ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയെന്ന രാജ്യം എപ്പോഴും കറങ്ങുന്നത്. ക്രിക്കറ്റിനെ മതമായും സച്ചിന്‍ തെണ്ടുല്‍ക്കറെ ദൈവമായും ആരാധിക്കുന്ന ഇന്ത്യക്കാര്‍. അങ്ങനെയുള്ള ഒരു മണ്ണില്‍ മറ്റൊരു കായിക ഇനം കൂടി വേര് പിടിക്കുകയെന്നത് ചെറിയ കാര്യമല്ല.  ബാഡ്മിന്റണിലെ അതികായരായ പ്രകാശ് പദുക്കോണിനും പുല്ലേല ഗോപീചന്ദിനും സൈന നേവാളിനും ശേഷം സിന്ധുവിലൂടെ ഇന്ത്യക്ക് മറ്റൊരു താരത്തെ കൂടി ലഭിച്ചിരിക്കുന്നു. എന്നാല്‍ ഈ മൂന്ന് പേര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ് റിയോയില്‍ സിന്ധു സ്വന്തമാക്കിയത്.

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യം ഉയര്‍ന്നു വന്ന പേരാണ് പ്രകാശ് പദുക്കോണ്‍. 1970കളുടെ അവസാനത്തിലും 1980കളുടെ ആദ്യത്തിലും ഇന്ത്യയുടെ ബാഡ്മിന്റണില്‍ തിളങ്ങി നിന്ന താരമായിരുന്നു പ്രകാശ് പദുക്കോണ്‍. 1980ല്‍ ലണ്ടനില്‍ നടന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം നേടി പ്രകാശ് ഇന്ത്യയുടെ കായിക ചരിത്രത്തിന്റെ ഭാഗമായി.

pv sindhuബാഡ്മിന്റണിലെ അവസാന വാക്കായിരുന്ന ചൈനക്കും ഇന്തോനേഷ്യക്കും ഇന്ത്യയില്‍ നിന്ന് ലഭിച്ച ആദ്യത്തെ പ്രഹരമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം തന്നെ ക്വാലാലംപൂരില്‍ നടന്ന ബാഡ്മിന്റണ്‍ ലോകകപ്പില്‍ പദുക്കോണ്‍ കിരീട നേട്ടം ആവര്‍ത്തിച്ചു. ഇന്ത്യയിലെ പരിശീലനത്തേക്കാളുപരി ഡെന്‍മാര്‍ക്കിലെ പരിശീലനമാണ് പ്രകാശിനെ ഒരു മികച്ച താരമാക്കി വളര്‍ത്തിയെടുത്ത.് അന്തര്‍ദേശീയ താരങ്ങളുമായുള്ള സൗഹൃദവും പ്രകാശിന്റെ കരിയറിനെ തുണച്ചു. 

പ്രകാശിന് ശേഷം ബാഡ്മിന്റണില്‍ ഇന്ത്യ ആഘോഷിച്ച മറ്റൊരു പേരാണ് ഗോപീചന്ദ്. 1990ന്റെ അവസാനത്തിലും 2000ത്തിന്റെ ആദ്യ കാലങ്ങളിലും ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഹീറോ ഗോപീചന്ദായിരുന്നു. സയ്യിദ് മുഹമ്മദ് ആരിഫെന്ന ആരിഫ് സാഹിബായിരുന്നു ഗോപീചന്ദിന്റെ ആദ്യകാലത്തെ ഗുരു. പിന്നീട് പ്രകാശ് പദുക്കോണിന്റെ ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് ഗോപീചന്ദ് പരിശീലനം മാറ്റി. 1998 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയ ഗോപീചന്ദിനെയും ചരിത്രം രേഖപ്പെടുത്തിയത് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നേടിയ കിരീടമാണ്.

 അന്ന് സെമിഫൈനലില്‍ ലോക ഒന്നാം നമ്പറുകാരനായ ഡാനിഷ് താരം പീറ്റര്‍ ഗെയ്ഡിനെ അട്ടിമറിച്ചെത്തിയ ഗോപീചന്ദിനെ തോല്‍പ്പിക്കാന്‍ ചൈനയുടെ ചെന്‍ ഹോങ്ങിനുമായില്ല. അങ്ങനെ പ്രകാശിന് ശേഷം ഓള്‍ ഇംഗ്ലണ്ട് കിരീടം നേടുന്ന രണ്ടാമത്തെ താരമായി ഗോപീചന്ദ്.

ആ കിരീടനേട്ടത്തിന് ശേഷം കൊക്കോ-കോള കമ്പനിയുടെ പരസ്യക്കരാര്‍ നിരാകരിച്ച് ഗോപീചന്ദ് വാര്‍ത്തകളില്‍ ഇടം പിടിച്ചു. കൊക്കോ-കോള ആരോഗ്യത്തിന് നല്ലതല്ലെന്ന തന്റെ നിലപാട് ഗോപി പിന്നീട് പല തവണ ആവര്‍ത്തിച്ചു. ഒരു കായിക താരമെന്ന നിലയില്‍ താന്‍ ഒരിക്കലും അതിനെ അംഗീകരിക്കില്ലെന്ന ഗോപിയുടെ ആ നിലപാട് തന്നെയായിരുന്നു അയാളുടെ കരുത്ത്. 

pv sindhu

ഇന്ത്യയുടെ പിന്നീടുള്ള ബാഡ്മിന്റണ്‍ ചരിത്രം ഗോപീചന്ദെന്ന പരിശീലകനില്‍ നിന്നാണ് തുടങ്ങുന്നത്. ഹൈദരാബാദില്‍ ഗോപീചന്ദ് തുടങ്ങിയ ബാഡ്മിന്റണ്‍ അക്കാദമിയാണ് ഇന്ന് ബാഡ്മിന്റണില്‍ ഇന്ത്യയുടെ തറവാട് വീട്. നിറയെ വെല്ലുവിളികള്‍ നേരിട്ടാണ് 2001ല്‍ ഗോപീചന്ദ് അക്കാദമി തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയെങ്കിലും 13 കോടിയോളം രൂപ സ്വന്തമായി കണ്ടെത്തിയാണ് ഗോപീചന്ദ് അക്കാദമി തുടങ്ങിയത്. 

അക്കാദമി തുടങ്ങി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സൈന നേവാളിലൂടെ ഗോപീചന്ദ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഒരു മെഡല്‍ എന്ന ആദ്യ വാക്ക് പാലിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടി സൈന ഇന്ത്യയുടെ കണ്ണുകള്‍ ബാഡ്മിന്റണിന് ചുറ്റുമെത്തിച്ചു. അന്ന് ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങിയ കശ്യപും ഇന്ന് റിയോ ഒളിമ്പിക്‌സില്‍ അതേ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട കെ.ശ്രീകാന്തും കളി പഠിക്കുന്നത് ഗോപിയ്ക്ക് കീഴില്‍ തന്നെയാണ്. 

pv sindhu

പി.വി സിന്ധു ഗോപീചന്ദ് അക്കാദമിയില്‍ എത്തിയതോടെയാണ് സൈന വിമല്‍ കുമാറിന് കീഴിലേക്ക് പരിശീലനം മാറ്റിയതെങ്കിലും അത് ഒര്‍ത്ഥത്തില്‍ ഇന്ത്യക്ക് ഗുണമാകുകയാണ് ചെയ്തത്. രണ്ട് താരങ്ങള്‍ തമ്മിലുള്ള മത്സരബുദ്ധി അവര്‍ക്ക് കരിയറില്‍ ഉയര്‍ച്ചകള്‍ മാത്രമാണ് സമ്മാനിക്കുക. രണ്ട് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയ സിന്ധുവിനെ ഒളിമ്പിക് മെഡല്‍ നേട്ടത്തിലെത്തിക്കാന്‍ 'ഓപ്പറേഷന്‍ റിയോ സിന്ധു' വിന് ഒരു വര്‍ഷം മുമ്പാണ് ഗോപീചന്ദ് തുടക്കം കുറിക്കുന്നത്.

പ്രത്യേക വെയ്റ്റ് ട്രെയ്‌നറെയും ഫിറ്റ്‌നസ് എക്‌സ്പര്‍ട്ടിനെയും ഏര്‍പ്പെടുത്തിയ ഗോപീചന്ദ് 21കാരിയുടെ സ്റ്റാമിന വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. ഒരു മണിക്കൂറിലധികം നീളുന്ന മത്സരങ്ങളില്‍ ഒരേ വേഗതയില്‍ കളിക്കാനും നീണ്ട റാലികളില്‍ തളരാതെ പോരാടാനും സിന്ധുവിനെ ഒരുക്കുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്. പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന കഠിന പരിശീലനം ഒടുവില്‍ സിന്ധുവിനെ തുണച്ചു.