റിയോയിലെ സെന്‍ട്രോ പവലിയനിലിരുന്ന് ഞാന്‍ കണ്ടു, പെണ്‍ ഇന്ത്യയുടെ കരുത്ത്. ചരിത്രത്തിലേക്കുള്ള അവളുടെ കുതിപ്പ്. കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാന്‍ പക്ഷെ, പ്രയാസം തോന്നുന്നു. ഒളിമ്പിക്സില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി വെങ്കലത്തേക്കാള്‍ തിളക്കമുള്ള ഒരു ഒളിമ്പിക്സ് മെഡല്‍ കഴുത്തിലണിയാന്‍ പോവുന്നു. പുസാരല വെങ്കിട്ടരമണ സിന്ധുവിന് ഇപ്പോള്‍ ഒരു വെള്ളിമെഡല്‍ ഉറപ്പാണ്. ഫൈനലില്‍ ജയിച്ചാല്‍ ദൈവമേ, ഒരു സ്വര്‍ണമെഡലും.

ഞാന്‍ വീണ്ടും കണ്ടു, രണ്ട് പതിറ്റാണ്ട് മുമ്പ് കോഴിക്കോട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച വെങ്കിട്ടരമണയുടെ തകര്‍പ്പന്‍ ബാക്ക് കോര്‍ട്ട് സ്മാഷുകള്‍. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരമായ രമണയുടെ സ്മാഷുകള്‍ ഇതാ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പുനര്‍ജനിക്കുന്നു, അദ്ദേഹത്തിന്റെ മകള്‍ സിന്ധുവിലൂടെ. ഒളിമ്പിക്സ് സെമിഫൈനലില്‍ ജപ്പാന്‍കാരിയായ നൊസോമിക്കെതിരെ സിന്ധു രണ്ടാം സെറ്റില്‍ ഒരു സ്മാഷിനായി വായുവില്‍ ചാടിയുയര്‍ന്ന് നിന്നപ്പോള്‍ ശരിക്കും രമണയെ പോലെ...

pv sindhuമത്സരം നടന്ന സെന്‍ട്രോ പവലിയന്റെ ഗാലറിയില്‍ ഇന്ത്യക്കാരേക്കാള്‍ ജപ്പാന്‍കാരുണ്ടായിരുന്നു. ജപ്പാന്‍കാരുടെ 'നിപ്പോണ്‍, നിപ്പോണ്‍' വിളികള്‍ക്കു മേലെ 'ഇന്ത്യാ ജീതേഗാ' എന്ന് അലറിവിളിച്ച രണ്ടു ഡസനിലധികം വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്കും ഈ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കണം. സിന്ധുവിന്റെ ആവേശം കെട്ടുപോവാതെ നോക്കിയതില്‍ അവര്‍ക്കും ഉണ്ടല്ലോ ഒരു പങ്ക് ? 

ആദ്യ സെറ്റിന്റെ തുടക്കത്തിലേ സിന്ധു മുന്നേറിയപ്പോള്‍ ജപ്പാന്‍കാരി ശരിക്കും പകച്ചുപോയിരുന്നു. മുമ്പ് നാലു തവണ താന്‍ തോല്‍പ്പിച്ച സിന്ധുവില്‍നിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. 'എന്നാല്‍ ഇത് വേറെയാണ് മോളേ കളി, ഒളിമ്പിക്സാണ്. ഇന്ത്യക്കുവേണ്ടി ഈ മെഡല്‍ എനിക്ക് ജയിച്ചേ പറ്റൂ' എന്ന വീറോടെ സിന്ധു പൊരുതിക്കയറി.

രണ്ടാം സെറ്റിലെ ഒരവസരത്തിലൊഴിച്ച് സിന്ധു ജപ്പാന്‍കാരിക്ക് ലീഡ് വിട്ടു നല്‍കിയതേയില്ല. പൊരുതി നേടിയ ഈ വിജയം തികച്ചും ആധികാരികമായിരുന്നു. ഇടയ്ക്ക് ചില പിഴവുകള്‍ പറ്റുമ്പോള്‍ കോര്‍ട്ടിന് പുറത്ത് പിറകിലായിരിക്കുന്ന തന്റെ പ്രിയ പരിശീലകന്‍ ഗോപീചന്ദിനെ ഒന്നു തിരിഞ്ഞുനോക്കും.

pv sindhu

ഗോപി മുഷ്ടി ചുരുട്ടികാണിക്കുമ്പോള്‍ പുതിയ വീര്യത്തോടെ നെറ്റിനരികിലേക്ക് കുതിക്കും. വിജയം പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച നേരം സിന്ധുവൊന്ന് ഉയര്‍ന്നുചാടി. പിന്നെ ഒരിക്കല്‍കൂടി ഗോപിയെ നോക്കി. പിന്നെ കോര്‍ട്ടിന് പുറത്തേക്ക് നടന്നു, ബാഗുമെടുത്ത് പവലിയനിലേക്ക്. തീര്‍ന്നിട്ടില്ല ഇന്ത്യക്ക് ഒരു തങ്കപ്പതക്കംതന്നെ സമ്മാനിക്കുമെന്ന ദൃഢനിശ്ചയമായിരിക്കണം സിന്ധുവിന്റെ മനസ്സില്‍. ആഘോഷങ്ങളെല്ലാം അതിനായി മാറ്റിവെച്ചതായിരിക്കാം. 

നന്ദി സിന്ധു, റിയോയിലെ ഈ ദിവസങ്ങള്‍ എന്നെന്നേക്കുമായി ഓര്‍ത്തുവെക്കാന്‍ ഈ വിജയ നിമിഷങ്ങള്‍ ധാരാളമാവും. സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാര്‍ക്കര്‍ ഈ മൂന്നു പെണ്‍കുട്ടികളാണ് പുതിയ ഇന്ത്യയുടെ പ്രതീകങ്ങള്‍. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.