രാജ്യം കണ്ട എക്കാലത്തെയും മികച്ച കായികതാരം ആരാണെന്ന ചോദ്യത്തിന് എളുപ്പം ലഭിക്കുന്ന ഉത്തരങ്ങളില്‍ ഒന്ന് ലിയാന്‍ഡര്‍ അഡ്രിയാന്‍ പേസ് എന്നാവും. റിയോ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍കൂടി നേടിയാല്‍ ആ പദവി അരക്കിട്ടുറപ്പിക്കാന്‍ ഈ 43കാരന് കഴിയും. ലിയാന്‍ഡറിന്റെ രണ്ടാമത്തെ ഒളിമ്പിക്‌സ് മെഡലാവുമത്. 

റിയോയില്‍ പേസിന് മത്സരിക്കാനാവുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ഡബിള്‍സ് ടെന്നീസ് താരങ്ങളില്‍ ഒരാളായ പേസ് ഇക്കുറി നേരിട്ടല്ല ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയിരുന്ന രോഹന്‍ ബൊപ്പണ്ണ തന്റെ പങ്കാളിയായി പേസിനെ അംഗീകരിച്ചെങ്കില്‍ മാത്രമേ പേസിന് റിയോയില്‍ മത്സരിക്കാനാവൂ എന്ന അവസ്ഥ. 

രോഹന് അക്കാര്യത്തില്‍ അത്ര താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, മെഡല്‍സാധ്യത പരിഗണിച്ച് പേസിനെ രോഹന്റെ പങ്കാളിയാക്കി റിയോയിലേക്കുള്ള ടീം പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായി ഏഴാമത്തെ ഒളിമ്പിക്‌സിന് ഒരുങ്ങുകയാണ് പേസ്. ഇത്രയധികം ഒളിമ്പിക്‌സുകളില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാനിറങ്ങിയ മറ്റൊരു താരമില്ല.

paes

ഏഴ് ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ലോകത്തിലെ തന്നെ ആദ്യ ടെന്നീസ് താരവും പേസാണ്. ഒന്നുറപ്പാണ്, അഭിപ്രായ വ്യത്യാസങ്ങളും അനിഷ്ടവും മാറ്റിവെച്ച് ഒത്തിണക്കത്തോടെ കോര്‍ട്ടിലിറങ്ങിയാല്‍ പേസ്-രോഹന്‍ സഖ്യത്തിന് റിയോയില്‍ മെഡല്‍ സാധ്യതയുണ്ട്. 1996ല്‍ തന്റെ രണ്ടാമത്തെ ഒളിമ്പിക്‌സില്‍ സിംഗിള്‍സില്‍ വെങ്കല മെഡല്‍ പേസ് നേടിയിരുന്നു. റിയോയില്‍ക്കൂടി മെഡല്‍ നേടി ടെന്നീസിനോട് വിട പറയുകയെന്ന സ്വപ്‌നവുമായാണ് പേസ് വരുന്നത്. 

1996ല്‍ അറ്റ്‌ലാന്റയില്‍ പേസ് നേടിയ വെങ്കലമെഡലിന് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ടായിരുന്നു. 16 വര്‍ഷത്തിനുശേഷം ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ ഒളിമ്പിക്‌സ് മെഡലായിരുന്നു അത്. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ സ്വര്‍ണമെഡല്‍ നേടിയശേഷം മൂന്നു ഒളിമ്പിക്‌സുകളില്‍ ഇന്ത്യക്ക് ഒരു മെഡലും ലഭിച്ചില്ല.

1920ല്‍ ആദ്യമായി ഒളിമ്പിക്‌സില്‍ മത്സരിച്ചുതുടങ്ങിയശേഷം ഇത്ര ദീര്‍ഘമായകാലം ഇന്ത്യക്ക് മെഡല്‍ ലഭിക്കാതിരുന്നിട്ടില്ല. അറ്റ്‌ലാന്റയില്‍ ടെന്നീസ് സിംഗിള്‍സില്‍ വെങ്കലം നേടിക്കൊണ്ട് പേസാണ് ഈ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടത്. അതിനുശേഷം ഇങ്ങോട്ട് എല്ലാ ഒളിമ്പിക്‌സുകളിലും ഇന്ത്യ മെഡല്‍പ്പട്ടികയില്‍ ഇടം നേടി.

1992ലെ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ രമേഷ് കൃഷ്ണനൊപ്പം ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്തു. ഈ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 96ല്‍ അറ്റ്‌ലാന്റ ഒളിമ്പിക്‌സിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ യു.എസ്സിന്റെ റിച്ചി റെനേബര്‍ഗിനെതിരായ കടുത്തപോരാട്ടം അതിജീവിച്ചാണ് പേസ് തുടങ്ങിയത്. രണ്ടുപേരും ഓരോ സെറ്റ് ജയിച്ചുനില്‍ക്കെ പരിക്കു കാരണം റെനെബര്‍ഗ് പിന്‍വാങ്ങുകയായിരുന്നു. 

paes

പിന്നീട് വെനസ്വേലയുടെ നിക്കോളാസ് പെരേര (6-2, 6-3), സ്വീഡന്റെ തോമസ് എന്‍ക്വിസ്റ്റ് (7-5, 7-6), ഇറ്റലിയുടെ റെന്‍സോ ഫുര്‍ലാന്‍ (6-1, 7-5) എന്നിവരെ തോല്‍പ്പിച്ച് സെമിയിലെത്തി. സെമിയില്‍ പക്ഷേ, ലോക ഒന്നാം നമ്പര്‍ താരവും മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനുമായിരുന്ന അമേരിക്കക്കാരന്‍ ആന്ദ്രെ അഗാസിയോട് (6-7, 3-6) പൊരുതിത്തോറ്റു.

വെങ്കല മെഡലിനു വേണ്ടിയുള്ള മത്സരം ബ്രസീലിന്റെ ഫെര്‍ണാണ്ടോ മെലിഗെനിയുമായി ആയിരുന്നു. ആദ്യസെറ്റ് കൈവിട്ടശേഷം തിരിച്ചടിച്ച പേസ് മത്സരം ജയിച്ചു. സ്‌കോര്‍: 3-6, 6-2, 6-4. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ 16 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ട് വെങ്കല മെഡലുമായി വിജയപീഠത്തില്‍ നില്‍ക്കുമ്പോള്‍ പേസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതിനുശേഷം നടന്ന എല്ലാ ഒളിമ്പിക്‌സുകളിലും പേസ് മത്സരിച്ചിട്ടുണ്ട്.

1973 ജൂണ്‍ 17ന് കൊല്‍ക്കത്തയില്‍ കായികപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു പേസിന്റെ ജനനം. ഗോവയില്‍ വേരുകളുള്ള പിതാവ് വാസ് പേസ് 1972ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു (ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഇന്ത്യക്കാരായ അച്ഛനും മകനുമെന്ന ബഹുമതി ഇവര്‍ക്കു സ്വന്തം).

അമ്മ ജെന്നിഫര്‍ ബാസ്‌കറ്റ്‌ബോള്‍ താരം. 1980ലെ ഏഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബ്രിട്ടാനിയ അമൃത്രാജ് ടെന്നീസ് അക്കാദമിയില്‍ ചെറുപ്പത്തിലേ പരിശീലനം തുടങ്ങിയ പേസ് 1990ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയതോടെ ലോകശ്രദ്ധനേടി. യു.എസ്. ഓപ്പണിലും ജൂനിയര്‍ ചാമ്പ്യനായി ലോക ജൂനിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 

paes

മഹേഷ് ഭൂപതി ഉള്‍പ്പെടെയുള്ള പങ്കാളികള്‍ക്കൊപ്പം ഡബിള്‍സില്‍ നിരന്തരം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ മത്സരിച്ച പേസിന്റെ റെക്കോഡ് വിലോഭനീയമാണ്. പുരുഷ ഡബിള്‍സില്‍ നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളും മിക്‌സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ഒഴികെയുള്ള മൂന്നു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളും ജയിച്ചു.

ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ എട്ട് ഡബിള്‍സ് കിരീടങ്ങളും പത്ത് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കി. ഗ്രാന്‍സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ താരവും പേസ് തന്നെ. തീര്‍ന്നില്ല, മൂന്നു പതിറ്റാണ്ടുകളിലായി ഗ്രാന്‍സ്ലാം കിരീടം ജയിക്കുന്ന താരം എന്ന റെക്കോഡ് ഓസ്‌ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റോഡ് ലീവറുമായി പങ്കുവെക്കുന്നു.