അന്തോണിയോ റൊബര്ത്തോയും മാര്‍ഗരറ്റും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ചെന്നുകയറുമ്പോള്‍ ആദ്യം കണ്ടത് സ്വീകരണമുറിയുടെ വാതിലിനുമുന്നില്വെച്ച ആള്‍വലിപ്പമുള്ള ബുദ്ധപ്രതിമകളാണ്. വീട്ടിനകത്ത് വെണ്ണക്കല്ലില്‍ കൊത്തിയ ശയ്യാവലംബനായ ഗണപതിയുമുണ്ട്. വിശ്വസിക്കാന്‍ അല്പം പ്രയാസംതോന്നിയിരുന്നു, ഇന്ത്യന്‍ സംസ്കാരത്തിന്റെ ചിഹ്നങ്ങള്‍ ഈ ബ്രസീലുകാരുടെ വീട്ടില്‍ എങ്ങനെവരുന്നു?
എന്നാല്‍, അതിശയിക്കാന്‍ ഒന്നുമില്ലെന്നും ബ്രസീലുകാര്‍ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണെന്നും പല വീടുകളിലും ഇത്തരം ശില്പങ്ങള് കാണാമെന്നും ആ ബ്രസീലിയന്‍ ദമ്പതിമാരുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയ കൊച്ചിക്കാരന് ആനന്ദ് ജ്യോതി പറഞ്ഞു.
അന്തോണിയോ റോബര്‍ത്തോ ഫ്രഞ്ചുകാരനായിരുന്നു. പത്തുമുപ്പത് വര്‍ഷംമുമ്പ് റിയോയില്വന്ന് ഇവിടത്തുകാരിയായ മാര്‍ഗരറ്റിനെ വിവാഹംകഴിച്ച് സ്ഥിരതാമസമാക്കിയതാണ്. പോര്‍ച്ചുഗീസിനും ഫ്രഞ്ചിനും പുറമേ ഇംഗ്ലീഷും ജര്‍മന്‍ ഭാഷകളും സംസാരിക്കും.
വര്‍ഷങ്ങളായി സാവോപോളോയിലും റിയോയിലും താമസിച്ച് കലാപ്രവര്‍ത്തനം നടത്തുന്ന ആനന്ദിന് അദ്ദേഹവുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. പോര്‍ച്ചുഗീസ് ഭാഷ മലയാളംപോലെതന്നെ വഴങ്ങുന്ന ആനന്ദ്, ഡോക്യുമെന്ററി സംവിധായകനും കവിയുമാണ്.
വിലകൂടിയതും പുരാതനവുമായ ഛായാചിത്രങ്ങളും ശില്പങ്ങളുംകൊണ്ട് അലങ്കരിച്ച വലിയ അപ്പാര്‍ട്ട്മെന്റില്‍ നിറയെ അഞ്ചോ ആറോ വലിയ പൂച്ചകളുണ്ട്. തെരുവില്‍നിന്ന് മാര്‍ഗരറ്റ് എടുത്തുവളര്‍ത്തിയ പൂച്ചകളാണവ. ബ്രസീലുകാര്‍ക്ക് അരുമകളോടുള്ള ഇഷ്ടം പൊതുവേ കൂടുതലാണ്.
ഇവിടെ ബസ്സിലും ട്രെയിനിലും യാത്രചെയ്യുമ്പോള്‍ പൂച്ചകളെയും നായകളെയുംകൊണ്ട് വരുന്നവരെ കൂടുതലായി കാണാം. ബ്രസീലിലെ പരമ്പരാഗത ചാരായത്തില്‍ ചെറുനാരങ്ങയും ഇലകളും ഐസും ചേര്‍ത്തുണ്ടാക്കുന്ന കൈപ്പരിഞ്ഞ തന്നാണ് മാര്‍ഗരറ്റ് ഞങ്ങളെ സല്‍ക്കരിച്ചത്. വീര്യമേറിയ ഈ പാനീയം ബ്രസീലുകാരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.
ഈ ദമ്പതിമാരുടെ മകളുടെ ഭര്‍ത്താവ് ലിയോന്തറോ സംസ്കൃതവും വേദാന്തവും പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് പഠിപ്പിക്കുകയും ചെയ്യുന്നു. മകള്‍ ഗ്ലോറിയയ്ക്കും അല്പം സംസ്കൃതം അറിയാം.
റിയോയില്‍ സ്വന്തമായി ഒരു വ്യവസായസ്ഥാപനമുണ്ട് അന്തോണിയോവിന്. ഇപ്പോള്‍ മകനാണ് നോക്കിനടത്തുന്നത്. പ്ലാസ്റ്റിക് സര്‍ജറിക്കായി ഉപയോഗിക്കുന്ന സിലിക്കോണ്‍ ഉദ്പാദിപ്പിക്കുന്ന സ്ഥാപനമാണിത്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് സര്‍ജറി നടക്കുന്ന നാടാണ് ബ്രസീല്‍. നിതംബത്തിന്റെ ഭംഗിയില്‍ ഏറെ ശുഷ്കാന്തിയുള്ളവരാണ് ഇവര്‍.
നിതംബം ഇളക്കിയുള്ള സാംബാ നൃത്തം സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടാവാം ഇത്. നിതംബഭംഗി കൂട്ടുന്നതിലെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പ്രശസ്തനായ ഇവോ പിറ്റാന്ഗയ് എന്ന ഡോക്ടറുടെ മരണം ഒളിമ്പിക്സിനിടെയായിരുന്നു.
നിതംബത്തിന്റെ ഭംഗി കൂട്ടുന്നതിനായാണ് ഈ രാജ്യത്ത് കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തുന്നത്. ഇറുകിയ ജീന്‍സും ലഗ്ഗിന്‍സും ധരിച്ച് നിതംബത്തിന്റെ അഴക് പരമാവധി പ്രദര്‍ശിപ്പിക്കാന്‍ തത്പരരാണ് ബ്രസീലുകാരെന്ന് ഈ നാട്ടില്‍ ചെന്നിറങ്ങുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവും.
ബോളിവുഡ് സിനിമകളിലെ ഗാനരംഗങ്ങളില്‍ കാണുന്നതുപോലെ സ്ത്രീകള്‍ അല്പവസ്ത്രധാരികളും പുരുഷന്മാര് ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നവരുമാണ്. എന്നാല്‍ അതിന്റെ പേരില്‍ സ്ത്രീകളോട് ആരെങ്കിലും മോശമായി പെരുമാറുന്നുമില്ല.
സംസാരത്തിനിടയ്ക്ക് മാര്‍ഗരറ്റ് പോര്‍ച്ചുഗീസുകാരി തന്നെയല്ലേ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അവരതിന് മറുപടി പറഞ്ഞില്ല. ആനന്ദാണ് പറഞ്ഞത്, ബ്രസീലുകാരുടെ പൂര്‍വികര്‍ പോര്‍ച്ചുഗലില്‍നിന്ന് കുടിയേറിയതാണെങ്കിലും പോര്‍ച്ചുഗീസുകാരോട് അവര്‍ക്കൊട്ടും മതിപ്പില്ല. പോര്‍ച്ചുഗീസ് സംസ്കാരത്തില്‍നിന്ന് തികച്ചും ഭിന്നമായി ജീവിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.
ആഫ്രിക്കന്‍ തനിമയില്‍ ഉദയംകൊണ്ട സാംബ ഹൃദയത്തിലേക്ക് ചേര്‍ക്കാനും സ്വന്തമായ ഭക്ഷണ, വസ്ത്രധാരണ രീതികള്‍ സ്വീകരിക്കാനും അവരെ പ്രേരിപ്പിച്ചത് അതാവണം. വര്‍ഷം തോറും നടക്കുന്ന ബ്രസീലുകാരുടെ വലിയ ഉത്സവമാണ് കാര്‍ണിവല്‍.
പലപ്പോഴും ശിവനും ഗണപതിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ദൈവങ്ങളുടെ വലിയ രൂപങ്ങള്‍ കാര്‍ണിവലില്‍ കാണാറുണ്ട്. ജീവിതരീതിയില്‍ യൂറോപ്പിന്റെ സ്വാധീനമുണ്ടെങ്കിലും ഇന്ത്യന്‍, ആഫ്രിക്കന്‍ സംസ്കാരങ്ങളോടാണ് ബ്രസീലുകാരന് പഥ്യമെന്ന് തോന്നുന്നു.