓരോ പോയന്റുകള്‍ക്കും കരഘോഷങ്ങള്‍ അകമ്പടിയേകി. അതീവ സമ്മര്‍ദത്തിലാണ് രമണ കളികണ്ടത്.

ഇടയ്ക്ക് കണ്ണടച്ച് പ്രാര്‍ഥിച്ചും എഴുന്നേറ്റുനടന്നും ആ മുന്‍ദേശീയ വോളി താരം തന്റെ സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിച്ചു. അമ്മ വിജയ കൈകൂപ്പി പ്രാര്‍ഥിച്ചുകൊണ്ടാണ് കളി കണ്ടുതീര്‍ത്തത്. ഇടയ്ക്ക് വൈദ്യുതി നിലച്ചത് നിരാശപടര്‍ത്തി.