ഗോള്‍വല കാക്കാന്‍ മലയാളികള്‍ ഉണ്ടായിരുന്നപ്പോള്‍ മുമ്പ് രണ്ടുതവണ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് മെഡല്‍ കിട്ടിയിട്ടുണ്ട്. 1972-ലെ മ്യൂണിക് ഒളിമ്പിക്സില്‍ കണ്ണൂര്‍ ബര്‍ണശ്ശേരിക്കാരന്‍ മാനുവല്‍ ഫ്രെഡറിക്സ് ഗോള്‍വല കാത്തപ്പോള്‍ ഇന്ത്യക്ക് വെങ്കലമെഡല്‍ ലഭിച്ചു. ഇതിനുമുമ്പ് അവസാനമായി ഇന്ത്യക്ക് ഹോക്കിയില്‍ മെഡല്‍ ലഭിച്ചത് 1980-ലെ മോസ്‌കോ ഒളിമ്പിക്സിലായിരുന്നു. മോസ്‌കോയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പര്‍ ജന്മംകൊണ്ട് മലയാളിയായ അലന്‍ ഷെഫീല്‍ഡായിരുന്നു. 

ഇപ്പോള്‍ റിയോ ഒളിമ്പിക്സില്‍ മത്സരിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ നായകനും ഗോള്‍കീപ്പറും മലയാളിയാണ്. നമ്മുടെ സ്വന്തം ശ്രീജേഷ്. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകന്‍. കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് 159 മത്സരങ്ങളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഗോള്‍വലകാത്ത രക്ഷകന്‍.

ഇത്തവണ റിയോയിലേക്ക് ടീം ഇന്ത്യ പുറപ്പെടുന്നത് വലിയ പ്രതീക്ഷകളോടെയാണെന്ന് ശ്രീജേഷ് പറയുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്നത് ഇപ്പോഴാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ ടീം ഉണ്ടാക്കിയ റിസല്‍ട്ടുകളും അങ്ങനെയൊരു സൂചന നല്‍കുന്നു.

pr sreejesh

ഏഷ്യയില്‍ നിന്ന് ഒളിമ്പിക്സ് ഹോക്കിക്ക് യോഗ്യത നേടിയ ഒരേയൊരു ടീമാണല്ലോ ഇന്ത്യ. അത് നമ്മുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നുണ്ടോ?

ചരിത്രത്തിലാദ്യമായി പാകിസ്താന്‍ ഒളിമ്പിക്സിന് യോഗ്യതനേടാതെപോയി. ദക്ഷിണകൊറിയയും ഇല്ല. സത്യത്തില്‍ പാകിസ്താന്റെ അസാന്നിധ്യം നിരാശാജനകമാണ്. പാകിസ്താനുമായുള്ള പോരാട്ടങ്ങള്‍ നമ്മുടെ ടീമിനെ മൊത്തത്തില്‍ പ്രചോദിപ്പിക്കാറുണ്ടെന്നാണ് മുന്നനുഭവം. പിന്നെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഒളിമ്പിക്സ് ഹോക്കിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നുവല്ലോ.

ഹോളണ്ടും ജര്‍മനിയും ഉള്‍പ്പെട്ട ശക്തമായ ഗ്രൂപ്പിലായത് ഇന്ത്യക്ക് പ്രശ്നമുയര്‍ത്തുമോ?

അങ്ങനെ പറയുന്നതില്‍ കാര്യമില്ല. രണ്ടു ഗ്രൂപ്പിലും ഏറെക്കുറെ തുല്യശക്തികളാണ്. ഹോളണ്ടിനും ജര്‍മനിക്കും പുറമേ അര്‍ജന്റീനയും അയര്‍ലന്‍ഡും കാനഡയുമാണ് നമ്മള്‍ക്കൊപ്പം മത്സരിക്കുന്നത്. ഗ്രൂപ്പിലെ ടീമുകള്‍ പരസ്?പരം മത്സരിച്ച് കൂടുതല്‍ പോയന്റ് നേടുന്ന നാലു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യതനേടും. ഹോളണ്ടും ജര്‍മനിയും കരുത്തരാണ്. രണ്ടു ടീമുകളെ തോല്‍പ്പിച്ചാല്‍ത്തന്നെ നമുക്ക് ക്വാര്‍ട്ടര്‍ സാധ്യതയുയരും. പക്ഷേ, അവസാനസ്ഥാനക്കാരായാണ് യോഗ്യതനേടുന്നതെങ്കില്‍ ക്വാര്‍ട്ടറില്‍ മിക്കവാറും ഓസ്ട്രേലിയയെ പ്രതിയോഗികളായി കിട്ടും. അതുകൊണ്ടുതന്നെ മൂന്നു മത്സരങ്ങളെങ്കിലും ജയിക്കണം. ഒപ്പം ജര്‍മനിയെയും ഹോളണ്ടിനെയും സമനിലയില്‍ തളയ്ക്കുകയും ചെയ്താല്‍ത്തന്നെ കാര്യങ്ങള്‍ ഭദ്രമാവും. 

ഹോളണ്ട്, ജര്‍മനി, ഓസീസ് ടീമുകളില്‍ ഏതിനെയെങ്കിലും തോല്‍പ്പിക്കാതെ നമുക്ക് മെഡല്‍ കിട്ടില്ലല്ലോ? 

ഓസ്ട്രേലിയയെ ക്വാര്‍ട്ടറില്‍ എതിരിടുന്നത് ഒഴിവാക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. നമ്മുടേതായ ദിവസത്തില്‍ ഈ മൂന്നു ടീമുകളില്‍ ഏതിനെയും നമുക്ക് തോല്‍പ്പിക്കാനാവും. ലോകറാങ്കിങ്ങില്‍ ഇപ്പോള്‍ നമ്മള്‍ അഞ്ചാം സ്ഥാനത്താണ്. ആ റാങ്കിങ്ങിന് മുകളിലേക്കുപോവുന്ന പ്രകടനം നടത്തിയാലേ നമുക്ക് മെഡല്‍ നേടാനാവൂ. നിലവിലെ ഫോമില്‍ നമുക്കതിന് കഴിയുമെന്നാണ് എനിക്കുതോന്നുന്നത്. 36 വര്‍ഷമായി നമുക്ക് ഒളിമ്പിക്സില്‍ ഹോക്കി മെഡല്‍ കിട്ടിയിട്ട്. ആ വരള്‍ച്ച അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. 

നമ്മുടെ ടീമിന്റെ ഘടനയെക്കുറിച്ച് എന്തുപറയുന്നു? 

ചാമ്പ്യന്‍സ് ഹോക്കിയില്‍ മികച്ച പരസ്പരധാരണയോടെയാണ് നമ്മള്‍ കളിച്ചത്. ടീമിനുള്ളില്‍ ഇപ്പോഴുള്ള ഐക്യം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും നമുക്ക് മുന്നോട്ടുപോവാനാവും. ഒരുകാലത്ത് ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ഇന്ത്യന്‍ ടീം വല്ലാതെ ആശ്രയിച്ചതുപോലുള്ള അവസ്ഥ ഹോക്കിയിലും ഉണ്ടായിരുന്നു. ഇപ്പോഴത് മാറി. പരസ്പരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന പോരാളികളുടെ സംഘമാണ് നമ്മുടെ ടീം. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാതിരുന്ന സര്‍ദാര്‍ സിങ് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നത് ടീമിന്റ പ്രഹരശേഷി ഇരട്ടിയാക്കും. പിന്നെ, നമ്മുടെ കോച്ച് റോളന്റ് ഓള്‍ട്ട്മാന്‍സ് ടീമിനെ ഉത്തേജിപ്പിക്കുന്ന ഗുരുവാണ്. നേരത്തേ ടീമിന്റെ കോച്ചിങ് ഡയറക്ടറായിരുന്നു. അതുകൊണ്ടുതന്നെ ടീമംഗങ്ങളുമായി നല്ലബന്ധമാണുള്ളത്. കുറേക്കാലമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലകനും കളിക്കാരുമാണ് ഇപ്പോള്‍ നമ്മുടെ ടീമിലുള്ളത്. തീര്‍ച്ചയായും എനിക്ക് വലിയ പ്രതീക്ഷകളുണ്ട്.