13 ദിവസത്തിനു ശേഷം സിന്ധുവിന് അവളുടെ ഫോണ്‍ തിരിച്ചു കിട്ടും. നീണ്ട മൂന്ന് മാസത്തിനു ശേഷം അവള്‍ക്കിനി ഏറെ ഇഷ്ടമുള്ള ഐസ്‌ക്രീമും കഴിക്കാം. മെഡല്‍ മാത്രം മുന്നില്‍ കണ്ട് സിന്ധുവിന് ഫോണ്‍ ഉപയോഗിക്കാനും ഐസ്‌ക്രീം കഴിക്കാനും പരിശീലകന്‍ ഗോപീചന്ദ് അനുവാദം നല്‍കിയിരുന്നില്ല. ഫോണ്‍ പരിശീലനത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതിനാലും ഐസ്‌ക്രീം ഫിറ്റ്‌നെസ്സിനെ ബാധിക്കുന്നതിനാലുമാണ് ഗോപീചന്ദ് ഇവ രണ്ടും സിന്ധുവില്‍ നിന്ന് അകറ്റിയത്.

വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം ഗോപീചന്ദ് ആദ്യം പ്രതികരിച്ചത് ഐസ്‌ക്രീമിനെയും ഫോണിനെയും കുറിച്ചാണ്. അപ്പോള്‍ ഒരു പരിശീലകന്റെ കാര്‍ക്കശ്യം വിട്ട് ഒരു മൂത്ത സഹോദരന്റെ ലാളിത്യത്തിലേക്ക് ഇറങ്ങിവന്നതു പോലെയായിരുന്നു മത്സരത്തിനു ശേഷം ഗോപീചന്ദിന്റെ വാക്കുകള്‍.

എപ്പോഴും അച്ചടക്കത്തോടെയുള്ള പരിശീലനമായിരിന്നു ഗോപീചന്ദെന്ന കളിക്കാരന്റെയും പരിശീലകന്റെയും രീതി. അതുകൊണ്ടുതന്നെ സൈനയ്ക്കും സിന്ധുവിനും  അദ്ദേഹം പകര്‍ന്നു നല്‍കിയതും മറ്റൊന്നായിരുന്നില്ല. ഒളിമ്പിക്സിലെ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തലേക്ക് അവള്‍ നടന്നു കയറിയതിനു പിന്നില്‍ കാര്‍ക്കശ്യക്കാരനായ പുല്ലേല ഗോപീചന്ദെന്ന ഹൈദരാബാദുകാരന്‍ നല്‍കിയ ധൈര്യവും കരുത്തുമായിരുന്നു.