rio 2016
ലിയാന്‍ഡ്രോ(നരസിംഹ ശര്‍മ) ഭാര്യ വനേസയ്ക്കും മകന്‍ മിഗ്വലിനും ഒപ്പം ഇപ്പനേമയിലെ അപ്പാര്‍ട്ട്മെന്റില്‍

 

ബ്രസീലുകാരന്‍ നരസിംഹശര്‍മയുടെ വീട്ടില്‍ നിന്നായിരുന്നു കഴിഞ്ഞദിവസത്തെ ഉച്ചഭക്ഷണം. ചോറും പയറുകറിയും റിയോ സ്പെഷല്‍ മുളക് ഉപ്പിലിട്ടതും കപ്പയും എല്ലാം ചേര്‍ത്ത് വയറുനിറച്ച് ഉണ്ടു. ഭക്ഷണത്തിനുമുമ്പ് നല്ല വടിവൊത്ത സംസ്‌കൃതത്തില്‍ ഒരു ഗണപതിസ്തുതി ചൊല്ലിത്തന്നു. നരംസിംഹ ശര്‍മ ഇന്ത്യയില്‍നിന്ന് ബ്രസീലിലേക്ക് കുടിയേറിയ ബ്രാഹ്മണനാവുമെന്ന് കരുതിയോ? 

അല്ലേയല്ല, റിയോയിലെ പോര്‍ച്ചുഗീസ് കുടുംബത്തിലാണ് ശര്‍മ ജനിച്ചത്. പോര്‍ച്ചുഗീസ് പേര് ലിയാന്‍ഡ്രോ കസ്തേലോ. മാര്‍ക്കറ്റിങ്ങില്‍ ബിരുദമെടുത്ത് ആ  മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ 2001-ലാണ് ലിയാന്‍ഡ്രോ യോഗയിലേക്കും സംസ്‌കൃതത്തിലേക്കും ആകൃഷ്ടനാവുന്നത്. പിന്നെ റിയോയില്‍ തന്നെയുണ്ടായിരുന്ന ലൂയിസ് എന്ന ടീച്ചറില്‍നിന്ന് യോഗ പഠിച്ചു. പഠിക്കാന്‍ തുടങ്ങിയതോടെ കൂടുതലായി ഭാരതീയ സംസ്‌കാരത്തിലേക്ക് ആകൃഷ്ടനായി. സംസ്‌കൃതവും വേദാന്തവും പഠിക്കാന്‍ തുടങ്ങി. 

സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യരില്‍ നിന്നാണ് വേദാന്തവും സംസ്‌കൃതവും പഠിച്ചത്. നരംസിംഹ ശര്‍മയെന്ന പേര് അവര്‍ നല്‍കിയതാണ്. തനിക്ക് ചെറുപ്പത്തിലെപ്പോഴോ നഷ്ടമായ ആത്മീയത തിരിച്ചുതന്നത് യോഗയാണെന്നും പിന്നെ അത് ഒരു ജീവിതരീതിയായി പതുക്കെ മാറിയെന്നും ലിയാന്‍ഡ്രോ പറയുന്നു. 

സമ്പന്നകുടുംബത്തിലാണ് ലിയാന്‍ഡ്രോ ജനിച്ചത്. റിയോയില്‍ സമ്പന്നന്‍മാര്‍ പാര്‍ക്കുന്ന ഇപ്പനേമയില്‍ ഒരു ഇരട്ട അപ്പാര്‍ട്ട്മെന്റിലാണ് താമസം. യോഗഗുരുവാണ് ഇപ്പോള്‍ ലിയാന്‍ഡ്രോ. പഠിക്കാന്‍ ധാരാളം പേരെത്തുന്നു. ഇരുപത് വര്‍ഷം മുമ്പ് മറ്റൊരു യോഗാടീച്ചറില്‍നിന്ന് വാങ്ങിയ സരസ്വതി സ്റ്റുഡിയോ എന്ന പേരിലുള്ള യോഗാ സെന്റര്‍ നടത്തുന്നു. ഭാര്യ വനേസ റോബര്‍ട്ടിനും സംസ്‌കൃതമറിയാം. രണ്ടു വയസ്സുകാരന്‍ കുഞ്ഞു മകന്‍ മിഗ്വേല്‍ ഇടയ്ക്ക് 'ഓം നമഃ ശിവായ' എന്നു പറയുന്നതുകേട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
 
സാധാരണ ബ്രസീലുകാരെപോലെ ബര്‍മുഡയും ടീഷര്‍ട്ടുമാണ് ലിയാന്‍ഡ്രോയുടെ വേഷം. പൂണൂല്‍ ധരിച്ചിട്ടുണ്ട്. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ ലിയാന്‍ഡ്രോ ചിരിച്ചുകൊണ്ട് പറഞ്ഞു - 'മുമ്പ് തല മുണ്ഡനം ചെയ്ത്, ശിഖ വെച്ചിരുന്നു. എന്നെ അങ്ങനെ കണ്ടപ്പോള്‍ ഇവിടുത്തുകാര്‍ക്കെല്ലാം വലിയ കൗതുകമായിരുന്നു. പിന്നെ വേഷങ്ങളില്‍ വലിയകാര്യമില്ലെന്ന് തോന്നിയപ്പോള്‍ അത് വേണ്ടെന്നു വെച്ചു'. 

എന്നാല്‍ ലിയാന്‍ഡ്രോയുടെ ജീവിതരീതി യോഗ അനുശാസിക്കുന്ന രീതിയിലാണ്. മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ചു. തികഞ്ഞ സസ്യാഹാരിയാണ്. 'ഇപ്പോള്‍ എന്റെ ജീവിതമേ യോഗയാണ്. യോഗയിലൂടെ ഞാന്‍ എന്നെത്തന്നെ കണ്ടെത്തുകയായിരുന്നു. എന്നു വെച്ച് ഭൗതികജീവിതത്തിലെ സുഖങ്ങളൊന്നും ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. 

യോഗ അങ്ങനെ അനുശാസിക്കുന്നില്ല. ഒരു ജീവിതരീതിയും വിശ്വാസ പ്രമാണവുമാണ് അത്. ഒരു പക്ഷെ, ഇനി ലോകത്തെ മുന്നോട്ടുനയിക്കുന്നത് യോഗയാവും. ഇന്ത്യ ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയായാണ് ഞാന്‍ യോഗയെ കാണുന്നത്.' - ലിയാന്‍ഡ്രോ പറയുന്നു.

സരസ്വതി സ്റ്റുഡിയോ അല്ലാതെ വേറെയും യോഗപഠന കേന്ദ്രങ്ങള്‍ റിയോയിലുണ്ട്. സ്പോര്‍ട്സിന് പൊതുവേ ആഭിമുഖ്യമുള്ള ജനതയാണ് ബ്രസീലിലേത്. യോഗയെ മികച്ച ഒരു വ്യായാമമുറയായി കണ്ട് അതിനെ സ്വീകരിക്കുന്നവര്‍ ഏറെയുണ്ട് ഇവിടെ.