saniaരാത്രിയില്‍ വീശിയടിക്കുന്ന തണുത്തകാറ്റിനെ അവഗണിച്ച് നൂറിലധികംവരുന്ന ഇന്ത്യക്കാരുടെ സംഘം ഒളിമ്പിക് ടെന്നീസ് സെന്ററിലെ രണ്ടാം കോര്‍ട്ടിന്റെ ഗാലറിയില്‍ ആര്‍പ്പുവിളിച്ചു കൊണ്ടേയിരുന്നു. താഴെ ഗ്രൗണ്ടില്‍ ഒരു വലിയരാജ്യത്തിന്റെ മുഴുവന്‍പ്രതീക്ഷകളും ആവാഹിച്ച് രോഹന്‍ ബൊപ്പണ്ണയും സാനിയ മിര്‍സയും മത്സരിക്കുന്നു. പ്രതിയോഗികളും കരുത്തരായിരുന്നു. ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരനായ പുരുഷതാരം ആന്‍ഡി മറെയും മികച്ച ഡബ്ള്‍സ് താരമായ ഹിതര്‍ വാട്സണും. 

റിയോയിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഒന്നൊന്നായി പൊലിഞ്ഞു പോയപ്പോള്‍ സാനിയ-രോഹന്‍ സഖ്യത്തിലേക്കായി ഇന്ത്യന്‍ ആരാധകരുടെ കണ്ണുകള്‍മുഴുവന്‍. മറെയുടെ ടീമിനെതിരെ ഹൃദയം പുറത്തെടുത്ത് കളിച്ച ഇന്ത്യന്‍ ജോഡി പൊരുതിക്കയറുകയും ചെയ്തു. മിക്സഡ് ഡബ്ള്‍സ് മത്സരത്തില്‍ മിക്കപ്പോഴും കൂടുതല്‍ അധ്വാനിക്കേണ്ടിവരിക വനിതാപങ്കാളികളാവും. താരതമ്യേന ദുര്‍ബലയായ വനിതാപങ്കാളിക്കു നേരെയാവും എതിര്‍ടീമിലെ രണ്ടു പേരും പന്തടിക്കുക.

 അത് തിരിച്ചറിഞ്ഞ് കളിക്കാനാവുന്നു എന്നതാണ് സാനിയയുടെ മികവ്. മറെയെപ്പോലുള്ള ലോകോത്തര താരത്തിന്റെ സര്‍വുകളില്‍ കരുത്തുറ്റ റിട്ടേണുകള്‍ കളിച്ച സാനിയ ഈ ജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അര്‍ഹിക്കുന്നു. മത്സരശേഷം രോഹന്‍ അത് തുറന്നുസമ്മതിക്കുകയും ചെയ്തു. 'സാനിയയെ പ്പോലുള്ള മികച്ചൊരു പങ്കാളിയുണ്ടെങ്കില്‍ തന്നെ മിക്സഡ് ഡബ്ള്‍സില്‍ പകുതി ജയിച്ചുകഴിഞ്ഞു. അവര്‍ മനോഹരമായി കളിക്കുന്നു. -രോഹന്‍ പറഞ്ഞു.

പരസ്പരവിശ്വാസത്തോടെ പിന്തുണച്ചും പ്രോത്സാഹിപ്പിച്ചുമാണ് സാനിയയും രോഹനും കളിക്കുന്നത്. പ്രതിയോഗികളുടെ പദ്ധതികള്‍ തെറ്റിച്ചുകൊണ്ട് നെറ്റിനരികിലേക്ക് ഓടിക്കയറി ഹാഫ് വോളികള്‍ കളിക്കാനുള്ള മിടുക്ക് രോഹനെ വേറിട്ടുനിര്‍ത്തുന്നു. 

കരുത്തരായ പ്രതിയോഗികള്‍ക്കെതിരെ ജയം അനായാസമാക്കി തീര്‍ത്തത് ഇന്ത്യന്‍സഖ്യത്തിന്റെ കൃത്യമായപ്ലാനിങ്ങായിരുന്നു. മറെയ്ക്ക് അധികം കളിക്കാന്‍ അവസരംനല്‍കാതെ ഹിതറിനെ ആക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍. ഹിതറിന്റെ പിഴവുകളില്‍ പോയന്റുകള്‍ നഷ്ടമായപ്പോള്‍ മറെയും സമ്മര്‍ദത്തിന് അടിപ്പെട്ടു.

മിക്‌സഡ് ഡബിള്‍സ് സെമിഫൈനല്‍ മത്സരത്തില്‍ നിന്ന്

ഓരോ പോയന്റുകള്‍ നേടുമ്പോഴും ഗാലറിയിലെ ഇന്ത്യന്‍സംഘം തങ്ങളുടെ പ്രിയതാരങ്ങളെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. സാനിയ പലപ്പോഴും ഗാലറിയിലേക്ക് കൈയുയര്‍ത്തിക്കാണിച്ചു. പക്ഷെ കളിക്കുമ്പോള്‍ മറ്റൊന്നും രോഹന്‍ അറിയുന്നേയില്ല. ഗ്രൗണ്ടിലിറങ്ങിയാല്‍ അയാളുടെ ലോകത്ത് റാക്കറ്റും പന്തുംമാത്രം. പ്രതിയോഗികളെപ്പോലും തലയുയര്‍ത്തി നോക്കുന്നില്ല. കോര്‍ട്ടിനകത്ത് സംസാരിക്കുന്നതേ വിരളം. റഫറിയുടെ തീരുമാനങ്ങളില്‍ സംശയം തോന്നുന്നസമയത്ത് സംസാരിക്കുന്നതും തര്‍ക്കിക്കുന്നതും സാനിയയാണ്. 

ഗ്രാന്‍സ്ലാം കിരീടങ്ങള്‍, ഏഷ്യന്‍ ഗെയിംസിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും സ്വര്‍ണ മെഡലുകള്‍.. സാനിയയുടെ ഷോകെയ്സില്‍ ഇപ്പോള്‍ ഇല്ലാത്തത് ഒരു ഒളിമ്പിക്് മെഡല്‍ മാത്രമാണ്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാനിയയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ഇപ്പോള്‍ ആ ഒരു ലക്ഷ്യത്തിന് കുറേകൂടി അരികിലെത്തിയിരിക്കുന്നു. ഇനി അതിനെക്കുറിച്ച് സ്വപ്നം കാണാമെന്നുതോന്നുന്നു. കാണുമ്പോള്‍ വലിയ സ്വപ്നംതന്നെ കാണണമല്ലോ?' - മുന്നിലുള്ള ലക്ഷ്യം സ്വര്‍ണമെഡല്‍ തന്നെയാണെന്ന് അവര്‍ സൂചിപ്പിക്കുന്നു. 

കളിക്കളത്തിനകത്തും പുറത്തും അസാധ്യമെന്ന് തോന്നിച്ച പലതും യാഥാര്‍ത്യമാക്കിയവളാണ് സാനിയ. എല്ലാംതികഞ്ഞ പെണ്‍ പോരാളി. കൂട്ടിന് 'നിശബ്ദ കൊലയാളി' രോഹന്‍ കൂടിയുള്ളപ്പോള്‍ ആ വലിയ സ്വപ്നം സഫലമാവാതിരിക്കില്ല.