1972ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാന്വല്‍ ഫ്രെഡറിക്കിന് ശേഷം ഇന്ത്യന്‍ ഹോക്കിയില്‍ കേരളത്തിന്റെ മേല്‍വിലാസമാവുകയാണ് പി.ആര്‍ ശ്രീജേഷ് എന്ന കിഴക്കമ്പലത്തുകാരന്‍. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്‌നത്തിന്റെയും ഫലമാണ് ദേശീയ ജേഴ്‌സിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തേടിയെത്തിയ ഇന്ത്യന്‍ ടീമിന്റെ നായക പദവി.

എന്തുകൊണ്ടും ശ്രീജേഷിന് അര്‍ഹതപ്പെട്ടത് തന്നെയാണ് അത്. ഇന്ത്യന്‍ ഹോക്കിയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടായപ്പോഴും ശ്രീജേഷ് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തു കൊണ്ടേയിരുന്നു. 

sreejesh

ഒളിമ്പിക്‌സിന് പോലും യോഗ്യത നേടാനാകാതെ പോയ ദനയനീയാവസ്ഥയില്‍ നിന്നും ഇന്ത്യയുടെ ദേശീയ കായിക വിനോദത്തെ പിടിച്ചുയര്‍ത്തിയതില്‍ ശ്രീജേഷിന് തന്റേതായ റോളുണ്ടായിരുന്നു. എട്ട് സ്വര്‍ണ മെഡല്‍,  ഒരു വെള്ളി മെഡല്‍, രണ്ട് വെങ്കല മെഡല്‍..ഇന്ത്യന്‍ ഹോക്കിയെന്നാല്‍ ഒരുകാലത്ത് എതിരാളികള്‍ പോലും ഭയപ്പെടുന്ന ടീമായിരുന്നു.

പിന്നീട് 2008ല്‍ ബെയ്ജിങ്ങില്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് യോഗ്യത നേടാന്‍ പോലും കഴിഞ്ഞില്ല. ഏതന്‍സിലും സിഡ്‌നിയിലും ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ഇന്ത്യ ലണ്ടനില്‍ 12ാം സ്ഥാനത്താണ് എത്തിയത്. ഇന്ത്യയെ കണ്ട് കളി പഠിച്ച ജര്‍മനിയും ഓസ്‌ട്രേലിയയും ഹോളണ്ടും ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമൊക്കെ അവസാനം ആശാനെ മറികടന്ന ശിഷ്യന്‍മാരായി മാറി. ഹോക്കി ഫെഡറേഷനും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും തമ്മിലുള്ള തമ്മില്‍തല്ലും പരിശീലകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും എന്നും ഇന്ത്യന്‍ ഹോക്കിയെ നിന്നിടത്ത് തന്നെ നിര്‍ത്തി.

sreejesh

കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വര്‍ഷത്തിനിടയില്‍ ഗോള്‍കീപ്പറെന്ന പദവി ശ്രീജേഷില്‍ വന്നുംപോയും കൊണ്ടേയിരുന്നു.

സീനിയര്‍ ഗോള്‍കീപ്പറായ അഡ്രിയന്‍ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. 2011ല്‍  ചൈനയിലെ ഒര്‍ഡൊസ് സിറ്റിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ പാകിസ്താനെതിരെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്.

അതിനുശേഷം ഇന്ത്യയുടെ ഗോള്‍കീപ്പറുടെ ജേഴ്‌സിയില്‍ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു.  2013 ഏഷ്യ കപ്പില്‍ ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ ഗോള്‍കീപ്പറെന്ന അവാര്‍ഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്. 

sreejesh

പിന്നീട് 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2014ലെ ലോകകപ്പിലും ഏറെ പിന്നോട്ടു പോയ ഇന്ത്യന്‍ ഹോക്കി ഏറെ പഴികള്‍ കേള്‍ക്കേണ്ടി വന്നു. അവിടെ നിന്ന് ഇന്ത്യന്‍ ടീമിന്റെ രക്ഷക്കെത്തിയത് പിആര്‍ ശ്രീജേഷായിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരായ ഫൈനല്‍ ഇന്ത്യക്ക് എല്ലാ അര്‍ഥത്തിലും വിജയിച്ചേ മതിയാകുമായിരുന്നുള്ള. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തിനൊടുവില്‍ പാകിസ്താന്റെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്‌സ് തടഞ്ഞ് ശ്രീജേഷ് ഇന്ത്യയുടെ ഹീറോ ആയി.  

തുടര്‍ന്ന് ലണ്ടനില്‍ ജൂണ്‍ പത്ത് മുതല്‍ പതിനേഴ് വരെ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ യുവതാരങ്ങളടങ്ങിയ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള നിയോഗം ശ്രീജേഷിനായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്നതിന് വിശ്രമം അനുവദിച്ച പ്രഖ്യാപിച്ച ടീം എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനവുമായി ലണ്ടനില്‍ രണ്ടാം സ്ഥാനത്തെത്തി. ബ്രിട്ടനെതിരെയും ദക്ഷിണ കൊറിയക്കെതിരെ നേടിയ വിജയങ്ങളും കരുത്തരായ ജര്‍മനിക്കെതിരെ നേടിയ സമനിലയും ഇന്ത്യയെ ഫൈനലിലെത്തിച്ചു.

sreejesh

കലാശക്കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ശ്രീജേഷിനെ കാത്തിരുന്നത് റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിക്കാനുള്ള ദൗത്യമായിരുന്നു. നിലവിലെ നായകന്‍ സര്‍ദാര്‍ സിംഗ് ലൈംഗിക വിവാദത്തില്‍ പെട്ടതും നായകസ്ഥാനത്തേക്കുള്ള ശ്രീജേഷിന്റെ വരവ് എളുപ്പമാക്കി. ഇനി റിയോ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍. ശ്രീജേഷിലൂടെ ഇന്ത്യയുടെ 36 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍