ളിമ്പിക്സില്‍ മെഡല്‍നേടി ഇന്ത്യയുടെ അഭിമാനമായിമാറിയ പി.വി. സിന്ധുവിന് ലണ്ടന്‍ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ മെഡല്‍നേടിയ സൈന നേവാളുമായി ചില സാമ്യങ്ങളുണ്ട്. സിന്ധുവിനെപ്പോലെ ഗോപീചന്ദിനു കീഴില്‍ പരിശീലിക്കുമ്പോഴാണ് സൈനയും ഒളിമ്പിക് മെഡല്‍ നേടിയത്. രണ്ടുപേരും ഹൈദരാബാദുകാര്‍. തീര്‍ന്നില്ല, സ്പോര്‍ട്സ് കുടുംബങ്ങളില്‍നിന്നാണ് സിന്ധുവും സൈനയും വരുന്നത്.

സിന്ധുവിന്റെ അച്ഛന്‍ പി.വി. രമണ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളി ടീമിന്റെ മുന്നണിപ്പോരാളിയായിരുന്നു. അമ്മ വിജയയും ദേശീയ വോളിബോള്‍ താരം. സൈനയുടെ അച്ഛന്‍ ഹര്‍വീര്‍ സിങ്ങും അമ്മ ഉഷാ നേവാളും ഹരിയാണയുടെ ബാഡ്മിന്റണ്‍ ചാമ്പ്യന്മാരായിരുന്നു. അവരെപ്പോലെ രമണയും വിജയയും കളിക്കളത്തില്‍ കണ്ടുമുട്ടി പ്രണയിച്ചവരാണ്.

ഏഷ്യന്‍ ഗെയിംസിലടക്കം നിരവധിതവണ ഇന്ത്യന്‍ കുപ്പായമണിഞ്ഞ രമണ അര്‍ജുന അവാര്‍ഡ് ജേതാവുകൂടിയാണ്. മുമ്പ് കോഴിക്കോട്ടും കൊല്ലത്തുമെല്ലാം കളിക്കാനെത്തിയപ്പോള്‍ വോളി കമ്പക്കാരില്‍നിന്ന് ലഭിച്ച പ്രോത്സാഹനത്തെയും സ്വീകരണത്തെയുംകുറിച്ചുള്ള ഓര്‍മകള്‍ രമണ സൂക്ഷിക്കുന്നു. വിജയയ്ക്കുമുണ്ട് മലയാളികള്‍ക്കുമുന്നില്‍ കളിച്ചതിന്റെ ഓര്‍മകള്‍. 

രമണ ജോലിചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്കുകീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചു തുടങ്ങിയത്. ''വൈകുന്നേരം വോളി കളിക്കാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ചെല്ലും. അത് കണ്ടിരിക്കുമ്പോള്‍ സിന്ധു തനിയെ തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു.

അവള്‍ സ്വയം തിരഞ്ഞെടുത്ത വഴി.'' -രമണ പറയുന്നു. ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. ടോമാണ് ഉറപ്പിച്ചുപറഞ്ഞത്, സിന്ധുവിന്റെ കരിയര്‍ ബാഡ്മിന്റനാണെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നും. 

ഗോപീചന്ദിനെപ്പോലുള്ള വലിയ കളിക്കാരുടെ പരിശീലകനായിരുന്ന ടോം ഉറപ്പുപറഞ്ഞതോടെ രമണയ്ക്ക് മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു. സിന്ധുവിനെ പൂര്‍ണമായും ബാഡ്മിന്റണിനായി വിട്ടുകൊടുത്തു. പിന്നീട് ഗോപീചന്ദ് അക്കാദമിയില്‍ ചേര്‍ന്നതോടെ സിന്ധുവിന്റെ കരിയര്‍ ഭിന്നമായൊരു തലത്തിലേക്ക് പ്രവേശിച്ചു.

രണ്ടുതവണ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ താരമാണ് സിന്ധു. 2013-ല്‍ മലേഷ്യ ഗ്രാന്‍പ്രീ ചാമ്പ്യന്‍ഷിപ്പ് ജയിച്ച സിന്ധു അതേവര്‍ഷംതന്നെ ഗ്വാങ്ഷുവില്‍ നടന്ന ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അന്ന് സിന്ധു. തുടര്‍ന്നുനടന്ന ഇന്ത്യന്‍ സൂപ്പര്‍ സീരീസില്‍ റണ്ണറപ്പായി. തൊട്ടടുത്തവര്‍ഷം കോപ്പന്‍ഹേഗന്‍ ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കലമണിഞ്ഞു.

2014-ലെ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സിന്ധു ഇന്ത്യക്ക് ഓരോ വെങ്കലമെഡലുകള്‍ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ഒളിമ്പിക് മെഡലും. ഇനി സിന്ധുവിന് കീഴടക്കാനായി ഒന്നേയുള്ളൂ. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. നിലവിലെ ഫോമില്‍ മുന്നോട്ടുപോയാല്‍ പ്രൊഫഷണല്‍ ബാഡ്മിന്റണിലെ അവസാനവാക്കായ ആ കിരീടവും സിന്ധുവിന്റെ ഷോക്കേസിലെത്തും, തീര്‍ച്ച.