രാവില്‍  ബ്രസീല്‍ ഉറങ്ങില്ല. അവസാനിക്കാത്ത ആഘോഷങ്ങള്‍ക്ക് അവര്‍ തുടക്കമിട്ടിരിക്കുന്നു. ബിയര്‍ കാനുകളും കൈയ്യിലേന്തി അവര്‍ ഉറഞ്ഞു തുള്ളുകയാണ്. ഇണകള്‍ പരസ്പരം പുണര്‍ന്നു കൊണ്ട് അവസാനിക്കാത്ത ചുംബനങ്ങള്‍ കൈമാറുന്നു. ഇതു പോലൊരു ആഘോഷം റിയോ നഗരമോ, ഈ രാജ്യം തന്നെയോ കണ്ടിട്ടുണ്ടാവില്ല. 

ബ്രസീലുകാര്‍ ഫുട്‌ബോളില്‍ അവര്‍ക്ക് കീഴടക്കാനുണ്ടായിരുന്ന, അവസാനത്തെ കിരീടം വെട്ടിപ്പിടിച്ചത് ഇന്നാണ്. അതെ പല തവണ ലോകകപ്പും കോപ്പാ അമേരിക്കയും ജയിച്ച അവര്‍ ഇന്നേവരെ ഒരു ഒളിമ്പിക് സ്വര്‍ണത്തില്‍ കൈവെച്ചിരുന്നില്ല. അവരിന്നത് സാധിച്ചിരിക്കുന്നു. ഇതുവരെ നുകരാതിരുന്ന വീഞ്ഞിന് മധുരം ഇരട്ടിയായിരിക്കുമല്ലോ ? 

rio

മുമ്പ് ബ്രസീലിയന്‍ ഫുട്‌ബോള്‍ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കളിക്കളമാണ് മാരക്കാന. ഇന്നവിടെ അവര്‍ ചരിത്രം കുറിച്ചൊരു വിജയം ആഘോഷിച്ചിരിക്കുന്നു. അവിടെ നിന്ന് മഞ്ഞക്കടല്‍ പുറത്തേക്ക് ആര്‍ത്തിരമ്പി ഒഴുകുന്നു. അതിനുള്ളില്‍ നിന്ന് രക്ഷ നേടുന്നതെങ്ങനെ? പുറത്തേക്കിറങ്ങാതിരിക്കുന്നതാവും ഭേദം. നെയ്മറാണ് അവരുടെ രാജാവ്. പെലെയേയും റൊണാള്‍ഡോയേയും എല്ലാം തല്‍ക്കാലമവര്‍ മറക്കുകയാണ്.

സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന മഞ്ഞക്കുപ്പായങ്ങളില്‍ മിക്കതിലും നെയ്മര്‍ ജൂനിയറുടെ പേരെഴുതി വെച്ചിരിക്കുന്നു. അവരര്‍പ്പിച്ച വിശ്വാസത്തോട് നെയ്മര്‍ നീതി പുലര്‍ത്തി. ആദ്യ പകുതിയില്‍ തന്നെ മിന്നുന്ന ഫ്രീകിക്കിലൂടെ ബ്രസീലിന് ലീഡ് സമ്മാനിച്ചിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടിലും നിര്‍ണായക കിക്ക് വലയിലെത്തിച്ചത് നെയ്മര്‍ തന്നെ. വിജയം കുറിച്ച പെനാല്‍ട്ടി ഗോളിനു ശേഷം നെയ്മര്‍ കരയുകയായിരുന്നു. ആ കണ്ണീരില്‍ എല്ലാം ഉണ്ടായിരുന്നു. ഇനിയൊരു തോല്‍വി തന്റെ രാജ്യത്തെ മനുഷ്യര്‍ക്ക് സഹിക്കാനാവില്ലെന്ന് നെയ്മര്‍ക്കും നന്നായി അറിയാമായിരുന്നു.

rio

കരുത്തരായ ജര്‍മ്മന്‍ പടക്കെതിരെ ഹൃദയം പുറത്തെടുത്താണ് ബ്രസീലുകാരുടെ പ്രിയതാരം പോരാടിയത്. പന്തിനു വേണ്ടി ഗോള്‍മുഖത്ത് പതുങ്ങി നില്‍ക്കുകയായിരുന്നില്ല, ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും നിര്‍ത്താതെ ഓടുകയായിരുന്നു നെയ്മര്‍. അവസാനത്തെ പെനാല്‍ട്ടി എങ്ങാനും പുറത്തേക്ക് പോയിരുന്നെങ്കിലോ ? അതുകൂടി ഓര്‍ത്താവണം, അങ്ങനെയൊരു സമര്‍ദ്ധത്തില്‍ നിന്ന് മുക്തി നേടിയാവണം നെയ്മര്‍ കണ്ണീരൊഴുക്കിയത്. 

മാരക്കാന സ്‌റ്റേഡയത്തില്‍ കളികാണാനിരുന്നത് അലകടലിനു നടുവിലെ തോണിയിലെന്ന പോലായിരുന്നു. ആദ്യവസാനം മഞ്ഞക്കടല്‍ ഇരമ്പിക്കൊണ്ടിരുന്നു.  കടല്‍ ക്ഷോഭങ്ങളും കൊടുങ്കാറ്റുകളും ഇടക്കിടെ ഉണ്ടായിരുന്നു. അലറി വിളിച്ചും കണ്ണീരൊഴുക്കിയും കൈയ്യടിച്ചു കളികണ്ടു കൊണ്ടിരുന്ന മനുഷ്യര്‍ക്ക് നടുവില്‍ നിശബ്ദനായി ഇരിക്കുന്നതെങ്ങിനെ ? ഇന്ന് ഈ ദിവസം ഞാനും ബ്രസീലുകാരനായി, അവര്‍ക്കൊപ്പം അട്ടഹസിച്ചു ആര്‍ത്തു വിളിച്ചു. വിവാ ബ്രസീല്‍, വിവാ നെയ്മര്‍...

ചിത്രങ്ങള്‍: എ.പി