ബെംഗളൂരു: ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായി രഞ്ജിത് മഹേശ്വരി ട്രിപ്പിൾ ജമ്പില്‍ റിയോ ഒളിമ്പിക്‌സ് യോഗ്യത നേടി. ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സില്‍ 17.30 മീറ്റര്‍ ദൂരം പിന്നിട്ടാണ് രഞ്ജിത് പുതിയ ദേശീയ റെക്കോഡിട്ടത്.

അര്‍പീന്ദര്‍ സിംഗിന്റെ പേരിലുണ്ടായിരുന്ന 17.17 മീറ്റര്‍ മറികടന്ന രഞ്ജിത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് ടിക്കറ്റ് നേടുന്നത്.  മൂന്നാം ശ്രമത്തില്‍ തന്നെ 16.93 മീറ്റര്‍ പിന്നിട്ട് രഞ്ജിത് ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് കടന്നു. പിന്നീട് നാലാം ശ്രമത്തിലാണ് ദേശീയ റെക്കോഡും മറികടന്നത്.

പുരുഷന്‍മാരുടെ 800 മീറ്ററില്‍ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍  ജോണ്‍സണും ഒളിമ്പിക്‌സ് യോഗ്യത നേടി. 1:45.98  സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ ജിന്‍സണ്‍ 800 മീറ്ററിലെ ഒരു ഇന്ത്യന്‍ അത്‌ലറ്റിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കണ്ടെത്തി.

jinson johnson

40 വര്‍ഷം മുമ്പ്  ശ്രീറാം സിങ് സ്ഥാപിച്ച 1:45.77 സെക്കന്‍ഡാണ് ദേശീയ റെക്കോഡ്. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ദേശീയ സീനിയര്‍ മീറ്റില്‍ 43 സെക്കന്‍ഡില്‍ ജിന്‍സണ് ഒളിമ്പിക്സ് യോഗ്യത നഷ്ടപ്പെട്ടിരുന്നു. 

2008 ബെയ്ജിങ് ഒളിമ്പിക്സിലും 2012 ലണ്ടന്‍ ഒളിമ്പിക്സിലും രഞ്ജിത് മഹേശ്വരി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും 2007 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയ താരമാണ് രഞ്ജിത് മഹേശ്വരി.