gopichandറിയോ ഒളിമ്പിക്സില്‍ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തുമെല്ലാം കളിക്കുമ്പോള്‍ കോര്‍ട്ടിന്റെ പിറകിലുള്ള കസേരയില്‍ ശാന്തനായിരിക്കുന്ന പുല്ലേല ഗോപീചന്ദിനോട് രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. ആ മനുഷ്യന്‍ കാരണമാണ് ഇപ്പോള്‍ നമുക്ക് തലയുയര്‍ത്തിനില്‍ക്കാനാവുന്നത്. സിന്ധുവിന്റെ മെഡല്‍നേട്ടം രാജ്യം ആഘോഷിക്കുകയാണ്. ആദ്യമായി വെങ്കലത്തേക്കാള്‍ തിളക്കമുള്ള മെഡല്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടി മാറിലണിഞ്ഞിരിക്കുന്നു. 

സിന്ധുവിന്റെ വിജയത്തിനുപിന്നില്‍ ഗോപിയുടെ അധ്വാനമെത്രയെന്ന് തിരിച്ചറിയണമെങ്കില്‍ കുറച്ചുവര്‍ഷങ്ങള്‍ പിന്നോട്ടുപോവണം. സ്വന്തം വിയര്‍പ്പില്‍നിന്ന് മുന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യനായ ഹൈദരാബാദുകാരന്‍ പടുത്തുയര്‍ത്തിയ ഗോപീചന്ദ് അക്കാദമിയുടെ സൃഷ്ടികളാണ് സിന്ധുവും പുരുഷവിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഇതിഹാസതാരം ലിന്‍ ഡാനെ വിറപ്പിച്ചുവിട്ട ശ്രീകാന്തുമെല്ലാം. തീര്‍ന്നില്ല, നാലു വര്‍ഷംമുമ്പ് ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടുമ്പോള്‍ സൈനാ നേവാളും പരിശീലിച്ചിരുന്നത് ഗോപിയുടെ കീഴില്‍ അദ്ദേഹത്തിന്റെ അക്കാദമിയിലായിരുന്നു.

സിന്ധുവിന്റെ വാക്കുകള്‍ തന്നെയാണ് അതിന് സാക്ഷ്യം. ''ലോകനിലവാരമുള്ള അക്കാദമിയാണ് ഗോപിസാറിന്റേത്. ഏറ്റവും മികച്ച പരിശീലനസൗകര്യങ്ങള്‍. ഗോപിസാര്‍ പെട്ടെന്ന് നമ്മുടെ പിഴവുകള്‍ മനസ്സിലാക്കും. അതിലേറെ വേഗം അത് തിരുത്തും. ദിവസം മുഴുവന്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്ന രീതി അദ്ദേഹത്തില്‍നിന്നാണ് ഞാന്‍ പഠിച്ചത്. സ്വന്തം മക്കളെപ്പോലെ ബാഡ്മിന്റണ്‍ താരങ്ങളെ പരിഗണിക്കുന്ന പരിശീലകനാണ്. എനിക്ക് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായതും എന്റെ ഗെയിം ലോകനിലവാരത്തിലേക്കുയര്‍ന്നതും അദ്ദേഹം കാരണമാണ്.'' -സിന്ധു പറയുന്നു. 

കളിക്കിടെ ചില പിഴവുകള്‍ സംഭവിക്കുമ്പോള്‍ സിന്ധു ഗോപിയെ തിരിഞ്ഞൊന്നുനോക്കും. ഗോപി ഒന്നു ചിരിച്ചുകാണിക്കും. അപൂര്‍വമായി ഒന്നോ രണ്ടോ വാക്കുകള്‍ ഉച്ചരിക്കും. അതുമതി സിന്ധുവിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍. ജ്ഞാനബുദ്ധനെപ്പോലെ മൗനിയാണ് ഗോപി. ജയത്തോടടുക്കുമ്പോള്‍ ആവേശംകൊണ്ട് സിന്ധു കോര്‍ട്ടില്‍ ചാടിയുയര്‍ന്നും നെറ്റിനരികിലേക്ക് ഓടിക്കയറിയും കളിക്കുമ്പോള്‍ ഗോപി കൈകൊണ്ട് ആംഗ്യംകാണിക്കും. ശാന്തയാവൂ, കരുതലോടെ കളിക്കൂ എന്നാണ് അതിന്റെ സൂചന. ആ നിമിഷം സിന്ധുവിന്റെ ശൈലിമാറും. 'ക്ഷമാപൂര്‍വം കളിക്കുക. പ്രതിയോഗി തെറ്റുകള്‍ വരുത്തും. അതിനായി കാത്തിരിക്കുക.' ഇതാണ് ഗോപി ശിഷ്യന്മാര്‍ക്ക് നല്‍കുന്ന ഉപദേശം. 

കളിയില്‍നിന്ന് വിരമിച്ചശേഷം അക്കാദമി ഉണ്ടാക്കുന്നതും പരിശീലകനാവുന്നതും വലിയ കാര്യമാണോയെന്നാണ് ചോദ്യമെങ്കില്‍. ഇതുകൂടി അറിയണം. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ഗോപി അക്കാദമി കെട്ടിപ്പടുത്തത് സ്വന്തം കാശുകൊണ്ടാണ്. സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ പണിയാനും അത്യാധുനിക പരിശീലനസൗകര്യങ്ങള്‍ ഒരുക്കാനും കളിയിലൂടെ ലഭിച്ച സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചിട്ടും പോരാതെവന്നപ്പോള്‍ സ്വന്തം വീട് പണയംവെച്ച് പണം കണ്ടെത്തുകയായിരുന്നു. 

ഗോപിയുടെ ഈ സംരംഭത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയായ മുന്‍ ദേശീയ ബാഡ്മിന്റണ്‍ താരം പി.വി.വി. ലക്ഷ്മിയും കൂടെനിന്നു. അക്കാദമിയുടെ ഓഫീസ് ചുമതലകള്‍ നിര്‍വഹിക്കുന്നത് അവരാണ്. സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയിലല്ല ഈ അക്കാദമി പണിതിരിക്കുന്നത്. പാട്ടകാലാവധി കഴിയുമ്പോള്‍ അക്കാദമി സര്‍ക്കാറിന്റെ സ്വത്തായിമാറുമെന്ന് ഗോപി പറയുന്നു. 

രാജ്യം കായികതാരങ്ങള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഖേല്‍രത്നയും (2001) പരിശീലകര്‍ക്കുള്ള ബഹുമതി ദ്രോണാചാര്യയും (2009) നേടിയ ഒരേയൊരു വ്യക്തിയാണ് ഈ 43-കാരന്‍. പക്ഷേ, ഇതൊന്നും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് പകരമാവുന്നില്ല. 

കായികരംഗത്ത് ഉന്നതമായ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച മനുഷ്യനാണ് ഗോപി. 2001-ല്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ച ഉടന്‍ തങ്ങളുടെ ബ്രാന്റ് അംബാസഡറാവുന്നതിന് രാജ്യത്തെ വന്‍കിട കോളനിര്‍മാതാക്കള്‍ വലിയ തുക വാഗ്ദാനംചെയ്തപ്പോള്‍ ഗോപി അത് നിരസിച്ചു. കോള കായികതാരങ്ങളുടെ ആരോഗ്യത്തിന് ദോഷംചെയ്യുമെന്നും. പകരം അവര്‍ ഇളനീര്‍ കുടിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഗോപിചന്ദ് അതിനു പറഞ്ഞ കാരണം. നമ്മുടെ എത്ര കായികതാരങ്ങള്‍ക്ക് കഴിയും ഇങ്ങനെയൊരു നിലപാടെടുക്കാന്‍, എത്ര പരിശീലകര്‍ക്കു കഴിയും ശിഷ്യന്മാരെ മക്കളെപ്പോലെ സ്നേഹിക്കാന്‍?