ഇനി നമുക്ക് കാണികളെക്കുറിച്ച് സംസാരിക്കാം. കളിക്കളത്തില്‍ കളിക്കാര്‍ക്കൊപ്പം കാണികള്‍ക്കും സ്ഥാനമുണ്ട്. താരങ്ങള്‍ കളിക്കളത്തെ ഉണര്‍ത്തുമ്പോള്‍ ഗാലറികള്‍ക്ക് തീപിടിപ്പിക്കുന്നത് കാണികളാണ്. അവരുടെ ആരവങ്ങളിലും വാഴ്ത്തുപാട്ടുകളിലുമാണ് താരങ്ങള്‍ ജയിച്ചുകയറുന്നത്. പതക്കങ്ങള്‍ അണിയുന്നത്. ഉസൈന്‍ ബോള്‍ട്ട് തൊട്ട് പി.വി. സിന്ധുവരെയുള്ളവരുടെ കാര്യത്തില്‍ അതങ്ങനെതന്നെ.
ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററിലും 200 മീറ്ററിലും മത്സരിക്കുന്നതുകാണാന് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് കാണികളെത്തി.
അമേരിക്കയിലും ആഫ്രിക്കയിലും ചൈനയിലും ഇന്ത്യയിലുംനിന്നെത്തിയ കാണികള്‍ ജമൈക്കയുടെ ജഴ്സിയണിഞ്ഞ് അവരുടെ പതാകയേന്തി ഗാലറിയില്‍ നിറഞ്ഞാടി. 200 മീറ്റര്‍ ഫൈനലില്‍ ബോള്‍ട്ട് ജയിച്ച അന്നുരാത്രി അത്തരമൊരു കൂട്ടത്തിനു നടുവില്‍പ്പെട്ടു. ബിയര്‍ കുടിച്ച് തുള്ളിച്ചാടി നൃത്തംവെക്കുന്ന അവരുടെ നടുവില്‍ അരമണിക്കൂറോളം ബന്ദിയാക്കപ്പെട്ടു.
പതിനയ്യായിരത്തിലധികം കിലോമീറ്റര്‍ ദൂരമുണ്ട് ഇന്ത്യയില്‍നിന്ന് റിയോയിലേക്ക്. ലക്ഷങ്ങള്‍ ചെലവഴിച്ച് 20 മണിക്കൂറോളം വിമാനത്തില്‍ താണ്ടി വേണം ഇവിടെയെത്താന്‍. അങ്ങനെ അഞ്ഞൂറ്ു പേരെങ്കിലും ഇന്ത്യയില്‍നിന്ന് ഇവിടെയെത്തിയിട്ടുണ്ടാവണം. ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനും ഇന്ത്യന്താരങ്ങള്ക്കുവേണ്ടി ആര്പ്പുവിളിക്കാനുമാണ് അവര്‍ വന്നിരിക്കുന്നത്. അമേരിക്കയിലും ആഫ്രിക്കയിലും സ്ഥിരതാമസമാക്കിയ ചിലരും ഗാലറിയിലെ ഇന്ത്യന്‍ ആരാധകരുടെ കൂട്ടത്തിലുണ്ട്.
അങ്ങനെയൊരാളെ കഴിഞ്ഞദിവസം മാരക്കാനയില്നിന്ന് റിയോ സെന്‍ട്രലിലേക്ക് വരുന്ന മെട്രോ ട്രെയിനില്‍ കണ്ടുമുട്ടി. പേര് സഞ്ജയ് ശര്‍മ. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന സഞ്ജയ് ന്യൂയോര്‍ക്കിലെ കനേഡിയന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിന്റെ ഫുട്ബോള്‍ മത്സരംകണ്ട് തിരക്കിട്ട് ഇന്ത്യന്‍ ഗുസ്തിക്കാരുടെ പോരാട്ടം കാണാന്‍ ഒളിമ്പിക് പാര്‍ക്കിലെ അരീനയിലേക്കുവരുന്ന വഴിയാണ്. 200 ഡോളര്‍ (ഏകദേശം 13,000 രൂപ) ചെലവാക്കിയാണ് ബ്രസീലിന്റെ മത്സരത്തിന് ടിക്കറ്റെടുത്തത്. ഗുസ്തിമത്സരം കാണാന്‍ 100 ഡോളറും മുടക്കി. ഇങ്ങനെ ഒരു ദിവസംതന്നെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്കായി 500 ഡോളറിലധികം ചെലവഴിക്കുന്നു.
ഭാര്യക്കും രണ്ടാണ്മക്കള്ക്കും ഒപ്പം കോപ്പകബാനയില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. ഇന്ത്യയുടെ മെഡല്‍സാധ്യതയുള്ള മത്സരങ്ങള്‍ കാണാന്‍ കുടുംബവും ഒപ്പമുണ്ടാവാറുണ്ട്. അവരുടെ ടിക്കറ്റിന് വേറെയും വരും ചെലവ്. വിമാന ടിക്കറ്റും താമസവും ഭക്ഷണവും എല്ലാമായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്സും ഇങ്ങനെ കുടുംബത്തോടൊപ്പം 'കവര്‍' ചെയ്തിരുന്നു. കോടീശ്വരനൊന്നുമല്ല. ഒരു ഇടത്തരം പ്രവാസി ഇന്ത്യക്കാരന്.
എങ്കിലും ചെലവാകുന്ന പണത്തെയോ സമയത്തെയോ കുറിച്ചല്ല സഞ്ജയിന്റെ ആശങ്ക. ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടാത്തതിലാണ്. സൈനയ്ക്കും ജീതു റായിക്കും അഭിനവ് ബിന്ദ്രയ്ക്കും എന്തു പറ്റി, ഉസൈന്‍ ബോള്‍ട്ടിനെ പോലൊരു അത്ലറ്റ് ഇന്ത്യയില്‍നിന്ന് എന്നെങ്കിലും ഉണ്ടാവുമോ, ദിപ കര്‍മാകറെ വിദേശത്തയച്ച് പരിശീലിപ്പിക്കാന്‍ സര്‍ക്കാറിന് വല്ല പദ്ധതികളും ഉണ്ടോ, നര്‍സിങ് യാദവിനെ ആരെങ്കിലും ചതിച്ചതാണോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളുണ്ട് സഞ്ജയിന്റെ മനസ്സില്‍.
ലണ്ടന്‍ ഒളിമ്പിക്സിലും കാണിയായി സഞ്ജയ് ഉണ്ടായിരുന്നു. നാലോ അഞ്ചോ സ്വര്‍ണമെഡലുകള്‍ ഇന്ത്യ ഒരു ഒളിമ്പിക്സില്‍ നേടുന്നതുകാണണം. അതാണ് വലിയ ആഗ്രഹം. അതു കാണാനാവുന്നതുവരെ ഒളിമ്പിക്സിന് പോവും. 'മിക്കവാറും മരിക്കുംവരെ എല്ലാ ഒളിമ്പിക്സിനും ഞാന്‍ പോവേണ്ടി വരും, അല്ലേ? ' പൊട്ടിച്ചിരിച്ചുകൊണ്ടാണ് സഞ്ജയ് ചോദിച്ചത്. കഴിഞ്ഞദിവസം പി.വി. സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ മത്സരിക്കുമ്പോഴും ഗാലറിയില്‍ വെച്ച് സഞ്ജയിനെ കണ്ടു. ഇന്ത്യന്‍ പതാകയും കൈയിലുണ്ട്. അദ്ദേഹം ആര്‍ത്തു വിളിച്ചു, 'ജീത്തേഗാ, ജീത്തേഗാ... ഇന്ത്യാ ജീത്തേഗാ...'