കായികരംഗത്തെ പ്രമുഖ ശക്തികളിലൊന്നായ റഷ്യയെ വിലക്കാനുള്ള നീക്കം റിയോ ഒളിമ്പിക്സിനുമേല്‍ കരിനിഴല്‍ പരത്തുന്നു.ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ പേരില്‍ റഷ്യയ്ക്കെതിരെ നടപടി വേണമെന്ന അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതിയുടെ (വാഡ) നിലപാടാണ് കാര്യങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നത്. 

2014-ല്‍ സോച്ചിയില്‍ നടന്ന ശീതകാല ഒളിമ്പിക്സില്‍ ഒട്ടേറെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നും റഷ്യന്‍ സര്‍ക്കാര്‍ അതിനുള്ള അവസരം ഒരുക്കി കൊടുത്തെന്നുമുള്ള രാജ്യാന്തര ഉത്തേജകവിരുദ്ധ സമിതിയുടെ കണ്ടെത്തലാണ് വിവാദം ഉയര്‍ത്തിവിട്ടിരിക്കുന്നത്. ഇതേക്കുറിച്ച് വാഡയ്ക്കുവേണ്ടി അന്വേഷണം നടത്തിയ കനേഡിയന്‍ നിയമവിദഗ്ധനായ റിച്ചാര്‍ഡ് മക്ലാരന്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 2010 മുതല്‍ തുടര്‍ച്ചയായി നാലുവര്‍ഷങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ 'സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്' മരുന്നുപയോഗം നടത്തിയെന്നും മക്ലാരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ റിയോ ഒളിമ്പിക്സില്‍നിന്ന് റഷ്യയെ പൂര്‍ണമായി വിലക്കണമെന്നാണ് വാഡയുടെ ആവശ്യം. എല്ലാ രാജ്യങ്ങളും ഇതിനെ പിന്തുണയ്ക്കണമെന്നും വാഡ ആവശ്യപ്പെടുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വിലക്കിനെ പിന്തുണയ്ക്കുന്നു. എന്നാല്‍, യൂറോപ്യന്‍ ഒളിമ്പിക് കമ്മിറ്റി വിലക്കിന് എതിരാണ്.

russia

വാഡയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. അവരുടെ കര്‍ക്കശക്കാരനായ പ്രസിഡന്റ് വ്ളാഡ്മിര്‍ പുതിന്‍ തന്നെ കടുത്ത നിലപാടുമായി രംഗത്തെത്തിയത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ആരോപണവധേയമായ കാലത്ത് റഷ്യയുടെ കായിക മന്ത്രിയായിരുന്ന വിറ്റാലി മുട്കോയ്ക്കെതിരെ നടപടിയെടുക്കാനും രാജ്യം തയ്യാറായിട്ടില്ല.

സോയവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പെട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തുടങ്ങിയ റഷ്യ 1992 മുതല്‍ 2012-ലെ ലണ്ടന്‍ ഒളിമ്പിക്സ് വരെ 132 സ്വര്‍ണമടക്കം 395 മെഡലുകള്‍ നേടിയിട്ടുണ്ട്. ലണ്ടനില്‍ മെഡല്‍നേട്ടത്തില്‍ നാലാമതായിരുന്നു. നാനൂറിലേറെ കായികതാരങ്ങളാണ് ഇക്കുറി റഷ്യയില്‍ നിന്ന് റിയോയിലേക്ക് പറക്കാന്‍ കാത്തിരിക്കുന്നത്. 

അത്ലറ്റിക്സ് ഉള്‍പ്പെടെ പല കായികയിനങ്ങളിലും ലോകത്തെ മുന്‍നിരക്കാരായ താരങ്ങളാണ് ഇവര്‍. റഷ്യയെ പൂര്‍ണമായി വിലക്കുകയാണെങ്കില്‍ റിയോ ഒളിമ്പിക്സിന്റെ പൊലിമ നഷ്ടമാവും. എന്നാല്‍, ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്സിന്റെ പൊലിമ നഷ്ടമാവുന്നതും ഒളിമ്പിക്സ് സംഘടക സമിതിക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നതും അമേരിക്കയെ സംബന്ധിച്ചിടത്തോളും ചേതമുള്ള കാര്യമല്ല. കുറ്റമറ്റ രീതിയില്‍ ഒളിമ്പിക്സ് നടത്താന്‍ റിയോ ഒരുങ്ങിയിട്ടില്ലെന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് അമേരിക്കന്‍ മാധ്യമങ്ങളാണെന്ന പരാതി ബ്രസീലുകാര്‍ക്കുണ്ട്.

russia

റഷ്യയ്ക്കുമേല്‍ കടുത്ത നടപടികളുണ്ടാവുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുെങ്കിലും അവരെപ്പോലെ കായിക പാരമ്പര്യവും കരുത്തുമുള്ള രാജ്യത്തെ പൂര്‍ണമായി വിലക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അങ്ങനെ സംഭവിച്ചാല്‍ ഐ.ഒ.സി.യെ തന്നെ അത് പിളര്‍പ്പിലേക്ക് നയിക്കുമെന്ന ആശങ്കയുമുണ്ട്.